മുംബൈ വരെ പോകേണ്ട; ഈ മ്യൂസിയത്തിലെ കാഴ്​ചകൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിലെത്തും

ലോക്​ഡൗൺ കാരണം വീണ്ടും വാതിലുകൾ അടച്ചുപൂട്ടിയതോടെ ഒാൺലൈനായി സന്ദർശിക്കാൻ അവസരമൊരുക്കി ഇന്ത്യയിലെ പ്രമുഖ മ്യൂസിയം. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയയിലെ കാഴ്​ചകളാണ്​ ഇനി​ നിങ്ങളുടെ വീട്ടിലിരുന്ന്​​ അനുഭവിക്കാനാവുക.

കോവിഡിനെ തുടർന്ന്​ 11 മാസങ്ങൾക്ക് ശേഷം ഇൗ പൗരാണിക മ്യൂസിയം ഫെബ്രുവരി 16ന് സന്ദർശകർക്കായി വീണ്ടും തുറന്നിരുന്നു. എന്നാൽ, മഹാമാരിയുടെ വ്യാപനം വർധിച്ചതോടെ അടച്ചിടാൻ നിർബന്ധിതരായി. ഇതോടെയാണ്​ എല്ലാ ബുധനാഴ്​ചകളിലും വെർച്വലായി സന്ദർശിക്കാനുള്ള അവസരം ഒരുക്കുന്നത്​. https://www.csmvs.in/ എന്ന വെബ്​സൈറ്റ്​ വഴിയാണ്​ സന്ദർശിക്കാൻ സാധിക്കുക.

സിന്ധു നദീതട സംസ്​കാരത്തി​െൻറ ഭാഗമായ കരകൗശല വസ്തുക്കൾ, വിവിധ കാലഘട്ടങ്ങളിൽ നിന്നുള്ള ശിൽപങ്ങൾ, ഇന്ത്യൻ മിനിയേച്ചർ പെയിൻറിങ്ങുകൾ, യൂറോപ്യൻ പെയിൻറിങ്ങുകൾ, ചൈനയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള പാത്രങ്ങൾ, ആനക്കൊമ്പുകൾ, നാണയങ്ങൾ, ആയുധങ്ങൾ എന്നിവ അടങ്ങിയ 50,000ഓളം വസ്​തുക്കൾ ഇവിടെയുണ്ട്​. മൂന്ന് നിലകളുള്ള പ്രധാന കെട്ടിടത്തിലും കിഴക്ക്​ ഭാഗത്തെ മറ്റൊരു കെട്ടിടത്തിലുമായാണ്​ ഇവ സൂക്ഷിച്ചിരിക്കുന്നത്​.

ഇന്ത്യൻ ആഭരണങ്ങൾ, ആയുധങ്ങൾ, കവചങ്ങൾ, പുരാതന വസ്ത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ വലിയ ശേഖരം തന്നെ ഇവിടെയുണ്ട്​. വിവിധ നൂറ്റാണ്ടുകളിൽ നിന്നുള്ള ശിൽപങ്ങൾ, കൈയെഴുത്തുപ്രതികൾ, പെയിൻറിങ്ങുകൾ എന്നിവയുടെ അതിശയകരമായ ശേഖരം ചരിത്രകുതുകികൾക്ക്​ ഏറെ പ്രയോജനം ചെയ്യും.


ഒരു നൂറ്റാണ്ടി​െൻറ പാരമ്പര്യമുള്ള മ്യൂസിയമാണിത്​. 1904ൽ മുംബൈയിലെ പൗരപ്രമുഖർ ചേർന്ന് വെയിൽസ് രാജകുമാര​െൻറ സന്ദർശനത്തി​െൻറ ഓർമാ നിലനിർത്താനായാണ്​ മ്യൂസിയം നിർമിക്കാൻ തിരുമാനിക്കുന്നത്​. 1905 നവംബർ 11ന് വെയിൽസ് രാജകുമാരൻ കെട്ടിടത്തിന് തറക്കല്ലിട്ടു. 'പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം ഓഫ് വെസ്റ്റേൺ ഇന്ത്യ' എന്നായിരുന്നു ഇതി​െൻറ ഔദ്യോഗിക നാമം. 1915ൽ കെട്ടിടം പണി പൂർത്തിയായിയെങ്കിലും ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ കെട്ടിടം ശിശുക്ഷേമകേന്ദ്രമായും സൈനിക ആശുപത്രിയായും ഉപയോഗിക്കപ്പെട്ടു.

1920ലാണ് മ്യൂസിയം കമ്മിറ്റിക്ക് കൈമാറുന്നത്. 1922 ജനുവരി പത്തിന് അന്നത്തെ ബോംബെ ഗവർണറുടെ ഭാര്യ, ലേഡി ലോയ്​ഡാണ്​ മ്യൂസിയം ഉദ്​ഘാടനം ചെയ്​തത്​. 1998ൽ ഇത് ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

Tags:    
News Summary - Do not go as far as Mumbai; Views of this museum are now at your fingertips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.