ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ, കുറഞ്ഞനിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം

വലിയ യാത്രകൾ പോകാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ എപ്പോഴും വിലങ്ങുതടിയായി വരുന്ന സംഗതിയാണ് ഉയർന്ന വിമാന നിരക്ക്. പലർക്കും താങ്ങാനാവാത്ത നിരക്കാകും ചില സമയങ്ങളിൽ വിമാനക്കമ്പനികൾ ഈടാക്കുക. എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുപരിധി വരെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താം.

1. ഇൻകോഗ്നിറ്റോ മോഡ്

മിക്കവരും വിവിധ ​വെബ് ബ്രൗസറുകളിലായിരിക്കും ടിക്കറ്റ് നിരക്ക് പരിശോധിക്കുക. ഇങ്ങനെ ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്തേക്ക് രണ്ട് മൂന്ന് തവണ ടിക്കറ്റ് പരിശോധിച്ചശേഷം, കുറച്ചുകഴിയുമ്പോൾ നിരക്ക് കൂടുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കാം. നമ്മൾ പോകുമെന്ന് ഉറപ്പാകുമ്പോൾ, സീറ്റ് വേഗം തീരുന്നതായി കാണിച്ച് കമ്പനികൾ നിരക്ക് കൂട്ടും. ബ്രൗസറിലെ കുക്കീസുകളാണ് ഇതിന് പിന്നിലെ കാരണം. ഈ കബളിപ്പിക്കൽ ഒഴിവാക്കാനുള്ള മാർഗമാണ് ഇൻകോഗ്നിറ്റോ (incognito) മോഡ്. എല്ലാ ബ്രൗസറുകളിലും ഈ മോഡ് ലഭ്യമാണ്. നിങ്ങളുടെ സെർച്ച് ഹിസ്റ്ററി ഒന്നുമില്ലാതെ ഈ മോഡിൽ ടിക്കറ്റുകൾ പരിശോധിക്കാം.

ബ്രൗസറിലെ കുക്കീസുകൾ എപ്പോഴും ഡിലീറ്റ് ചെയ്യുന്നതും കമ്പനികളുടെ കബളിപ്പിക്കലിൽനിന്ന് രക്ഷയേകും. ചെറിയ ടെക്‌സ്റ്റ്‌ ഫയലാണ്‌ കുക്കി. വെബ്‌ സൈറ്റുകളിലെ ബ്രൗസിങ്‌ പ്രവർത്തനങ്ങളുടെ ചില വിവരങ്ങൾ ഓർമയിൽവെക്കാൻ വേണ്ടി വെബ്‌ സെർവർ കമ്പ്യൂട്ടറിലേക്കോ മൊബൈലിലേക്കോ അയക്കുന്ന ടെക്‌സ്റ്റ്‌ ഫയലാണിത്‌.

2. നോൺ റീഫണ്ട് ടിക്കറ്റുകൾ

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ റീഫണ്ട് കിട്ടാവുന്നതും ഇല്ലാത്തതുമായ ടിക്കറ്റ് കാണാം. നിങ്ങളുടെ യാത്രയും ദിവസവും സംബന്ധിച്ച് കൃത്യമായ ഉറപ്പുണ്ടെങ്കിൽ റീഫണ്ട് ലഭിക്കാത്ത ടിക്കറ്റ് എടുക്കുക. ഇതിന് നിരക്ക് അൽപ്പം കുറയും. അതുപോലെ മടങ്ങിവരാനുള്ള ടിക്കറ്റും ഒരുമിച്ച് ബുക്ക് ചെയ്യുകയാണെങ്കിൽ നിരക്കിൽ കൂടുതൽ ഇളവുണ്ടാകും.

