അഹ്മദാബാദ് ഇന്റർനാഷനൽ എയർപോർട്ടിൽ രാത്രി 8.10ന് തിരിച്ചെത്തി. സാജു മാത്യുവും ഷേർളിയും എട്ടരയാവും എത്താൻ എന്ന് വിളിച്ചു പറഞ്ഞിരുന്നു. എയർപോർട്ടിൽനിന്നു രണ്ടു കിലോമീറ്റർ അകലെ ട്രാഫിക്കിൽ കുടുങ്ങി കിടപ്പാണ്! അവർ എത്തിച്ചേരുന്നത് വരെ ഞങ്ങൾ എയർപോർട്ട് ലോഞ്ചിൽ കാത്തിരിന്നു. നിർദിഷ്ട സമയത്ത് തന്നെ അവരും കൂടണഞ്ഞതിനാൽ ഞങ്ങൾ 12 പേരുടെയും ബാഗുകൾ തൂക്കമൊപ്പിക്കുന്ന പണിയിലേക്ക് കടന്നു.
Special concession Scheme പ്രകാരമുള്ള ടിക്കറ്റാണ് ഞങ്ങളുടേത് എന്നതിനാൽ ഒരാൾക്ക് ഏഴ് കിലോഗ്രാം ലഗേജ് മാത്രമെ കൂടെ കൊണ്ടുപോവാൻ അനുമതിയുള്ളൂ. അതനുസരിച്ച് കൂടുതൽ ഭാരം വന്ന പെട്ടികളിലെ സാധന സാമഗ്രികൾ കുറവുള്ളവയിലേക്ക് മാറ്റി. അങ്ങിനെ ഞങ്ങൾ നിയമം പാലിക്കുന്ന ഉത്തമ പൗരപ്പട്ടത്തിന്ന് അർഹത നേടി. 11.30 എന്ന് ചാർട്ടിൽ കാണിച്ച ഫ്ലൈറ്റ് പുറപ്പെട്ടത് 11.40നു ശേഷമാണെങ്കിലും, നാലിന് കൃത്യസമയത്ത് തന്നെ ഹാനോയിൽ ചെന്നിറങ്ങി. ഞങ്ങളുടെ വാച്ചിൽ നാലു കാണിക്കുന്നുണ്ടെങ്കിലും, അവരുടെ സമയം ഒന്നര മണിക്കൂർ മുന്നോട്ടായതിനാൽ അവിടെ ക്ലോക്കിൽ 5.30. നേരം നന്നായി വെളുത്തിരിക്കുന്നു.
പ്രഭാത കർമങ്ങൾക്ക് എയർപോർട്ടിൽ തന്നെ ഇടം കണ്ടെത്തി. വൃത്തിയും ഭംഗിയുമുള്ള ഏരിയ. ഇഷ്ടം പോലെ വാഷ്ബേസിനുകൾ. പല്ലുതേപ്പ് കഴിഞ്ഞ് ടോയ്ലറ്റിലേക്ക് നീങ്ങിയപ്പോഴാണ് ഇന്റർനേഷനൽ സിസ്റ്റത്തിന്റെ അക്കിടി മനസ്സിലായത്. കർമം കഴിഞ്ഞാൽ വൃത്തിയാക്കാൻ ടോയ്ലറ്റ് പേപ്പർ മാത്രം!
ഹാൻഡ് പൈപ്പ്, വാട്ടർ ടേപ്പ്, മഗ്ഗ്, ബക്കറ്റ് എന്നിവയൊന്നും കാണാനില്ല. കടലാസു പ്രയോഗത്തോട് മനസ് പരുവപ്പെട്ടിട്ടില്ലാത്തതിനാൽ തൽക്കാലം പുറത്തേക്ക് നടന്നു. ബാഗിൽ സൂക്ഷിച്ചിരിക്കുന്ന കാലിയായ, വലിച്ചെറിയാനുള്ള, വെള്ളക്കുപ്പി രണ്ടെണ്ണം ഉള്ളിടത്തോളം 'ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല മക്കളെ' എന്ന മമ്മൂട്ടി ഡയലോഗും ഉരുവിട്ട് രണ്ടു കുപ്പികളുമെടുത്ത് പുറത്തെ വാഷ്ബേസിനിലെ ടാപ്പിൽ നിന്നു രണ്ടു ലിറ്റർ വെള്ളം ശേഖരിച്ചു.
