കസാക്കിസ്ഥാനിലേക്ക് നല്ലൊരു ഓഫറിൽ വിമാന ടിക്കറ്റ് കണ്ടെങ്കിലും അങ്ങോട്ടുള്ള വിസ എടുപ്പ് കുറച്ചു ബുദ്ധിമുട്ടായതുകൊണ്ട്, പിന്നൊരിക്കലാവാം എന്ന്കരുതി മാറ്റിവെച്ചൊരു യാത്രയാണ്. വിസയെടുപ്പിന്റെ ആദ്യപടിയായി കസാക്കിസ്ഥാനിൽ നിന്നും അങ്ങോട്ട് ക്ഷണിച്ചു കൊണ്ടുള്ള, അവിടെ രജിസ്റ്റർ ചെയ്ത ഒരു ലെറ്റർ ഓഫ് ഇൻവിറ്റേഷൻ (എൽ.ഒ.ഐ) കിട്ടണം. കസാക്കിസ്ഥാനിൽ നിന്നും നെറ്റിലൂടെ കണ്ട പലരെയും കോൺടാക്ട് ചെയ്തെങ്കിലും ആരും അങ്ങനെയൊന്നു തരുന്നില്ല. എൽ.ഒ.ഐ നമുക്ക് ലഭിച്ചു കഴിഞ്ഞാൽ അതിലെ വിവരങ്ങൾ വെച്ച് ഇന്ത്യക്കാർക്ക് ഇ-വിസക്ക് ഓൺലൈനിൽ അപേക്ഷിക്കാം. ഒന്നും നടക്കുന്നില്ലായിരുന്നുവെങ്കിലും ഇടക്കൊക്കെ വെറുതെ നെറ്റിലൂടെയെല്ലാം പരതികൊണ്ടിരുന്നു...
ഒടുവിൽ ലീല ഇന്റർനാഷനൽസ് എന്ന ഒരു ഏജൻസിയിൽ അലിയോണ എന്നൊരു സുഹൃത്ത് എൽ.ഒ.ഐ തരാമെന്നു പറയുന്നു. അഞ്ചു ദിവസത്തിനുള്ളിൽ എൽ.ഒ.ഐ എത്തി. സാധാരണ ആരും തന്നെ അഡ്വാൻസ് ആയി പണം ലഭിക്കാതെ മറ്റൊരു രാജ്യത്തിരിക്കുന്ന ഒരാളിനായി ഇതുപോലുള്ള സേവനം ചെയ്യാറില്ലല്ലോ. എന്നാൽ ഞാൻ പണം കൊടുക്കാതെ തന്നെ എനിക്ക് എൽ.ഒ.ഐ എത്തിയിരിക്കുന്നു! മാത്രമല്ല വിസയും വേണമെങ്കിൽ പുള്ളിക്കാരി എടുത്തു തരാമത്രെ. പൈസയൊക്കെ അവരുടെ നാട്ടിലെത്തുമ്പോ കൊടുത്താൽ മതി പോലും!
പല രാജ്യങ്ങളിലെ വിസയെടുത്തിട്ടുണ്ടെങ്കിലും, ഇതുപോലെ യാതൊരു പരിചയമോ, കണക്ഷനോ, അങ്ങോട്ട് ചെല്ലുമോ എന്ന് പോലും അറിയാത്ത മറ്റൊരു രാജ്യത്തിരിക്കുന്ന ഒരാളിന് വേണ്ടി ചെറുതല്ലാത്തൊരു തുക സ്വന്തം പോക്കറ്റിൽ നിന്നും മുടക്കുന്ന വിശ്വാസ്യത എനിക്ക് വല്ലാത്തൊരു അനുഭവമായിരുന്നു.
