ചിത്രം എടുക്കാൻ നേരം തുറിപ്പിച്ചു നോക്കുന്ന കുടുംബം

‘കുട്ടികളെ തട്ടിക്കൊണ്ടുപോയ നാട്ടിൽ എന്നെ കുറ്റവാളി ആക്കിയപ്പോൾ’

കുട്ടികളെ കാണാതാകുന്ന നാട്ടിൽ താമസിക്കാൻ ഒരു മുറി പോലും കിട്ടാതെ അലഞ്ഞ രാത്രിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ലേഖകൻ. 2019ൽ കർണാടകയിലെ ബി.ആർ ഹിൽസിലെ യാത്രാ അനുഭവങ്ങളാണ് പുനഃപ്രസിദ്ധീകരിക്കുന്നത്.

മനുഷ്യനെപ്പോലെ ഓരോ നാടിനും ഓരോ മുഖങ്ങളുണ്ട്​. മനസ്​ ചിലപ്പോൾ അതുവഴി കടന്നുപോകുന്നവരോട്​ നിശബ്​ദമായി പലതും സംസാരിച്ചേക്കാം. അങ്ങനെ ആ നാട്​ എന്നോട്​ ചുരുളഴിച്ചു​ വിട്ട ചില രഹസ്യങ്ങളാണ്​ ഈ യാത്രയിൽ വിശദീകരിക്കുന്നത്​. പോകുന്ന ഓരോ സ്​ഥലത്തും അവിചാരിതമായ എന്തോ ഒന്ന്​ നമ്മളെ കാത്തിരിക്കുന്നുണ്ട്​. അത്​ മഹാവനങ്ങ​ളോ മൃഗസഞ്ചാരങ്ങളോ, ചിലപ്പോ മനുഷ്യനോ ആകാം. അതിനാൽ കഷ്​ടപ്പെട്ട്​ യാത്രകൾ ചെയ്യു ക, സൗകര്യങ്ങളെക്കാൾ വിഷമതകൾ നേരിടുക... അപ്പോൾ മാത്രമാണ് ആ യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവമാവുക.. ആ യാത്ര വി ജയിക്കുന്നതും ​അപ്പോൾ മാത്രമാണ്​... മോസ്​കോയിലും ഉസ്​​ബെക്കിസ്​ഥാനിലും സമർഖണ്ഡിലുമെല്ലാം എസ്​.കെ. പൊറ്റക്കാട്​ തിരഞ്ഞത്​ എല്ലാ പ്രത്യേയശാസ്​ത്രങ്ങൾക്കുമപ്പുറത്തെ അഗാധമായ മനുഷ്യാനുഭവങ്ങളുടെയും അവസ്​ഥകളുടെയും നഗ്​ന യാഥാർഥ്യങ്ങളായിരുന്നു. അത്തരത്തിലുള്ള ഒരു യാത്രയയായിരുന്നു എനിക്കിതും.

ബി.ആർ ഹിൽസിലേക്കുള്ള മഞ്ഞു മൂടിയ കാനനപാത

ഏകദേശം ആറ്​ മണി​യോടുകൂടി ബി.ആർ ഹിൽസിന്‍റെ നെറുകയിൽ എത്തിച്ചേർന്നു. പ്രവേശന മുഖത്തെ ബോർഡ്​ കണ്ടാൽ ഒരു ടൗൺ ആണ്​ എന്ന്​ ചിന്തിച്ചേക്കു​മെങ്കിലും രണ്ടോ മൂന്നോ ചായക്കടകൾ മാത്രം അവശേഷിക്കുന്ന ഒരു കാട്ടു പ്രദേശമായിരുന്നു അവിടം. പുരാതന സൃഷ്​ടിയിലെന്നവണ്ണം ഉയർന്നുനിൽക്കുന്ന ഒരമ്പലത്തി​​​​ന്‍റെ പടവുകൾക്കു മുന്നിലാണ്​ വണ്ടിയിറങ്ങിയത്​. വിശപ്പടക്കാൻ വരുന്നവരെ തുറിച്ച്​ നോക്കി കൊണ്ട്​ മുഖം വീർപ്പിച്ചിരിക്കുന്ന രണ്ടു ബജിയും ഒരു ചായയും തൊട്ടടുത്തുള്ള ചായക്കടയിൽ നിന്നും അകത്താക്കി തൽക്കാലം ശരീരത്തിന്​ തണുപ്പിൽനിന്ന് ​കുറച്ച്​ ആശ്വാസമേകി.

