''എനിക്ക് ഇന്നത്തെ പത്രം കിട്ടുമോ?'' താമസിക്കുന്ന ഹോട്ടലിലെ റിസപ്ഷനിസ്റ്റ് മരിയയോട് ചോദിച്ചു.
''ക്ഷമിക്കണം, ഇവിടെ ഇപ്പോൾ പത്രം വരുത്താറില്ല.''
പതിനെട്ട് ദിവസം നീണ്ടുനിൽക്കുന്ന ഈസ്റ്റ് ആഫ്രിക്കൻ യാത്രയുടെ ഭാഗമായി ജനുവരി മാസത്തിലെ അവസാന നാളുകളിലാണ് കെനിയയുടെ തലസ്ഥാനമായ നൈറോബിയിൽ എത്തിയത്. രാവിലെ പത്രം വായിക്കാനായി ഹോട്ടലിലെ റിസപ്ഷനിൽ ചെന്നപ്പോൾ പത്രം കണ്ടില്ല. കോവിഡിെന്‍റ തുടക്കം മുതൽ പത്രം വരുത്താറില്ലെന്ന് കൗണ്ടറിൽ ഉണ്ടായിരുന്ന മരിയ എന്ന പെൺകുട്ടി പറഞ്ഞു. ഈ പെൺകുട്ടിയെ ഇന്നലെ രാത്രി പരിചയപ്പെട്ടതാണ്. അവൾ വായിച്ചിരുന്ന ഒരു തടിച്ച പുസ്തകമാണ് എന്നെ ആകർഷിച്ചത്. പൗലോ കൊയ്‌ലോയുടെ ഒരു പുസ്തകം. പൗലോയുടെ കടുത്ത ആരാധികയാണ് മരിയ എന്ന് സംസാരത്തിൽനിന്ന് മനസ്സിലായി. അദ്ദേഹത്തിെന്‍റ എല്ലാ പുസ്തകങ്ങളും അവൾക്ക് വായിക്കണമെന്നുണ്ട്. പക്ഷേ, വാങ്ങാൻ കൈയിൽ കാശില്ല.
'കോവിഡ് കാലമായതിനാൽ ഹോട്ടലിൽ അതിഥികൾ കുറവാണ്. അതിനാൽ വായിക്കാൻ ഇഷ്ടം പോലെ സമയമുണ്ട്. പക്ഷേ തുച്ഛമായ ശമ്പളം വാങ്ങുന്ന താൻ എങ്ങനെയാണ് വലിയ വിലകൊടുത്ത് പുസ്തകങ്ങൾ വാങ്ങുക?' അവളുടെ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു. സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ വിൽക്കുന്ന കടകളെപ്പറ്റി മരിയക്ക് അറിയില്ലായിരുന്നു. ഏതായാലും ഇന്നുതന്നെ അന്വേഷിച്ച് മരിയയോട് പറയണം എന്നുറപ്പിച്ചു.
''ഞാൻ റോണി, റിക്ഷാവാല''
ഹോട്ടലിന് തൊട്ടടുത്ത തെരുവിൽനിന്ന് പത്രം വാങ്ങി. എനിക്ക് വേണ്ട പത്രത്തിന്റെ പേര് പറഞ്ഞപ്പോൾ വിൽപനക്കാരി ചിരിച്ചുകൊണ്ട് ഒരു കുസൃതിച്ചോദ്യം ചോദിച്ചു, ''ഈ പത്രത്തിന് എന്താണിത്ര പ്രത്യേകത?''
ഞാൻ ഒന്നും പറഞ്ഞില്ല. കെനിയയിൽ പോയാൽ ഈ പത്രം വായിക്കണമെന്ന് പറഞ്ഞ, അതിെന്‍റ ചരിത്രം പറഞ്ഞുതന്ന ഉണ്ണികൃഷ്ണനെ ഞാൻ ഓർത്തു. ഉണ്ണി ബഹ്റൈനിലെ ഒരു ഇംഗ്ലീഷ് പത്രത്തിെന്‍റ എഡിറ്ററാണ്.
''ഇതാണ് കെനിയയിലെ നട്ടെല്ലുള്ള പത്രം.''
പത്രത്തിെന്‍റ തലക്കെട്ടിനുതാഴെ എഴുതിച്ചേർത്ത വാചകങ്ങൾ ചൂണ്ടിക്കാട്ടി കടക്കാരി പറഞ്ഞു.
''ഈ പത്രം സ്ഥാപിച്ചത് ഒരു ഇന്ത്യക്കാരനാണ്.'' ഞാൻ കൂട്ടിച്ചേർത്തു. വിൽപനക്കാരിക്ക് അതൊരു പുതിയ അറിവായിരുന്നു. വിൽപനക്കാരി ചിരിച്ചു. കിമാത്തി തെരുവിലൂടെ ഹോട്ടലിലേക്ക് നടക്കുമ്പോൾ ബെയ്റൂത്ത് റസ്റ്റാറന്റിനരികിൽ നിർത്തിയിട്ട ബൈക്കിലിരുന്ന് ഒരു കെനിയൻ യുവാവ് വെളുക്കെ ചിരിച്ചുകൊണ്ട് എന്നോട് ഗുഡ് മോണിങ് പറഞ്ഞു. അയാൾ ഇംഗ്ലീഷിൽ സ്വയം പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്.
