ശൈത്യകാലം യാത്രികർക്കെന്നും ഹരമാണ്. വടക്കേ ഇന്ത്യയിലെ ഹിൽസ്റ്റേക്ഷനുകൾ മഞ്ഞിൽ പൊതിയുന്ന കാലമാണ് ഡിസംബർ മാസം. വെള്ളപുതച്ച മലനിരകളെയും താഴ്വാരങ്ങളെയും ആസ്വദിക്കാൻ മഞ്ഞ് പ്രേമികൾ യാത്ര ചെയ്യുകയാണ് ഇവിടങ്ങളിലേക്ക്. ഈ മഞ്ഞുകാലത്ത് തണുപ്പാസ്വദിക്കാൻ പറ്റിയ ഇന്ത്യയിലെ ഏതാനും ഇടങ്ങളെ ഇവിടെ പരിചയപ്പെടാം.
ഉത്തരാഖണ്ഡിലെ ഋഷികേഷിൽനിന്നും 10 മണിക്കൂർ യാത്ര ചെയ്താൽ കോണിഫറസ്, ഓക്ക് വനങ്ങളാൽ ചുറ്റപ്പെട്ട ഔലിയിലെത്താം. ഹൈക്കിങ്, സ്കീയിങ് ഡെസ്റ്റിനേഷനാണ് ഔലി. അർധസൈനിക താവളമായി വികസിപ്പിച്ച ഔലിയുടെ സ്കീയിങ് ചരിവുകൾ വിനോദസഞ്ചാരികൾക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
ഏകദേശം 2,800 മീറ്റർ ഉയരത്തിലാണ് ഔലി സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ നന്ദാദേവി (7,816 മീറ്റർ) ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ചില കൊടുമുടികളുടെ പനോരമിക് കാഴ്ചകൾ ഇവിടെനിന്ന് കാണാം. ഡിസംബർ - ഫെബ്രുവരി മാസങ്ങളാണ് ഔലി സന്ദർശിക്കാൻ അനുയോജ്യം.
ഡൽഹിയിൽനിന്നും 15 മണിക്കൂർ യാത്ര ചെയ്താൽ ഉത്തരാഖണ്ഡിലെ പിതോരോഘർ ജില്ലയിലെ മുൻസിയാരിയിലെത്താം. സമുദ്ര നിരപ്പിൽനിന്നും 2200 മീറ്റർ ഉയരത്തിലുള്ള മുൻസിയാരിയിൽ ഡിസംബർ മാസത്തിന്‍റെ അവസാനത്തോടെയാണ് മഞ്ഞ് പെയ്യുക. പകൽ ശരാശരി നാല് ഡിഗ്രിയാണ് ഈ പ്രദേശത്തെ താപനില.
ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്ന മണാലി യാത്രികരുടെ പറുദീസയാണ്. ഏകാന്തമായ അന്തരീക്ഷം മുതൽ തിരക്കേറിയ മാർക്കറ്റുകൾ വരെ... എല്ലാത്തരം അനുഭവങ്ങളും കണ്ടെത്താവുന്ന ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് മണാലി. സമുദ്രനിരപ്പിൽനിന്ന് 6260 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മണാലി, ഹിമാലയത്തിലെ പിർ പഞ്ചൽ പർവതനിരകൾക്കിടയിലെ കുളു താഴ്വരയിലാണ് നിലകൊള്ളുന്നത്.
പാരാഗ്ലൈഡിങ്, ഹൈക്കിങ്, സ്‌നോ സ്‌കൂട്ടറിങ്, സോർബിങ്, റാഫ്റ്റിങ്, കയാക്കിങ് തുടങ്ങിയവയാണ് മണാലിയുടെ പ്രധാന ആകർഷണങ്ങൾ. വസിഷ്ഠ ക്ഷേത്രം, റോഹ്താങ് പാസ്, ബോട്ട് ഹൗസ്, സോലാങ് താഴ്‌വര ഉൾപ്പെടെ കാഴ്ചകളുടെ വിസ്മയം കൊണ്ട് ഒരു സമ്പൂർണ്ണ ഡെസ്റ്റിനേഷൻ പാക്കേജാണ് മണാലി.