ബി.ആർ ഹിൽസിലെ മഞ്ഞു മൂടിയ കാഴ്ചകൾ

മലയാളം, തമിഴ്​, ഹിന്ദി, ഇംഗ്ലീഷ്​ എന്നിങ്ങനെ അറിയാവുന്ന ഭാഷകളെ സമന്വയിപ്പിച്ച്​ ചായക്കടക്കാരനോട്​ തങ്ങാനൊരിട​ത്തെക്കുറിച്ച്​ അന്വേഷണം നടത്തി. അയാൾക്ക്​ ആകെ കന്നടമാത്രമേ അറിയാവൂ എങ്കിലും എ​​​​ന്‍റെ ശ്രമം ആ സന്ദർഭത്തിൽ വിജയം കണ്ടു. തൊട്ടടുത്തുള്ള ഗവൺമെന്‍റ്​ ഗസ്​റ്റ്​ ഹൗസിൽ ചെന്നന്വേഷിച്ചാൽ താമസസൗകര്യം ലഭിക്കുമെന്ന്​ മറുപടി എന്നെ തൃപ്​തിപ്പെടുത്തി. അങ്ങേയ യറ്റം ക്ഷീണിതനായി തനിച്ച്​ കയറിച്ചെന്ന എന്നോട്​ റൂം ഇല്ല എന്ന മറുപടി ജീവനക്കാർ നൽകിയെങ്കിലും മുന്നിൽ അധികം വാഹനങ്ങളൊന്നും കാണാത്തതിനാൽ ഞാൻ ചോദ്യം വീണ്ടും ആവർത്തിച്ചു. അപ്പോൾ എത്രപേർ ഉണ്ടെന്നായി അടുത്ത ചോദ്യം. ഞാൻ ഒരാൾ മാത്രമേയുള്ളൂ എന്നു പറഞ്ഞപ്പോൾ വീണ്ടും റൂമില്ല എന്ന മറുപടിയായിരുന്നു. ഒരു കാട്ടാന മുന്നിൽ വന്നു തോണ് ടി ഫ്രണ്ട്​ റിക്വസ്​റ്റ്​ അയച്ചാൽപോലും കാണാൻ കഴിയാത്ത കോടമഞ്ഞിൽ ഞാൻ അവിടെനിന്നു. എങ്ങനെയോ തപ്പിപിടിച്ച്​ അടുത്ത ഹോംസ്​റ്റേയിൽ എത്തിയപ്പോഴേക്കും അവരും അതേ ചോദ്യവും ഉത്തരവും. തനിച്ചാണ്​ വന്നതെങ്കിൽ റൂം തരില്ല! പിന്നീട്​ കയറിയ രണ്ട്​ ഹോംസ്​റ്റേയിലും ഇതുതന്നെയായിരുന്നു ഉത്തരം എന്നു മാത്രമല്ല അവരുടെ ഒക്കെ എന്നോടുള്ള പെരുമാറ്റവും നോട്ടവും അത്ര സുഖകരവുമായിരുന്നില്ല. എന്തോ ഒരു പന്തികേടു മണക്കുന്നു.

ബി.ആർ ഹിൽസിലെ കടകളിൽ പെട്രോൾ തൂക്കിയിട്ടിരിക്കുന്നു

അവസാന ബസിലാണ്​ വന്നതെന്നതിനാൽ തിരിച്ചുള്ള യാത്രക്കും നിവർത്തിയില്ല. എവിടെയെങ്കിലും റോഡരുകിൽ തങ്ങാമെന്നു വെച്ചാൽ വഴിയിൽ കണ്ട കാട്ടുപോത്തുകളും ആനപിണ്ഡവുമെല്ലാം മനസ്സിൽ ഭീതി പടർത്തി. അടുത്തതെന്ത്​ എന്ന ചോദ്യത്തിന്​ ഉത്തരമില്ലാത്ത നിമിഷങ്ങൾ. റൂം തരാത്തതിന്​ കാരണം എന്താണെന്ന്​ അന്വേഷിക്കാമെന്ന്​ വെച്ചാലോ, ഇംഗ്ലീഷ്​, തമിഴ്​, മലയാളം ഈ ഭാഷകളൊന്നും അവിടുത്തുകാർക്ക്​ യാതൊരുവശവും ഇല്ല. ആകെ അറിയാവുന്നത്​ കന്നടമാത്രം. അത്​ എനിക്കൊട്ട്​ വശവും ഇല്ല. യഥാർഥത്തിൽ അകപെട്ടവന്​ അഷ്​ടമിരാശി എന്നപോലെയായി അവസ്​ഥ. താമസിക്കാൻ ഒരിടം കിട്ടാതെ വലഞ്ഞു. പടർന്ന്​ കയറുന്ന ഇരുട്ടും കാടി​​​​ന്‍റെ മറവിലെ മൃഗങ്ങളും പിന്തുടരുന്ന മഞ്ഞും എന്‍റെ ഭയത്തെയും ആശങ്കയെയും വർധിപ്പിച്ചു. പിന്നീടുള്ള ഓരോ ചുവടും ശ്ര​ദ്ധയോടെയായിരുന്നു.

അംബികയും കുടുംബവും

ഭയംകൊണ്ടാണോ തണുപ്പുകൊണ്ടാണോ എന്നറിയില്ല അതിയായ മൂത്രശങ്ക അനുഭവപ്പെട്ടു. അപ്പോഴാണ്​ ബസിറങ്ങിയ ഭാഗത്തെ പബ്ലിക്​ ടോയ്​ലറ്റ്​ ഓർമവന്നത്​. പതിയെ അവിടേക്ക്​ ചുവടുകൾ വെച്ചു. ടോയ്​ലറ്റിൽ കയറി തിരിച്ചിറങ്ങു​മ്പോൾ ഒരു പ്രതീക്ഷയും ഇല്ലാതെ കൗണ്ടറിൽ കണ്ട പെൺകുട്ടിയോട്​ തമിഴിൽ ചോദിച്ചു 'ഇ​ങ്കേ തങ്കറുതുക്ക്​ എതാവത്​ ഇടം ഇറുക്കാ..?'