പിന്നെയെല്ലാം ശടപടേന്ന് ആയിരുന്നു. ഏതായാലും വിസയൊക്കെ എടുത്തു. എന്നാലും പോകാനുള്ള ദിവസം ആയപ്പോഴേക്കും ചെറിയൊരു ആശങ്ക ഇല്ലാതില്ല. കസാക്കിസ്ഥാന്റെ വടക്കേ അതിർത്തി ഏതാണ്ടൊരു ഏഴായിരം കിലോമീറ്ററോളം റഷ്യയുമായാണ് പങ്കിടുന്നത്...റഷ്യയുടെ ഇപ്പോഴത്തെ കയ്യിലിരുപ്പിൽ ഒരൽപം ഭീതിയുണ്ടായിരുന്നു. മറ്റൊരു കാര്യം ഈ വർഷം ആദ്യ മാസങ്ങളിൽ, രാജ്യത്തു മാസങ്ങളായി തുടർന്ന് വന്നിരുന്ന ഇന്ധന വില വർദ്ധനവ് സഹിക്കാനാവാതെ ജനങ്ങൾ തെരുവിലിറങ്ങി...അത് വലിയൊരു കലാപം ആയി ആളിപ്പടർന്നു. പ്രസിഡന്റിന്റെ കൊട്ടാരം വരെ ജനങ്ങൾ തീയിട്ടു...ഏതാണ്ട് 200 ഓളം ആളുക
ളാണ് ജനുവരിയിൽ മാത്രം തെരുവ് യുദ്ധങ്ങളിൽ കൊല്ലപ്പെട്ടത്. അതിന്റെ അലയൊലികൾ ഇപ്പോഴും അവിടെയുണ്ടോ എന്നൊരു പേടിയും മനസ്സിലുണ്ടായിരുന്നു. എന്തും വരട്ടെ ...ഏതായാലും പോയിനോക്കാം എന്ന് തീരുമാനിച്ചു. അതുകൊണ്ടു ഫാമിലി ഇല്ലാതെ ഒറ്റക്കായിരുന്നു യാത്ര. അത്ര വലിയൊരു ടൂറിസ്റ്റ് രാജ്യം അല്ലാത്തത് കൊണ്ടാവും വിമാനത്തിൽ ആളുകൾ നന്നേ കുറവ്.
വിസ്തൃതിയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ ഒമ്പതാം സ്ഥാനമുള്ള വടക്കൻ, മദ്ധ്യ യൂറേഷ്യയിലെ ഒരു വലിയ ഭൂവിഭാഗത്ത് പരന്നുകിടക്കുന്ന രാജ്യമാണ് കസാഖ്സ്ഥാൻ. വിസ്തൃതിയിൽ മാത്രമല്ല ഭൂപ്രകൃതിയിലും വൈവിധ്യപൂർണ്ണമാണ് ഈ രാജ്യം. വരണ്ട മരുഭൂമികൾ, മനോഹരമായ മലയിടുക്കുകൾ, സമൃദ്ധമായ താഴ്വരകൾ, സമതലങ്ങൾ, ഡെൽറ്റ പ്രദേശങ്ങൾ, മഞ്ഞുമൂടിയ കൊടുമുടികൾ, മനോഹര തടാകങ്ങൾ...അങ്ങനെ എല്ലാം തന്നെ അവിടെ കാണാനാവും.
സമുദ്രങ്ങൾ ഇല്ലാതെ ചുറ്റിലും മറ്റുരാജ്യങ്ങളാൽ ചുറ്റപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യവും കൂടിയാണ് കസാക്കിസ്ഥാൻ. കസാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയിലേക്കാണ് ആദ്യം ഞാൻ പോയത്. 1991ൽ കസാക്കിസ്ഥാന് സ്വാതന്ത്ര്യം ലഭിച്ചതു മുതൽ 1997 വരെ അൽമാട്ടിയായിരുന്നു രാജ്യതലസ്ഥാനം. പിന്നീടത് 97ൽ രാജ്യത്തിന്റെ വടക്കുള്ള അസ്താനയിലേക്ക് മാറ്റി. അൽമാട്ടി എയർപോർട്ടിൽ ലാൻഡ് ചെയ്തപ്പോഴേക്കും രാത്രി ഏറെ വൈകി. സാങ്കേതിക തകരാറു മൂലം അബുദാബിയിൽ നിന്നും വിമാനം പുറപ്പെടാൻ വൈകിയിരുന്നു.
