പല കാര്യങ്ങളിലും റെക്കോർഡുകൾ കരസ്ഥമാക്കിയ ദുബൈയിൽ മറ്റൊരു അത്ഭുതം കൂടി സഞ്ചാരികൾക്കായി ഒരുങ്ങിയിരിക്കുന്നു. ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള ഇൻഫിനിറ്റി പൂളാണ് ഇവിടെ യാഥാർഥ്യമായത്. നഗരത്തിെൻറ പ്രധാന കാഴ്ചകൾ വാഗ്ദാനം ചെയ്യുന്ന ഇൗ പൂൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്.
അഡ്രസ് ബീച്ച് റിസോർട്ടിെൻറ 77ാം നിലയിൽ 964.2 അടി ഉയരത്തിലാണ് ഇൗ പൂൾ സ്ഥിതി ചെയ്യുന്നത്. ഉയരത്തിൽ ഗിന്നസ് റെക്കോർഡ് ബുക്കിലും ഇൗ പൂൾ സ്ഥാനം പിടിച്ചു.
'ഈ അംഗീകാരം ലഭിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ റിസോർട്ട് ആയതിനാൽ ഇവിടേക്കുള്ള യാത്ര ഇനി പലരുടെയും ബക്കറ്റ്ലിസ്റ്റിൽ ഉൾപ്പെടും' -റിസോർട്ടിെൻറ മാതൃസ്ഥാപനമായ എമാറിലെ ഉദ്യോഗസ്ഥൻ മാർക്ക് കിർബി പറയുന്നു.
311 അടി നീളവും 54 അടി വീതിയുമുള്ള ഈ കുളം ഒളിമ്പിക്സിൽ ഉപയോഗിക്കുന്ന പൂളിെൻറ ഇരട്ടി വലിപ്പമുണ്ട്. കൂടാതെ ഇതിെൻറ ഉയരം ഈഫൽ ടവറിെൻറ 90 ശതമാനവും വരും. ദുബൈയുടെ മനോഹരമായ കാഴ്ചകൾ കൂടിയാണ് ഇൗ പൂൾ സമ്മാനിക്കുക.
ബുർജ് അൽ അറബ്, പാം ജുമൈറ, വേൾഡ് െഎലൻഡ്സ് എന്നിവയുൾപ്പെടെ ദുബൈയിലെ കെട്ടിടങ്ങളും പ്രധാന ആകർഷണങ്ങളും കാണാനാകും. കൂടാതെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യന്ത്ര ഉൗഞ്ഞാലായ ഐൻ ദുബൈ കറങ്ങുന്നതും ഇവിടെനിന്ന് കാണാം.
21 വയസ്സിന് മുകളിലുള്ളവക്ക് മാത്രമാണ് ഇൗ കുളത്തിലേക്ക് പ്രവേശനമുള്ളത്. കുളത്തിൽ വരുന്നവർക്ക് സമീപം സ്ഥിതി ചെയ്യുന്ന ഏഷ്യൻ ഫ്യൂഷൻ റെസ്റ്റോറൻറായ സെറ്റ സെവൻറി സെവനിലെ രുചികരമായ വിഭവങ്ങളും ആസ്വദിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.