'ഇൻഡോ-യൂറോപ്യൻ സ്റ്റൈൽ' അഥവാ ഇഞ്ചുറി ടൈം വരെ ടോയ് ലറ്റ് പേപ്പറും ഇഞ്ചുറി ടൈമിൽ കളി അവസാനിപ്പിച്ചത് രണ്ടുലിറ്റർ വെള്ളത്താലും എന്ന ഇക്വേഷനിൽ മന:സമാധാനത്തോടെ കർമം നിർവഹിച്ചു വിജയശ്രീലാളിതനായി പുറത്ത് കടന്നു. സ്ത്രീ ജനങ്ങൾക്ക് അവരുടെ ബാഗിലുള്ള കാലിക്കുപ്പികൾ കൂടി ശേഖരിച്ച് ഓരോരുത്തർക്കും രണ്ടു ലിറ്റർ വെള്ളം ശേഖരിച്ചു നൽകി. 'നമ്മളോടാണോ ഇവമ്മാര്‌ടെ കളി' എന്ന ഭാവത്തിൽ Disaster Managementന്റെ ബാലപാഠം അവരെയും പഠിപ്പിച്ചു. ഒന്നൊന്നര മണിക്കൂറിനുള്ളിൽ, കുളി ഒഴികെ, എല്ലാ ശുചീകരണ ജോലികളും കൃത്യമായും വൃത്തിയായും മനസ്സമാധാനത്തോടെയും നിർവഹിച്ച്, പുതിയ വസ്ത്ങ്ങൾ എടുത്തണിഞ്ഞ് എയർപോർട്ട് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി പുറത്തേക്ക്. അതിനിടെ രണ്ടു പുരുഷ കേസരികൾ അവശ്യമരുന്നുകൾ ലഭ്യമാവുന്ന 'Duty Free Shop'ൽ ചെന്ന് റേഷൻ കാർഡായ പാസ്പോർട്ട് കാണിച്ച് അന്നത്തേക്കുള്ള ജീവൻ രക്ഷാ മരുന്നുകൾ കൈപ്പറ്റി!
പാസ്പോർട്ട്, വിസ പരിശോധനകൾ പൂർത്തിയാക്കി പുറത്ത് കടന്നപ്പോൾ, Mr. GIRI, INDIA എന്ന പ്ലക്കാർഡുമായി ഞങ്ങളുടെ ഗൈഡ് 'ഡേവിഡ് ഡിറ്റ്' സുസ്മേര വദനനായി കാത്തിരിപ്പുണ്ട്. അദ്ദേഹത്തോടൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്ത് ഞങ്ങൾ ബസ്സിലേക്ക്. 20 പേർ ഉണ്ടാവുമെന്ന് പറഞ്ഞാണ് വിയറ്റ്നാം യാത്രയുടെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതും ഡിറ്റുമായി ചാർജ് വില പേശിയിരുന്നതും. അതുകൊണ്ടു തന്നെ 24 പേർക്ക് സഞ്ചരിക്കാവുന്ന എ.സി ബസ്സാണ് ഏർപ്പാട് ചെയ്തിരുന്നത്. ലഗേജുകളെല്ലാം സുരക്ഷിതമാക്കി വെച്ച് 12 യുവതി-യുവാക്കളും ഗൈഡിനോടൊപ്പം ബസ്സിലേക്ക്. ഡിറ്റ് രസികനും സംസാരപ്രിയനുമായിരുന്നു. വർഷങ്ങളായി പരിചയമുള്ള സുഹൃത്തിനോടെന്നപോലെ എല്ലാവരോടും നീട്ടലും കുറുക്കലും താളവുമുള്ള ഇംഗ്ലീഷിൽ ഡിറ്റ് കത്തിക്കയറി.
