വിദേശ സഞ്ചാരികൾക്കായി നാളെ മുതൽ ബാലി തുറക്കും; ക്വാറന്‍റീൻ ദിനങ്ങൾ കുറച്ചു

ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബാലി ഫെബ്രുവരി നാല്​ മുതൽ വീണ്ടും വിദേശ സഞ്ചാരികൾക്കായി തുറക്കുന്നു. ഇത്തവണ ക്വാറന്‍റീൻ കാലാവധി കുറവായരിക്കുമെന്ന്​ ഇന്തോനേഷ്യൻ സർക്കാർ അറിയിച്ചു. രാജ്യം സാമ്പത്തികമായി വീണ്ടെടുക്കാനും ടൂറിസം പുനരുജ്ജീവിപ്പിക്കാനും ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ്​ നടപടി.

ഫെബ്രുവരി നാലിന് എല്ലാ വിദേശികൾക്കുമുള്ള നിരോധനം നീക്കുമെന്നും പൂർണമായും വാക്സിനേഷൻ എടുത്തവർക്കുള്ള ക്വാറന്‍റീൻ കാലയളവ് ഏഴ് ദിവസത്തിൽനിന്ന് അഞ്ചായി കുറയ്ക്കുമെന്നും അധികൃതർ അറിയിച്ചു. ഒരു ഡോസ്​ വാക്സിൻ എടുത്തവർക്ക്​ ഏഴ്​ ദിവസം ക്വാറന്‍റീൻ വേണം.

ബീച്ചുകളും ക്ഷേത്രങ്ങളും നിറഞ്ഞ ബാലി ഒക്ടോബറിൽ പരിമിതമായ രീതിയിൽ തുന്നിരുന്നു. എന്നാൽ, ആ സമയത്ത് 10 ദിവസത്തെ ക്വാറന്‍റീനാണ്​ നിർദേശിച്ചിരുന്നത്​. കൂടാതെ അന്താരാഷ്‌ട്ര ആരോഗ്യ ഇൻഷുറൻസ്, പ്രാദേശിക സ്പോൺസറുമായുള്ള വിസ എന്നിവയും ആവശ്യമായിരുന്നു. ഇവ കാരണം വിദേശ സഞ്ചാരികൾ കാര്യമായി എത്തിയില്ല.

ഫെബ്രുവരി നാല്​ മുതൽ സന്ദർശകർക്ക് ദ്വീപിലേക്ക്​ നേരിട്ടും അല്ലാതെയും വിമാനത്തിൽ വരാൻ കഴിയുമെന്ന്​ രാജ്യത്തെ കോവിഡ്​ ടാസ്‌ക് ഫോഴ്‌സിന്‍റെ വക്താവ് വിക്കു അഡിസാസ്മിറ്റോ പറഞ്ഞു. പ്രാദേശിക സ്പോൺസറുമായി വിസ നേടുക, അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസിന്‍റെ ആവശ്യകത തുടങ്ങിയ നിയന്ത്രണങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Bali to open for foreign tourists from tomorrow; Quarantine days reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.