3. ​ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം

സ്ഥിരമായി വിമാന യാത്ര നടത്തുന്നവരാണെങ്കിൽ ​ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാമിൽ ചേരാവുന്നതാണ്. വിവിധ വിമാനക്കമ്പനികൾ ഈ സൗകര്യം നൽകുന്നുണ്ട്. ഓരോ തവണ യാത്ര ചെയ്യുമ്പോഴും നിശ്ചിത പോയിന്റ് നിങ്ങളുടെ അക്കൗണ്ടിൽ കയറും. പിന്നീട് ബുക്ക് ചെയ്യുമ്പോൾ ഈ പോയിന്റുകൾ ഉപയോഗിച്ചാൽ ടിക്കറ്റ് നിരക്കിൽ ഇളവ് നേടാം. ചില എയർലൈനുകളുമായി പങ്കാളിത്തമുള്ള ക്രെഡിറ്റ് കാർഡുകളും ഇത്തരം ഓഫറുകൾ നൽകുന്നുണ്ട്.

4. തിങ്കൾ മുതൽ വ്യാഴം വരെ നല്ല ദിവസം

തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ പുറപ്പെടുന്ന വിമാനങ്ങളുടെ നിരക്ക് താരതമ്യേന കുറവാണ്. 'ഓഫ്-പീക്ക് ട്രാവൽ' എന്നാണ് ഈ സമയം അറിയപ്പെടുന്നത്. യാത്രാ തീയതി ഈ സമയത്തേക്ക് ക്രമീകരിക്കുകയാണെങ്കിൽ ഈയിനത്തിൽ തുക ലാഭിക്കാം. അതുപോലെ ഒരു മാസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുക. യാത്രയുടെ ദിനം അടുക്കുംതോറും നിരക്കും വർധിച്ചുകൊണ്ടേയിരിക്കും.

5. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ

എല്ലാ എയർലൈൻ കമ്പനികൾക്കും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പേജുകളുണ്ടാകും. ഇവയിൽ പുതിയ ഓഫറുകളുടെ വിവരങ്ങൾ ലഭ്യമാകും. ഈ പേജുകൾ പിന്തുടരുന്നത് എന്തുകൊണ്ടും ഉചിതമാണ്. പലപ്പോഴും ഫ്ലാഷ് സെയിലുകൾ വിമാന കമ്പനികൾ സംഘടിപ്പിക്കാറുണ്ട്. കുറഞ്ഞസമയമായിരിക്കും ഈ ടിക്കറ്റുകൾ ലഭ്യമാവുക. ഈ സമയത്ത് 50 ശതമാനം വരെ ഓഫറിൽ ടിക്കറ്റ് ലഭിക്കും.

6. കണക്ഷൻ വിമാനം

ദൂരയാത്ര പോകുമ്പോൾ നേരിട്ടുള്ള വിമാനം കയറാതെ കണക്ഷൻ ഫ്ലൈറ്റിൽ സഞ്ചരിച്ചാൽ നിരക്ക് കുറവാകും. നോൺസ്റ്റോപ്പ് വിമാനങ്ങൾക്ക് മിക്കപ്പോഴും നിരക്ക് കൂടുതലാകും. അതേസമയം, കണക്ഷൻ വിമാനങ്ങൾക്ക് നിരക്ക് കുറയുമെങ്കിലും യാത്രാ സമയം കൂടുതൽ വേണ്ടിവരും. കൂടുതൽ സമയമുള്ളവർക്ക് ചെലവ് ചുരുക്കാനുള്ള മികച്ച മാർഗമാണ് കണക്ഷൻ സർവിസുകൾ. വിവിധ ആപ്പുകളും സെർച്ച് എഞ്ചിനുകളും ഇത്തരം കണക്ഷൻ ​ഫ്ലൈറ്റുകൾ കണ്ടെത്താൻ സഹായിക്കും.

7. ഫ്ലൈറ്റ് സെർച്ച് എഞ്ചിനുകൾ

സ്കൈസ്കാനർ (skyscanner) പോലുള്ള ​ഫ്ലൈറ്റ് സെർച്ച് എഞ്ചിനുകൾ കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റുകൾ കണ്ടെത്താൻ സഹായിക്കും. അതുപോലെ വ്യത്യസ്ത സെർച്ച് എഞ്ചിനുകളിൽ തിരയുന്നത് വഴി വിലവ്യത്യാസം മനസ്സിലാക്കാം.

Tags:    
News Summary - book air tickets at cheaper rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.