ഡിറ്റിന്റെ ആക്സന്‍റ് സർവം സംഗീതമയമായതിനാൽ ചിലപ്പോഴെങ്കിലും കാത് കൂർപ്പിച്ചിരുന്നില്ലെങ്കിൽ ഭാഷ ഇംഗ്ലീഷാണെന്ന് തിരിച്ചറിയാതെ പോവും! കാത് കൂർപ്പിക്കാൻ ആയുധം കൈയിലില്ലാത്ത ചിലർ ഡിറ്റിന് ആവർത്തന ഇമ്പോസിഷൻ നൽകിക്കൊണ്ടുമിരുന്നു!. ആദ്യ മൂന്ന് നാളുകളിലെ ചുറ്റിക്കളികൾ സംബന്ധിച്ച വിശദീകരണം കഴിഞ്ഞ ഉടനെ വിയറ്റ്നാം കറൻസിയെ സംബന്ധിച്ചും ഡിറ്റ് ക്ലാസെടുത്തു. കറൻസിയുടെ മൂല്യത്തകർച്ച, നാണയപ്പെരുപ്പം എന്നിവയെ കുറിച്ചു പറഞ്ഞ ശേഷം നോട്ടുകളിലെ പൂജ്യങ്ങളുടെ എണ്ണം കണ്ട് ഭയപ്പെടേണ്ട കാര്യമില്ലെന്നും ഒരിന്ത്യൻ രൂപക്ക് വിയറ്റ്നാമിന്റെ 299 ഡോംഗ് ലഭിക്കുമെന്നും പറഞ്ഞു.
ഡോളറിനോട് ഏറ്റുമുട്ടി കിതച്ചു കൊണ്ടിരിക്കുന്ന ഇന്ത്യക്ക് നിവർന്നു നിന്ന് മേനി നടിക്കാൻ വിയറ്റ്നാമുണ്ടല്ലോ എന്നത് ആശ്വാസമായി തോന്നി. 83 രൂപ കൊടുത്ത് നമ്മൾ ഒരു ഡോളർ കൈപ്പറ്റുമ്പോൾ വിയറ്റ്നാം കാർ നൽകേണ്ടത് 24920 ഡോംഗ് ആണല്ലോ എന്നതായിരുന്നു ആശ്വാസത്തിന്റെ പ്രധാന കാരണം. ലോകമാർക്കറ്റിൽ ഇന്ത്യയുടെ സ്ഥാനം 107 ആണെങ്കിൽ വിയറ്റ്നാമിന്റെ സ്ഥാനം നമുക്കൂഹിക്കാമല്ലോ. ഈശ്വരോ ... വിയറ്റ്നാം ഇന്ത്യയെ പിന്നിലാക്കുന്ന നാൾ വരാതിരിക്കട്ടെ. 50 മുതൽ ഒരു ലക്ഷം വരെയുള്ള ഒറ്റക്കറൻസി നോട്ടുകൾ നമുക്കിവിടെ കാണാം. 50നു താഴെ എല്ലാം നാണയങ്ങളാണ്. ഭക്ഷണത്തിന്നായാലും മറ്റ് വസ്തുക്കൾക്കായാലും 25000 ഡോംഗ് എന്ന് price tag കണ്ടാൽ നമ്മുടെ 84 രൂപ എന്നോ ഒരു അമേരിക്കൻ ഡോളർ എന്നോ കൺവർട്ട് ചെയ്ത് മനസ്സിലാക്കിയാൽ ഭയം ക്രമേണ മാറിക്കിട്ടും.
