രാവിലെ എങ്ങോട്ടേലും ഒന്ന് പോയാൽ കൊള്ളാമെന്നുണ്ട്. റോഡ് ട്രിപ്പടിച്ച് മൈൻഡ് ഒക്കെയൊന്ന് റിഫ്രഷ് ആക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ നേരെ വിട്ടോണം. പറഞ്ഞുവരുന്നത്, പോയാൽ ഒരു ലോഡ് കിടിലൻ കാഴ്ചകൾ സമ്മാനിക്കുന്ന, നട്ടുച്ചക്കും തണുപ്പ് അരിച്ചിറങ്ങുന്ന ഒരു റോഡ് യാത്രയെ കുറിച്ചാണ്. ആ റോഡ് തന്നെയാണ് ടൂറിസം ഡെസ്റ്റിനേഷൻ എന്നതാണ് ഇതിലെ കൗതുകം.
കൊച്ചി-ധനുഷ്കോടി (NH 85) ദേശീയ പാതയുടെ ഭാഗമായ മൂന്നാർ-ബോഡിമെട്ട് ഗ്യാപ് റോഡാണ് വൈറൽ ഡെസ്റ്റിനേഷൻ. ചിത്രകഥകളിലും സ്വപ്നങ്ങളിലും മാത്രം കണ്ടിട്ടുള്ള, എവിടെ കാമറവെച്ചാലും അതിമനോഹര െഫ്രയിം കിട്ടുന്ന മനംകുളിർപ്പിക്കുന്ന പ്രകൃതി ഭംഗിയുടെ വശ്യത വാരിവിതറിയ ഈ റോഡിലൂടെ ഒരു തവണയെങ്കിലും യാത്ര ഇഷ്ടപ്പെടുന്നവർ സഞ്ചരിക്കണം. അകമ്പടിക്ക് കോടമഞ്ഞും കൈയെത്തിപ്പിടിക്കാനാകുമെന്ന് തോന്നിപ്പിക്കുന്ന മേഘക്കൂട്ടങ്ങളും കായ്ച്ചുകിടക്കുന്ന ഓറഞ്ചും തേയിലത്തോട്ടങ്ങളും അതിനിടയിൽ പരന്നുകിടക്കുന്ന ആനയിറങ്കൽ ഡാമും ഇടക്കിടെ പാറക്കെട്ടുകൾക്കിടയിലൂടെ ദൃശ്യമാകുന്ന വെള്ളച്ചാട്ടങ്ങളും... കേട്ടു മറന്നതും കാണാൻ കൊതിച്ചതും മനമാഗ്രഹിച്ചതും എല്ലാം ഈ റോഡ് യാത്ര നമുക്ക് തരും.
മൂന്നാർ ടൗണിൽനിന്ന് ഏകദേശം 10 കിലോമീറ്റർ സഞ്ചരിച്ച് ദേവികുളം റൂട്ട് പിടിച്ച് 18 കിലോമീറ്റർ പിന്നിട്ട് ചിന്നക്കനാൽ കടക്കുമ്പോൾ തുടങ്ങുകയായി കണ്ണിന് വിശ്രമിക്കാൻ ഇടകൊടുക്കാത്ത കാഴ്ചകൾ. ഇരവികുളവും മാട്ടുപ്പെട്ടിയും ടോപ് സ്റ്റേഷനും ഇക്കോപോയന്റും മറയൂരും കാന്തല്ലൂരും വട്ടവടയും മൂന്നാറിന് സമീപമുള്ള പ്രിയപ്പെട്ട ഇടങ്ങളായിരിക്കും. എന്നാലിനി മുതൽ അതിനൊപ്പം ചേർത്തുപിടിക്കാൻ ഒരു റോഡ് തന്നെ സഞ്ചാരയിടമാവുകയാണ്.