'ഇറുക്ക്​ സർ, രണ്ട്​ മൂന്ന്​ ഹോംസ്റ്റേകൾ ഇറുക്ക്​' എന്ന ഉത്തരം അപ്പോൾ തന്ന ആശ്വാസം വലുതായിരുന്നു. താമസിക്കാൻ സ്​ഥലം ഉണ്ടെന്ന്​ പറഞ്ഞതിലല്ല എന്‍റെ ആശ്വാസം. ആദ്യമായി ആ നാട്ടിൽ എനിക്ക്​ ആശയ വിനിമയം നടത്താൻ സാധിച്ചു എന്നതിലായിരുന്നു. അംബിക എന്നായിരുന്നു ആ കുട്ടിയുടെ പേര്​. ഒരു മലയാളി അന്യ രാജ്യത്ത്​ മറ്റൊരു മലയാളിയെ കണ്ട സന്തോഷമാണ്​ ആ തമിഴ്​ സ്​ത്രീയെ കണ്ടപ്പോൾ എനിക്ക്​ തോന്നിയത്​. തമിഴിനെ ഉള്ളിൽ പുകഴ്​ത്തികൊണ്ട്​ കൂടുതൽ വിവരങ്ങൾ തിരക്കയപ്പോഴേക്കും അവളും എന്നോടാ ചോദ്യം ആരാഞ്ഞു.

'എത്രപേർ...?'

കൂടെ ആരെങ്കിലും ഉണ്ടെന്ന്​ പറഞ്ഞാൽ ചിലപ്പോ റൂം കിട്ടും എന്നാലും കള്ളം പറയാൻ മനസ്സ്​ അനുവദിച്ചില്ല. അൽപ്പം മടിയോടെ ആണെങ്കിലും തനിയെ ആണ്​ വന്നതെന്ന്​ പറഞ്ഞ മാത്രയിൽ തന്നെ 'തനിച്ചു വന്നാൽ ഇവിടെ റൂം കിട്ടില്ല..' എന്നായിരുന്നു മറുപടി. മാത്രമല്ല, എത്രയും വേഗം തിരിച്ചു പോകാനും എന്നോട്​ ആവശ്യപ്പെട്ടു. ഞാൻ ഒരു മാധ്യമ പ്രവർത്തകനാണെന്നും ഇവിടത്തെ കാടിനെ കുറിച്ചും ടൂറിസം പ്രൊമോട്ട്​ ചെയ്യാൻ ആർട്ടിക്കിൾ എഴുതാൻ വന്നതാണെന്നു​മൊക്കെ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അതിനൊന്നും ചെവിക്കൊടുക്കാതെ ഇവിടെ തനിച്ചു വന്നാൽ ആപത്താണെന്നും ആരും റൂം തരില്ലെന്നും എത്രയും വേഗം തിരികെ പോകാനുമായി അവൾ പറഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ, എന്തുകൊണ്ടാണ്​ ഇവിടെ തനിച്ചുവന്നാൽ റൂം തരാത്തത്​ അതി​ന്‍റെ കാരണം എങ്കിലും ഒന്നു വിശദീകരിക്കാൻ ഞാൻ അപേക്ഷിച്ചു. ഭയം ഉള്ളിൽ കൊണ്ടുനടക്കുന്നവനല്ല ഞാൻ എങ്കിലും അൽപം വിറങ്ങലോടെ മാത്രമാണ്​ ഞാനവളുടെ മറുപടി ഏറ്റുവാങ്ങിയത്​.

'ഈ നാട്ടിൽ വ്യാപകമായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുണ്ട്​' അതിനാൽ തനിച്ചാരുവന്നാലും റൂം നൽകരുതെന്നാണ്​ ഇവിടത്തെ പൊലീസിന്‍റെ നിർദേശം...'

മാധവൻ അമ്മാവന്‍റെ ചായക്കട

നമുക്കിടയിൽ ന്യൂജെൻ മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും മറ്റുമായി ഇത്തരം വാർത്തകൾ പ്രചരിക്കുന്നുവെങ്കിലും ഒരു നിമിഷം പോലും സത്യമാണോ എന്ന്​ ചിന്തിക്കാൻ ശ്രമം ഉണ്ടായിട്ടില്ല. എന്നാൽ ഒരു നാടിനെ ഒന്നടങ്കം മുൾമുനയിൽ നിർത്തുന്ന കഥയുടെ ചുരുൾ എനിക്ക്​ മുന്നിൽ കെട്ടഴിച്ചുവിട്ടപ്പോൾ വിട്ടുമാറാത്ത ഭയവും നടുക്കവും അവളുടെ കണ്ണുകളിൽ ഞാൻ കണ്ടു. ഞാൻ പിന്നിട്ട വഴിയിലെ കെ. ഗുഡിയിൽ നിന്നുമാണ്​ കുട്ടികളെ കാണാതാകുന്നത്​. നാടും നഗരവും വിട്ട്​ ആ കൂട്ടർ കാട്​ കയറിയിരിക്കുന്നു. അതാകു​മ്പോൾ അധികം പുറംലോകം അറിയില്ല. പത്ര മാധ്യമങ്ങളോ ചാനലുകാരോ എത്തിപ്പെടില്ല. ഒരുപക്ഷേ കുട്ടികളെ തട്ടിക്കൊണ്ട്​ കടന്നുകളയുന്ന കുറ്റവാളികളിൽ ഒരാളായി എന്നെ അവർ കരുതിയതു കൊണ്ടായിരിക്കാം എനിക്കവർ താമസ സൗകര്യം നിഷേധിച്ചതും. തുറിച്ചുനോക്കിയതുമെല്ലാം.

