പിരാനിലെ അഡ്രിയാറ്റിക് കടൽ

അഡ്രിയാറ്റിക് തീരത്തെ പ്രണയകാവ്യം

ഹംഗറി, ഓസ്ട്രിയ, സ്ലോവേനിയ എന്നീ രാജ്യങ്ങളിലൂടെയുള്ള റോഡ് യാത്രയിൽ ഞങ്ങളുമായി പ്രേമത്തിലായ ഒരു കൊച്ചു നഗരമുണ്ട്, പിരാൻ. സ്ലോവേനിയയിൽ കടലിനോട് ചേർന്ന ഉപദ്വീപാണ് പിരാൻ. ഒരു തീരദേശ നഗരം. തലസ്ഥാനമായ ലുബിലിയാനയിൽനിന്നും 120 കിലോമീറ്റർ വാഹനം ഓടിച്ചാണ് പിരാനിൽ എത്തിയത്.

അഡ്രിയാറ്റിക് കടലിനോട് ചേർന്ന ഏറ്റവും മനോഹരമായ നഗരമാണിത്​. നമ്മുടെ കണ്ണുകളെയും കാമറകളെയും വിസ്മയിപ്പിക്കാൻ പോന്ന എല്ലാം ഈ തീരദേശത്തുണ്ട്. കടലിന് കുറച്ചകലെ ക്രൊയേഷ്യയും ഇറ്റലിയും ഉള്ളതുകൊണ്ടാവണം ഈ നഗരത്തിന് ഒരേസമയം മൂന്ന് രാജ്യങ്ങളുടെയും സ്വഭാവങ്ങൾ കാണാം.

പിരാൻ നഗരം

ഭാഷകളിലും ഭക്ഷണത്തിലും എല്ലാം ഈ സാമ്യം പ്രകടം. വെനീഷ്യൻ, ഓസ്ട്രിയൻ മാതൃകയിൽ നിർമിച്ച കെട്ടിടങ്ങളും നിറപ്പകിട്ടാർന്ന സ്ക്വയറുകളും തെരുവുകളും നമ്മെ ഭ്രമിപ്പിക്കും.

നഗരത്തി​െൻറ ഹൃദയം

നഗരത്തിൽ പാർക്കിങ്ങിന് ഇടം കുറവായതിനാൽ കുറച്ചുമാറി വേണം വാഹനം നിർത്താൻ. അവിടെനിന്നും പിരാനിെൻറ പഴയ നഗര ഭാഗത്തേക്ക് സൗജന്യമായി ബസ് സർവിസുണ്ട്. അതിൽ കയറി ഹോസ്​റ്റലിലെത്തി അൽപ്പനേരം വിശ്രമിച്ചു. തുടർന്ന് പഴയ നഗര ഭാഗത്തെ പ്രധാന സ്ക്വയറിലേക്ക് നീങ്ങി, ടാർട്ടിനി സ്‌ക്വയറിലേക്ക്​.

പിരാനിലെ തെരുവുകൾ

പിരാ​െൻറ ഹൃദയ ഭാഗമാണിത്. യൂറോപ്പിലെ മിക്ക നഗര മധ്യത്തിലും ആളുകൾക്ക് ഒത്തുകൂടാൻ ഇത്തരം സ്‌ക്വയറുകൾ കാണാം. ടാർട്ടിനി സ്ക്വയറിന് ഒത്ത നടുവിലായി പ്രതിമയുണ്ട്. ടാർട്ടിനി എന്ന പ്രസിദ്ധനായ വിയലിനി​സ്​റ്റി​േൻറത്​.

സ്‌ക്വയറി​െൻറ ഓരത്തായി ചെറുമേശകളിൽ ബഹുവർണ നിറങ്ങളിൽ കുപ്പികൾ. അടുത്തുചെന്ന് നോക്കിയപ്പോഴായാണ് നല്ല അസ്സൽ സ്ലോവേനിയൻ വൈൻ. കടക്കാരൻ സാമ്പിൾ നോക്കാൻ നിർബന്ധിക്കുന്നു. ഒരുപാട് വൈനറികളുള്ള രാജ്യമാണിത്. വൈവിധ്യമാർന്ന രുചികളിൽ ഇവിടെ വൈൻ നുകരാം. ചോക്ലേറ്റ്, ചില്ലി, ഓറഞ്ച് എന്നിവയെല്ലാം അതിൽ ചിലത് മാത്രം.

