ഉൗഞ്ഞാലാട്ടം ഇഷ്ടപ്പെടുന്നവർക്കിടയിൽ പ്രായഭേദമില്ല, ലോകത്തെല്ലായിടത്തും പ്രചാരത്തിലുള്ള വിനോദം എന്ന് തന്നെ വിശേഷിപ്പിക്കാമിതിനെ. യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയിലെ അൽ നൂർ ദ്വീപിൽ പുതുതായി സ്ഥാപിച്ച 'ദി സ്വിങ്' ശ്രദ്ധയാകർഷിക്കുന്നത് അതു കൊണ്ടുകൂടിയാണ്. രാജ്യത്തിെൻറ ഇന്നലെകളെയും ഇന്നിനെയും ബന്ധിപ്പിക്കുന്ന ആശയം പങ്കുവയ്ക്കുന്നതാണ് നഗരക്കാഴ്ചകളിലേക്ക് നോക്കി നിൽക്കുന്ന ഈ ഊഞ്ഞാൽ. ഇമാറാത്തി കലാകാരി അസ്സ അൽ ഖുബൈസിയാണ് ശിൽപി.
തുരുമ്പുനിറത്തിലെ ഏഴ് സ്റ്റീൽ പാളികളുപയോഗിച്ചാണ് ഊഞ്ഞാലിെൻറ നിർമാണം. യു.എ.ഇയുടെ പ്രതീകമായ ഗാഫ് മരത്തിെൻറയും ഈന്തപ്പനയുടെയും ഇലകൾ കൊത്തിയ കലാരൂപത്തിൽ, പഴമയുടെയും പുതുമയുടെയും സമ്മേളനം കാണാം. നൂറ്റാണ്ടുകൾക്ക് മുൻപുള്ള പ്രദേശത്തെ ജീവിതചിത്രങ്ങളിൽ നിന്നാണ് ഊഞ്ഞാൽ കലാരൂപത്തിെൻറ ആശയം സ്വീകരിച്ചിരിക്കുന്നത്. അക്കാലത്ത്, പവിഴപ്പുറ്റുകൾ തേടിയുള്ള കടലിലേക്ക് പോകുന്ന പ്രിയപ്പെട്ടവർ, സുരക്ഷിതമായി മടങ്ങിവരുന്നതും കാത്ത് സ്ത്രീകൾ തീരത്ത് കാത്തിരിക്കുമായിരുന്നു. ആ കാത്തിരിപ്പാണ് ഉഞ്ഞാലെന്ന കലാരൂപമൊരുക്കാൻ പ്രേരണയായതെന്ന് കലാകാരി പറയുന്നു.
പകൽ പഴമയുടെ മോടിയോടെ നിൽക്കുന്ന ഊഞ്ഞാൽ, രാത്രിയാകുന്നതോടെ വെളിച്ച സംവിധാനത്തിൽ മിന്നിത്തിളങ്ങും. മുന്നിലെ ഖാലിദ് തടാകത്തിെൻറ കാഴ്ചയും അക്കരെയുള്ള നഗരവെളിച്ചവും കൂടിയാവുമ്പോൾ മാറ്റേറുന്നു.
ഷാർജ നിക്ഷേപവികസനവകുപ്പിന്റെ (ഷുറൂഖ്) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അൽ നൂർ ദ്വീപ് നിലകൊള്ളുന്നത് നഗരമധ്യത്തിലെ ഖാലിദ് തടാകത്തിലാണ്. 45470 ചതുരശ്ര അടി വിസ്തീർണമുള്ള ദ്വീപിൽ ശലഭവീട്, കുട്ടികൾക്കുള്ള കളിയിടം, കലാസൃഷ്ടികൾ, ലിറ്ററേച്ചർ പവലിയൻ, കഫേ അടക്കം നിരവധികാഴ്ചകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.