ഒർഹാൻ പാമുക്കിന്റെ കഥകളിലെ ഇസ്തംബൂളിനെയും എലിഫ് ശഫക്കിന്റെ ‘ഫോര്‍ട്ടി റൂള്‍സ് ഓഫ് ലഫ്’ എന്ന നോവലിലെ പ്രിയപ്പെട്ട റൂമിയെയും ശംസ് തബ്രീസിയെയും തിരഞ്ഞുള്ള ഒരു യാത്രയായിരുന്നു തുര്‍ക്കിയയിലേക്ക് എത്തിച്ചത്.
ബോസ്ഫർസിന്റെ ചാരെ കുമിഞ്ഞു കൂടിയ ഒരു വലിയ നഗരം. അതിലൂടെ അതിവേഗം ചലിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് കപ്പലുകളും ബോട്ടുകളും...ഈ സുന്ദരമായ ആകാശക്കാഴ്ചകള്‍ക്ക് അറുതി വരുത്തി, മനം കവര്‍ന്ന ഒരു വൈകുന്നേരമാണ് ഇസ്തംബുളില്‍ എത്തിച്ചേര്‍ന്നത്.
ബോസ്ഫർസ് നദിക്ക് യൂറോപ്യൻ, ഏഷ്യന്‍ എന്നും പേരിട്ടു വിളിക്കുന്ന രണ്ടു തീരങ്ങളുണ്ടതിനു...അതിനെ ബന്ധിപ്പിക്കുന്ന പാലങ്ങൾ...
വളരെ തിരക്കേറിയ പട്ടണമാണ് ഇസ്തംബൂള്‍. യൂറോപ്യൻ സംസ്കാരത്തിനു കാർന്നെടുക്കാൻ സാധിക്കാത്ത അറേബ്യന്‍ പൈതൃകവും മൂല്യങ്ങളും വാസ്തുനിര്‍മിതികളും, രണ്ടു സംസ്കാരങ്ങളുടെ സംഗമം തുർക്കിയയെ കൂടുതൽ അനഘമാക്കുന്ന ഒന്നാണ്.
ചരിത്രമുറങ്ങുന്ന ആ മണ്ണിൽ പള്ളികൾ എണ്ണിയാലൊടുങ്ങില്ല. പതിനാലാം നൂറ്റാണ്ടു മുതല്‍ ഏഷ്യയിലെ പല സ്ഥലങ്ങളും ഭരിച്ച ഓട്ടോമൻ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു തുർക്കിയ. ഇസ്‌ലാമിക വാസ്തുനിർമിതികളുടെ കണ്ണഞ്ചിപ്പിക്കുന്ന കലവറയാണ് ഇസ്തംബൂള്‍. പ്രശസ്തമായ ബ്ലൂ മൂൺ മോസ്‌ക്കും ഹാഗിയ സോഫിയയും പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നതായി തോന്നി. രാജ്യത്തിന്റെ വലിയൊരു സാമ്പത്തിക സ്രോതസ്സുകൂടിയായി മാറിയ ടൂറിസത്തിന്റെ അടിവേരുകളായ, വർഷങ്ങൾ കാലപ്പഴക്കമുള്ള ഇത്തരം നിർമിതികൾ, ഇന്നും വലിയ കേടുപാടുകളില്ലാതെ സൂക്ഷിക്കുന്നതിൽ തുർക്കിയ ഗവൺമെൻറ് നല്ലൊരു ശ്രദ്ധനല്‍ക്കുന്നത് അവിടെ സന്ദര്‍ശിക്കുമ്പോള്‍ വ്യക്തമാവുന്നു.
പഴമയുടെ മട്ടിലും കെട്ടിലും ഒരു മാറ്റങ്ങളുമില്ലാതെ പുരാവസ്തുശേഖരണത്തിന്റെ അത്ഭുതമായ ഒരു കാഴ്ച സമ്മാനിച്ച ടോപ് കാപ്പി മ്യൂസിയം, റോമന്‍ ബൈസാൻറിയന്‍ അറബ് ചരിത്രങ്ങളുടെ അറിവുകള്‍ പകര്‍ന്നുതന്നു. പള്ളിയിലേക്കും മ്യൂസിയത്തിലേക്കുമെല്ലാമുള്ള വഴിമധ്യേ ചെസ്റ്റ് നട്ട്, കമ്പം എന്നിവ ചുട്ടത് വിൽക്കുന്ന ഉന്തു വണ്ടികൾ. സിമിത് എന്നു വിളിക്കുന്ന ഒരു തരം ബ്രെഡ് വിൽക്കുന്ന വണ്ടികൾ ഒരു സ്ഥിരക്കാഴ്ചയായിരുന്നു.