ടർട്ടിനി സ്ക്വയർ

ഞായറാഴ്ചയുടെ ആലസ്യമാണോ അതോ പൊതുവിൽ സഞ്ചാരികൾ യൂറോപ്പിലെ 'വമ്പൻ' രാജ്യങ്ങളിൽ മാത്രം യാത്ര ചെയ്യുന്നതി​െൻറ ഫലമാണോ എന്നറിയില്ല, ആ സ്‌ക്വയർ ഏറെകുറെ നിർജീവമായിരുന്നു. പക്ഷെ അതൊന്നും അതി​െൻറ സൗന്ദര്യത്തിന് മാറ്റുകുറച്ചില്ല.

ഗോപുര മുകളിൽ

ടാർട്ടിനി സ്‌ക്വയറിൽനിന്നും തലയെടുപ്പോടെ ഒരു ഗോപുരം കാണാം. അതാണ് ബെൽ ടവർ. പിരാനി​െൻറ റൂഫ് ടോപ് കാഴ്ച ഏറ്റവും മനോഹരമായി ലഭിക്കുന്നത് ഇതിന് മുകളിൽ നിന്നാണെന്ന് നേരെത്തെ അറിഞ്ഞിരുന്നതിനാൽ നേരെ അങ്ങോട്ട് െവച്ചുപിടിച്ചു. രണ്ട് യൂറോ കൊടുത്ത്‌ ടിക്കറ്റ് സ്വന്തമാക്കിയ ശേഷം മുകളിലേക്ക് കയറ്റം തുടങ്ങി. ഇരുന്നൂറോളം പടികൾ കയറി വേണം ഗോപുരത്തെ കീഴടക്കാൻ.

ഗോപുരത്തിന്​ മുകളിൽനിന്നുള്ള കാഴ്​ച

കഷ്​ടിച്ച് ഒരാൾക്ക് നിൽക്കാൻ മാത്രം വീതിയേ മുകളിലുള്ളൂ. പക്ഷെ, അവിടം നമുക്ക് തരുന്ന കാഴ്ച അതിവിശാലവും കണ്ണഞ്ചിപ്പിക്കുന്നതുമാണ്. ഓറഞ്ച് നിറമുള്ള മേൽക്കൂരയോട് കൂടിയ അനേകം വീടുകളും കെട്ടിടങ്ങളും.

പശ്ചാത്തലത്തിൽ നീല നിറത്തോടെ തിളങ്ങി നിൽക്കുന്ന അഡ്രിയാറ്റിക് കടൽ. മുകളിൽനിന്നും ടാർട്ടിനി സ്ക്വയറും കാണാം. ആ സ്ക്വയറിലേക്ക് നയിക്കുന്ന ചതുര കല്ല് വിരിച്ച പാതകൾ ചെന്നെത്തുന്നത് ഒരു തുറമുഖത്തേക്കാണ്.

ജലാശയത്തിന് സമീപം നിർത്തിയിട്ട വള്ളങ്ങൾ

തുറമുഖത്തി​െൻറ പടവുകളോട് ചേർന്ന് നിർത്തിയിട്ട മത്സ്യബന്ധന ബോട്ടുകളും എല്ലാം തന്നെ നമ്മുടെ കണ്ണുകളെയും കാമറെയെയും ഇമവെട്ടാതെ നോക്കാൻ പ്രേരിപ്പിക്കും. തീരദേശ നഗരമാണെങ്കിലും മണൽ നിറഞ്ഞ ബീച്ചുകളില്ല എന്നതാണ് മറ്റൊരു സവിശേഷത. പടവുകളും പാറകളുമാണ് കടലിനെയും തെരുവിനെയും വേർതിരിക്കുന്നത്. സൂര്യപ്രകാശം നേർത്തു വരുന്നതിന് അനുസരിച്ച് കടലിനും വീടി​െൻറ മേൽക്കൂരക്കും മറ്റൊരു നിറമായി.