വിസയെടുത്തിട്ടാണ് പോയതെങ്കിലും, ഞാൻ ചെല്ലുന്നതിനു രണ്ടുമൂന്നു ദിവസം മുൻപ് അവിടെ പുതിയ എമിഗ്രേഷൻ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. അതിൽ പ്രധാനപ്പെട്ടത് ഇന്ത്യക്കാർക്ക് 14 ദിവസത്തേക്കാണെങ്കിൽ വിസ ഓൺ അറൈവൽ ലഭിക്കും എന്നുള്ളതാണ്. പുറത്തിറങ്ങി വെളിയിൽ കണ്ട ഒരു കടയിൽ നിന്നും അവിടുത്തെ ഒരു സിം കാർഡ് വാങ്ങി. പിന്നീട് ടാക്സി എടുത്തു നഗരത്തിലെ ബുക്ക് ചെയ്തിരുന്ന ഹോസ്റ്റലിലേക്ക് നീങ്ങി.
മനോഹരമായ വൃത്തിയുള്ള റോഡുകൾ. വീഥിയുടെ ഓരങ്ങൾ മരങ്ങളാൽ നിറഞ്ഞിരിക്കുന്നു.ഹോസ്റ്റലിൽ എത്തി നേരെ ബെഡിലേക്കു ചാഞ്ഞു.പിറ്റേ ദിവസം രാവിലെ തന്നെ നഗരത്തിലേക്ക് ഇറങ്ങി.അൽമാട്ടിയുടെ നഗര മദ്ധ്യത്തിൽ തന്നെ ധാരാളം പാർക്കുകൾ. നഗരത്തിന്റെ ശ്വാസകോശമായി അതങ്ങനെ ഹരിതാഭയോടെ നിൽക്കുന്നു.. എല്ലാ പാർക്കുകളിലും ധാരാളം മരങ്ങൾ. ശീതകാലത്തു ഇതെല്ലം ഇലപൊഴിച്ചു മഞ്ഞണിയുമത്രേ. നിരവധി കഫേകളും റെസ്റ്റോറന്റുകളും ചെറിയ കടകളും ഓരോ പാർക്കിലും..
പാർട്ട് ഓഫ് 28 പാൻഫിലോവ് ഗാർഡ്സ്മാൻ പാർക്ക് മനോഹരമായ ഒന്നാണ്. ഈ പാർക്കിനുള്ളിലായി സോവിയറ്റ് ആർക്കിടെക്ടറൽ ശൈലിയിലുള്ള, 1907 ൽ പണിത മനോഹരമായ റഷ്യൻ ഓർത്തഡോക്സ് പള്ളിയായ അസൻഷ്യൻ കത്തീഡ്രൽ. 56 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ തടി കെട്ടിടമാണിത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഓർമ്മക്കായി ഭീമാകാരമായ ഒരു സ്മാരകവും ഇവിടെ കണ്ടിരുന്നു.അൽമാട്ടിയിലെ സെൻട്രൽ പാർക്കും ഏറെ ജനപ്രിയമാണ്. അസൻഷ്യൻ കത്തീഡ്രലിന്റെ വിശാലമായ മുറ്റത്തു ധാരാളം പ്രാവുകൾ. അവക്ക് തീറ്റി കൊടുത്തുകൊണ്ട് അവയോടൊപ്പം കളിച്ചു കൊണ്ട് ധാരാളം കുട്ടികൾ.
കുറച്ചകലെയാണ് മറ്റൊരു പാർക്കായ ഫസ്റ്റ് പ്രസിഡൻറ്സ് പാർക്ക് എങ്കിലും, ഈ സ്ഥലം കാണാൻ പോകാനുള്ള പ്രധാന കാരണം പശ്ചാത്തലത്തിലുള്ള മലനിരകളുടെ മനോഹരമായ കാഴ്ചയാണ്. ശില്പഭംഗിയോടെയുള്ള തൂണുകൾ നാട്ടിയുള്ള ഭംഗിയുള്ള നിർമിതി ഇവിടുത്തെ ഒരു പ്രത്യേകതയാണ്. നഗരത്തിൽ മെട്രോ സർവീസ് ഉണ്ട്. അതിൽ കയറി പിന്നീട് കോക് ടോബ് എന്നൊരു സ്ഥലത്തേക്ക് പോകുന്ന കേബിൾകാർ സ്റ്റേഷനിലേക്കു പോയി. അൽമാട്ടിയുടെയും ചുറ്റുമുള്ള ടിയാൻ ഷാൻ പർവതനിരകളിലെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന വ്യൂ പോയിന്റുകളിലൊന്നാണ് നഗരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന കോക്ടോബ് കുന്ന്. അവിടെയെത്താൻ നഗരത്തിൽ നിന്നും മുകളിലേക്ക് കേബിൾ കാറിൽ പോകണം.
