താമസക്കാർക്കും സന്ദർശകർക്കും വിവിധ വിനോദോപാധികളിൽ ഏർപ്പെടാൻ പഴയ ബസാറിനോട് ചേർന്ന് നിർമിച്ച അൽഖോർ വാട്ടർ ഫ്രണ്ട് എന്ന സ്വപ്ന പദ്ധതി യഥാർഥ്യമാകുന്നു. ഡിസംബർ ഒന്നു മുതൽ ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനം സാധ്യമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കിങ് ഫൈസൽ റോഡിനോട് ചേർന്ന് ഉമ്മുൽ ഖുവൈൻ മ്യൂസിയത്തിന് തൊട്ടടുത്ത് ജലാശയത്തോട് ചേർന്നാണ് ഈ ഉദ്യാനം നിർമിച്ചത്.
പ്രകൃതിദത്തമായ കുഞ്ഞു ദ്വീപുകളുടെ സൗന്ദര്യം ഇവിടെ നിന്ന് ആസ്വദിക്കാം. ഫിറ്റ്നസിനായി ഔട്ട്ഡോർ ജിംനേഷ്യവും 1.6 കിലോമീറ്റർ നീളമുള്ള റണ്ണിങ് ട്രാക്കും സ്കേറ്റിങ്ങിനുള്ള പ്രത്യേക സ്ഥലവും ഇവിടെ സംവിധാനിച്ചിട്ടുണ്ട്. കുട്ടികൾക്കായി നിരവധി കായികവിനോദ മാർഗങ്ങൾ പ്രത്യേകമായി രൂപകൽപന ചെയ്തിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ കണ്ടൽക്കാടുകളുടെ സൗന്ദര്യം ആസ്വദിച്ചു കയാക്കിങ് ചെയ്യാനും സന്ദർശകർക്ക് അവസരം ഉണ്ടാകും. കലാസാംസ്കാരിക പരിപാടികൾ നടത്താനായി ഒരു ആംഫി തിയേറ്ററും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
ലൈഫ് ഗാർഡുകളുടെ നിരീക്ഷണത്തിൽ നീന്തി തുടിക്കാനും അതുകഴിഞ്ഞ് കുളിച്ചൊരുങ്ങാനും ഓപ്പൺ ഷവറും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷണപ്രേമികൾക്കായി റസ്റ്റോറന്റുകളും കഫേകളും ഇതിനോട് അനുബന്ധിച്ച് പ്രവർത്തിച്ച് തുടങ്ങും. അൽഖോർ വാട്ടർഫ്രണ്ട് എമിറേറ്റിലെ വിനോദസഞ്ചാര പദ്ധതികൾക്ക് ഒരു മുതൽക്കൂട്ടാവും എന്നാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.