സാധാരണ ഗതിയിൽ റോഡ് യാത്ര കുറേ ദൂരം പിന്നിടുമ്പോൾ ഉറക്കത്തിന്‍റെ ആലസ്യത്തിലേക്ക് പോകുന്നവരാണ് മിക്കവരും. എന്നാൽ, ഈ വഴിയിൽ ഉറക്കത്തിന് ‘ഗ്യാപ്’ ഇടും ഏത് കുംഭകർണനാണെങ്കിലും. എത്ര പോയാലും മടുപ്പിക്കാത്ത വഴിയാണിതെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഇതുവഴി പോകുന്നവരുടെ എണ്ണം. കാഴ്ചകളെ മറച്ച് ഇടക്കിടെ വലിയ മലയെ മഞ്ഞ് വിഴുങ്ങും, നിമിഷങ്ങളുടെ ഇടവേളയിൽ മഞ്ഞിനെ കീറിമുറിച്ച് പ്രകൃതി തന്‍റെ കാൻവാസ് സഞ്ചാരികൾക്കുമുന്നിൽ തുറന്നിടും. കോടമഞ്ഞ് വീണുകിടക്കുന്ന വഴിയോരത്തണുപ്പിൽ വിറക്കുന്ന സഞ്ചാരികള്‍ക്ക് ചൂടുചായയും തീക്കനലില്‍ ചുട്ടെടുക്കുന്ന ചോളവും പുഴുങ്ങിയ കടലയും ഉൾെപ്പടെ വിഭവങ്ങളുമായി റോഡരികിൽ വഴിയോര കച്ചവടക്കാരും സജീവം.
കണ്ണ് ഒന്ന് ചിമ്മാൻപോലും അനുവദിക്കാത്ത വിധമാണ് ഇവിടത്തെ കാഴ്ചകൾ. തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡും അതിന്‍റെ വശങ്ങളും പിന്നെ അണക്കെട്ടും വെള്ളച്ചാട്ടങ്ങളും അതിന്‍റെ ഭംഗിയെ ഇരട്ടിപ്പിക്കുന്നു. ആനയിറങ്കല്‍ ഡാം, പെരിയകനാല്‍ വെള്ളച്ചാട്ടം, ലാക്കാട് വ്യൂ പോയന്‍റ് തുടങ്ങിയവയൊക്കെ ഈ റോഡ് യാത്രയിൽ കാണാവുന്ന മനോഹര ഫ്രെയിമുകളാണ്. ഇടുക്കി ജില്ലയിലെ തന്നെ ആദ്യ ടോള്‍ബൂത്ത് ഈ റൂട്ടിലെ ലാക്കാട് ഭാഗത്ത് നിർമാണം പുരോഗമിക്കുന്നുണ്ട്. ആറ് കവാടങ്ങളും ഏഴ് ടിക്കറ്റ് കൗണ്ടറുകളുമാണുള്ളത്. നിലവിൽ ടോൾ പിരിക്കാൻ തുടങ്ങിയിട്ടില്ല.
നാല് മീറ്റർ മാത്രം വീതിയുണ്ടായിരുന്ന ഇടുങ്ങിയ റോഡാണ് 15 മീറ്ററാക്കിയത്. അടിക്കടി മലയിടിയുന്നതായിരുന്നു നേരിട്ട പ്രധാനപ്രശ്നം. ദേവികുളം ബ്ലോക്ക് ഓഫിസിന് സമീപ ഭാഗം, പൂപ്പാറ, ഗ്യാപ്റോഡിന്റെ കവാടം തുടങ്ങി റോഡ് കടന്നുപോകുന്ന മൂന്നര കിലോമീറ്ററോളം ഭാഗം വനഭൂമിയായിരുന്നത് മറ്റൊരു പ്രതിസന്ധിയായിരുന്നു. ഇവിടത്തെ മരങ്ങൾ വെട്ടാതെ റോഡിന് വീതികൂട്ടൽ അസാധ്യമായി മാറി. വനം വകുപ്പ് ആദ്യം മരം വെട്ടാൻ അനുമതി നൽകാതിരുന്നത് പ്രശ്നം രൂക്ഷമാക്കുകയും ചെയ്തു. ചർച്ചകൾക്കൊടുവിൽ വനം വകുപ്പിനുള്ള നഷ്ടപരിഹാരം മുൻകൂറായി കെട്ടിവെച്ചാണ് കഠിന പ്രതിസന്ധികൾ ഒരുവിധം മറികടന്നത്. 381.76 കോടി രൂപ ചെലവഴിച്ചാണ് 42 കിലോമീറ്റർ നീളമുള്ള ഗ്യാപ് റോഡ് മനോഹരമായി പുതുക്കിപ്പണിതത്. കേരളത്തിന്‍റെ അതിർത്തിപ്രദേശമായ തമിഴ്നാട്ടിലെ തേനി ജില്ലയിലെ ബോഡിമെട്ട് വരെയാണ് ഈ ഭാഗം നീളുന്നത്.
