കൽപറ്റ: ജനുവരി 25 മുതൽ മാനന്തവാടി ഡിപ്പോയിൽനിന്ന് ആരംഭിക്കുന്നത് 'മോണിങ് ജംഗിൾ സഫാരി'. മാനന്തവാടി ഡിപ്പോയിൽനിന്ന് പുലർച്ചെ 5.30ന് ആരംഭിച്ച് രാവിലെ 9.30ന് മാനന്തവാടിയിൽ അവസാനിക്കുന്ന തരത്തിലാണ് മോണിങ് ജംഗിൾ സഫാരി ക്രമീകരിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സുൽത്താൻ ബത്തേരിക്ക് പിന്നാലെ മാനന്തവാടി ഡിപ്പോയിൽനിന്നും ഉടനെ ജംഗിൾ സഫാരി ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ചത്തെ ഗ്രാമവണ്ടി ഉദ്ഘാടന ചടങ്ങിൽ ഗതാഗത മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായി.
ബത്തേരിയിലേതിന് സമാനമായി 300 രൂപയാണ് മാനന്തവാടിയിലെ ജംഗിൾ സഫാരിയുടെ നിരക്ക്. പുലർച്ചെ 5.30ന് മാനന്തവാടി ഡിപ്പോയിൽനിന്ന് ആരംഭിച്ച് കാട്ടിക്കുളം വഴി തിരുനെല്ലിയിലെത്തും. തുടർന്ന് തിരുനെല്ലിയിൽനിന്ന് തോൽപ്പെട്ടി വഴി കാട്ടിക്കുളത്തെത്തും. അവിടെ നിന്നും അതിർത്തിയായ ബാവലി വരെ പോയശേഷം രാവിലെ 9.30ഓടെയായിരിക്കും മാനന്തവാടിയിൽ തിരിച്ചെത്തുക. നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന രാവിലെയുള്ള ജംഗിൾ സഫാരി സഞ്ചാരികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജംഗിൾ സഫാരിക്കുള്ള ബുക്കിങും ഉടനെ ആരംഭിക്കും. കഴിഞ്ഞ ഒക്ടോബറിൽ സുൽത്താൻ ബത്തേരി ഡിപ്പോയിൽനിന്ന് ആരംഭിച്ച ജംഗിൾ സഫാരിയിലൂടെ ഇതിനോടകം ആറു ലക്ഷത്തോളം രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് വരുമാനമായി ലഭിച്ചത്. ജംഗിൾ സഫാരിക്ക് പുറമെ കുറഞ്ഞ ചിലവിൽ സഞ്ചാരികൾക്ക് താമസിക്കാൻ കഴിയുന്ന സ്ലീപ്പർ ബസ് സംവിധാനവും മാനന്തവാടിയിൽ വൈകാതെ ആരംഭിക്കും. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.