ന്യൂഡൽഹി: റെയിൽവേ മന്ത്രാലയവുമായി സഹകരിച്ച് ടൂറിസം മന്ത്രാലയം 'സ്വദേശ് ദർശൻ' പദ്ധതിയുടെ കീഴിൽ ഡൽഹിയിൽനിന്ന് ബുദ്ധിസ്റ്റ് സർക്യൂട്ട് ട്രെയിൻ ആരംഭിച്ചു. സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽനിന്നുള്ള ട്രെയിൻ കേന്ദ്ര ടൂറിസം സഹമന്ത്രി അജയ് ഭട്ട് ഫ്ലാഗ് ഓഫ് ചെയ്തു.
ഡൽഹിയിൽനിന്ന് ആരംഭിക്കുന്ന യാത്ര ആദ്യം ബിഹാറിലെ ബോധ്ഗയയിൽ എത്തും. മൂന്നാം ദിനത്തിൽ രാജ്ഗിറും നളന്ദയുമാണ് സന്ദർശിക്കുക. അടുത്തദിവസം ഉത്തർപ്രദേശിലെ വരാണസിയിലെത്തും. പിന്നീടുള്ള യാത്ര ലുംബിനി, കുശിനഗർ എന്നിവിടങ്ങളിലേക്കാണ്. ഏഴാമത്തെ ദിവസം സരസ്വതിയിലാകും. ആഗ്ര കൂടി സന്ദർശിച്ച ശേഷമാണ് എട്ട് ദിവസം നീളുന്ന യാത്ര അവസാനിക്കുക.
'ബോധ്യ സർക്യൂട്ട്, രാമായണ സർക്യൂട്ട്, ചാർ ധാം സർക്യൂട്ട് എന്നിങ്ങനെ വ്യത്യസ്ത സർക്യൂട്ടുകൾ ഉപയോഗിച്ച് പുതുതലമുറക്ക് അവരുടെ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് അറിയാനുള്ള പദ്ധതിയാണ് 'സ്വദേശ് ദർശനെ'ന്ന് അജയ് ഭട്ട് പറഞ്ഞു. ബുദ്ധിസ്റ്റ് സർക്യൂട്ടിന്‍റെ ഭാഗമായി രാജ്യത്ത് ബുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് ആളുകളെ കൊണ്ടുപോകും. ഇത് ടൂറിസത്തെ ഉത്തേജിപ്പിക്കുകയും നമ്മുടെ ചരിത്രത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുകയും ചെയ്യും' -മന്ത്രി കൂട്ടിച്ചേർത്തു. ട്രെയിനിൽ കാന്‍റീൻ, സാനിറ്റൈസർ മെഷീനുകൾ, റെസ്റ്റോറന്‍റ് തുടങ്ങിയവയുണ്ടാകും.
വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാറുകളുടെയും സഹകരണത്തോടെ ടൂറിസം മന്ത്രാലയം ബിഹാറിലെയും ഉത്തർപ്രദേശിലെയും ബുദ്ധമത കേന്ദ്രങ്ങളിൽ ബുദ്ധിസ്റ്റ് സർക്യൂട്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. യാത്രാസൗകര്യം, അടിസ്ഥാന സൗകര്യം, ചരക്കുഗതാഗതം, സാംസ്കാരിക ഗവേഷണം, പൈതൃകം, വിദ്യാഭ്യാസം, പൊതു അവബോധം, ആശയവിനിമയം എന്നീ മേഖലയിലാണ് ബുദ്ധ സർക്യൂട്ടിന് കീഴിൽ വികസനങ്ങൾ നടക്കുന്നത്. കുശിനഗറിലെയും ശ്രാവസ്തിയിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വികസനമാണ് ഇതിൽ പ്രധാനം.
വിദേശ നാടുകളിലേക്ക് പോകുന്നതിന് മുമ്പ് ഇന്ത്യയിലെ സ്ഥലങ്ങൾ കാണാൻ പുതുതലമുറ തയാറാകണമെന്ന് ഭട്ട് പറഞ്ഞു. 'ബുദ്ധ സർക്യൂട്ട് ടൂറിസ്റ്റ് ട്രെയിൻ പോലെയുള്ള മഹത്തായ പൈതൃകങ്ങൾ നമ്മുടെ പക്കലുണ്ട്. 'ദേഖോ അപ്നാ ദേശ്' എന്ന കാമ്പയിനിന്‍റെ ഭാഗമായി പ്രാദേശിക ടൂറിസം രംഗത്ത് ഒരുപാട് വികസനങ്ങളാണ് നടക്കുന്നത്.
325.53 കോടി രൂപ ചെലവിൽ 'സ്വദേശി ദർശൻ' പദ്ധതി പ്രകാരം ടൂറിസം മന്ത്രാലയം മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ അഞ്ച് പദ്ധതികൾക്ക് അംഗീകാരം നൽകി. അതിൽ മൂന്ന് പദ്ധതികളിൽ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
സാരനാഥിലെ ധമേക് സ്തൂപ ബുദ്ധ തീം പാർക്കിൽ സൗണ്ട് ആൻഡ് ലൈറ്റ് ഷോ ഉൾപ്പെടെ വാരാണസിയുമായി ബന്ധപ്പെട്ട രണ്ട് പ്രോജക്ടുകളും നടന്നുവരുന്നു. ഏകദേശം 9.5 കോടി രൂപ ചെലവിലാണ് ഇതിന്‍റെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു. ബുദ്ധിസ്റ്റ് സർക്യൂട്ട് ട്രെയിൻ യാത്രയുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐ.ആർ.സി.ടി.സി വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.