മഞ്ഞുമൂടിയ ഹിമാലയ മലനിരകളും ചിനാർ മരങ്ങൾ തണൽവിരിക്കുന്ന താഴ്വാരങ്ങളുമായി കാഴ്ചകളുടെ സ്വർഗമാണ് ജമ്മു കശ്മീർ. അതോടൊപ്പം തന്നെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നാട് കൂടിയാണിവിടം. കശ്മീരിന്റെ പൈതൃക കാഴ്ചകളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ബസ് സർവിസ് ആരംഭിച്ചിരിക്കുകയാണ് ടൂറിസം വകുപ്പ്. 28 വർഷങ്ങൾക്ക് ശേഷമാണ് സർവിസ് പുനരാരംഭിക്കുന്നത്.
ശ്രീനഗർ സിറ്റി ഹെറിറ്റേജ് ടൂർ ബസ് സർവിസ് വഴി പ്രദേശത്തെ പൈതൃക കേന്ദ്രങ്ങൾ, രുചിവൈവിധ്യങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയെല്ലാം വിനോദസഞ്ചാരികൾക്ക് അടുത്തറിയാനാകും. സബർവാൻ പാർക്കിൽനിന്നാണ് സർവിസ് ആരംഭിക്കുക. ബുർഷാമ, ചതിപദ്ഷാഹി, ജാമിഅ മസ്ജിദ്, ഹസ്രത്ബാൽ, ഹരിപർബത്ത്, ബൊളിവാർഡ്, ബുദ്ധമത സൈറ്റായ ഹർവാൻ, നിഷാത് ഗാർഡൻ, പരി മഹൽ തുടങ്ങിയ സ്ഥലങ്ങളാണ് സഞ്ചാരികൾക്ക് സന്ദർശിക്കാനാവുക.
പുതിയ ടൂർ ബസ് സർവിസ് കഴിഞ്ഞദിവസം ടൂറിസം സെക്രട്ടറി സർമദ് ഹഫീസ് കന്നി ഫ്ലാഗ് ഓഫ് ചെയ്തു. കശ്മീരിൽ രാത്രികാല സ്കീയിംഗും നൈറ്റ് ഷിക്കാരയും ആരംഭിക്കുന്നതിനെ കുറിച്ചും ടൂറിസം വകുപ്പ് ആലോചിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ദേശീയ ടൂറിസം ദിനത്തോടനുബന്ധിച്ച് ഗുൽമാർഗ്, ദൂദ്പത്രി, സോനാമാർഗ് എന്നിവിടങ്ങളിൽ വിനോദസഞ്ചാര വകുപ്പ് സ്നോ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കൂടാതെ ദാൽ തടാകത്തിൽ രാത്രി നടന്ന ശിക്കാറുകളുടെ യാത്രയും അവിസ്മരണീയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.