ശ്രീനഗർ: സഞ്ചാരികൾക്ക് നിറകാഴ്ചയൊരുക്കി ശ്രീനഗറിലെ ടുലിപ് ഉദ്യാനം വീണ്ടും തുറന്നു. ദാൽ തടാകത്തോട് ചേർന്ന് സബർവാൻ പർവതനിരകളുടെ താഴ്വരയിലാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടുലിപ് ഉദ്യാനം നിലകൊള്ളുന്നത്. വ്യാഴാഴ്ച മുതൽ ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങി. കഴിഞ്ഞവർഷം കോവിഡ് കാരണം ഉദ്യാനം തുറന്നിരുന്നില്ല.
കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണ്. തെർമൽ സ്കാനറുകളും സാനിറ്റൈസറുകളും ഒരുക്കിയിട്ടുണ്ട്.
30 ഏക്കര്‍ വിസ്തൃതിയിൽ 2006ലാണ് ഉദ്യാനം നിർമിക്കുന്നത്. 65ലധികം ഇനങ്ങളിലായി 15 ലക്ഷം ടുലിപ് ചെടികൾ ഇവിടെയുണ്ട്. കൂടാതെ ഹയാസിന്ത്സ്, റാനുൻകുലസ്, ഡാഫോഡിൽസ് തുടങ്ങിയ ചെടികളും സന്ദർശകർക്ക് നിറകാഴ്ചയൊരുക്കുന്നു.
പ്രത്യേകം തയാറാക്കിയ കൂടങ്ങളില്‍ ശരല്‍ക്കാലത്ത് നട്ടുവളര്‍ത്തുന്ന ചെടികള്‍ വസന്തകാലത്താണ് പൂത്തുതുടങ്ങുക. ഒരു മാസമാണ് പൂക്കൾ ചന്തംചാർത്തുക. എല്ലാ വർഷവും മാര്‍ച്ച് മധ്യത്തോടെയാണ് സഞ്ചാരികൾക്ക് തുറന്നുകൊടുക്കാറ്. പൂക്കൾ തീരുന്നതോടെ ഉദ്യാനവും അടക്കും. ഏപ്രില്‍ അഞ്ച് മുതല്‍ 15 വരെ ആഘോഷിക്കപ്പെടുന്ന ടുലിപ് ഫെസ്റ്റിവലിന് നിരവധി പേരാണ് എത്താറ്. ഓരോ വർഷവും ഏകദേശം രണ്ട് ലക്ഷത്തിലധികം പേർ ഇവിെട സന്ദർശിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.