പ്രവാസലോകത്തിന് വിനോദങ്ങളുടെയും യാത്രകളുടെയും നാളുകളാണിത്. ശൈത്യകാലം ആഘോഷമാക്കി, വരാനിരിക്കുന്ന കൊടുംവേനലിനെ നേരിടാന്‍ മനസ്സും ശരീരവും മെരുക്കിയെടുക്കുന്ന നേരം. ഡെസേര്‍ട്ട് സഫാരികളും കൂടാര തമ്പുകളും ചാര്‍ക്കോള്‍ ഭക്ഷണവിഭവങ്ങളുമൊരുക്കി കുടുംബമായും കൂട്ടായും സന്തോഷം പങ്കിടുന്നവര്‍. ഇവിടെയാണ് വേറിട്ട വിനോദ വഴികളിലൂടെ കടന്നുപോയി കണ്ണൂര്‍ വിമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് പ്രവാസി അലുംനി കൂട്ടായ്മയിലെ വനിതകള്‍ മാതൃക സൃഷ്ടിച്ചത്.
അലുംനി യോഗം കൂടാമെന്ന അവരുടെ ചര്‍ച്ചകള്‍ എത്തിയത് ഹൈക്കിങ്ങിലാണ്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നതും കുടുംബിനുകളുമായ അവര്‍, ഒരു ദിവസം പഴയ കോളജ് വിദ്യാര്‍ഥിനികളായി. മരുഭൂമിയിലെ അനൂകൂല കാലാവസ്ഥയില്‍ മണല്‍ക്കുന്നുകളും വന്‍ പാറക്കൂട്ടങ്ങളും താണ്ടി അവരുടെ സ്വപ്നം സാക്ഷാല്‍ക്കരിച്ചു. ആ യാത്രയുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് അധ്യാപികയായ ബെസിന്ത ജാഫറും ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറായ ഷഫ്നയും.
പത്തു മുപ്പതു വയസ്സൊക്കെ ആയാല്‍ പിന്നെ ജീവിതം ഒരു ശാന്തമായ ഒഴുക്കാണ്. എന്നാലും ജീവിതത്തിന്റെ ഭാഗമായ ചില പ്രത്യേക പിരിമുറുക്കങ്ങള്‍ കൂടെ തന്നെയുണ്ടായിരുന്നു. ഇടയ്ക്ക് രാജ്യങ്ങള്‍ കറങ്ങാന്‍ പോവുമ്പോഴും, എന്തിന് സിനിമ കാണുമ്പോഴും കൂട്ടുകാരുമായി കറങ്ങുമ്പോഴും സന്തോഷവും ആനന്ദവുമുണ്ടെന്നത് സത്യം തന്നെ. എന്നാലും നിത്യ ജീവിതത്തിലെ പിരിമുറുക്കങ്ങളും ആവലാതികളും ഇടക്കെങ്കിലും ഗൗരവ സ്വഭാവം പകര്‍ന്നു കൊണ്ടേയിരുന്നു. ആകെ ഉണ്ടായിരുന്ന കോളജ് അലുംനി ഗ്രൂപ്പും കോവിഡ് കാലത്ത് പരിപാടികളൊന്നും ഇല്ലാതെ സ്തംഭനാവസ്ഥയിലേക്കും നീങ്ങി.
കോവിഡ് മഹാമാരിക്കും മാസ്കിങ് ലൈഫിനും ശേഷം ഒരു കാലം ഉണ്ടാവുമോ എന്ന് സംശയിച്ചു നിന്നിടത്തു നിന്ന് ജീവിതം അല്പം മുന്നോട്ടു നയിക്കുന്ന നേരമായി. അപ്പോഴാണ് കോളജ് കാലഘട്ടത്തിലേക്ക് ഒരു വട്ടം കൂടി കൈകോര്‍ത്തു നോക്കിയാലോ എന്നു പറഞ്ഞ് ഞാന്‍ പഠിച്ച കണ്ണൂര്‍ വിമല്‍ ജ്യോതി എഞ്ചിനീറിങ് കോളജിലെ പിള്ളേര് അലുംനി മീറ്റെന്നും പറഞ്ഞു ഒച്ചപ്പാടുണ്ടാക്കാന്‍ തുടങ്ങിയത്. കോവിഡ് സമയത്തു നിന്നുപോയ കാര്യങ്ങള്‍ പൊടി തട്ടി എടുക്കുന്നതിന്റെ ഭാഗമായി ഒരു അലുംനി മീറ്റ് നടത്തി ഗ്രൂപ്പിന്റെ തിരിച്ചു വരവ് എല്ലാവരുടെയും അധ്വാനം കൊണ്ട് ഉഷാറായി നടത്തി.
സൗഹൃദങ്ങൾക്കൊപ്പം കലാപരമായും കായികപരമായും കരിയര്‍ ഗൈഡന്‍സിനും പ്രാധാന്യം നല്കുന്ന വി.ജെ.ഇ.സി യു.എ.ഇ അലുംനി ചാപ്റ്റര്‍, എന്തുകൊണ്ട് ലേഡീസ് ഇവന്റ് സംഘടിപ്പിച്ചുകൂടാ എന്ന ചര്‍ച്ചയുടെ ബാക്കിപത്രം പോലെയാണ് ഹൈക്കിനു പോയാലോ എന്ന് ആലോചിക്കുന്നത്. ഓരോ ഒഴിവ് കഴിവുകള്‍ പറഞ്ഞു നടക്കാനും ഓടാനും ചാടാനും പോവാതെ വീടും ഓഫീസും മക്കളുമായി കഴിയുന്ന നമ്മള് പെണ്ണുങ്ങളെ മലകേറ്റുന്നതു വരെ എത്തി കാര്യങ്ങള്‍.
