നിരവധി ഭാര്യമാരെയും മക്കളെയും കൊച്ചുമക്കളെയും അനാഥമാക്കിയാണ് സിയോണ ചന എന്ന മിസോറാമുകാരൻ ഞായറാഴ്ച ഈ ലോകത്തോട് വിടപറഞ്ഞത്. ഏറ്റവും വലിയ കുടുംബത്തിന്‍റെ ഗൃഹനാഥൻ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. സിയോണ ചനയുടെ വീട്ടിലേക്ക് 2018 മാർച്ചിൽ നടത്തിയ യാത്രയുടെ ഓർമകൾ പങ്കുവെക്കുകയാണ് ലേഖകൻ...
കുളിർമയുള്ള തണുത്ത പ്രഭാതത്തിലാണ് വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിൻെറ തലസ്ഥാനമായ ഐസ്വാളിലെത്തുന്നത്. നഗരമധ്യത്തിലെ പള്ളിയിൽനിന്ന് തന്നെ ഫ്രഷായി വേഗം ഇറങ്ങാമെന്ന് കരുതിയതൊക്കെ വെറുതെയായി. ദിവസങ്ങളായി പള്ളി പൂട്ടാണത്രേ. ഒടുവിൽ കുളിക്കാനായി മാത്രം റൂമെടുക്കേണ്ടി വന്നു. ജുസൈർ ആരിഫ് അലി റെഡിയാക്കി തന്ന ടാക്സി ഏഴ് മണിയോടെയെത്തി. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി. ആരിഫലിയുടെ മകനായ ജുസൈർ ഐസ്വാളിലാണ് ജോലി ചെയ്യുന്നതെങ്കിലും ഞങ്ങളെത്തിയ സമയം നാട്ടിലായിരുന്നു.
also read: ചരിത്രത്തിലെ ഏറ്റവും വലിയ കുടുംബനാഥൻ വിടവാങ്ങി
ബക്ത്വങ് ഗ്രാമത്തിലേക്ക് നാല് മണിക്കൂർ യാത്രയുണ്ടെന്ന് ജുസൈർ പറഞ്ഞിരുന്നു. അധികം വൈകാതെ തന്നെ യാത്ര തിരിച്ചു. ഏവരും ഒന്നൊന്നര ത്രില്ലിലാണ്. സാധാരണ യാത്രയല്ലല്ലോ, ലോകത്തെ ഏറ്റവും വലിയ കുടുംബത്തെയാണ് കാണാൻ പോകുന്നത്. രസമെന്തെന്നാൽ ഡ്രൈവർ കെൽവിനും ആദ്യമായാണ് ബക്ത്വങ്ങിലേക്ക് ഡ്രൈവ് ചെയ്യുന്നത്.
സിയോണയെയും കുടുംബത്തെയും കാണാനുള്ള ആവേശത്തിൽ തന്നെയാണ് കെൽവിനും. മിസോ മലനിരകളിലെ ഗ്രാമങ്ങിലെ രമണീയ കാഴ്ചകളൊക്കെ പിന്നിട്ട് 10 മണിയോടെ സിയോണയുടെ വീടിന് മുന്നിലെത്തി.
വചുആൻ ദാറ്റ് റൺ എന്നാണ് ആ അപൂർവ ഭവനത്തിൻെറ പേര്. ലോകത്തെ ഏറ്റവും വലിയ കുടുംബം പാർക്കുന്നിടം. അതിഥികളെ സ്വീകരിക്കാൻ സിയോണയുടെ മകളാണെത്തിയത്. അവൾക്കാണ് കൂട്ടത്തിൽ നന്നായി ഇംഗ്ലീഷറിയുക.
ദുഃഖ വെള്ളി ആചരണത്തിനുള്ള തയാറെടുപ്പിലാണ് ഏവരും. വീടിനടുത്തുള്ള ചർച്ചിൽ കുട്ടികളുടെ ഗാനപരിശീലനം നടക്കുന്നുണ്ട്. സിയോണയാണ് ഈ ചർച്ചിലെ മുഖ്യ പുരോഹിതൻ. വീട് അടിച്ചുവാരലിലും തുടക്കുന്നതിലുമൊക്കെ വ്യാപൃതരാണ് പെൺപട. ഇതിൽ ഭാര്യമാരാര്, പെൺമക്കളാര്, പേരക്കുട്ടികൾ ആരെല്ലാം എന്നൊക്കെ തിരിയണമെങ്കിൽ കുറച്ചുനാൾ തന്നെ വേണ്ടി വന്നേക്കും.
