ഒരു ദിവസമെങ്കിലും രാജാവിനെപ്പോലെ ജീവിക്കണമെന്ന് പലരും കൊതിച്ചിട്ടുണ്ടാകും. എല്ലാവിധ സുഖസൗകര്യങ്ങളോടെ അത്യാഡംബരങ്ങൾ നിറഞ്ഞ വസതിയിലൊരു താമസം. ഇത്തരം സ്വപ്നങ്ങൾ കൊണ്ടുനടക്കുന്നവർക്ക് പറ്റിയ ധാരാളം ഹോട്ടലുകളുണ്ട് ഇന്ത്യയിൽ. ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത, അസാധാരണമായ അനുഭവങ്ങൾ അവിടെ നിങ്ങളെ കാത്തിരിക്കുന്നു.
ഈ ഹോട്ടലുകളിൽ ഒരു ദിവസത്തെ താമസത്തിന് തന്നെ ചെലവ് പതിനായിരങ്ങൾ വരും. എന്നാൽ പോലും അവ നൽകുന്ന രാജകീയതയും സൗകര്യങ്ങളും അളവില്ലാത്തതാണ്. അവയുടെ സൗന്ദര്യവും അലങ്കാരങ്ങളും സേവനങ്ങളുമെല്ലാം മറ്റൊരു ലോകത്തേക്ക് അതിഥികളെ കൂട്ടിക്കൊണ്ടുപോകും.
രാജ്യത്തെ ഏറ്റവും ചെലവേറിയതും ആഡംബരങ്ങളിൽ മുന്നിൽനിക്കുന്നതുമായ ഏതാനും ഹോട്ടലുകളെ ഇവിടെ പരിചയപ്പെടാം.
ഒബ്റോയ് അമർവിലാസ്, ആഗ്ര
താജ്മഹൽ കൊണ്ട് പ്രശസ്തമായ ആഗ്ര നഗരം. ആ നഗരത്തിൽ രാവിലെ എണീൽക്കുമ്പോൾ ജനലിലൂടെ താജ്മഹലും പരിസരവും യമുന നദിയുമെല്ലാം കാണുകയെന്ന വികാരം പറഞ്ഞറിയിക്കാനാവാത്തതാണ്. ഒബ്റോയ് അമർവിലാസ് ഹോട്ടലിൽ റൂമെടുത്താൽ ലഭിക്കുന്ന പ്രധാന നേട്ടമിതാണ്. ഇതിന് പുറമെ ആഡംബരങ്ങളുടെ സങ്കേതമാണ് ഈ ഹോട്ടൽ. ഏകദേശം 21,000 രൂപ മുതൽ ഇവിടെ റൂം ലഭിക്കും.
കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ജയ്പുർ നഗരം. പിങ്ക് സിറ്റിയെന്ന പുരാതന നഗരത്തിൽ ലഭിക്കുന്ന രാജകീയ സൗകര്യമാണ് ഹോട്ടലാണ് രാംബാഗ് പാലസ്. ഇവിടെ 33 ഗ്രാൻഡ് സ്യൂട്ടുകളുണ്ട്. ഇതിന്‍റെ ഡൈനിങ് ഹാൾ സ്വപ്നങ്ങൾക്കപ്പുറമാണ്. 43,000 രൂപ മുതലാണ് ഇവിടത്തെ നിരക്ക് ആരംഭിക്കുന്നത്.
മുംബൈ നഗരത്തിന്‍റെ പ്രതീകമായി ഉയർന്നുനിൽക്കുന്ന ഹോട്ടലാണ് താജ്മഹൽ പാലസ്. 1903ലാണ് ഈ ഹോട്ടൽ തുറക്കുന്നത്. അറബിക്കടലിന്‍റെ തീരത്ത് ഗേറ്റ്‌വേ ഓഫ് ഇന്ത്യക്ക് അഭിമുഖമായിട്ടാണ് താജ്മഹൽ പാലസ് സ്ഥിതി ചെയ്യുന്നത്. അതിഗംഭീരമായ ഇന്‍റീരിയർ ഡിസൈനിങ്ങാണ് ഈ ഹോട്ടലിൽ. ഇവിടത്തെ ഓരോ അനുഭവങ്ങളും ആഡംബരപൂർണമാണ്, പ്രത്യേകിച്ച് കടൽ കാണാൻ കഴിയുന്ന സീ ലോഞ്ചുകൾ. ഇവിടെ 560 മുറികളും 44 സ്യൂട്ട് റൂമുകളുമുണ്ട്. 35 പാചകക്കാരടക്കം 1500 ജീവനക്കാരും ജോലി ചെയ്യുന്നു. 16,000 രൂപ മുതൽ ഇവിടെ റൂം ലഭിക്കും.
ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ വസതിയാണ് ഉമൈദ് ഭവൻ പാലസ്. ഇതിന്‍റെ ഒരു ഭാഗമാണ് താജ് ഗ്രൂപ്പ് ഹോട്ടലാക്കി മാറ്റിയത്. 1928നും 1943നും ഇടയിലാണ് ഈ മനോഹരമായ കൊട്ടാരം നിർമിച്ചത്. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരവും ഗംഭീരവുമായ അനുഭവങ്ങളിൽ ഒന്നാണിത്.
രാജസ്താനിലെ ജോധ്പൂർ രാജകുടുംബത്തിന്‍റെ വസതിയാണിത്. ഇപ്പോഴത്തെ ഉടമസ്ഥനായ ഗജ് സിംഗിന്‍റെ മുത്തച്ഛനായ മഹാരാജ ഉമൈദ് സിംഗിന്‍റെ പേരാണ് കൊട്ടാരത്തിന് നൽകിയിരിക്കുന്നത്. ഈ മണിമാളികയിൽ 347 മുറികളുണ്ട്. പാലസിന്‍റെ ഒരു ഭാഗം മ്യൂസിയമായും പ്രവർത്തിക്കുന്നു.
347 മുറികളിൽ അതിഥികൾക്കായുള്ളത് 70 റൂമുകളാണ്. അത്യാഡംബര റീഗൽ ആൻഡ് വൈസ് റീഗൽ സ്യൂട്ടുകൾ, അത്യുഗ്രൻ മഹാരാജ മഹാറാണി സ്യൂട്ടുകൾ എന്നിവയും ഇതിൽ ഉൾപ്പെടും. മഹാറാണി സ്യൂട്ടിലെ ബാത്ത് ടബ് നിർമിച്ചിരിക്കുന്നത് ഒരൊറ്റ പിങ്ക് മാർബിൾ കട്ടയിൽനിന്നും കൊത്തിയെടുത്താണ്. ഇത്തരത്തിലുള്ള ഇന്ത്യയിലെ ഏക ബാത്ത് ടബ്ബാണിത്. 50,000 രൂപക്ക് മുകളിലാണ് ഒരു ദിവസത്തെ റൂം നിരക്ക്.
കൊട്ടാരത്തിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു ആഡംബര ഹോട്ടലാണിത്. ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച അനുഭവങ്ങളിലൊന്ന്. 1893ലാണ് കൊട്ടാരത്തിന്‍റെ നിർമാണം പൂർത്തിയായത്. ചാർമിനാറിൽനിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണിത്.
ആകാശത്തിന്‍റെ കണ്ണാടി എന്നാണ് ഫലക്നുമ എന്ന ഉർദു വാക്കിന്‍റെ അർത്ഥം. 2000 വരെ ഈ പാലസ് നിസാം കുടുംബത്തിന്‍റെ സ്വകാര്യ സ്വത്തായിരുന്നു, 2000ൽ താജ് ഹോട്ടൽസ് ഗ്രൂപ്പ് പുനരുദ്ധാരണം ആരംഭിച്ചു. തുടർന്ന് 2010ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മുറികളും ഹാളുകളും വിദേശ നിർമിത വസ്തുക്കൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. 43,000 രൂപ മുതൽ ഇവിടെ റൂം ലഭിക്കും
തടാകങ്ങളുടെ നാടാണ് രാജസ്താനിലെ ഉദയ്പുർ. ഒരു താടാകത്തിന് നടുവിലായിട്ടാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. രാജകീയ അനുഭവങ്ങളാണ് ഇവിടെ എത്തുന്ന അതിഥികളെ കാത്തിരിക്കുന്നത്. ഇവിടത്തെ താമസത്തിനൊപ്പം ഭക്ഷണവും മികച്ച അനുഭവമായി മാറും. 34,000 രൂപ മുതലാണ് ഈ ഹോട്ടലിലെ നിരക്ക് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.