അറിഞ്ഞും അറിയാതെയും ഈ ദ്വീപിനടുത്തെത്തിയവരെ വരവേറ്റത് അമ്പുകളും കുന്തങ്ങളുമായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും അപകടം പിടിച്ച ദ്വീപ്, ആര് അതിക്രമിച്ചു കയറാൻ ശ്രമിച്ചാലും തദ്ദേശീയരായ ഗോത്രവിഭാഗം അവരെ ആക്രമിക്കും.
ഇന്ത്യയുടെ അധീനതയിലുള്ള, ബംഗാൾ ഉൾക്കടലിൽ ഏകദേശം 72 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ദ്വീപാണ് നോർത്ത് സെന്റിനെൽ ദ്വീപ്. ആൻഡമാൻ നിക്കോബാറിന്റെ ഭാഗം. വെള്ള നിറത്തിലുള്ള കടലിനാൽ ചുറ്റപ്പെട്ട ഈ ദ്വീപിൽ സ്വാഭാവിക തുറമുഖങ്ങൾ ഒന്നും തന്നെയില്ല. ചുറ്റും പവിഴപുറ്റുകളുള്ളതിനാൽ ബോട്ടുകൾക്കോ കപ്പലുകൾക്കോ ഈ ദ്വീപിലേക്ക് അടുക്കാൻ പ്രയാസമാണ്.
സവിശേഷ സംസ്‌കാരം പിന്തുടരുന്ന ഗോത്ര വർഗക്കാരായ സെന്റിനെലീസ് വംശജരായ മനുഷ്യരാണ് ഇവിടെയുള്ളത്. അവരുടെ പ്രത്യേകതയും സംസ്കാരവും കണക്കിലെടുത്താണ് ഈ പ്രദേശത്തേക്ക് പോകുന്നതിന് ഇന്ത്യാ സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. ദ്വീപിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ആർക്കും പ്രവേശിക്കാനാകില്ല. ഇന്ത്യയുടെ ഭാഗമായി കരുതുന്നതിനാൽ തന്നെ, സർക്കാർ ദ്വീപിലെ ഗോത്ര ജനതക്ക് സമ്പൂർണ സ്വാതന്ത്ര്യമാണ് അനുവദിച്ചിരിക്കുന്നത്. ഗോത്രവർഗ സംരക്ഷണം മുൻനിർത്തിയാണ് സർക്കാറിന്‍റെ തീരുമാനം.
ചതുരാകൃതിയിലുള്ള ദ്വീപ് ഏറെ നിഗൂഢതകൾ നിറഞ്ഞതാണ്. ദ്വീപിൽ എത്ര പേർ താമസിക്കുന്നുണ്ടെന്ന് ഇന്നും അജ്ഞാതമാണ്. 50നും 100നും ഇടയിലാണെന്നും പറയുന്നു. നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, 60,000 വർഷത്തിലേറെയായി അവർ ദ്വീപിൽ ഏകാന്തതയിലാണ് ജീവിക്കുന്നത്.
താഴ്ന്നുപറക്കുന്ന വിമാനങ്ങളോ, ദ്വീപിന് മുകളിലൂടെ വട്ടമിട്ടുപറക്കുന്ന ഹെലികോപ്ടറുകളോ കണ്ടാൽ ഇവിടുത്തുകാർ അമ്പെയ്യുകയും കല്ലെറിയുകയും ചെയ്യുന്നത് പതിവ്. ശിലായുഗ മനുഷ്യരായാണ് ഇവർ അറിയപ്പെടുന്നത്. തീയുടെ ഉപയോഗം ഇവർക്കിന്നും അന്യമാണ്. വേട്ടയാടലും മീൻ പിടുത്തവും ആണ് പ്രധാന ജോലി. ഇവരുടെ ഭാഷ, ജീവിത രീതി തുടങ്ങിയവ ഇപ്പോഴും ഏറെക്കുറെ അജ്ഞാതമായി തുടരുന്നു. പുറം കടലിൽ നിന്നും കപ്പലുകളിൽ നിന്നും ബോട്ടുകളിൽ നിന്നും പിന്നെ ഹെലികോപ്ടറിൽ നിന്നും മാത്രമേ ഇവരുടെ ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞിട്ടുള്ളൂ. 2006ലെ സുനാമിയിൽ ഇവർ നശിച്ചിരിക്കാം എന്ന് കരുതിയിരുന്നെങ്കിലും, ഇവർ അതി സമർഥമായി അതിജീവിച്ചു. പുറത്തുനിന്നുള്ളവരുമായി ആശയവിനിമയത്തിന് ഇവർക്ക് ഒട്ടും താൽപര്യമില്ല.
എന്നാൽ, ഒരു ഗോത്രാവകാശ സംഘടനയുടെ അഭിപ്രായത്തിൽ, സെന്റിനലീസ് വലിയ ഭീഷണിനേരിടുന്നതായി പറയുന്നു. ലോകത്തിലെ ഏറ്റവും ദുർബലരായ ആളുകളാണ് ഈ ഗോത്രക്കാരെന്നാണ് സർവൈവൽ ഇന്റർനാഷണൽ പറയുന്നത്. കാരണം ഇവർക്ക് പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള സ്വഭാവിക ശേഷിയില്ല. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ടൂറിസം ഇവരുടെ നിലനിൽപിന് തന്നെ ഭീഷണിയാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.