320 ഏക്കർ പരന്നുകിടക്കുന്ന വിശാലമായ പ്രദേശം. ചുറ്റും മനോഹരമായ പൂന്തോട്ടങ്ങൾ. അതിന് നടുവിൽ രണ്ട് ലക്ഷം ചതുരശ്ര അടിയിൽ അതിബൃഹത്തായ ഭവനം. അതിൽ നാല് നിലകളിലായി 340 മുറികൾ. മനോഹരമായി ഒരുക്കിയ ഓരോ മുറിയിലും ചരിത്രം സ്പന്ദിക്കുന്നു. അതെ, ഡൽഹിയിലെ റെയ്സീന ഹിൽസിൽ തലയുയർത്തി നിൽക്കുന്ന രാഷ്ട്രപതി ഭവന് പറയാൻ ചരിത്രമേറെയുണ്ട്. വിസ്തൃതിയുടെ അടിസ്ഥാനത്തിൽ, ഇറ്റലിയിലെ ക്വിറിനൽ കൊട്ടാരം കഴിഞ്ഞാൽ ലോകത്തിലെ ഏതൊരു രാഷ്ട്രത്തലവന്റെയും ഏറ്റവും വലിയ രണ്ടാമത്തെ വസതിയാണിത്.
അപൂർവതകൾ നിറഞ്ഞ, ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയായ ഈ മനോഹര ഭവനം കാണാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. കുടുംബവുമൊത്തുള്ള ഡൽഹിയാത്രയിലാണ് രാഷ്ട്രപതി ഭവൻ സന്ദർശിക്കുന്നത്. രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായാണ് ടിക്കറ്റ് എടുക്കേണ്ടത്. ഒരാൾക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓരോ മണിക്കൂറിലും 50 പേരെയാണ് പ്രവേശിപ്പിക്കുക. രാവിലെ 10.30ന് പ്രവേശിക്കാനുള്ള ടിക്കറ്റാണ് എടുത്തത്. ടിക്കറ്റ് എടുത്തശേഷം കൺഫർമേഷൻ മെയിൽ ലഭിക്കും. ഇതിൽ യാത്രികർ പാലിക്കേണ്ട മര്യാദകൾ എല്ലാം പ്രതിപാദിച്ചിട്ടുണ്ട്.
രാഷ്ട്രപതി ഭവൻ സന്ദർശിക്കേണ്ടതിന്റെ തലേന്ന് രാത്രി മെയിൽ സന്ദേശം വന്നു. നിങ്ങളുടെ സന്ദർശന സമയം രാവിലെ 10.30ൽനിന്ന് ഉച്ചക്ക് 1.30ലേക്ക് മാറ്റിയിരിക്കുന്നു എന്നതായിരുന്നു അതിലെ ഉള്ളടക്കം. തന്ത്രപ്രധാനമായ മേഖലയായതിനാൽ ഏത് സമയവും ഇത്തരത്തിലുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കണം. ചിലപ്പോൾ സന്ദർശനം തന്നെ ഒഴിവാക്കാനും സാധ്യതയുണ്ടെന്ന് നേരത്തേ ലഭിച്ച മാർഗരേഖയിലുണ്ട്. സമയം മാറിയതോടെ ഞങ്ങളുടെ യാത്രയുടെ ക്രമമാകെ താളം തെറ്റി. നേരത്തേ കരുതിയിരുന്നത് ആദ്യം രാഷ്ട്രപതി ഭവൻ സന്ദർശിച്ചശേഷം ഡൽഹിയിലെ മറ്റു കാഴ്ചകളിലേക്ക് പോകാനാണ്. എന്നാൽ, ഇനി അത് നടക്കില്ല.
ഉച്ച വരെ സമയമുണ്ട്. ആദ്യം രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി. അവിടെനിന്ന് ചെങ്കോട്ടയിലേക്ക്. തുടർന്ന് ജമാമസ്ജിദ് കാണാൻ പോയി. ഉച്ചഭക്ഷണം മസ്ജിദിന് സമീപത്തെ നൂറ്റാണ്ട് പഴക്കമുള്ള കരീം ഹോട്ടലിൽനിന്നായിരുന്നു. അപ്പോഴേക്കും സമയം ഒരു മണിയായി. 1.30നാണ് രാഷ്ട്രപതി ഭവനിലേക്ക് പ്രവേശനം. ഇതിന് അര മണിക്കൂർ മുമ്പെങ്കിലും അവിടെ എത്തണമെന്നാണ് നേരത്തേ ലഭിച്ച നിർദേശം. നിശ്ചിത സമയം കഴിഞ്ഞ് 40 മിനിറ്റിന് ശേഷം പ്രവേശിപ്പിക്കില്ല എന്ന നിർദേശവും അവർ തന്നിട്ടുണ്ട്.
