അവിശ്വസനീയം വെള്ളത്തിനടിയിലെ ഈ വനങ്ങൾ; കേരളത്തിലുമുണ്ട്​ ഒരെണ്ണം

വൈവിധ്യമായ കാഴ്ചകളുടെ നിറഞ്ഞതാണ്​ ഭൂമിയി​ലെ ഓരോ പ്രദേശവും. പർവതങ്ങളും പുഴകളും മരുഭൂമിയും തടാകങ്ങളുമെല്ലാം ഈ കാഴ്ചകളെ വേറിട്ടതാക്കുന്നു. ഇതിനിടയിൽ പല അപൂർവ കാഴ്​ചകളുമുണ്ട്​. അത്തരത്തിലൊന്നാണ്​ വെള്ളത്തിനിടയിലെ വനങ്ങൾ. പ്രകൃതിദത്തവും മനുഷ്യനിർമിതമായ കാരണങ്ങളാലും ഇത്തരം വനങ്ങൾ രൂപപ്പെടാറുണ്ട്​. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട, ലോകത്തിലെ ​മനോഹരമായ വെള്ളത്തിനടിയിലുള്ള ഏതാനും വനങ്ങളെ ഇവിടെ പരിചയപ്പെടാം.

ക്ലിയർ ​ലേക്ക്​ ഫോറസ്റ്റ്​, ഒറിഗോൺ

അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ ഒറിഗോണിലാണ്​ ഈ തടാകം സ്​ഥിതി ചെയ്യുന്നത്​. 7000 വർഷം മുമ്പ് സാധാരണമായിരുന്ന ലാവാ പ്രവാഹം കാരണമാണ്​ ഈ തടാകം രൂപപ്പെട്ടത്. ലാവയടിഞ്ഞ്​ പ്രകൃതിദത്തമായ ഡാം രൂപപ്പെടുകയും ഈ ഭാഗത്ത്​ വെള്ളം ഉയർന്ന്​ തടാകമായി മാറുകയുമായിരുന്നു.


സമുദ്രനിരപ്പിൽനിന്ന്​ 3000 അടിയിലധികം ഉയരത്തിലാണ് തടാകം സ്​ഥിതി ചെയ്യുന്നത്​. ഇതിന്​ ചുറ്റും എപ്പോഴും നല്ല തണുപ്പാണ്​. മൃഗങ്ങളുടെയും ആകർഷകമായ സസ്യങ്ങളുടെയും ആവാസ കേന്ദ്രമായ ഈ വനത്തിലൂടെ നീന്താൻ നിരവധി പേരാണ്​ എത്താറ്​.

കാഡോ തടാകം, ടെക്സാസ്

ലോകത്തിലെ ഏറ്റവും വലിയ സൈപ്രസ് വനങ്ങളുടെ ആസ്ഥാനമായ കാഡോ തടാകം അമേരിക്കയിലെ ടെക്സസിന്‍റെയും ലൂസിയാനയുടെയും അതിർത്തിയിലാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണ് ഈ തടാകം രൂപപ്പെട്ടതെന്ന്​ ജിയോളജിസ്റ്റുകൾ പറയുന്നു. ചുവന്ന നദിയിലുണ്ടായ തടസ്സത്തെ തുടർന്ന്​ അണക്കെട്ട് രൂപപ്പെടുകയും ഇന്ന് തടാകം കാണുന്ന താഴ്ന്ന പ്രദേശത്ത് വെള്ളം കയറുകയുമായിരുന്നുവത്രെ.

