യുനൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്‍റെ (UNWTO) മികച്ച ടൂറിസം വില്ലേജുകളായി ഇന്ത്യയിൽനിന്ന് മൂന്ന് ഗ്രാമങ്ങളെ തെരഞ്ഞെടുത്തു. മേഘാലയിലെ കിഴക്കൻ ഖാസി ഹിൽസ് ജില്ലയിലെ ഗ്രാമമായ കോങ്‌തോങ്ങാണ് ഇതിലൊന്ന്. മേഘാലയയിലെ സോഹ്‌റക്കും പൈനുർസ്‌ലക്കുമിടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണിത്.
ഭൂപ്രകൃതി മാത്രമല്ല, ഇവിടത്തെ പ്രത്യേകതരം ആചാരം കൂടിയാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നത്. ഇവിടത്തെ ആളുകൾ പേരിന് പുറമെ പ്രത്യേക ചൂളംവിളിയിലൂടെയാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ 'വിസിൽ ഗ്രാമം' എന്നും കോങ്‌തോങ് അറിയപ്പെടുന്നു. ഇവിെട ഒരു കുഞ്ഞ് ജനിച്ചാൽ പേര് കൂടാതെ പ്രത്യേക ചൂളം വിളിയും നൽകും. പിന്നീട് ഇവരെ ഈ ചൂളമിട്ടാണ് വിളിക്കുക. ഏകദേശം 700 പേരാണ് ഈ ഗ്രാമത്തിലുള്ളത്.
കോങ്‌തോങ് കൂടാതെ തെലങ്കാനയിലെ പോച്ചമ്പള്ളി, മധ്യപ്രദേശിലെ ലധ്പുര ഖാസ് എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് രണ്ട് ഗ്രാമങ്ങൾ. തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലാണ് പോച്ചമ്പള്ളി. പരമ്പരാഗത നെയ്ത്തിന് പേരുകേട്ട സ്ഥലമാണിത്. ആയിരക്കണക്കിന് തറികൾ ഈ ഗ്രാമത്തിലുണ്ട്. പോച്ചമ്പള്ളി സതിക്ക് 2005ൽ ഭൂമിശാസ്ത്രപരമായ സൂചിക പദവി ലഭിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ ടികാംഗഡ് ജില്ലയിലാണ് ലധ്പുര ഖാസ് ഗ്രാമം. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഓർച്ചയിൽനിന്ന് ഏഴ് കിലോമീറ്റർ അകലെയാണിത്. ലധ്പുര ഖാസിലെ ഗ്രാമീണ ഹോംസ്റ്റേകളിൽ താമസിച്ച് ജനങ്ങളുടെ ജീവിതരീതികൾ അടുത്തറിയാനാകും. കൂടാതെ വിവിധ സ്മാരകങ്ങൾ സന്ദർശിക്കാനും ബുണ്ടേൽഖണ്ഡിലെ പുരാതന സാമ്രാജ്യത്തെക്കുറിച്ച് മനസ്സിലാക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.