റെയ്സീന ഹിൽസിലെ വിജയ് ചൗക്കിൽ ഡ്രൈവർ വണ്ടി നിർത്തി. മുന്നിൽ പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും ഓഫിസുകളുള്ള സെക്രേട്ടറിയറ്റ് കെട്ടിടങ്ങൾ കാണാം. കുറച്ചു ദൂരെയായി പഴയ പാർലമെന്റും പുതിയ സെൻട്രൽ വിസ്റ്റയുമെല്ലാം ഉയർന്നുനിൽപുണ്ട്. തോക്കേന്തിയ സുരക്ഷ ജീവനക്കാരോട് അന്വേഷിച്ചപ്പോൾ 37ാം നമ്പർ ഗേറ്റിലൂടെയാണ് രാഷ്ട്രപതി ഭവനിലേക്ക് പ്രവേശിക്കേണ്ടതെന്ന് അവർ പറഞ്ഞു. ഒരു കിലോ മീറ്ററിനടുത്ത് ദൂരം നടക്കാനുണ്ട് 37ാം നമ്പർ ഗേറ്റിലേക്ക്. സുരക്ഷ പരിശോധന കഴിഞ്ഞ് രാഷ്ട്രപതി കോമ്പൗണ്ടിലേക്ക് കയറി. മെയിൻ ബിൽഡിങ് എത്തും മുമ്പേ രണ്ടു മൂന്ന് പരിശോധനകൾ കൂടിയുണ്ട്.
ചെറിയ ഇടവഴിയിലൂടെ മുന്നോട്ടു നടന്നപ്പോൾ ആ വലിയ ഭവനം മുന്നിൽ തെളിഞ്ഞു. ഒറ്റനോട്ടത്തിൽതന്നെ ആരെയും അമ്പരിപ്പിക്കുന്ന നിർമിതി. പൂമുഖത്തുനിന്ന് അകത്തേക്ക് നടക്കാൻ നീളത്തിലുള്ള പടികളും അതിനോട് ചേർന്ന് വലിയ തൂണുകളും. മുകളിൽ വിശാലമായ താഴികക്കുടം. അതിന് മുകളിൽ ദേശീയ പതാക കാറ്റിൽ പാറിക്കളിക്കുന്നു. എൻട്രി ടിക്കറ്റ് കാണിച്ച് കെട്ടിടത്തിന് അകത്തേക്ക് കടന്നു. ഫ്രണ്ട് ഓഫിസിൽ വിവരങ്ങളെല്ലാം നൽകി. കൂടാതെ, സുരക്ഷയുടെ ഭാഗമായി യാത്രാസംഘത്തിന്റെ ഫോട്ടോയുമെടുത്തു. തുടർന്ന്, അവിടെയുള്ള മറ്റു കുറച്ചുപേരെ കൂടി ചേർത്ത് 30 പേരടങ്ങുന്ന ബാച്ചായി തിരിച്ചു. കൃത്യസമയത്ത് എത്തിയില്ലെങ്കിലും അകത്തേക്ക് പ്രവേശിപ്പിച്ചതോടെയാണ് ആശ്വാസമായത്. കൈയിലുള്ള ഫോണും മറ്റു വസ്തുക്കളുമെല്ലാം ലോക്കറിൽ വെക്കാൻ നിർദേശിച്ചു. തുടർന്ന് ഗൈഡിനോടൊപ്പം നടക്കാൻ തുടങ്ങി.
അമ്പരപ്പിക്കുന്ന കാഴ്ചകളാണ് അകത്ത്. കണ്ണുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലുമപ്പുറത്തെ വിശാലമായ മുറികളും ഇടനാഴികളും. മാർബിളിൽ തീർത്ത പടികൾ കയറാൻ തുടങ്ങി. ഇവിടെ ഒരു ബുദ്ധ പ്രതിമയുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റ് ഡോ. സർവേപള്ളി രാധാകൃഷ്ണന് വിയറ്റ്നാം സർക്കാർ സമ്മാനമായി നൽകിയതാണിത്. മുകളിൽ ആദ്യമായി എത്തിയത് ദർബാർ ഹാളിലേക്കാണ്. 1947 ആഗസ്റ്റ് 15ന് രാവിലെ 8.30ന് ലോർഡ് മൗണ്ട് ബാറ്റണിൽനിന്ന് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി ജവഹർ ലാൽ നെഹ്റു ഇവിടെ വെച്ചാണ് പ്രതിജ്ഞയെടുത്തത്. ഇതിനുശേഷം വന്ന ഇന്ത്യൻ പ്രധാനമന്ത്രിമാരും ഇവിടെ വെച്ചാണ് പ്രതിജ്ഞയെടുക്കാറ്. എന്നാൽ, മോദി രണ്ട് തവണയും പ്രതിജ്ഞയെടുത്തത് രാഷ്ട്രപതി ഭവന്റെ പൂമുഖത്തു വെച്ചാണ്.