ബൈസാൻറിയൻ കാലത്ത് നിർമിച്ച എട്ട് നിലകളുള്ള ഗലാട്ടാ ടവറിൽ നിന്നും ഇസ്തംബൂളിന്റെ മനോഹാരിത വീണ്ടും നുകർന്നു ബോസ്ഫറസിന്റെ തീരത്തേക്ക് നടന്നു.
ഗ്രാന്‍ഡ് ബസാര്‍ എന്നറിയപ്പെടുന്ന പ്രസിദ്ധമായ മാര്‍ക്കറ്റിലൂടെ വ്യത്യസ്തമായ സുഗന്ധവ്യജ്ഞനങ്ങള്‍ മുതല്‍ എല്ലാ സാധനങ്ങളും ലഭ്യമാകുന്ന ഒരു തിരകേറിയ വീഥികൾ ഇസ്താംബൂളിനെ കൂടുതല്‍ ഹൃദയദാരിയാക്കി. തീര്‍ത്തും ട്രാഫിക് നിശ്ചലമാവുന്ന സായാഹ്നങ്ങളില്‍ മെട്രോയും ജങ്കാര്‍ ബോട്ടുകളുമാണ് അവിടുത്തുക്കാര്‍ കൂടുതല്‍ ഉപയോഗപെടുത്തുന്നത്.
ഇരുട്ടും മുന്‍പ് ബോസ്ഫർസിലൂടെ ഒരു ബോട്ട് യാത്രക്കായി പുറപെട്ടു. അങ്ങോട്ടുമിങ്ങോട്ടും അതിവേഗം കടന്നുപോകുന്ന സ്പീഡ് ബോട്ടുകളും, ഇടക്ക് നങ്കൂരമിട്ട വലിയ ക്രൂയിസ് കപ്പലുകളും. പ്രസിദ്ധമായ ഡോള്‍മുബാചേ മ്യൂസിയവും, ഏഷ്യന്‍, യൂറോപ്യന്‍ ഭാഗങ്ങളിലെ വ്യത്യസ്ത നിര്‍മിതികളെല്ലാം കാണാന്‍ സാധിച്ചു.
ബോട്ടിനു ചുറ്റും വട്ടമിട്ടുപറക്കുന്ന സീഗള്‍ പക്ഷികളെപോലെ, കാഴ്ചകളെല്ലാം കാമറയിലേക്ക് പകര്‍ത്തി, തിങ്ങിനിറഞ്ഞ ബോസ്ഫറസ് തീരങ്ങളിലേക്ക് കണ്ണയച്ചു ആ സായാഹ്നം കടന്നുപോയി.
പിന്നീട് ഓട്ടോമന്‍ രാജാക്കന്മാരായ ഏർതൃഗ്രുൾ, ഒസ്മാൻ ഗാസി എന്നിവരുടെ മഖ്‌ബറകളും മറ്റ് അവശേഷിപ്പുകളും കാണാന്‍ ബുർസ, സോഗുത്ത് എന്നീ സ്ഥലങ്ങളിലേക്കും ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന ഹോട്ട് എയര്‍ ബലൂണിനു പ്രസിദ്ധമായ കപ്പഡോക്കിയ, റൂമിയുടെ സ്വന്തം കോനിയ, മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളായ അൻറാലിയ, പാമുകുലേയും കൂട്ടിച്ചേർത്ത് ഞങ്ങൾ വരച്ചുണ്ടാക്കിയ റൂട്ട് മാപ്പും ഒപ്പം നമ്മുടെ സ്വന്തം ഗൂഗിൾ മാപ്പും കൂടെ കൂട്ടി ഇസ്തംബൂളിൽ നിന്നും ഒരു റെൻറ് എ കാർ എടുത്തായിരുന്നു യാത്ര തുടർന്നത്. ഒര്‍ഹാന്‍ പാമുക്കിന്റെ കഥകളില്‍ നിറയെ മഞ്ഞുമൂടി കിടന്നിരുന്ന ബുർസ പച്ചവിരിച്ചായിരുന്നു ഞങ്ങളെ വരവേറ്റത്. പൈന്‍ മരങ്ങള്‍പോലെ സാമ്യമുള്ള മരങ്ങളാല്‍ തിങ്ങിനിറഞ്ഞ പ്രദേശമാണെങ്കിലും നമ്മുടെ കാടിന്റെയത്ര ഭീകരതയൊന്നും തോന്നാത്തതായിരുന്നു വഴിയരികിലെ കാഴ്ചകള്‍.