താഴെ നിന്നും അങ്ങോട്ടുള്ള യാത്ര സൂപ്പർ. അൽമാട്ടിയുടെയും ചുറ്റുമുള്ള മലനിരകളുടെയും അതിമനോഹരമായ കാഴ്ചയാണ് ഇവിടെ നിന്നും. അൽമാട്ടിയിലെ ഏറ്റവും പ്രശസ്തമായ ഒരു തെരുവാണ് സിബെക് സോളി സ്ട്രീറ്റ് . വൈകുന്നേരമായാൽ ഇവിടം സ്വദേശികളെയും ടൂറിസ്റ്റുകളെയും കൊണ്ട് നിറയും. വാഹനങ്ങൾ കടക്കാത്ത നീണ്ട ഒരു തെരുവാണ് അതിന്റെ മുഖ്യ ആകർഷണം. തെരുവിന്റെ ഓരങ്ങളിൽ ധാരാളം റെസ്റ്റോറന്റുകളും, ബിയർ പാർലറുകളും, ഷോപ്പിങ് ഏരിയയും മറ്റും. രാവേറെ ചെല്ലും വരെ ധാരാളം ആളുകൾ ഇവിടെ കാഴ്ചകൾ കണ്ടങ്ങനെ സമയം ചിലവഴിക്കുന്നു. ഹിന്ദി സിനിമ, സ്വദേശികൾ ധാരാളമായി കാണാറുള്ളത് കൊണ്ടാവാം, പരിചയപ്പെട്ട ഒരുപാടു പേർ ഹിന്ദി നടന്മാരുടെ പേരുകളൊക്കെ പറഞ്ഞിരുന്നു. ഹിന്ദിയിൽ അത്ര പിടിയില്ലാത്തതും പിന്നീട് അവരുടെ ഭാഷയിൽ ചോദിക്കുന്നതുകൊണ്ടും മിക്കതും എനിക്കത്ര പിടികിട്ടിയില്ല.
കസാക്ക് പാചകരീതി പ്രധാനമായും മാംസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, പ്രത്യേകിച്ച് ആട്ടിറച്ചി. കുതിരമാംസം കൊണ്ടുള്ള പലതരം വിഭവങ്ങൾ ഒട്ടുമിക്ക റെസ്റ്റാറന്റിലും ലഭ്യമാണ്. ഗ്രീൻ ബസാർ നഗരത്തിലെ പ്രധാനപ്പെട്ട ഒരു വലിയ മാർക്കറ്റ് ആണ്. ഫ്രഷ് ആയ പ്രാദേശികമായ പഴവർഗ്ഗങ്ങളും പച്ചക്കറികളും കൂടാതെ ചീസ്, സുഗന്ധവ്യഞ്ജനങ്ങൾ, കുതിരമാംസം പോലുള്ള മധ്യേഷ്യയിലെ സാധാരണ ഉൽപ്പന്നങ്ങളും ധാരാളമായി അവിടെ കച്ചവടത്തിനായി വെച്ചിരിക്കുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഐസ് സ്കേറ്റിങ് റിങ് മെഡു, സമുദ്രനിരപ്പിൽ നിന്ന് 1691 മീറ്റർ ഉയരത്തിൽ അൽമാട്ടിയിലാണ് സ്ഥിതിചെയ്യുന്നത്. ആ വഴിയിലൂടെയുള്ള പ്രകൃതിയുടെ കാഴ്ച്ച അടിപൊളി. ശൈത്യകാലത്ത് ധാരാളം സന്ദർശകരെ ആകർഷിക്കുന്ന ഒരു സ്ഥലം കൂടിയാണ് മെഡു. ചുറ്റുമുള്ള പർവതങ്ങൾ ശരിക്കും ശ്രദ്ധേയമാണ്, മെഡുവിൽ എത്തിക്കഴിഞ്ഞാൽ, കേബിൾ കാറിൽ പർവതങ്ങളുടെ ഉയർന്ന ഭാഗങ്ങളിലെ ഷിംബുലാക് സ്കൈ റിസോർട്ട് ഏരിയയിലേക്ക് പോകാം. തുടർച്ചയായുള്ള മൂന്ന് കേബിൾ കാറുകൾ കയറിയിറങ്ങിപ്പോയാലെ അവിടെ എത്താൻ സാധിക്കൂ. വിവരണാതീതമാണ് അങ്ങോട്ടുള്ള കേബിൾ കാർ യാത്ര. അവസാനത്തെ കേബിൾ കാർ, സമുദ്രനിരപ്പിൽ നിന്ന് 3200 മീറ്റർ വരെ മുകളിൽ എത്തുന്നു. മലമുകളിൽ ചെറിയ കാറ്റും കൂടി ഉണ്ടായിരുന്നതുകൊണ്ട് തണുപ്പ് ഒരൽപം കഠിനമായിത്തോന്നി.