ബി.ആർ ഹിൽസിലെ യുവതലമുറ

അത്തരം ഒരു വ്യാഖ്യാനം എനിക്കീ ചിന്തിക്കാൻ കൂടി സാധ്യമല്ലായിരുന്നു. കാരണം, ഞാനും ഒരച്​ഛനാണ്​. കുഞ്ഞുങ്ങളെ നഷ്​ടപ്പെട്ട മാതാപിതാക്കളുടെ നിലവിളിയാണ്​ അപ്പോൾ എന്‍റെ മനസ്സിലേക്ക്​ ഓടിക്കയറിയത്​. മനസ്സ്​ മുമ്പത്തെക്കാളും അസ്വസഥമായി. ഞാൻ അത്തരം വ്യക്​തിയല്ല. എനിക്കും കുടുംബം കൂട്ടി എന്നിവരെല്ലാം ഉണ്ട്​ എന്ന്​ സാക്ഷ്യപ്പെടുത്താനും ബോധ്യപ്പെടുത്താനുമുള്ള ശ്രമമായിരുന്നു പിന്നെ അവിടെ നടന്നത്​. ​ജോലിസ്​ഥലത്തെ ​ഐ.ഡി കാർഡും കുട്ടിയുടെയും ഭാര്യയുടെയും ചിത്രങ്ങളും എ​​​​ന്‍റെ യാത്ര വിവരണങ്ങളും ഒക്കെ ഞാൻ അവരുടെ മുന്നിൽ നിരത്തി. എന്‍റെ ദയനീയാവസ്​ഥ മനസ്സിലാക്കിയ അംബിക തനിച്ച്​ വന്നതിനാൽ ഇവിടെ ആരും റൂം തരില്ലെന്നും തന്‍റെ അച്​ഛൻ അവിടത്തെ പി.ഡബ്ല്യു.ഡി ഗസ്​റ്റ്​ ഹൗസിലെ വാച്ചറാണെന്നും പറഞ്ഞ്​ ഫോൺ എടുത്ത്​ അച്​ഛനെ വിളിച്ചു. റൂം ഉണ്ടെന്ന്​ പറഞ്ഞ അച്​ഛൻ ഞാൻ തനിച്ചാണെന്ന്​ അറിഞ്ഞപ്പോൾ ആ പെൺകുട്ടിയെ ശകാരിക്കുകയാണ്​ ചെയ്​തത്​. ആവശ്യമില്ലാത്ത പ്രശ്​നങ്ങളിൽ നീ വെറുതെ തലയിടരുത്​ എന്ന്​ പറഞ്ഞ്​ ആ മനുഷ്യൻ ഫോൺ കട്ട്​ ചെയ്​തു. സ്വന്തം മകൾ പറഞ്ഞിട്ടുപോലും റും തരാത്ത ഈ നാട്ടിൽ ഇനി ആരാണ്​ എനിക്ക്​ മുറി തരിക. എന്‍റെ എല്ലാ പ്രതീക്ഷകളും ഒറ്റ നിമിഷത്തിൽ അസ്​തമിച്ചു. ആ സാഹചര്യത്തെ എങ്ങനെ നേരിടണമെന്നറിയാതെ തളർന്ന്​ ഇരുന്നുപോയി. മരണം വാതിൽക്കൽ വന്ന്​ മുട്ടുന്നതായി തോന്നി തുടങ്ങി. ഒന്നുകിൽ രാത്രി അപരിചിതനെ കണ്ടമാത്രമയിൽ നാട്ടുകാർ എന്നെ തല്ലിക്കൊല്ലും. അതും അല്ലെങ്കിൽ ആനയുടെയോ കാട്ടുപോത്തിന്‍റെയോ ചവി​ട്ടേറ്റു മരിക്കാനാകും എന്‍റെ യോഗം.

ബി.ആർ ഹിൽസിൽ നിന്നു നോക്കുമ്പോൾ മഞ്ഞിനിടിയിലൂടെ കടന്നുവരുന്ന കാഴ്​ച

അംബിക വീണ്ടും എന്നോട്​ തിരികെ പോകാൻ ആവശ്യപ്പെടുകയാണ്​. മനസ്സി​ന്‍റെ നിയന്ത്രണം വിട്ട്​ ഞാൻ അവളോട്​ ചോദിച്ചു. അവസാന ബസുംപോയ ഈ കാട്ടുവഴിയിലൂടെ 20 കി.മീ നടന്ന്​ താഴെ എത്തുമെന്ന്​ നിനക്ക്​ ഉറപ്പുണ്ടോ? പോകുന്നവഴിയിൽ ആനയോ പുലിയോ പിടിച്ചാൽ ചിലപ്പോ വീട്ടിലെത്തിക്കാൻ പോലും ഒന്നും ഉണ്ടാകില്ല. അതിനേക്കാൾ നല്ലത്​ ഇവിടെ കിടന്ന്​ മരിക്കുന്നതാണ്​. അതാകുമ്പോ പൊലീസ്​ എങ്കിലും വീട്ടിൽ അറിയിക്കു​മല്ലോ എന്ന്​ പറഞ്ഞ്​ എന്തുവന്നാലും ത​ന്‍റെ വിധി എന്ന മട്ടിൽ അവിടെ തീർത്ത ഇരിപ്പിടങ്ങളിൽ ഞാൻ തനിയെ ഇരിക്കുവാൻ തീരുമാനിച്ചു.