വർഷം മുഴുവനും വളരെ താഴ്ന്ന താപനിലയുള്ള പ്രദേശം എന്ന നിലയിലാണ് ലഡാക്ക് അറിയപ്പെടുന്നത്. ലഡാക്കിലെ ശൈത്യകാലം ഒക്ടോബർ അവസാനത്തോടെ ആരംഭിച്ച് ഫെബ്രുവരി വരെ നീണ്ടുനിൽക്കും. അതി ശൈത്യത്തിലും അതിമനോഹരമായ ഭൂപ്രകൃതി സാഹസിക പ്രേമികളെ ആകർഷിക്കുന്നു. പ്രദേശത്തെ താപനില നാല് ഡിഗ്രിയിൽ താഴെയാണ്. രാത്രികാലങ്ങളിൽ താപനില മൈനസ് ഡിഗ്രികളിലും രേഖപ്പെടുത്താറുണ്ട്.
വടക്കൻ സിക്കിമിലെ സോംഗോ തടാകം, നാഥുല, യുംതാങ്, കഠാവോ തുടങ്ങിയ സ്ഥലങ്ങളിൽ പൂജ്യത്തിന് താഴെയാണ് നിലവിലെ താപനില. ഡിസംബറിലാണ് പ്രദേശത്ത് ഏറ്റവും ശക്തമായ മഞ്ഞ് വീഴ്ചയുണ്ടാകുക. ശരാശരി താപനില 10 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഉയരമുള്ള പ്രദേശങ്ങളിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ താഴാം.
സമുദ്രനിരപ്പിൽ നിന്ന് 17,800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുരുഡോങ്മർ എന്ന പുണ്യ തടാകം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശുദ്ധജല തടാകങ്ങളിൽ ഒന്നാണ്. പൂജ്യത്തിന് താഴെയുള്ള താപനിലയിൽ പോലും പൂർണമായും തണുത്തുറയാത്ത ജലം തന്നെയാണ് ശൈത്യകാലത്ത് ഈ ശുദ്ധജല തടാകത്തെ കൂടുതൽ ആകർഷമാക്കുന്നത്.
മഞ്ഞു മനുഷ്യനെ നിർമിക്കാനും മഞ്ഞ് ആസ്വദിക്കാനും ആഗ്രഹിക്കുന്നവർക്കുള്ള ശരിയായ ഡെസ്റ്റിനേഷനാണ് ജമ്മു കശ്മീരിലെ പഹൽഗാം. എല്ലാ വർഷവും ഡിസംബർ 21 മുതൽ ജനുവരി 30 വരെയാണ് പഹൽഗാമിലെ തണുപ്പുള്ള സമയം. ഭൂപ്രകൃതിയും പർവതനിരകളും എല്ലാം മഞ്ഞ് മൂടിയ ഈ സമയം പഹൽഗാമിനെ കൂടുതൽ സുന്ദരമാക്കും.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ഗുൽമാർഗ്. സ്കീയിങ് ഡെസ്റ്റിനേഷൻ എന്ന നിലയിലും പ്രശസ്തമാണ് ഇവിടം. നവംബർ മുതൽ ഗുൽമാർഗിലെ താപനില പൂജ്യം ഡിഗ്രിയിലെത്തും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗൊണ്ടോള റൈഡ് ഈ പ്രദേശത്തിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
സ്വർണത്തിന്‍റെ പുൽമേട് എന്നറിയപ്പെടുന്ന സോൻമർഗ് ഡിസംബർ മാസമായാൽ മഞ്ഞ് പുതച്ച താഴ്വരയായി മാറും. കശ്മീരിനെ ചൈനയുമായി ബന്ധിപ്പിക്കുന്ന പുരാതന സിൽക്ക് റോഡിലെ ഒരു കവാടമായിരുന്നതിനാൽ സോൻമർഗിന് ചരിത്ര പ്രധാന്യവുമുണ്ട്. നിരവധി മനോഹരമായ കൊടുമുടികളാൽ ചുറ്റുപ്പെട്ട പ്രദേശം കൂടിയാണ് സോൻമർഗ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.