ലഡാക്ക് പോലെ സഞ്ചാരികളുടെ സ്വപ്നഭൂമിയാണ് ഹിമാചൽ പ്രദേശിലെ സ്പിതി വാലി. മഞ്ഞുമലകൾ, തടാകങ്ങൾ, മൊണാസ്ട്രികൾ തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. ഇത് കൂടാതെ ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന കാര്യമാണ് കാസക്ക് സമീപം ഹിക്കിമിലുള്ള പോസ്റ്റ് ഓഫിസ്.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫിസാണിത്. 15,500 അടി ഉയരത്തിലാണ് ഇത് നിലകൊള്ളുന്നത്. സ്പിതി വാലി സന്ദർശിക്കുന്ന പലരും ഹിക്കിമിൽ വന്ന് സ്വന്തക്കാർക്ക് കത്തുകൾ അയക്കാറുണ്ട്.
കഴിഞ്ഞദിവസം സ്പിതി വാലി മറ്റൊരു കൗതുകത്തിന് കൂടി സാക്ഷ്യം വഹിച്ചു. കാസയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ ആരംഭിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനാണിത്. ഗോഇഗോ എന്ന കമ്പനിയാണ് ഇത് സ്ഥാപിച്ചത്. സമുദ്രനിരപ്പിൽനിന്ന് 12,500 അടി ഉയരത്തിലാണ് കാസ.
ചാർജിങ് സ്റ്റേഷെൻറ ഉദ്ഘാടനം കാസ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് മഹേന്ദ്ര പ്രതാപ് സിങ് നിർവഹിച്ചു. 'ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനാണിത്. ഇതിന് മികച്ച പ്രതികരണം ലഭിക്കുകയാണെങ്കിൽ കൂടുതൽ സ്റ്റേഷനുകൾ സ്ഥാപിക്കും' -പ്രതാപ് സിങ് പറഞ്ഞു.
ഇതിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് മണാലിയിൽനിന്ന് രണ്ട് യുവതികൾ സ്കൂട്ടർ ഓടിച്ച് കാസയിലെത്തി. 180 കിലോമീറ്റർ ദൂരം യാത്ര െചയ്യുന്നതിനിടെ മൂന്ന് തവണ ഇവർ ചാർജ് ചെയ്തിരുന്നു. ടി.വി.എസ് ഐക്യൂബിലാണ് ഇവരെത്തിയത്. ഇലക്ട്രിക് സ്കൂട്ടറിലുള്ള യാത്ര ഏറെ സുഖകരമായിരുന്നുവെന്നും കാസയിലെ ചാർജിങ് സ്റ്റേഷൻ ഏറെ ഉപകാരപ്രദമാണെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.