മൂന്നാര്‍: വരയാടുകളുടെ പ്രജനനകാലത്തെത്തുടര്‍ന്ന് അടച്ചിട്ട ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്നിന് തുറക്കും. ഇത്തവണ രാജമലയിലേക്കുള്ള ടിക്കറ്റ് വിതരണം ഓൺലൈൻ വഴിയാക്കിയതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. പ്രജനനകാലം അവസാനിച്ചതോടെയാണ് രാജമലയിൽ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്.
ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. ഇരവികുളത്ത് ഇത്തവണ ഇതുവരെ നൂറിലധികം വരയാടിൻ കുഞ്ഞുങ്ങള്‍ പിറന്നതായി അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ. നേര്യംപറമ്പില്‍ പറഞ്ഞു. ടൂറിസം സോണായ രാജമലയില്‍ മാത്രം 17 കുഞ്ഞ് പിറന്നു.
രാജമലയിൽ വരുന്ന സഞ്ചാരികളുടെ സൗകര്യാര്‍ഥം അവര്‍ താമസിക്കുന്ന മൂന്നാറിലെ ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന് പ്രത്യേകം തയാറാക്കിയ ക്യു.ആര്‍ കോഡ് സ്റ്റാന്‍ഡുകള്‍ ഏപ്രില്‍ ഒന്നിനുമുമ്പ് സ്ഥാപിക്കും.
മൂന്നാറിലെ 300 സ്ഥാപനങ്ങളിലാണ് ക്യു.ആര്‍ കോഡ് സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കുക. സഞ്ചാരികള്‍ക്ക് ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്ത് മുന്‍കൂറായി ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത ശേഷം ലഭിക്കുന്ന മെസേജില്‍ നല്‍കിയ സമയത്ത് പ്രവേശന കവാടമായ അഞ്ചാം മൈലിലെത്തി വനം വകുപ്പ് സജ്ജമാക്കിയ വാഹനത്തില്‍ രാജമലയിലെത്താം.
ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശബ്ദരേഖയിലൂടെ ഇരവികുളം ദേശീയോദ്യാനത്തിന്റെ വിവരങ്ങള്‍, ലഭിക്കുന്ന സേവനങ്ങള്‍, ചെയ്യരുതാത്ത കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് സഞ്ചാരികള്‍ക്ക് നിർദേശം നൽകും. വിദേശികള്‍ക്ക് 500ഉം സ്വദേശികള്‍ക്ക് 200ഉം രൂപയാണ് പ്രവേശന ഫീസ്.
അറ്റകുറ്റപ്പണിക്ക് അടച്ചിട്ട മറയൂര്‍ റോഡിലെ ലക്കം വെള്ളച്ചാട്ടവും ഏപ്രില്‍ ഒന്നിന് തുറന്നുകൊടുക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വി. വിനോദ് പറഞ്ഞു. വെള്ളച്ചാട്ടത്തില്‍ കുളി കഴിക്കാനെത്തുന്നവര്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യങ്ങള്‍, ശൗചാലയങ്ങള്‍, ഭക്ഷണശാല എന്നീ സംവിധാനങ്ങള്‍ പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജമല സന്ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ വിലാസം: www.eravikulamnationalpark.in, www.munnarwildlife.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.