''ഞാൻ റോണി, റിക്ഷാവാല.''
റിക്ഷാവാല എന്ന ഹിന്ദി വാക്ക് കേട്ട് ഞാൻ തെല്ലൊന്ന് അമ്പരന്നു. പിന്നീട് അയാൾ ഇത്രയും കൂടി പറഞ്ഞു, ''താങ്കൾ ഇന്ത്യയിൽ നിന്നാണെങ്കിൽ എനിക്ക് കേരല അറിയാം, ദൈവത്തിെന്‍റ സ്വന്തം നാട്.''ദൈവത്തിെന്‍റ സ്വന്തം നാട്. ആരാണ് അയാളെ അത് പഠിപ്പിച്ചത്? ഏതാനും വർഷങ്ങൾക്കു മുമ്പ് ദുൈബയിൽ നിന്നു വന്ന ഒരു മലയാളി പത്രപ്രവർത്തകൻ ദിവസവും നൈറോബിയിൽ കറങ്ങിയത് റോണിയുടെ ബൈക്കിലായിരുന്നു. അന്ന് അയാളിൽനിന്ന് പകർന്നുകിട്ടിയ വിവരങ്ങളാണ് റോണി പറഞ്ഞത്. അയാളുടെ പേര് റോണി ഓർക്കുന്നില്ല. അയാളുടെ രൂപം നല്ലപോലെ ഓർക്കുന്നുണ്ട്. സായിപ്പിെന്‍റ കളറുള്ള, ചെറുപ്പക്കാരനായ, കട്ടിമീശക്കാരൻ മലയാളി ആരായിരിക്കും? റോണി മോട്ടോർ ബൈക്ക് ടാക്സി ഓടിക്കുന്നയാളാണ്. വിവാഹിതനാണ്. ഒരു കുട്ടിയുണ്ട്. ''പിന്നെ എനിക്ക് ഒരു ഗേൾഫ്രണ്ട് ഉണ്ട്,'' വിടർന്ന ചിരിയോടെ റോണി പറഞ്ഞു.
ദ സ്റ്റാൻഡേഡ്
സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ വിൽക്കുന്ന ഒരു കട റോണി കാണിച്ചുതന്നു. ബ്രിട്ടീഷ് ലൈബ്രറിക്ക് പിന്നിലെ ഒരു കൊച്ചു കട. തുറന്നിട്ടില്ല. രാവിലെയാണ്. നൈറോബിയിലെ തെരുവുകൾ ഉണർന്നുവരുന്നതേയുള്ളൂ. ഏതായാലും മരിയയോട് പറയാൻ ഒരു സന്തോഷവാർത്തയായി. റോണിയുടെ ബൈക്ക് ടാക്സിയിൽ ഹോട്ടലിൽ തിരിച്ചെത്തി. ഞാൻ കൊടുത്ത പണം തിരിച്ചു നൽകി റോണി പറഞ്ഞു,
''കേരളത്തിൽനിന്നുവന്ന താങ്കൾക്ക് സ്വാഗതം.'' 'കരീബു കെനിയ' (കെനിയയിലേക്കു സ്വാഗതം). യാത്രപറഞ്ഞ് ടോണി എന്ന റിക്ഷാവാല തിരിച്ചുപോയി. പെട്ടെന്നുതന്നെ റോണി തിരിച്ചുവന്നു പറഞ്ഞു,''എന്റെ ഗേൾഫ്രണ്ട് മരിയ ഇവിടെയാണ് ജോലി ചെയ്യുന്നത്.'' വിടർന്ന ചിരിയോടെ റോണി ബൈക്ക് ഓടിച്ചുപോയി.
ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്ന, എല്ലാം തുറന്നു പറയുന്ന റോണിയെ എനിക്ക് ഇഷ്ടമായി. ഇനിയുള്ള ദിവസങ്ങളിൽ റോണിയുടെ ബൈക്കിെന്‍റ പിന്നിലിരുന്ന് നൈറോബിയിലെ കാഴ്ചകൾ കാണണം. സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ വിൽക്കുന്ന കട റോണിക്ക് അറിയാം. കാമുകിയായ മരിയക്ക് അതറിയില്ല. കമിതാക്കളായ മരിയയും റോണിയും പരസ്പരം കാണുമ്പോൾ എന്തായിരിക്കും സംസാരിക്കുന്നത്? എന്തായാലും പുസ്തകങ്ങളെപ്പറ്റിയായിരിക്കില്ല. വായന മരിയയുടെ സ്വകാര്യതയായിരിക്കും.