അതിഭീകര യുദ്ധങ്ങളും ഏജന്റ് ഓറഞ്ച് സമ്മാനിച്ച കാർഷികത്തകർച്ചയും സമ്പദ് വ്യവസ്ഥയെ അത്യഗാധമായ പതനത്തിലേക്കാണ് നയിച്ചത്. 1990കളോടെ നവസാമ്പത്തിക നയങ്ങളിലേക്ക് നീങ്ങിയതും സാമ്പത്തിക മാന്ദ്യത്തിന്റെയും പണപ്പെരുപ്പത്തിന്റെയും മൂല്യത്തകർച്ചയുടെയും വേഗത സത്യത്തിൽ വർധിപ്പിക്കുകയാണ് ചെയ്തത്. സാമ്പത്തിക രംഗത്തിന്റെ ഒരേകദേശ ചിത്രം ഡിറ്റിന്റെ വിവരണത്തിൽനിന്നു ലഭിച്ചു. ഹോ ചിമിനെയും പൂർവ സൂരികളെയും ഏറെ ബഹുമാനത്തോടെ ഓർമിക്കുന്ന വ്യക്തിയാണ് ഡിറ്റ്. അമേരിക്കൻ രാസയുദ്ധത്തിന്റെ രക്തസാക്ഷികളും ജീവച്ഛവമായി ജീവിക്കുന്ന മനുഷ്യ ജന്മങ്ങളും ഡിറ്റിന്റെ കുടുംബത്തിലും പിൻമുറക്കാരിലും ഉണ്ടെന്ന വസ്തുതയും മനസ്സിലാക്കാൻ കഴിഞ്ഞു.
ബുദ്ധമതത്തിന്റെ വിവിധ വകഭേദങ്ങൾ തന്നെ ആയിരുന്നു വിയറ്റ് നാമിലും നിലനിന്നിരുന്നത്. അതോടൊപ്പം ക്രിസ്ത്യൻ, ഇസ്‌ലാം, ഹിന്ദു, മറ്റ് അവാന്തരവിഭാഗങ്ങൾ എല്ലാമുള്ള നാടാണിന്ന് വിയറ്റ്നാം. എങ്കിലും 'ബുദ്ധൻ തന്നെയാണ് ഹീറോ'!. ആയിരക്കണക്കിന് പഗോഡകളുടെ നാട്. കൺഫ്യൂഷിയൻ മതം, താവോ മതം, ബുദ്ധമതം എന്നിവയെല്ലാം തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും പ്രാക്തനമായ വിയറ്റ്നാമിന്റെ പൈതൃകമാണ്. രാജ്യത്ത് 54 ഗോത്ര സമൂഹങ്ങളും നിലനിൽക്കുന്നുണ്ട്. അരിയും ചോറുമായിരുന്നു വിയറ്റ് നാമിന്റെ ഭക്ഷണ സംസ്കാരത്തിന്റെ അടിത്തറ. ഇന്ന്, സസ്യഭക്ഷണത്തിൽ നിന്നും മാറി മത്സ്യമാംസാദികൾ പ്രാമുഖ്യം നേടിയിരിക്കുന്നു. തങ്ങൾക്ക് വിജയം അസാധ്യമാക്കിയ വിയറ്റ്നാമീസ് കാടുകളും വിയറ്റ്നാമിന് അന്നം നൽകിയിരുന്ന നെൽപാടങ്ങളും ബോംബിട്ട് തകർത്തും രാസപ്രയോഗത്താൽ മാരകമാക്കിയുമാണ് അമേരിക്ക വിയറ്റ്നാമിൽ യുദ്ധം നടത്തിയത്. അതിന്റെ ദൂഷ്യഫലങ്ങൾ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു വിയറ്റ്നാം ജനത. ഏറെക്കുറെ സമഗ്രമായ ഒരു ചിത്രമാണ് ഡിറ്റ് ഞങ്ങൾക്കു മുമ്പിൽ വരച്ചിട്ടത്.
