അബു ഇസ്മായിൽ ലെബോട്സയിലെ പള്ളിക്ക് മുന്നിൽ

ബോട്സ്വാനയിലെ പള്ളിയും, പിന്നെ പെരുന്നാളും

കാർ അതിവേഗം കുതിച്ചു പായുകയാണ്. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത് രാമേട്ടനാണ്. സ്പീഡിൽ കാർ ഓടിക്കുന്ന കാര്യത്തിൽ ബോട്സ്വാനയിലെ മമ്മൂട്ടിയാണ് രാമേട്ടൻ.

കാറിന്റെ സ്പീഡോമീറ്റർ 200 തൊട്ടു. BMW റോഡിലൂടെ പറക്കുകയാണ്. നല്ല റോഡായതിനാൽ കാറിനകത്ത് യാതൊരു കുലുക്കവുമില്ല. ആകാശ യാത്ര പോലെ ശാന്തമായ ഒരു റോഡ് യാത്ര. 

കുറ്റിക്കാടുകളും മുൾപൊന്തകളും ചിതറിക്കിടക്കുന്ന കലാഹരി മരുഭൂമിയാണ് റോഡിനിരുവശവും. ഉച്ചവെയിൽ നാളങ്ങൾ കാറിലേക്ക് എത്തിനോക്കുന്നുണ്ട്. ബോട്സ്വാനയുടെ തലസ്ഥാനമായ ഹാബറൂണിയിൽ നിന്നും എൺപത് കിലോമീറ്റർ അകലെയുള്ള ലൊബാട്സെയിലേക്കാണ് ഞങ്ങളുടെ യാത്ര.

രാമചന്ദ്രൻ ഒട്ടപ്പത്ത് എന്ന രാമേട്ടൻ ആഫ്രിക്കക്കാർക്ക് മിസ്റ്റർ റാം ആണ്. രാമേട്ടൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളി മുതൽ രാമേട്ടൻ മുതലാളി എന്നു വിളിക്കുന്ന ബോട്സ്വാനയുടെ പ്രസിഡന്റ് വരെ അദ്ദേഹത്തെ വിളിക്കുന്നത് റാം എന്നാണ്. 

പള്ളിക്ക് അകത്ത് കൂട്ടുകാരോടൊപ്പം

സൗത്ത് ആഫ്രിക്കയിലെ റീട്ടെയിൽ രാജാവാണ് തൃശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശിയായ രാമചന്ദ്രൻ. നൂറോളം സൂപ്പർ മാർക്കറ്റുകളുടെ ഉടമ. ഞങ്ങൾ ലൊബാട്സയിലെത്തി. ദക്ഷിണാഫ്രിക്കൻ അതിർത്തി യോട് ചേർന്ന കൊച്ചു പട്ടണം. ഗ്രാമത്തിൻ്റെ മുഖമുള്ള ഒരു പട്ടണം എന്ന് പറയാം.

ഇവിടെ നിന്നും അഞ്ചു കിലോമീറ്റർ അകലെയാണ് സൗത്ത് ആഫ്രിക്ക. ലൊബാട്സയിലെ WAY SIDE SUPER MARKET ൽ നിന്നാണ് രാമേട്ടൻ വിജയത്തിലേക്കുള്ള തൻ്റെ ജൈത്രയാത്ര തുടങ്ങിയത്.

മധ്യാഹ്ന പ്രാർത്ഥനയുടെ (ളുഹ്ർ) സമയമായി. രാമേട്ടൻ്റെ ലെബോട്സയിലെ കൂട്ടുകാരൻ അബു ഇസ്മായിലിൻ്റെ കൂടെ ഞാൻ കുറച്ചകലെയുള പള്ളിയിലേക്ക് പുറപ്പെട്ടു. തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ ഒരു കൊച്ചു പള്ളി. നീല വർണ്ണത്തിലുള്ള കാർപ്പെറ്റിട്ട പള്ളിയുടെ അകം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.


പ്രാർത്ഥന കഴിഞ്ഞ് അബുവിന്റെ സുഹൃത്തുക്കളോട് സംസാരിച്ചു പള്ളിയിൽ നിന്നിറങ്ങി. പള്ളിക്ക് മുന്നിലെ ഈന്തപ്പനയുടെ തണലിൽ നീലാകാശത്തിനു കീഴിലിരുന്നു അബു ഇസ്മായിൽ പള്ളിയുടെ ചരിത്രം എനിക്കു പറഞ്ഞു തന്നു.

"1960 കളിൽ ദക്ഷിണ ആഫ്രിക്കയിലെ കരിമ്പു തോട്ടത്തിൽ ജോലി ചെയ്യാൻ വേണ്ടി ഇന്ത്യയിൽ നിന്നും വന്ന ഗുജറാത്തികളായ മുസ്‌ലിം ചെറുപ്പക്കാർ തൊട്ടടുത്ത ബോട്സ്വാനയിലെ ലൊബാട്സയിലെത്തി ചെറിയ ചില കച്ചവടങ്ങൾ തുടങ്ങി. പ്രാർത്ഥിക്കാൻ വേണ്ടി ഒരു പള്ളി വേണമെന്ന് അവർ ആഗ്രഹിച്ചു. അബുവിൻ്റെ പിതാവ് ഇസ്മായിൽ മുൻകൈയെടുത്ത് ഒരു ചെറിയ പള്ളിയുണ്ടാക്കി.