സൂര്യൻ ചക്രവാളത്തിൽനിന്നും അപ്രത്യക്ഷമായതോടെ മറ്റു കാഴ്ചകളിലേക്ക് നടന്നു. അഡ്രിയാറ്റിക് കടലിനോട് ചേർന്ന പാതയിലൂടെ നടത്തം തുടർന്നു. ഇറക്കി കെട്ടിയ പടവുകളിൽനിന്നും കുറച്ചുപേർ ചൂണ്ടയിട്ട് മീൻ പിടിക്കുന്നു. ചിലർ കടലിൽ നീരാടുന്നു. തെരുവ് വിളക്കി​െൻറ വെളിച്ചത്തിൽ പിരാനിലെ കെട്ടിടങ്ങൾക്കും വഴികൾക്കും പ്രത്യേക ഭംഗിയാണ്​.

അഡ്രിയാറ്റിക് കടലിൽ മീൻപിടിക്കുന്നവർ

തീൻമേശയിലെ മത്സ്യവിഭവങ്ങൾ

ഒരു കൊച്ചു ടൗൺ ആയതിനാൽ ഇവിടെ വസിക്കുന്ന ആളുകൾക്ക് പരസ്പരം അറിയാം. നാട്ടുകാർ ടൂറിസത്തെ ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നവരാണ്. അതുകൊണ്ടു തന്നെ ഏത് സഞ്ചാരികളെയും സ്വീകരിക്കാൻ അവർക്ക് ബുദ്ധിമുട്ടില്ല. പാതിരാത്രികളിലും നഗരം ഉണർന്നിരിക്കും. തെരുവിെൻറ ഒരുവശം കടൽ ആണെങ്കിൽ മറുവശം മനോഹരമായി അലങ്കരിക്കപ്പെട്ട ഭക്ഷണശാലകളാണ്. എവിടെയും പ്രധാന വിഭവം മത്സ്യം തന്നെ. കടലിൽ നിന്നും ഏതാനും മണിക്കൂറുകൾക്ക് മുമ്പ് പിടിച്ച മത്സ്യം തീന്മേശയിൽ അലങ്കരിച്ചെത്തും.

കടലി​െൻറ കാഴ്ചകളും തെരുവിലെ ആളുകളുടെ ഒഴുക്കും കണ്ട് ഞങ്ങളും കഴിച്ചു ഒരു ഫിഷ് പ്ലേറ്റെർ. കൂടെ ചോറും സ്പെഷൽ കൂന്തളുമുണ്ടായിരുന്നു. പിന്നീടെപ്പഴോ പിരാനി​െൻറ ആ ഇടുങ്ങിയ തെരുവിലൂടെ നടന്നു ഞങ്ങളുടെ ഹോസ്​റ്റലിലേക്ക്​.

പിരാനിലെ ഭക്ഷണവിഭവങ്ങൾ

പിറ്റേന്ന് അതിരാവിലെ തന്നെ കാഴ്ചകളിലേക്കിറങ്ങി. ഒരു തീരദേശ നഗരത്തിലെ പ്രഭാതത്തിൽ സംഭാവവികാസങ്ങൾ അരങ്ങേറുന്നത് കാണണമെങ്കിൽ തുറമുഖത്തേക്ക് തന്നെ പോവണം. ബോട്ടുകൾ അന്നത്തെ മീൻപിടുത്തം കഴിഞ്ഞു വിശ്രമം ആരംഭിച്ചതേയുള്ളൂ.

മീനുകളെ വിൽക്കുന്നവർ, ബോട്ടിൽനിന്ന് തന്നെ മീനുകളെ വൃത്തിയാക്കുന്നവർ, രാവിലെ തന്നെ കടലിൽ കുളിച്ച് തിമിർക്കുന്നവർ, ഇതെല്ലാം കണ്ട് കാപ്പി നുകർന്ന് ഒരു കസേരയിൽ ഇരിക്കുന്നവർ... അങ്ങനെ സംഭവബഹുലമാണ് പിരാനി​െൻറ പ്രഭാതം.

യാത്രാ സംഘം

ഇതിനിടയിൽ ഒരാൾ വന്നു ചോദിച്ചു, നിങ്ങൾ എവിടെ നിന്നാണെന്ന്. ഇന്ത്യ എന്ന് മറുപടി കേട്ട ഉടനെ അടുത്ത ചോദ്യമെത്തി, പിരാൻ ഇഷ്​ടമായോ? തീർച്ചയായും, പിരാൻ ഏറെ ഇഷ്​ടപ്പെടുന്നു, ഒപ്പം േസ്ലാവേനിയെയും.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.