പട്ടാമ്പി: സ്വപ്നം ചിറകുവിടർത്തിയപ്പോൾ വിളയൂർ സ്വദേശി ജാബിർ എടത്തൊടി പിന്നിട്ടത് 6000ലേറെ കിലോമീറ്റർ താണ്ടി ലഡാക്കിൽ. തന്റെ യൂനികോൺ ബൈക്കിലാണ് കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്, ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ലഡാക്ക്, ജമ്മു എന്നിവിടങ്ങൾ കീഴടക്കിയത്.
കഴിഞ്ഞ മേയ് ആറിന് വീട്ടിൽ നിന്നിറങ്ങിയ ജാബിർ 31ന് ഷൊർണൂരിൽ തിരിച്ചെത്തി. ലഡാക്കിലേക്ക് തന്റെ യൂനികോൺ ബൈക്കിലായിരുന്നു യാത്രയെന്നും ഒരിടത്തും ബൈക്ക് ചതിച്ചില്ലെന്നും ജാബിർ പറഞ്ഞു. തിരിച്ചുള്ള യാത്ര ട്രെയിനിലായിരുന്നു. പിതാവ് മുൻ പട്ടാമ്പി എ.ഇ.ഒ ഇ. സൈതലവിയാണ് യാത്രക്ക് വേണ്ട നിർദേശങ്ങൾ നൽകിയത്. സെയ്തലവിയും യാത്രാപ്രിയനാണ്. ഒറ്റക്കുള്ള യാത്രയാണെന്ന് വീട്ടിൽ പറയാതെയാണ് പുറപ്പെട്ടത്.
രഹസ്യമായാണ് യാത്രയാരംഭിച്ചതെങ്കിലും വിവരമെങ്ങനെയോ ചോർന്നു. പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കണ്ടേങ്കാവ് ജി.എൽ.പി സ്കൂൾ യാത്രാമംഗളം നേർന്ന് സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റാണ് യാത്രയെ വൈറലാക്കിയത്. പിന്നെ നാടിന്റെ പൂർണ പിന്തുണ ലഭിച്ചെന്ന് ജാബിർ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലൂടെ 23 ദിവസം കൊണ്ട് 6000 കിലോമീറ്റർ ബൈക്കിലും രണ്ട് ദിവസം ബസ്സിലുമായാണ് ലക്ഷ്യത്തിലെത്തിയത്. ഭക്ഷണവും കാലാവസ്ഥയും പലപ്പോഴും ഭീഷണിയായെങ്കിലും ലഡാക്ക് എന്ന മോഹം എല്ലാം തരണം ചെയ്യാൻ കരുത്തേകി.
പലപ്പോഴും രാത്രിയിലായിരുന്നു യാത്ര. യാത്രക്കാരും തദ്ദേശീയരും വ്യാപാരസ്ഥാപനങ്ങളും യാത്രയിലുടനീളം സഹായികളായി. ഫോട്ടോ എടുക്കാനും ഭക്ഷണത്തിനുമായി അതാത് പ്രദേശങ്ങളിലെ കൊച്ചു ചായക്കടകളെയാണ് ആശ്രയിച്ചത്. 31ന് ഷൊർണൂർ സ്റ്റേഷനിൽ ട്രെയിനിറങ്ങുമ്പോൾ ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ത്രില്ലിലായിരുന്നു ജാബിർ. കൊപ്പത്ത് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. ഉമ്മ: റംലത്ത്. ജസീല, ജാസിർ, ഷബീർ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.