1965 ലെ ഒരു വെള്ളിയാഴ്ച ജുമുഅ നിസ്ക്കാരത്തോടെ പള്ളി വിശ്വാസികൾക്ക് തുറന്നു കൊടുത്തു. ബോട്സ്വാനയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയാണിത്.


ഇപ്പോൾ നിങ്ങൾ പള്ളിയിൽ കണ്ട എൻ്റെ കൂട്ടുകാരുടെ പിതാക്കന്മാരും ബന്ധുക്കളും ചേർന്നാണ് ഈ പള്ളി പണിതത്. പിന്നീട് തുർക്കിയിലെ സമ്പന്നനായ ഒരു കച്ചവടക്കാരനാണ് ഇന്നീ കാണുന്ന രീതിയിലുള്ള പള്ളിയാക്കി മാറ്റിയത്.

ബോട്സ്വാനയിലെ ആദ്യത്തെ പള്ളിയിൽ പ്രാർത്ഥിക്കാൻ കഴിഞ്ഞതിൽ സർവശക്തനായ അല്ലാഹുവിന് ഞാൻ സ്തുതിയോതി.

"കോവിഡ് കാലത്ത് സർക്കാരിന്റെ നിർദേശം അനുസരിച്ചു കഴിഞ്ഞ രണ്ടു വർഷമായി പള്ളി അടച്ചിരിക്കുകയായിരുന്നു. ഇത്തവണ റമസാൻ മാസത്തിലാണ് പള്ളി തുറന്നത്. 

പള്ളിയിൽ പെരുന്നാൾ തലേന്ന് പടക്കം പൊട്ടിച്ചും, പൂത്തിരി കത്തിച്ചും കുട്ടികൾ പെരുന്നാളിനെ വരവേൽക്കും. രാവിലെ എട്ടു മണിക്കാണ് പെരുന്നാൾ നിസ്കാരം. ഇരൂന്നൂറ്റമ്പതോളം പേർക്ക് നമസ്കരിക്കാനുള്ള സൗകര്യം പള്ളിയിലുണ്ട്. സ്ത്രീകളുടെ നമസ്കാരത്തിനായി പള്ളിയുടെ മുകളിൽ പ്രത്യേകം സജ്ജീകരിച്ച ഹാൾ ഉണ്ട്.

പുലർച്ചെ സുബഹി നിസ്കാരം കഴിഞ്ഞു ആളുകൾ ഖബർസ്ഥാനിൽ പോയി മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചു വീട്ടിലേക്ക് തിരിച്ചു പോവും. എട്ടു മണിയാവുമ്പോഴേക്കും ഈദ് ഗാഹിലെത്തി പെരുന്നാൾ നമസ്കാരം നിർവഹിക്കും.

പിന്നീട് ഫിത്വർ സകാത്ത് വിതരണം.ഇത്തവണ പാവപ്പെട്ടവർക്ക് വേണ്ടി ധാന്യങ്ങളും പലവ്യഞ്ജനങ്ങളുമാണ് വിതരണം ചെയ്യുന്നത്."അബു പറഞ്ഞു.

ഏകദേശം അഞ്ഞൂറോളം മുസ്‌ലിങ്ങളാണ് ലെബോട്സയിലുള്ളത്.കൂടുതലും ഗുജറാത്തികൾ , ചുരുക്കം പാക്കിസ്ഥാനികളും, ബംഗ്ലാദേശികളുമുണ്ട്.

മലയാളിയായ ഒരു മുസ്‌ലിമും ലൊബാട്സയിലില്ലെന്നാണ് അബു എന്നോട് പറഞ്ഞത്. അതിശയം തന്നെ!!

ആഹ്ലാദത്തിന്റെ, ആഘോഷത്തിന്റെ പെരുന്നാൾ ഇത്തവണ ഞങ്ങളുടെ കൂടെയാവാം എന്ന അബുവിന്റെ സ്നേഹപൂർവമായ ക്ഷണം നിരസിച്ചു, ഞാൻ രാമേട്ടനൊടൊപ്പം ഗബറൂണിയിലേക്ക് തിരിച്ചു .

അങ്ങ് അകലെ മുത്തുകളുടെ നാടായ ബഹ്റൈനിലേക്ക് തിരിച്ചെത്താൻ എനിക്ക് ധൃതിയായി. കുടുംബത്തോടൊപ്പം പെരുന്നാളിൻ്റെ ,ആഹ്ളാദത്തിൻ്റെ ആഘോഷത്തിലേക്ക് ഊളിയിടാൻ എൻ്റെ മനസ് വല്ലാതെ കൊതിച്ചു......

Tags:    
News Summary - Masjid in Botswana and the Eid al Fitr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.