എ​​​​ന്‍റെ അവസ്​ഥയിലും ആ നിമിഷത്തിലെ മാനസിക സംഘർഷവും അറിഞ്ഞു കൊണ്ടുതന്നെ അവൾ അവസാന കച്ചിതുരുമ്പ്​ എനിക്ക്​ മുന്നിലേക്ക്​ നീട്ടി. എ​​​​ന്‍റെ കൂടെ വരൂ. താഴെ എനിക്ക്​ അറിയാവുന്ന ഒരാളുടെ കടക്ക്​ പിറകിലായി രണ്ടു റൂമുകൾ ഉണ്ട്​. അവിടെ അന്വേഷിക്കാം എന്ന്​ പറഞ്ഞു കൊണ്ട്​ ​ടോയിലറ്റുകൾ അടച്ചുപൂട്ടി എന്നെയും കൂട്ടി പുറപ്പെട്ടു. സ്കൂൾ കാലം മുതൽ നമ്മൾ ചെയ്യുന്ന പ്രതിജ്​ഞയിലെ ചില വാക്യങ്ങളുടെ പ്രതിരൂപങ്ങളാണ്​ എനിക്കൊപ്പം നടക്കുന്നതെന്ന തോന്നലുകളായിരുന്നു ആ നിമിഷങ്ങളിൽ 'എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്​.'


കൂടെ പിറപ്പുകൾ നമ്മുക്കൊപ്പം പിറക്കണമെന്നില്ല. തമ്മിൽ യാതൊരു പരിചയവുമില്ലാതെ ഞാനും അവളും പരന്നു കിടക്കുന്ന മഞ്ഞിലൂടെ ആ കടക്കുനേരെ പാതയിൽ സഞ്ചരിച്ചു. നാഗേന്ദ്ര റാവു എന്നായിരുന്നു ആ കടയുടമയുടെ പേര്​. ഞങ്ങളെ കണ്ടതും അയാൾ പുഞ്ചിരിയോടെ അടുത്തുവന്നു. പുറകിലത്തെ റൂം താമസിക്കാൻ കൊടുക്കുമോ എന്ന ചോദ്യത്തിന്​ പുള്ളിയുടെ എത്രപേർ എന്ന മറുചോദ്യം എന്നെയും അബികക്ഷയെയും അൽപസമയം നിശ്ശബ്​ദരാക്കി.

എന്തുപറയണമെന്ന്​ ഞങ്ങൾക്ക്​ നിശ്​ചയമുണ്ടായിരുന്നില്ലെങ്കിലും മൗനത്തെ ഭേദിച്ച്​ ഒരാൾ എന്ന്​ മറുപടി നൽകി. ഉടനടി എന്നെയും അവളേയും തുറിച്ചുനോക്കി. നിനക്കറിഞ്ഞുകൂടെ ഇവിടെ ഒരാൾ മാത്രമായി വന്നാൽ റൂം കൊടുക്കാൻ പാടില്ല എന്നും പറഞ്ഞ്​ അയാൾ കന്നടയിൽ ഒരു നീണ്ട പ്രസംഗം ആരംഭിച്ചു. കുറച്ചു നേരത്തിനുശേഷം വീണ്ടും അവളുടെ ശക്​തമായ വാക്കുകൾ അയാളുടെ പ്രസംഗത്തിന്​ ഭംഗം വരുത്തി. എനിക്കുവേണ്ടി റും നൽകാമോ ഈയാളുടെ പേരിൽ എന്ത്​ പ്രശ്​നം വന്നാലും ഞാൻ അതിനെ നേരിടാം. മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. അതോടെ അയാൾ എനിക്ക്​ മുറി തരാൻ തയാറായി.

ബി.ആർ ഹിൽസിലെ സിൽക്ക് ഫാം

മുറിയുടെ താക്കോൽ എനിക്ക്​ നൽകികൊണ്ട്​ അംബിക പറഞ്ഞു. എവിടെനിന്നു വന്നു എന്തിന്​ വന്നു എന്ന്​ ഒന്നും എനിക്ക്​ അറിയില്ല. നിങ്ങളുടെ നിസ്സഹായ അവസ്​ഥയും ഈ നിമിഷത്തിലെ വിശ്വാസത്തി​​​​ന്‍റെ പേരിലും ആണ്​ ഞാൻ താമസസൗകര്യം ശരിയാക്കി തന്നത്​. എന്നെ ചതിക്കരുത്​ എന്നും പറഞ്ഞ്​ ആ മഞ്ഞിലേക്ക്​ അവൾ നടന്ന്​ മറഞ്ഞു. കൊച്ചു മുറി ആയിരുന്നെങ്കിലും അതിനുള്ളിലെ സുരക്ഷിതത്വം എനിക്ക്​ വല്ലാത്തൊരു ആശ്വാസമായിരുന്നു. എന്തായാലും അൽപ സമയത്തിനകം കുളിച്ച്​ ഫ്രഷായി തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച്​ അധികം താമസിയാതെ ആ കറുത്ത രാത്രിയിലൂടെ നിഴലിലേക്ക്​ അലിഞ്ഞുചേർന്നു.