കൂട്ടത്തിലുള്ള സുന്ദുസ് അഹമ്മദ് ഹൈക്കിനു പോയി പരിചയമുള്ള ആളാണ്. ഹൈക്കിനു പോയാല്‍ എല്ലാവര്ക്കും ഊര്‍ജം കൈവരുമെന്നു അവള് പറഞ്ഞു കേട്ടപ്പോള്‍ പല്ലവി ചന്ദ്രശേഖരനും ആവേശമായി. അങ്ങനെ ഒരു ആവേശത്തള്ളിച്ചയിലാണ് മറ്റു കൂട്ടുകാരെയും കൂടെ കൂട്ടിയാലോ എന്ന ചിന്ത വന്നത്. അങ്ങനെ രണ്ടുപേരില്‍ തുടങ്ങിയ ആവേശം 28ൽ എത്തി നിന്നു. വി.ജെ.ഇ.സി യു.എ.ഇ അലുംനി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ലേഡീസ് ഹൈക്ക് അവിടെ തുടങ്ങുകയായി.
മല കയറി തിരിച്ചു വരുമ്പോള്‍ ക്ഷീണം പിടിക്കുമോ എന്ന ചിന്തയേക്കാള് ‘വഴിയില്‍ എവിടെയേലും ഇരുന്നു സമോസയും ചായയും കഴിച്ചു ബഡായി പറഞ്ഞ് ഇരിക്കാം’ എന്ന് ഉറപ്പിച്ചവരാണ് കൂടുതലും. എന്നാല്‍, മല കയറിയതും ഇറങ്ങിയതും പോരാഞ്ഞിട്ട് എടുത്തു കൂട്ടിയ റീലുകള്‍ക്കും കണക്കില്ല. പുലർച്ച 3.30ന് അബൂദബിയില്‍ നിന്ന് വന്നവര്‍ മുതൽ ഫുജൈറയില്‍ ഉള്ളവര്‍ വരെ രാവിലെ 7.30ന് മല കയറാന്‍ ഫുജൈറയിലെ വഈബ് അല്‍ ഹെന്ന സള്‍ഫര്‍ പൂളില്‍ എത്തിയിരുന്നു.
മല കയറാന്‍ ആവേശം മാത്രം കൈമുതലായി ഉണ്ടായിരുന്ന നമ്മളെ കളിയാക്കിയും ട്രോളിയും നേരം പുലരും മുന്നെ ആവി പറക്കുന്ന ഇഡ്ഡലിയും സാമ്പാറും എത്തിച്ചും ഉഷാറാക്കി വിട്ട അലുംനിയിലെ ചുള്ളന് പയ്യന്മാര്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍.
കുടുംബത്തോടും കൂട്ടുകാര്‍ക്കുമൊപ്പം യാത്രകള്‍ ചെയ്യാറുണ്ടെങ്കിലും ഒരുമിച്ച് പഠിച്ചവര്ക്കൊപ്പമുള്ള യാത്ര വേറൊരു വൈബാണ്. അതും ഹൈക്കിങ് ആവുമ്പോള്‍ എനര്ജികൂടും. പ്രഷനല്‍ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീണു കിട്ടുന്ന ഇത്തരം യാത്രകള്‍ നല്കുന്ന ഊര്‍ജം ചെറുതല്ല. മൊത്തത്തില്‍ റിഫ്രഷ് ആയ പ്രതീതി. ഹൈക്കിനാണ് പോവുന്നതെന്നതുകൊണ്ട തന്നെ യാത്ര പൂര്‍ത്തിയാക്കാനാവും എന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ, അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു ഏറെ പ്രിയപ്പെട്ട ക്ലാസ്മേറ്റുകള്‍ക്കൊപ്പം കുറച്ചു നേരം ചിലവഴിക്കുക എന്നത്. അതുകൊണ്ടു തന്നെ യാത്രയിലെ ക്ഷീണമെല്ലാം മറികടക്കാനും സാധിച്ചു.
ഇതൊരു തുടക്കമാണ്. ജീവിതത്തിന്റെ വിവിധങ്ങളായ അവസ്ഥകളിലൂടെ കടന്നുപോവുമ്പോള്‍, ഒന്ന് റിഫ്രഷ് ആവാന്‍. മറ്റുള്ളതൊക്കെയും മറന്ന് സ്വന്തത്തിലേക്ക് തന്നെ യാത്ര ചെയ്യാന്‍. അങ്ങിനെ അടുത്ത പുലരികളെ അത്യധികം സംതൃപ്തിയോടെയും സന്തോഷത്തോടെയും വരവേല്‍ക്കാന്‍. വേണം നല്ല തിരിച്ചു പോക്കുകള്‍. പ്രവാസ ലോകത്ത് ജോലി ചെയ്യുന്ന എല്ലാ വനിതകള്‍ക്കും ആവശ്യമുള്ളതുകൂടിയാണ് ഇത്തരം യാത്രകള്‍. അതിന് ഈ അലുംനി കൂട്ടായ്മ മാതൃകയാവുമെങ്കില്, സന്ദേശം നല്കുന്നുവെങ്കില് അതൊരു വിജയമാണ്. ഈ കൂട്ടായ്മയുടെ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.