17ാം വയസ്സിൽ തന്നെക്കാൾ മൂന്നു വയസ്സിന് മുതിർന്ന സത്തിയങ്ങിയെ വിവാഹം ചെയ്‌താണ് സിയോണ വിവാഹ മാമാങ്കങ്ങൾക്ക് തുടക്കമിടുന്നത്. 72 വയസ്സെത്തിയപ്പോൾ വിവാഹം 40ലെത്തി നിൽക്കുന്നു. മരണമടഞ്ഞ ഒരാളൊഴികെ 39 പേരും പൂർണാരോഗ്യത്തോടെ സിയോണക്കൊപ്പം ഈ വീട്ടിൽ തന്നെയുണ്ട്.
ഓരോ വർഷവും 10 വീതമായിരുന്നു വിവാഹങ്ങൾ. അവസാന ഭാര്യയായ മദംസിയം തങ്കിക്ക് മുപ്പതാണ് പ്രായം. ഭാര്യമാരിൽ 22 പേർ 40 വയസ്സിന് താഴെയുള്ളവരുമാണ്. ഇപ്പോഴും ചുറുചുറുക്കോടെ ആദ്യ ഭാര്യയായ സത്തിയങ്കി തന്നെയാണ് വീടൊക്കെ നോക്കി നടത്തുന്നത്.
ഈ വീട്ടിൽ എത്രപേരുണ്ട് എന്ന ചോദ്യത്തിന് 175നും 180നും ഇടക്ക് അംഗങ്ങളുണ്ടെന്നായി മകൾ. അൽപ്പം കഴിഞ്ഞപ്പോൾ സിയോണ പുറത്തേക്ക് വന്നു തുടങ്ങി. കേരളത്തിൽനിന്ന് എത്തിയതാണെന്ന് പറഞ്ഞു തുടങ്ങിയപ്പോൾ നേരിയ പുഞ്ചിരിയോടെ കൈ തന്ന് നടന്നു.
എന്തു ചെയ്യാം, എവിടെയും ഭാഷയാണല്ലോ മതിലുകൾ പണിയുന്നത്. സിയോണയിറങ്ങി വന്ന ആ റൂമിനരികിൽ തന്നെയാണ് ഇളയ ഭാര്യയുടെ പൊറുതി. ആദ്യ ഭാര്യമാർക്ക് പ്രത്യേകം ഡോർമിറ്ററികളുമുണ്ട്.
പിന്നീട് മകൾ അടുക്കളയിലേക്കാണ് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. കിലോ കണക്കിന് അരി കിടന്ന് വേവുന്നുണ്ട്. ചില ദിവസങ്ങളിൽ ഇവിടെ 100 കിലോ അരിയിൽ ചോറും 60 കിലോ ഉരുളക്കിഴങ്ങിൽ സബ്ജിയും 39ലധികം കോഴി കൊണ്ടുള്ള കറിയും വരെ തയാറാക്കാറുണ്ടത്രെ.
വീട്ടിലെ ദിനചര്യക്കുമുണ്ട് സിയോണ ടച്ച്. ദിനവും അഞ്ച് മണിയോടെ ഏവരും ഉണർന്നാൽ പിന്നെ കൂട്ട പ്രാർത്ഥനയാണ്. തുടർന്ന് കുടുംബത്തിലെ ഓരോ അംഗത്തിനുമുണ്ടാകും ഓരോരോ ജോലികൾ.
26 മരുമക്കളും ഭാര്യമാരും പ്രത്യേകമാണ് താമസമെങ്കിലും കൃഷി, കുടിൽ വ്യവസായം, ആശാരിപ്പണി അലുമിനീയം മേക്കിങ് തുടങ്ങിയ തൊഴിലുകളിലൂടെ കുടുംബത്തിന് വേണ്ട ഭക്ഷണം കണ്ടെത്തുന്നത് അവരാണ്.
സിയോണ തന്നെ സ്ഥാപിച്ച സ്‌കൂളിലാണ് മക്കളുടെയും പേരക്കുട്ടികളുടെയും പഠനം. സിയോണയെ നോക്കാൻ ദിനവും മാറിമാറി ഏഴ് ഭാര്യമാരാണ് മത്സരിക്കുന്നത്. ഹാളിൽ ഒരുമിച്ചിരുന്നാണ് ഭക്ഷണമൊക്കെ.
വൈകുന്നേരം നാല് മുതൽ ആറ് വരെയാണ് അത്താഴ സമയം. ഒമ്പത് മണിയോടെ മുഴുവൻ ലൈറ്റും അണയും. 1942ൽ സിയോണയുടെ പിതാവ് തുടക്കമിട്ട ബഹുഭാര്യത്ത്വത്തിലധിഷ്ഠിതമായ ചാന പൗൽ എന്ന ക്രൈസ്‌തവ സെക്റ്റിലെ മുഖ്യപുരോഹിതനായിരുന്നു സിയോണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.