പച്ചപ്പും മണ്ണും ഇടകലർന്ന കുന്നും മലയും താണ്ടി ഇരുന്നൂറിനടുത്ത് സ്പീഡിൽ ട്രൈലറുകൾ മറികടന്നുള്ള ഹൈവേ യാത്രകൾ, ഇടക്കിടെ നിർത്തുമ്പോൾ കാണുന്ന ഗ്രാമപ്രദേശങ്ങളും, ഷീറ്റും തുണിയും വെച്ച് കെട്ടി വഴിയിൽ പഴങ്ങൾ കച്ചവടം നടത്തുന്ന കർഷകർ, യാത്രക്കാരുടെ നമസ്കരിക്കാനും ചായകുടിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കും മാത്രമായി വലിയ കുന്നിനുമുകളിലുമെല്ലാം ടെൻറ് കൂട്ടി കച്ചവടവുമായി താമസിക്കുന്ന പ്രദേശവാസികൾ.
ബുര്‍സ കഴിഞ്ഞു കപഡോകിയയിലേക്കുള്ള യാത്രാമധ്യേ വഴിയരികില്‍ നിന്നും വാങ്ങി മതിവരോളം ചെറിയും സ്ട്രോബെറിയും കഴിച്ച നാളുകളായിരുന്നുത്.
ഇസ്‌തംബൂളിലെ പ്രൗഡിയും ഗാഭീര്യവുമൊന്നുമില്ലെങ്കിലും ഗ്രാമങ്ങളില്‍ കുഞ്ഞു കുഞ്ഞു വീടുകളിൽ താമസിക്കുന്ന നന്മനിറഞ്ഞ ഒരുപാട് നല്ല മനുഷ്യരെ യാത്രയിൽ കാണാനായി. ഒരു രാജ്യത്തിനെ കുറിച്ച് കൂടുതൽ അറിയാൻ അവിടത്തെ ഗ്രാമങ്ങളിൽ ചെന്ന് അന്വേഷിക്കണം എന്നുപറയുന്നത് സത്യമാണ്. പ്രഹസനങ്ങളില്ലാത്ത മനുഷ്യരെ കാണാൻ ഗ്രാമങ്ങളിൽ തന്നെ എത്തിച്ചേരേണ്ടതുണ്ട്.
അലിയുടെ ഗ്ലൗ
ത്രീ ടു വൺ ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിലെത്തുന്ന സന്ദർശകർക്ക് ഒരു കാലത്തിന്റെ കായിക ചരിത്രം പകരുന്ന സാന്നിധ്യമാണ് ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ ഗ്ലൗ. ഇടിക്കൂട്ടിൽ അലിക്ക് ഒരുപാട് വിജയങ്ങൾ സമ്മാനിച്ച ഇടം കൈയിലെ ഗ്ലൗ.
1960 റോം ഒളിമ്പിക്സ് ഉൾപ്പെടെ നിരവധി കിരീട വിജയങ്ങളിലേക്ക് അലിക്ക് ഇടിച്ചുകയറാൻ കരുത്തേകിയ ഗ്ലൗവിന് ഒരുപാട് ചരിത്രവും പറയാനുണ്ട്. 'Cassius Marcellus Clay “Rome Bound" -എന്ന ഒപ്പോടെയാണ് തവിട്ടു നിറത്തിലെ ലെതർ ഗ്ലൗ കാഴ്ചക്കാരെ കാത്തിരിക്കുന്നത്. അതിൽ, 1959,1960 കാലഘട്ടത്തിലെ ഓരോ നേട്ടങ്ങളും അലിയുടെ കൈയക്ഷരങ്ങളാൽ മായ്ക്കപ്പെടാതെ അടയാളപ്പെടുത്തിയിരിക്കുന്നു.
റോം ഒളിമ്പിക്സിൽ നേടിയ സ്വർണ മെഡലായിരുന്ന പിന്നീട് താൻ ഉൾപ്പെടുന്ന കറുത്ത വംശജർ നേരിടുന്ന വർണവിവേചനത്തിനെതിരായ പ്രതിഷേധവുമായി ഒഹായോ നദിയിൽ വലിച്ചെറിഞ്ഞത്. ത്രീ ടു വൺ ഒളിമ്പിക് മ്യുസിയത്തിലെ നിരവധി കാഴ്ചകൾക്കിടയിൽ അലിയുെട വിയർപ്പും പോരാട്ട വീര്യവും പതിഞ്ഞുകിടക്കുന്ന ഗ്ലൗവിന്റെ കാഴ്ച ഐതിഹാസിക ചരിത്രം കൂടിയാണ് ഓർമപ്പെടുത്തുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.