മഞ്ഞി​ന്‍റെ നീറ്റലും കോരിച്ചൊരിയുന്ന പ്രഭാതവും കണികണ്ടാണ്​ ഉറക്കമുണർന്നത്​. പതുക്കെ വാതിൽ തുറന്ന്​ പുറത്തേക്ക്​ ഇറങ്ങിയതും കഴിഞ്ഞ ദിവസം കണ്ട പച്ച ലതകളുടെ പ്രദർശനത്തിനെ അപ്പാടെ മാറ്റിവരക്കാൻ വെളുത്ത ചിത്രലേഖനം ക​മ്പോളമൊരുക്കി എനിക്കുവേണ്ടി കാത്തുനിൽക്കുന്നതായി തോന്നി. അത്രക്ക്​ വെളുത്ത മഞ്ഞിൻ പുതപ്പ്​ മൂടിയിരിക്കുകയായിരുന്നു അവിടമാകെ. ഞാൻ താമസിച്ചിരുന്നതിന്​ തൊട്ടടുത്തായിരുന്നു അവിടത്തുകാരുടെ 'മിനി തിരുപ്പതി' എന്നറിയപ്പെടുന്ന 'ബിലിഗിരി രംഗനാഥസ്വാമി ക്ഷേ​ത്രം'. എന്തായാലും പല്ലുകളുടെ തമ്മിലടി അവസാനിപ്പിക്കാൻ പതുക്കെ മുറിയിൽ കയറി ജാക്കറ്റ്​ ധരിച്ച്​ ക്ഷേത്ര കവാടത്തിലെക്ക്​ നടന്നു. മേഘമലയിലെ കാഴ്​ചയെ അനുസ്​മരിപ്പിക്കുംവിധം അടുക്കള മുറ്റത്തുനിന്നും അകത്തേക്ക്​ ഏന്തി വലിഞ്ഞുനോക്കുന്ന പശുവിനെ ആണ്​ ആദ്യം കണ്ടത്​. അലഞ്ഞു തിരിയുന്ന കാളകൂറ്റന്മാരും പറ്റിചേർന്ന്​ നിൽക്കുന്ന ചായകടകളും ആ ക്ഷേത്ര വീഥിയുടെ ഇരു പുറവും കാണാം.

ബിൽഗിരി രംഗനാഥ ക്ഷേത്രം

അമ്പലക്കാഴ്​ചകളെ കാണാനും ആസ്വദിക്കാനും അങ്ങിങ്ങായി നിൽക്കുന്ന പല കുടുംബങ്ങളിൽ നിന്നും വിറക്കുന്ന ചുണ്ടുകളെ മഞ്ഞിൽ വിടർത്തി ചിരിക്കുന്ന കൊച്ചു കുരുന്നുകളുടെ പുഞ്ചിരി എനിക്കും കാമറക്കും ഒരുപോലെ ആസ്വാദ്യകരമായിരുന്നു. ആ ചി​​ത്രങ്ങൾ കാമറയിൽ പകർത്താൻ ഫോക്കസ്​ ചെയ്യവെ അതിരൂക്ഷ ഭാവത്തോടെ എന്നെ നോക്കികാണുന്ന രക്ഷിതാക്കളുടെ കണ്ണുകളെയാണ്​ വ്യൂ ഫൈൻഡറിലൂടെ എനിക്ക്​ കാണാൻ കഴിഞ്ഞത്​. ക്യാമറ മാറ്റി പതുക്കെ നോക്കവെ സിനിമയിൽ കാണുന്നതുപോലെ ആ നിമിഷം ഫ്രീസ്​ ആയിരിക്കുന്നു. അവർ മാത്രമല്ല ആ റോഡിലൂടെ നടന്നുനീങ്ങുന്നവരും കടകളിലെ ജോലിക്കാരും എല്ലാം നിശ്ചലമായിരിക്കുന്നു. മാത്രമല്ല അവരുടെയെല്ലാം കണ്ണിലെ തീക്ഷ്ണമായ ശരങ്ങൾ ഞാൻ ഏറ്റുവാങ്ങി. ആദ്യമാത്രയിൽ ഒന്നു സംശയിച്ചു എങ്കിലും പിന്നീട്​ എനിക്ക്​ കാര്യം മനസ്സിലായി. തലേന്ന്​ കേട്ട ചിന്തകളാകാം അവർക്കുള്ളിൽ മുളപൊട്ടിയത്​.

കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയ ഒരുവൻ... ആ നോട്ടത്തിന്​ അർത്ഥം അതാണ്.... ​അൽപസമയത്തിനകം ഫ്രീസ്​ മാറി രംഗം സ്​ലോ മോഷനിലേക്ക്​ കടന്നു. എല്ലാവരും പതുക്കെ എന്നിലേക്ക്​ അടുക്കുന്നതായും അവിടെ കിടന്ന വടിയും കല്ലുമെല്ലാം അവരുടെ കൈകളിൽ ശേഖരിക്കുന്നതായും എനിക്ക്​ അനുഭവപ്പെട്ടു. ഒരു നിമിഷത്തേക്ക്​ എ​ന്‍റെ മനസ്സി​ന്‍റെ വാട്​സ്​അപ്പ്​ മെസേജിലേക്ക്​ എത്തിയത്​ ഉത്തരേന്ത്യക്കാർ കൂട്ടം കൂട്ടമായി തല്ലിക്കൊല്ലുന്ന പാവങ്ങളുടെ നിരവധി വീഡിയോകളായിരുന്നു. അൽപ സമയത്തിനകം അവരെപോലെ ഞാനും അതിലെ കഥാപാത്രമായി മാറുമല്ലോ എന്ന ഭയപ്പാട്​ എന്നെ കീറിമുറിച്ചു. എ​ന്‍റെ കുട്ടിയും ഭാര്യയും അമ്മയുമെല്ലാം എന്നെ വിട്ടുപോകുന്നതായി ഞാൻ ഉറപ്പിച്ചു. ഡോൾബി അറ്റ്​മോസിലെ പോലെ അവിടമാകെ മരണത്തിന്‍റെ പശ്ചാത്തല സംഗീതം ​മുഴങ്ങി കേട്ടു. പെട്ടന്നായിരുന്നു ഈ കഥക്ക്​ പീറ്റർ ഹെയിനിന്‍റെ ഒരു സംഘട്ടനം ആവശ്യമില്ലെന്നും പറഞ്ഞു പാക്ക്​ അപ്പ്​ അനൗൺസ്​ ചെയ്​തുകൊണ്ട്​ നാഗേന്ദ്രറാവുവി​​​​ന്‍റെ കടന്നുവരവ്​.

ബി.ആർ ഹിൽസിലെ ദൂരകാഴ്ച

അദ്ദേഹം ചിരിച്ചുകൊണ്ട്​ എന്‍റെ അടുത്ത്​ വന്ന്​ കുശലാന്വേഷണം നടത്തി. രാവിലെ എഴുന്നേറ്റോ, രാത്രി മുറിയിലെ ഉറക്കം എങ്ങനെ ഉണ്ടായിരുന്നു എന്നൊക്കെ. വർഷങ്ങൾക്കുമുന്നെ നാടുവിട്ടുപോയ ത​​​​ന്‍റെ ചേട്ടനെ തിരിച്ചുകിട്ടയപോ​ലത്തെ സന്തോഷത്തിൽ ഞാൻ പുള്ളിയെ കെട്ടിപ്പിടിച്ചു എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു. എന്നെ കല്ലെറിയാൻ നിന്നവർ ഇതുകണ്ട്​ പതുക്കെ ആ ശ്രമം ഉപേക്ഷിച്ച്​ തിരിച്ചുനടന്നപ്പോൾ മാത്രമാണ്​ ഞാൻ നാഗേന്ദ്രറാവുവിന്‍റെ പിടിവിട്ടത്​. തൽക്കാലം അവിടത്തെ കാഴ്​ചകൾക്ക്​ വിരാമമിട്ടു കൊണ്ട്​ ഞാൻ കുന്നിൻമുകളിലെ ക്ഷേത്ര പരിസരത്തേക്ക്​ പ്രവേശിച്ചു.

യെലന്തുരിലെ ചന്ത

സമുദ്രനിരപ്പിൽ നിന്നും 5091 അടി ഉയരത്തിൽ സ്​ഥിതിചെയ്യുന്ന ബിലിഗിരി മലനിരകളുടെ മുകളിലായാണ്​ ഈ ക്ഷേത്രം സ്​ഥിതി ചെയ്യുന്നത്​. ബിലി എന്നാൽ കന്നടയിൽ വെളുപ്പ്​ എന്നാണ്​ അർഥം. ഇവിടങ്ങളിൽ കാണപ്പെടുന്ന വെളുത്ത പാറക്കൂട്ടങ്ങളാലാണ്​ ബിലിഗിരി ഹിൽസ്​ എന്ന്​ പേരുവരാൻ കാരണം. ശ്രീ രംഗനാഥ സ്വാമിയാണ്​ ഇവിടത്തെ പ്രതിഷ്​ഠ. പശ്​ചിമഘട്ട മലനിരകളുടെ കിഴക്ക്​ തമിഴ്​നാടുമായി അതിർത്തി പങ്കിടുന്ന കർണാടക ജില്ലയായ ചാമരാജ്​ നഗറിലെ ഇലന്തൂർ താലൂക്കിൽ സ്​ഥിതി ചെയ്യുന്ന ഇവിടം ഒരു കാലത്ത്​ വീരപ്പ​​​​ന്‍റെ വിഹാര കേന്ദ്രമായിരുന്നു. വീരപ്പ​​​​ന്‍റെ കാലശേഷം പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാനും സാഹസിക യാത്രകൾക്കും കാട്​ കാണാനും തണുപ്പ്​ ആസ്വദിക്കാനുമായി സഞ്ചാരികൾ എത്തി തുടങ്ങി. ഇന്ന്​ ബാംഗ്ലൂർകാരുടെ ഒരു വീ​ക്കെൻഡ്​ ഡെസ്​റ്റിനേഷൻ ആയി ബി.ആർ ഹിൽസ്​ മാറിക്കഴിഞ്ഞിരിക്കുന്നു.