അഞ്ചാം നൂറ്റാണ്ടിലുള്ള ഒരു ബുദ്ധ പ്രതിമയും ദർബാർ ഹാളിലുണ്ട്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന പല സുപ്രധാന ചടങ്ങുകൾക്കും വേദിയാകാറ് ദർബാർ ഹാളാണ്. ലൈബ്രറിയും ഇതിനകത്തുണ്ട്. മുൻ രാഷ്ട്രപതി എസ്. രാധാകൃഷ്ണന്റെ കാലത്താണ് ഇത് സ്ഥാപിക്കുന്നത്. പണ്ട് ദർബാർ ഹാളിൽ വൈസ്രോയിയുടെയും പത്നിയുടെയും സിംഹാസനങ്ങളായിരുന്നു. ഇപ്പോൾ പത്മ അവാർഡ് സമർപ്പണം പോലെയുള്ള ചടങ്ങുകളും സത്യപ്രതിജ്ഞകളും നടക്കുമ്പോൾ രാഷ്ട്രപതിക്കുള്ള ഇരിപ്പിടമാണ് സ്ഥിരമായുള്ളത്.
അകത്തെ മറ്റൊരു പ്രധാന ഹാളാണ് അശോക ഹാൾ. രാഷ്ട്രപതി ഭവനിലെ ഏറ്റവും ആകർഷകവും അലങ്കരിച്ചതുമായ മുറികളിലൊന്നാണിത്. സ്വർണ വർണങ്ങളിലുള്ള മ്യൂറൽ പെയിന്റിങ്ങുകൾ നൽകുന്ന മനോഹാരിതയാണ് പ്രധാന ആകർഷണം. അലങ്കാര വിളക്കുകളും കശ്മീർ പരവതാനികളും അശോക ഹാളിന് രാജകീയ പ്രൗഢി സമ്മാനിക്കുന്നു. പ്രസിഡന്റിന്റെ ഓഫിസെല്ലാം കണ്ടശേഷം അവസാനമായി എത്തിയത് ‘ബ്രഹ്മപുത്ര’ എന്ന ബാങ്ക്വറ്റ് ഹാളിന് മുന്നിലാണ്.
സ്റ്റേറ്റ് ഡൈനിങ് റൂം എന്നറിയപ്പെടുന്ന വിരുന്ന് ഹാൾ അതിവിശാലമാണ്. 104 അടി നീളവും 34 അടി വീതിയും 35 അടി ഉയരവുമുണ്ട് ഈ ഹാളിന്. മുൻ ഇന്ത്യൻ രാഷ്ട്രപതിമാരുടെ ഛായാചിത്രങ്ങൾ ഇതിന്റെ ചുവരുകൾ അലങ്കരിക്കുന്നു. ബാങ്ക്വറ്റ് ഹാളിന്റെ തെക്കേ അറ്റത്ത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഛായാചിത്രവും കാണാം. ഇതിന് സമീപത്തുനിന്ന് ജാലകത്തിലൂടെ കണ്ണോടിക്കുമ്പോൾ അമൃത് ഉദ്യാൻ കാണാം. 15 ഏക്കറിലായി പരന്നുകിടക്കുന്ന അതിവിശാലമായ ഉദ്യാനമാണിത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇവിടെ ടുലിപ് പൂക്കൾ വിരിയുമ്പോൾ രാഷ്ട്രപതി ഭവന്റെ ഭംഗി കൂടും. നേരത്തേ ഈ പൂന്തോട്ടങ്ങളെ മുഗൾ ഗാർഡൻ എന്നാണ് വിളിച്ചിരുന്നത്. 2023ലാണ് ഇതിന്റെ പേര് മാറ്റുന്നത്.