ആഴം കുറഞ്ഞ ഈ തടാകത്തിൽ നിറയെ സൈപ്രസ് മരങ്ങളാണ്​. ഇവ സ്പാനിഷ് പായൽ കൊണ്ട് പൊതിഞ്ഞതിനാൽ ഏറെ മനോഹരമാണ്​. ഈ മരങ്ങൾ ഇപ്പോഴും വളരുന്നുണ്ട്​. വെള്ളത്തിന് മുകളിൽ നീണ്ടുനിൽക്കുന്ന ന്യൂമാറ്റോഫോറുകൾ എന്ന പ്രത്യേക വേരുകളാണ്​ ഇവയുടെ വളർച്ചക്ക്​ സഹായിക്കുന്നത്​.

പെരിയാർ തടാകം

കേരളത്തിൽ വെള്ളത്തിനടിയിലായ വനമാണ്​ പെരിയാറിലേത്​. 1895ൽ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചതോടെയാണ്​ പെരിയാർ തടാകം രൂപപ്പെട്ടത്. ഇതോടെ ഇവിടത്തെ വനം വെള്ളത്തിനടിയിലാവുകയായിരുന്നു. തേക്കടയിൽ വരുന്നവർ ഈ തടാകത്തിലൂടെയുള്ള ബോട്ട്​ സവാരി നടത്തിയാണ്​ മടങ്ങാറ്​.



ഇൗ യാത്രയിൽ നിരവധി മരങ്ങൾ വെള്ളത്തിൽ ഉയർന്നുനിൽക്കുന്നത്​ കാണാം. ഇതിന്​ മുകളിൽ വന്നിരിക്കുന്ന പക്ഷികൾ നിറകാഴ്ചയൊരുക്കും. ഇതിനോട്​ ചേർന്നാണ്​ പെരിയാർ കടുവ സംരക്ഷിത പ്രദേശം നിലകൊള്ളുന്നത്​.

കൈന്ദി തടാകം, കസാക്കിസ്​താൻ

സമുദ്രനിരപ്പിൽനിന്ന് 6600 അടി ഉയരത്തിൽ കസാക്കിസ്​താനിലെ കോൽസായ് ലേക്ക്​ ദേശീയോദ്യാനത്തിലാണ്​ കൈന്ദി തടാകമുള്ളത്​. 1300 അടിയാണ്​ ഇതിന്‍റെ നീളം. 1911ലെ കെബിൻ ഭൂകമ്പത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ്​ ഈ തടാകത്തിന്‍റെ രൂപീകരണത്തിലേക്ക് നയിച്ചത്​.


തടാകത്തിലെ താപനില ഉപരിതലത്തിനടിയിലുള്ള വനത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. മുകൾഭാഗത്ത്​ കൂർത്തരീതിയിലാണ്​ ഇവിടത്തെ മരങ്ങൾ നിലകൊള്ളുന്നത്​. എന്നാൽ, വെള്ളത്തിനടിയിൽ ഇളംപച്ച ആൽഗകൾ നിറഞ്ഞ മരക്കൊമ്പുകൾ കാണാൻ അതിസുന്ദരമാണ്​.

ലേക്ക്​ വോൾട്ട, ഘാന

ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകങ്ങളിൽ ഒന്നാണ് വോൾട്ട. ഏകദേശം 3275 ചതുരശ്ര അടിയാണ്​ ഇതിന്‍റെ വിസ്​തീർണം. 1965ൽ അകോസോംബോ അണക്കെട്ടിന്‍റെ നിർമാണമാണ്​ ഈ തടാകത്തിന്‍റെ രൂപീകരണത്തിലേക്ക് നയിച്ചത്​. ഇവിടെയുണ്ടായിരുന്നു 120ഓളം കെട്ടിടങ്ങൾ നശിക്കുകയും 78,000 ജനങ്ങളെ ഇത്​ ബാധിക്കുകയും ചെയ്​തു. ഇവിടെയുണ്ടായിരുന്ന വനത്തിന്‍റെ ശേഷിപ്പായി ഉയർന്നുനിൽക്കുന്ന മരങ്ങൾ ഈ തടാകത്തിൽ കാണാം.

Tags:    
News Summary - These underwater forests are incredibly; There is one in Kerala too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.