തിരുവനന്തപുരം: ലോക ടൂറിസം ദിനത്തിൽ കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി. സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രത്തിൽ ഉൾപ്പെട്ട കിരീടം പാലമെന്നും തിലകൻ പാലമെന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന പാലം നിൽക്കുന്നത് നേമം മണ്ഡലത്തിലാണ്. ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം മാതൃക ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.
മൂന്നു പതിറ്റാണ്ട് മുമ്പാണ് കിരീടം സിനിമ പുറത്തിറങ്ങുന്നത്. സേതുമാധവൻ എന്ന റോളിൽ മോഹൻലാലായിരുന്നു കേന്ദ്ര കഥാപാത്രം. സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്‍റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരനായ കേശുവുമായി സംസാരിക്കുമ്പോഴും ഈ പാലം മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിന്നിരുന്നു. സിനിമയുടെ 25ാം വാർഷികത്തിൽ അണിയറ പ്രവർത്തകർ ഇവിടെ ഒത്തുകൂടിയിരുന്നു.
പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം, കുട്ടികളുടെ പാർക്ക് എന്നിവയെല്ലാം ഒരുക്കി സഞ്ചരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. സമീപത്തെ കാർഷിക വിളകൾക്ക് സഹായം നൽകാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.