യെലന്തുരിലെ ചന്തയുടെ ദൃശ്യം

കുന്നിൻ മുകളിലെ രംഗനാഥ സ്വാമി ക്ഷേത്രം കർണാടകത്തിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമാണ്​. ക്ഷേത്രത്തിന്‍റെ ചുമരുകളിലെല്ലാം ഭംഗിയുള്ള ശിൽപങ്ങൾ. സൂര്യകിരണങ്ങൾ പതിക്കു​മ്പോൾ അവയിൽനിന്നും മഞ്ഞുതുള്ളികൾ ഇറ്റിറ്റുവീഴുന്നു. ആ മഞ്ഞുകണങ്ങളിലെ തണുപ്പേറ്റ്​ എന്‍റെ നഗ്​നപാദങ്ങൾ ക്ഷേത്രത്തിന്​ ചുറ്റും വലവെച്ചു. ഇരുവശവും അഗാധമായ ഗർത്തങ്ങളാണെങ്കിൽ മറുവശം മുഴുവനും വീടുകളായിരുന്നു. കുടങ്ങളിൽ വെള്ളംനിറക്കുന്ന ചിലർ, മറ്റു ചിലർ വീടുകളിൽ കോലം എഴുതുന്നതിന്‍റെ തിരക്കിൽ. വരുന്നവർക്ക്​ പൂ കച്ചവടം നടത്തുന്ന ഒരു മുതിർന്ന അപ്പൂപ്പൻ, പൈപ്പിൻകരയിൽ പാത്രങ്ങൾ കഴുകിവൃത്തിയാക്കുന്ന ​വേറെ രണ്ടുപേർ. ഇവരെയെല്ലാം സൂര്യനിൽനിന്നും ചൂടേൽക്കാതെ മറച്ചുപിടിക്കുന്ന കോടമഞ്ഞ്​ അങ്ങനെ പ്രകൃതിയും മനുഷ്യരും ഇഴചേർന്ന ദൃശ്യങ്ങളാണ്​ അവിടമാകെ കാണാൻ കഴിഞ്ഞത്​. എ​ന്തായാലും ആ വെള്ള കാൻവാസിൽ ക്ഷേത്രത്തിന്‍റെ കുറേ ചിത്രങ്ങൾ പകർത്താൻ എനിക്ക്​ സാധിച്ചു. ഏപ്രിൽ മാസത്തിൽ ഇവിടെ നടക്കുന്ന വിവിധ സംസ്​കാരങ്ങളുടെ സംഗമ സവിശേഷ ഉത്സവം കാണാൻ പ്രദേശവാസികൾക്കൊപ്പം നല്ലൊരു ശതമാനം വിദേശികളും എത്തിച്ചേരാറുണ്ട്​. അന്ന്​ ഉച്ചവരെ അവിടെ ചുറ്റിനടന്ന്​ പ്രകൃതി ദൃശ്യങ്ങളും കാടും മഞ്ഞും ഒക്കെ ആസ്വദിച്ച്​ 3.30​​​​ന്‍റെ ബസിൽ തിരിച്ചറങ്ങവെ ഈ യാത്ര എനിക്ക്​ നൽകിയത്​ ഒരു വലിയ പാഠമായിരുന്നു. ഏകാകിയായ ഒരു സഞ്ചാരിക്ക്​ ഹൃദ്യമായ കാഴ്​ചകളും രുചിയേറിയ ഭക്ഷണവും മാത്രമല്ല യാത്ര സമ്മാനിക്കാറ്​ ചിലപ്പൊ എല്ലാ ഉത്സാഹങ്ങളെയും തല്ലിക്കെടുത്തുന്ന അപകടങ്ങളെ കൂടി സമ്മാനിക്കും എന്ന്​ വലിയ തിരിച്ചറിവ്​!

ട്രാവൽ ടിപ്​സ്​

  • ബി.ആർ ഹിൽസിലേക്ക്​ ചാമരാജ്​ നഗർ, എലന്തൂർ എന്നിവിടങ്ങളിൽ നിന്നും ബസ്​ സർവീസുണ്ട്​.
  • റിസർവ്​ ഫോറസ്​റ്റ്​ ആയതിനാൽ രാത്രി യാത്ര അനുവദനീയമല്ല.
  • സ്വന്തം വാഹനത്തിൽ സ്​ഥലങ്ങൾ കാണാവുന്നതാണ്​.
  • അടുത്ത റെയിൽവേ സ്​റ്റേഷൻ: ചാമരാജ്​ നഗർ

ദൂരം

  • എലന്തൂർ - ബി.ആർ ഹിൽസ്​ 22 കി.മീ
  • മൈസൂർ - ബി.ആർ ഹിൽസ്​ 82 കി.മീ
  • ഗുണ്ടൽപേട്ട് ​- ബി.ആർ ഹിൽസ്​ 75 കി.മീ
Tags:    
News Summary - When I was made a criminal in the country where the children were abducted; Travel experience in BR Hills, Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.