അവിടെ നിന്നുള്ള കാഴ്ചകൾ മനസിൽ നിന്ന് മായില്ല! ടിയാൻ ഷാൻ പർവതനിരകളുടെ പനോരമ കൃത്യമായി കാണാനാകും. പാരഗ്ലൈഡിങ്ങ് ഉൾപ്പെടെയുള്ള ധാരാളം സഹസിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ് അവിടം. പിന്നീടുള്ള ദിവസങ്ങളിൽ ചില തടാകങ്ങൾ സന്ദർശിക്കാനായിരുന്നു പോയിരുന്നത്. അതിലൊന്നാണ് ബിഗ് അൽമാട്ടി തടാകം. നഗരത്തിൽ നിന്ന് ഏതാണ്ട് 30 കിലോമീറ്റർ അകലെയാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2500 മീറ്റർ ഉയരത്തിലാണ് ബിഗ് അൽമാട്ടി തടാകം. മരതകപ്പച്ച നിറത്തിലുള്ള തടാകത്തിനു ചുറ്റും ഗിരിനിരകൾ.
അൽമാട്ടിയിൽ നിന്നും ഒരുപാട് യാത്രയുണ്ടെങ്കിലും കോൾസായി തടാകവും കൈന്റി തടാകവും കസാക്കിസ്ഥാനിലെ ഒഴിവാക്കാനാവാത്ത രണ്ടു ടൂറിസ്റ്റ് ടെസ്റ്റിനേഷൻസ് തന്നെയാണ്. മറ്റൊരു കാഴ്ച കാരിൻ കാന്യോൻ ആയിരുന്നു. അമേരിക്കയിലെ ഗ്രാൻഡ് കാന്യോണേക്കാൾ വളരെ ചെറുതാണിതെങ്കിലും, സഹസ്രാബ്ദങ്ങളായുള്ള കാലാവസ്ഥയുടെ പ്രഹരത്താൽ മലയിടുക്ക് വ്യത്യസ്തമായ ആകൃതികളും വലിപ്പവും വർണ്ണാഭമായ രൂപങ്ങളും കൈവരിച്ചു കൗതുകകരമായ ഒരു കാഴ്ച സമ്മാനിക്കുന്നു.
ഇതിനിടയിൽ സങ്കടകരമായ മറ്റൊരു കാര്യവും നടന്നു. തിരിച്ചുള്ള വിമാനം, എയർലൈൻ കമ്പനി ക്യാൻസൽ ചെയ്തിരിക്കുന്നു എന്നറിയിച്ചു കൊണ്ടുള്ള മെയിൽ വന്നിരിക്കുന്നു. ആകെ പെട്ടു എന്ന് പറഞ്ഞാൽ മതി. അത്ര വലിയൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പ്രദേശമല്ലാത്തതുകൊണ്ടുതന്നെ ആ രാജ്യത്തുനിന്നും തിരിച്ചുവരാൻ കുറച്ചധികം ബുദ്ധിമുട്ടി. എന്നാലും കുറെ നല്ല പ്രകൃതി ദൃശ്യങ്ങൾ കാഴ്ചകളായി സമ്മാനിച്ച ആ പഴയ സോവിയറ്റ് നാടിനോട് ബൈ ബൈ പറഞ്ഞു...
വ്യത്യസ്തമായ യാത്രാനുഭവങ്ങൾ ‘മുസാഫിർ ഹൂ യാരോ’ യിൽ എഴുതു. ‘പാരാജോണിന്റെ’ സമ്മാനം നേടൂ. കുറിപ്പുകൾ അയക്കേണ്ട വിലാസം: dubai@gulfmadhyamam.net. 0556699188.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.