ഞങ്ങളെയും വഹിച്ചു കൊണ്ടുള്ള ബസ്സിന്റെ യാത്ര 8.30നോട് അടുത്തപ്പോൾ ഒരു റസ്റ്റാറന്‍റിൽ എത്തിച്ചേർന്നു. ബസ്സിൽ ഇരുന്നുള്ള സുഖകരമായ യാത്ര തലേന്നത്തെ പാതി ഉറക്കത്തെ ക്ഷണിച്ചു വരുത്തിയിരുന്നു. ഇടക്ക് മയക്കം വിട്ടു ഉണർവിന്റെ പാതയിലേക്ക് കയറിയപ്പോൾ ശരിക്കും സ്ഥലജല വിഭ്രമമെന്നോ, സ്ഥലകാല ബോധമില്ലായ്മ എന്നോ വിശേഷിപ്പിക്കാവുന്ന തരത്തിൽ കേരളത്തിലൂടെയുള്ള ഒരു യാത്രയായാണ് തോന്നിയത്. വിശാലമായ നെൽപ്പാടങ്ങൾ. താരതമ്യേന ഉയരം കുറഞ്ഞ നെൽച്ചെടികൾ -പല പാകത്തിലുള്ള വളർച്ചയെത്തിയവ. മൂത്ത് പഴുത്ത് വിളഞ്ഞ് നിൽക്കുന്നവ, പച്ചക്കതിർക്കുലകളാൽ സമ്പന്നമായവ, ഞാറ്റടി പ്രായം വിട്ട് വളർച്ചയിലേക്ക് കുതിക്കുന്നവ എന്നിങ്ങനെ കിലോമീറ്ററുകളോളം വിസ്തൃതിയിൽ അവയങ്ങനെ നിറഞ്ഞു നിൽക്കുകയാണ്. മാവും പിലാവും പേരക്കയും പപ്പായയും തെങ്ങും കവുങ്ങും മുരിങ്ങയും മാത്രമല്ല നമ്മുടെ ചേമ്പുകൾ പോലും ധാരാളം കണ്ടു കിട്ടി.
പശുക്കൾ, ആടുകൾ, കോഴികൾ, താറാവ് കൂട്ടങ്ങൾ എന്നിവയും കൂടി കാണാൻ കഴിഞ്ഞപ്പോൾ നമ്മുടെ കുട്ടനാടിന്റെ വിരിമാറിലൂടെയാണോ യാത്ര എന്നു തോന്നിപ്പോയി. വീടുകൾ വീതികുറഞ്ഞ, എന്നാൽ നീളം കൂടിയ മുറികളോടു കൂടിയവയായി തോന്നി. നമ്മുടെ ശർക്കര അച്ചിനെ തോന്നിപ്പിക്കുന്ന സ്ട്രക്ചറൽ ഡിസൈനാണ് ഒട്ടു മിക്കവയും. റസ്റ്റാറന്‍റിൽ നമ്മുടെ ബ്രേക്ക്ഫാസ്റ്റ് രീതിയേ അല്ല കാണാൻ കഴിഞ്ഞത്. സാമ്പ്രദായിക അരി ഭക്ഷണങ്ങൾ -നമ്മൾ ശീലിച്ച അപ്പം, പുട്ട്, പത്തിരി, ദോശ, ചപ്പാത്തി, പൂരി, പൊറോട്ടാ, ബ്രെഡ് വിഭവങ്ങളോ, വെറൈറ്റി നോൺവെജ് വെജിറ്റേറിയൻ കറികളോ ഒന്നും കാണാനില്ല. ഇവിടെ വിവിധതരം സൂപ്പുകളും നൂഡിൽസുമാണ് മുഖ്യ പ്രഭാത ഭക്ഷണം. അരിയാണ് നൂഡിൽസുണ്ടാക്കാൻ ഉപയോഗിക്കുന്നത്. പക്ഷെ ഇവയെല്ലാം ചിക്കൻ/ബീഫ്/പോർക്ക് സൂപ്പിൽ മുങ്ങാംകുഴിയിട്ടാണ് ഡൈനിങ് ടേബിളിൽ പ്രത്യക്ഷപ്പെടുന്നത്.
