വാഹന ഗതാഗത സൗകര്യത്തോടെയുള്ള രാജ്യത്തെ നീളമേറിയ തൂക്കുപാലം ഉത്തരാഖണ്ഡിൽ പൊതുജനങ്ങൾക്കായി തുറന്നു. തെഹ്രി തടാകത്തിന് കുറുകെ 725 മീറ്റർ നീളത്തിൽ നിർമിച്ച ഡോബ്ര-ചാന്ധി സസ്പെൻഷൻ ബ്രിഡ്ജാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഉദ്ഘാടനം ചെയ്തത്. 2.95 കോടി രൂപ ചെലവിൽ 14 വർഷമെടുത്താണ് ഇൗ പാലം യാഥാർഥ്യമാക്കിയത്.
തെഹ്രി ഗർവാൾ ജില്ല ആസ്ഥാനവും പ്രതാപ് നഗറും തമ്മിൽ ബന്ധിപ്പിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. പാലം വന്നതോടെ ഇരുനഗരങ്ങൾക്കും ഇടയിലെ യാത്രാസമയം അഞ്ച് മണിക്കൂറിൽനിന്ന് ഒന്നര മണിക്കൂറായി കുറഞ്ഞു. പാലത്തിെൻറ ഉദ്ഘാടനം ഉത്തരാഖണ്ഡിെൻറ ചരിത്ര നിമിഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിെൻറ പുതിയ പാതകളാണ് പാലം തുറക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാഹസിക പ്രവർത്തനങ്ങൾക്ക് ഏറെ പേരുകേട്ടയിടമാണ് തെഹ്രി തടാകം. സോർബിങ്, ബോട്ടിങ്, വാട്ടർ സ്കീയിങ്, ബനാന ബോട്ട് സവാരി, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക പ്രകടനങ്ങൾക്ക് നിരവധി പേരാണ് ഇവിടെ എത്താറ്. രാജ്യത്തെ നീളമേറിയ തൂക്കുപാലവും ഇവിടെ യാഥാർഥ്യമാതോടെ പ്രദേശത്ത് കൂടുതൽ ടൂറിസം സാധ്യതകളാണ് ഉയരുന്നത്. തലസ്ഥാനമായ ഡെഹ്റാഡൂണിൽനിന്ന് ഏകദേശം 170 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ തെഹ്‌രിയും ഇതിന് സമീപം തന്നെയാണ്. ഹിമാലയത്തിൽനിന്ന് ഉദ്ഭവിച്ച് ഗംഗയിൽ കൂടിച്ചേരുന്ന ഭാഗീരഥി നദിക്ക് കുറുകെയാണ് ഈ അണക്കെട്ട്. 261 മീറ്ററാണ് ഇതിെൻറ ഉയരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.