2023 ഏപ്രിൽ 29ന് ചിന്നക്കനാലിൽനിന്ന് ‘അരിക്കൊമ്പൻ’ ആനയെ മയക്കുവെടിവെച്ച് കൊണ്ടുപോയപ്പോഴുള്ള ടി.വി ചാനലുകളിലെ ലൈവ് ദൃശ്യങ്ങളിലൂടെയാണ് ഈ റോഡ് ശ്രദ്ധയാകർഷിച്ചത്. പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപമായിരുന്നു അന്ന് ആനയെ കൊണ്ടുവിട്ടത്. അരിക്കൊമ്പൻ വിഹരിച്ചിരുന്ന ഗ്യാപ് റോഡിന്‍റെ ഭാഗമായ ചിന്നക്കനാൽ 301 കോളനിയും സമീപ പ്രദേശവും കാണാൻ ‘മൃഗസ്നേഹി’കളുടെ സംഘം എത്തിയതും നാട്ടുകാർ അവരെ തടഞ്ഞതും ഉൾപ്പെടെയുള്ള വിവാദങ്ങളും ഈ റോഡിനെ കൂടുതൽ ‘വൈറലാക്കി’.
ഗ്യാപ് റോഡിന്‍റെ വിവിധയിടങ്ങളിൽ നാഷനൽ ഹൈവേ അതോറിറ്റിയുടെ ‘ആനയുടെ വിഹാരകേന്ദ്ര’ അപായ സൂചന നൽകുന്ന ബോർഡുകൾ കാണാം. കുളിരു കോരുന്ന തണുപ്പിനൊപ്പം ഈ ബോർഡുകൂടി കാണുമ്പോൾ നേരിയ ഭയമിങ്ങനെ കേറിവന്ന് നെഞ്ച് പടപടാന്ന് മിടിക്കും.
സമൂഹമാധ്യമങ്ങളിലൂടെയും ഷാറൂഖ് ഖാന്‍റെ ‘ചെന്നൈ എക്സ്പ്രസി’ലെ രംഗങ്ങളിലൂടെയും വൈറലായ ഗോവയിലെ ദൂധ്സാഗർ വെള്ളച്ചാട്ടത്തിന് സമാനമാണ് പവർഹൗസ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ‘പെരിയ കനാൽ വാട്ടർഫാൾസ്’. പെരിയാർ നദിയിൽ നിന്നുത്ഭവിച്ച് പശ്ചിമഘട്ടത്തിലെ പച്ചപ്പിന് നടുവിൽ 100 അടി (30 മീറ്റർ) ഉയരത്തിൽനിന്നാണ് പാറക്കെട്ടുകളിൽനിന്ന് താഴേക്ക് വെള്ളച്ചാട്ടം പതിക്കുന്നത്. ചുറ്റുമുള്ള തേയിലത്തോട്ടങ്ങൾ, ഇടതൂർന്ന വനങ്ങൾ, മൂടൽമഞ്ഞ് മൂടിയ കുന്നുകൾ എന്നിവ മറ്റിടങ്ങളിൽനിന്ന് ഈ വെള്ളച്ചാട്ടത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. ദേശീയപാതയിൽനിന്ന് മുകളിലേക്ക് നോക്കിയാൽ ആകാശത്തുനിന്നാണോ ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നതെന്ന് സംശയം ജനിപ്പിക്കുന്ന ഭ്രമാത്മകതയും ആസ്വദിക്കാം.
ഇവിടെ വാഹനം നിർത്തി ഫോട്ടോയെടുത്ത് കടന്നുപോയാൽ നിമിഷങ്ങൾക്കകം റോഡ് യാത്രകളുടെ എക്സ്ട്രീം ലെവലായ കൊളുക്കുമല, സൂര്യനെല്ലി–ഇടത്തേക്ക്, പൂപ്പാറ, തേനി–വലത്തേക്ക് എന്ന പച്ച ബോർഡ് കൂടി കാണുമ്പോൾ സന്തോഷമിങ്ങനെ തിമിർത്തു പെയ്യും. എത്രതവണ വന്നാലും പുതിയതായി എന്തെങ്കിലും ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ഇടമാണെന്ന് ഇവിടെ വന്നുകഴിഞ്ഞാൽ മനസ്സിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.