അതോടൊപ്പം പേരറിയുന്നതും അല്ലാത്തതുമായ ഒട്ടനേകം ഇലകളും കാണും സൂപ്പിൽ. കഴിക്കുന്നതോ രണ്ടു വടികളും കത്തിയും സ്പൂണും ഉപയോഗിച്ചും. ഒരാഴ്ചത്തെ ക്രാഷ് കോഴ്സിനു ശേഷമേ നമ്മൾക്കിത് വഴങ്ങൂ എന്നതിനാൽ വിരലും സ്പൂണും നാവും നാവ ഉപയോഗിച്ചായിരുന്നു എന്റെ ആക്രമണവും യുദ്ധ വിജയവും. ചിക്കൻ സൂപ്പിനൊപ്പമുള്ള നൂഡിൽസ് കൊള്ളാമായിരുന്നതിനാൽ എന്റെ ബൗൾ ഞാനെളുപ്പം കാലിയാക്കി. സ്പൂണും ഫോർക്കും വടികളുമുപയോഗിച്ച് ആ നാട്ടുകാർ ഭക്ഷണം കഴിക്കുന്ന കല നമ്മൾ നോക്കിയിരുന്നു പോവും. അത്രയ്ക്കു സുന്ദരമാണാ കാഴ്ച. വെജിറ്റേറിയൻ ശീലമായവർക്ക് അല്പം പ്രയാസം അനുഭവിക്കേണ്ടി വരുമെങ്കിലും watermelon എന്ന വത്തക്ക, അവിടെ സുലഭമായ ഡ്രാഗൺ ഫ്രൂട്ട്, പേരക്ക, Cuccumber എന്ന കക്കിരി എന്നിവയാൽ മുട്ടുശാന്തിക്ക് പ്രൊവിഷനുണ്ടായിരുന്നതിനാൽ അല്പം ആശ്വാസമായി. ലെറ്റ്യൂസ്, കാബേജ്, സ്പിനാച്ച്, ബ്രൊക്കോളി, മിന്റ്, ചൈനീസ് കാബേജ് മുതൽ നമ്മുടെ തുളസി ഇലയും പേരറിയാത്ത കുറേയേറെ ഇലകളും പച്ചക്ക് ഡൈനിങ് ടേബിളിൽ എത്തിയത് ഞങ്ങൾ ഇഷ്ടം പോലെ പരീക്ഷണ വിധേയമാക്കി.
എന്റെ ഭാര്യ പറഞ്ഞു -'നമ്മുടെ ആട്ടിൻകുട്ടിയെ കൂട്ടാതിരുന്നത് കഷ്ടമായി പോയി, ട്ടോ'. അന്യ രാജ്യത്ത് ചെന്ന് ഇന്ത്യൻ ഫുഡ് തിരക്കി നടക്കുന്നതിനോട് എനിക്കും യോജിപ്പില്ലായിരുന്നു. പക്ഷെ എന്റെ നല്ലപാതിക്ക് മത്സ്യമാംസാദികളും മുട്ടയും അലർജി ഉണ്ടാക്കും എന്നതിനാൽ ഒരു പരീക്ഷണത്തിനും വിധേയമാക്കാൻ നിർവാഹമില്ലായിരുന്നു. സ്ട്രീറ്റിലെ നാട്ടു വിഭവങ്ങൾ തേടിയുള്ള നടപ്പിൽ മാറി നിൽക്കുകയല്ലാതെ മറ്റു പോംവഴികൾ എനിക്കില്ലായിരുന്നു. എങ്കിലും ബ്രേക്ഫാസ്റ്റിൽ മാംസാഹാരത്തെയും മുട്ടയെയും സൂപ്പാദികളെയും യഥേഷ്ടം കഴിച്ചു കൊണ്ട് ഞാനും സംതൃപ്തനായി.
ഭാര്യക്ക് ദോഷകരമല്ലാത്ത വഹകൾ കണ്ടുപിടിച്ച് നൽകി കൂടെ നിന്നതിനാൽ 'അസ്തിത്വദു:ഖമോ, സ്വത്വപ്രതിസന്ധിയോ ജെൻഡർ ഡിസ്ക്രിമിനേഷനോ' യാത്രയിൽ ഒരിക്കൽ പോലും ഉയർന്നു വന്നതുമില്ല.
ഇനി വിയറ്റ്നാമിന്റെ പ്രകൃതി ഭംഗിയിലേക്കും കാണാക്കാഴ്ചകളിലേക്കുമുള്ള യാത്ര, ദാ... എത്തിപ്പോയി .... ഉടനെ .
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.