കുമളി (ഇടുക്കി): വിദേശികൾ ഉൾെപ്പടെ വിനോദ സഞ്ചാരികൾ ഇല്ലാതായെങ്കിലും സഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ച് മുഖം മിനുക്കുകയാണ് തേക്കടിയിലെ ആമക്കട. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സഞ്ചാരികൾക്കായുള്ള പാർക്കിന് സമീപം രണ്ട് പതിറ്റാണ്ട് മുമ്പാണ് കൗതുകം സൃഷ്ടിച്ച ആമക്കട നിർമിച്ചത്. ആമയുടെ ആകൃതിയിൽ നിർമിച്ച കട, തേക്കടിയിലെ വാഹന പാർക്കിങ് വനമേഖലക്ക് പുറത്തേക്ക് മാറ്റും വരെ സജീവമായിരുന്നു.
പെരിയാർ കടുവ സങ്കേതത്തെ സംബന്ധിച്ച ലഘുലേഖകൾ, വന്യ ജീവികളുടെ ചിത്രങ്ങൾ, കീ ചെയിനുകൾ, ടീ ഷർട്ടുകൾ, തുടങ്ങി കുടിവെള്ളവും ചായയും കാപ്പിയും വരെ ഈ കട വഴി സഞ്ചാരികൾക്ക് ലഭിച്ചിരുന്നു. വലിയ ആമയുടെ ആകൃതിയിലുള്ള കട സഞ്ചാരികളെ ആകർഷിച്ചതോടെ തേക്കടി സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ ഇവിടെത്തി ചിത്രങ്ങളെടുക്കുന്നത് പതിവായിരുന്നു.
വനമേഖലക്കുള്ളിലെ വാഹന പാർക്കിങ് പുറത്തേക്ക് മാറ്റിയതോടെ തേക്കടി ആമ പാർക്ക് പ്രദേശം വിജനമായി. സഞ്ചാരികൾ പാർക്കിലെത്താതായതോടെ കടയുടെ പ്രവർത്തനവും നിലച്ചു. എങ്കിലും തേക്കടി സന്ദർശിക്കുന്ന സഞ്ചാരികളിൽ ചിലരെങ്കിലും ബോട്ട്ലാൻഡിങ്ങിൽനിന്ന് നടന്നെത്തിയും തേക്കടിയിലേക്ക് നടന്നുപോകുന്ന സഞ്ചാരികളും ആമക്കടക്ക് മുന്നിൽനിന്ന് ചിത്രങ്ങളെടുക്കാൻ മറക്കാറില്ല. പ്രവർത്തനം നിലച്ചതോടെ നിറം മങ്ങിയ ആമ പാർക്ക് വീണ്ടും സജീവമാക്കുകയാണ് വനം വകുപ്പ് ലക്ഷ്യം.
ഇതിെൻറ ഭാഗമായി ആമക്കട വീണ്ടും ചായം പൂശി മിനുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. തേക്കടിയിലേക്ക് നടന്നും സൈക്കിളിലും പോകുന്ന വിനോദ സഞ്ചാരികൾക്ക് പാർക്കിലെത്തി വിശ്രമിക്കാനും സാധനങ്ങൾ വാങ്ങാനുമുള്ള സൗകര്യമാണ് വിനോദ സഞ്ചാരമേഖല സജീവമാകുന്നതോടെ ഇവിടെ ഒരുങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.