'The Standard' എന്ന ദിനപത്രം അലിഭായ് മുല്ല ജീവൻജി എന്ന ഇന്ത്യക്കാരനും ഒരു ബ്രിട്ടീഷുകാരനും ചേർന്ന് 1902ൽ തുടങ്ങിയതാണ്. കെനിയയിലെ ആദ്യത്തെ ഇംഗ്ലീഷ് പത്രം. ജീവൻജി കെനിയയിലെ വളരെ പ്രധാനപ്പെട്ട ഇന്ത്യക്കാരിൽ ഒരാളായിരുന്നു. 1895ൽ കെനിയയിലെ മൊംബാസയിൽ നിന്ന് യുഗാണ്ടയിലെ വിക്ടോറിയ തടാകംവരെയുള്ള റെയിൽപാത പണിതത് ജീവൻജിയുടെ കമ്പനിയായിരുന്നു. ആ കാലഘട്ടത്തിലാണ് കെനിയയിലേക്ക് ഇന്ത്യൻ കുടിയേറ്റം ആരംഭിച്ചതും. ഇന്ത്യക്കാരിൽ കൂടുതലും ഗുജറാത്തികളും പഞ്ചാബികളും തമിഴരുമായിരുന്നു; ചുരുക്കം മലയാളികളും. ഇപ്പോഴും കെനിയയിലെ കച്ചവടക്കാരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്.
ജീവൻജി
കെനിയൻ പാർലമെന്‍റ് അംഗമായിരുന്ന ജീവൻജി 1936ൽ മരണപ്പെട്ടു. നൈറോബിയിൽ നഗരമധ്യത്തിൽ ജീവൻജിയുടെ പേരിൽ ഒരു പാർക്ക് ഉണ്ട്. ജീവൻജി പാർക്ക്. ഈ പാർക്കിന് ചുറ്റുമാണ് നൈറോബി എന്ന നഗരം. പത്രം വായിച്ചുകൊണ്ടിരിക്കെ മൊബൈൽ ഫോണിൽ ഒരു സന്ദേശം വന്നു. രാജ്മോഹനാണ്, ഹോട്ടൽ ലോബിയിൽ കാത്തിരിക്കുന്നു. രാജ് മോഹൻ കായംകുളത്തുകാരനാണ്. ഏറെ വർഷങ്ങളായി ആഫ്രിക്കയിലുണ്ട്. രാജിെന്‍റ കൂടെ ആഷ്‌ലി ജേക്കബുമുണ്ട്. ആഷ്ലി പത്തനംതിട്ടക്കാരനാണ്. സ്വന്തമായി പ്രസ് നടത്തുന്നു. കേരള അസോസിയേഷൻ ഓഫ് കെനിയയുടെ ചെയർമാനാണ് രാജ് മോഹൻ. ആഷ്‌ലി ട്രഷറർ. കെനിയയിൽ ഇപ്പോൾ വേനൽക്കാലമാണ്.
എങ്കിലും നേരിയ തണുപ്പുണ്ട്. ഹോട്ടലിലെ ഡെക്കിലിരുന്നു ചൂടുചായ ഊതിക്കുടിച്ച് ഞങ്ങൾ സംസാരം തുടങ്ങി. ബറാക് ഒബാമയുടെ പിതാവിെന്‍റ നാടാണ് കെനിയ. ഒബാമ രണ്ടുതവണ കെനിയയിൽ വന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുത്ത ആ സ്വീകരണം നേരിട്ട് കണ്ട കാര്യം ആഷ്‌ലി പറഞ്ഞു. ഒരു പിതാവിനെപോലെ കെനിയക്കാർ ഒബാമയെ ബഹുമാനിക്കുന്നു. ആഫ്രിക്കയിലെ വിശേഷങ്ങൾ സംസാരിക്കുന്നതിനിടയിൽ പത്രവും പത്രസ്വാതന്ത്ര്യവും കടന്നുവന്നു. പത്രങ്ങളിൽ കെനിയൻ സർക്കാറിനെതിരെയുള്ള അതിശക്തമായ വിമർശനങ്ങൾ വായിച്ചപ്പോഴുണ്ടായ സംശയങ്ങൾ ചൂണ്ടിക്കാട്ടി ഞാൻ രാജിനോട് ചോദിച്ചു, ''ഇങ്ങനെയൊക്കെ എഴുതുമ്പോൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവില്ലേ? താങ്കൾക്ക് അറിയാമല്ലോ, ഇന്ത്യയിലെ പത്രമാധ്യമങ്ങൾ ഇപ്പോൾ നേരിടുന്ന ഭീഷണികൾ. അടച്ചുപൂട്ടലുകൾ തുടങ്ങിക്കഴിഞ്ഞു. ഇവിടെയും അങ്ങനെ സംഭവിക്കുമോ?''
''അതിന് കെനിയ ഇന്ത്യയല്ലല്ലോ''! രാജ്മോഹൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.