അതിവിശാലമായ ഗ്രാൻഡ് സ്റ്റെയർ വഴിയാണ് താഴേക്കിറങ്ങിയത്. ഈ കോണിപ്പടിക്ക് മുകളിൽ മേൽക്കൂരയില്ല. അതിലൂടെ നോക്കിയാൽ വലിയ താഴികക്കുടവും ദേശീയ പതാകയും കാണാം. രാഷ്ട്രപതി ഡൽഹിയിലുള്ള സമയത്ത് മാത്രമാണ് ദേശീയ പാതക ഇത്തരത്തിൽ ഉയർന്നുനിൽക്കുകയെന്ന് ഗൈഡ് പറഞ്ഞു. മേൽക്കൂരയുടെ ഭാഗം കമ്പിവേലികൊണ്ട് അടച്ചിട്ടുണ്ട്. താഴെയുള്ള മ്യൂസിയം കൂടി കണ്ടതോടെ അകത്തെ കാഴ്ചകൾക്ക് സമാപനമായി. ഫ്രണ്ട് ഓഫിസിന് സമീപത്തെ സുവനീർ ഷോപ്പിൽനിന്ന് യാത്രയുടെ ഓർമക്കായി ഏതാനും സാധനങ്ങൾ വാങ്ങി പുറത്തിറങ്ങി.
പൂമുഖത്ത് ജയ്പുർ സ്തംഭം ഉയർന്നുനിൽക്കുന്നത് കാണാം. ജയ്പൂർ മഹാരാജാവായിരുന്ന മധോ സിങ് രണ്ടാമൻ സമ്മാനിച്ചതാണിത്. രാഷ്ട്രപതി ഭവന്റെ പൂമുഖത്തുനിന്ന് നോക്കിയാൽ നേർരേഖ പോലെ രാജ്പഥ് കാണാം. ഇന്ത്യയുടെ ഭരണ സിരാകേന്ദ്രമായ സെക്രേട്ടറിയറ്റ് മന്ദിരത്തിന്റെ ഇടയിലൂടെ രാഷ്ട്രപതി ഭവന്റെ മുന്നിൽനിന്ന് തുടങ്ങി വിജയ് ചൗക്കിലൂടെ നീങ്ങി ഇന്ത്യ ഗേറ്റ് വഴി നാഷനൽ സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതാണ് രാജ്പഥ്. ഈയിടെ ഇതിന്റെ പേര് മോദി സർക്കാർ കർത്തവ്യപഥ് എന്നാക്കി മാറ്റി. ഫെബ്രുവരി 26ന് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത് ഈ പാതയിലൂടെയാണ്.
https://rashtrapatibhavan.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. മെയിൻ ബിൽഡിങ്, മ്യൂസിയം, ചേഞ്ച് ഓഫ് ഗാർഡ്, അമൃത് ഉദ്യാൻ എന്നിവിടങ്ങളിലേക്കെല്ലാം വ്യത്യസ്തമായ ടിക്കറ്റാണ് ഉള്ളത്. ഇതിൽ ഞങ്ങൾ മെയിൻ ബിൽഡിങ്ങിലേക്കുള്ള ടിക്കറ്റാണ് എടുത്തത്. തിങ്കളാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും ടിക്കറ്റ് ലഭിക്കില്ല. ദിവസവും ഏഴ് സ്ലോട്ടുകളിലായി 50 പേർക്ക് വീതം ടിക്കറ്റ് ലഭിക്കും. ആദ്യ സ്ലോട്ട് 9.30നും അവസാന സ്ലോട്ട് 3.30നുമാണ്.
രാഷ്ട്രപതി മ്യൂസിയത്തിലേക്കുള്ള പ്രവേശനം ഗേറ്റ് നമ്പർ 30 വഴിയാണ്. ദിവസവും അഞ്ച് സ്ലോട്ടുകളായിട്ടാണ് പ്രവേശനം. ഓരോ സ്ലോട്ടിലും 250 പേർക്ക് അവസരമുണ്ടാകും. വർഷത്തിൽ ചില മാസങ്ങളിൽ മാത്രമാണ് അമൃത് ഉദ്യാനിലേക്ക് പ്രവേശനം ലഭിക്കാറ്. ഗേറ്റ് നമ്പർ 35ലൂടെയാണ് പ്രവേശനം. എല്ലാ ശനിയാഴ്ചകളിലുമാണ് ചേഞ്ച് ഓഫ് ഗാർഡ് കാണാൻ അവസരം ഉണ്ടാകുക. മെയിൻ ബിൽഡിങ്ങിന് സമാനമായി ഗേറ്റ് നമ്പർ 37ലൂടെയാണ് ഇതിലേക്കും പ്രവേശനം. മ്യൂസിയത്തിലേക്കാണ് വർഷത്തിൽ എല്ലാ മാസവും പ്രവേശനം അനുവദിക്കുന്നത്. സുരക്ഷ കാരണങ്ങളാൽ മറ്റുള്ളവയെല്ലാം പലപ്പോഴും വൈബ് സൈറ്റിൽ കുറഞ്ഞ ദിവസത്തേക്ക് മാത്രമാണ് ബുക്കിങ് കാണിക്കാറ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.