ദുബൈ: ദുബൈ നഗരത്തിൽ കഴിഞ്ഞ വർഷം എത്തിയത് 2.3 കോടി സന്ദർശകർ. 2021നെ അപേക്ഷിച്ച് 89 ശതമാനം യാത്രക്കാരുടെ വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. കോവിഡ് എത്തിയ ശേഷം ഏറ്റവും കൂടുതൽ യാത്രക്കാർ ദുബൈയിലെത്തിയത് കഴിഞ്ഞ വർഷമാണ്.
ഇതിൽ 2.18 കോടി യാത്രക്കാരും എത്തിയത് വിമാനത്താവളം വഴിയാണ്. അതേസമയം, ഹത്ത ബോർഡർ വഴി ഒമാനിൽ നിന്ന് 16 ലക്ഷം യാത്രക്കാർ എത്തി. 2.42 ലക്ഷം യാത്രക്കാരാണ് തുറമുഖം വഴി രാജ്യത്തേക്ക് പ്രവേശിച്ചത്. പുതുവത്സര ദിനത്തിൽ മാത്രം ദുബൈയിലെ അത്യാഡംബര ഹോട്ടലുകൾ ഉപയോഗപ്പെടുത്തിയത് ലക്ഷം യാത്രക്കാരാണ്. ഇതിൽ 95445 യാത്രക്കാരും വിമാനത്താവളം വഴി എത്തിയവരാണ്. 6527 പേർ ഹത്ത അതിർത്തി വഴിയും 5010 പേർ കപ്പലിലും എത്തി.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പകിട്ട് ദുബൈ കഴിഞ്ഞ വർഷവും നിലനിർത്തി. ഡിസംബറിൽ മാത്രം 46 ലക്ഷം യാത്രക്കാരാണെത്തിയത്. നവംബറിനെ അപേക്ഷിച്ച് എട്ട് ശതമാനം വർധനവ്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിനെയാണ് ദുബൈ പിന്നിലാക്കിയത്. ടൂറിസം രംഗത്ത് ദുബൈ സർക്കാർ സ്വീകരിച്ച നയങ്ങളാണ് സഞ്ചാരികൾ ഒഴുകാൻ കാരണം. എക്സ്പോ 2020 സമാപിച്ചത് കഴിഞ്ഞ മാർച്ചിലാണ്. എക്സ്പോയിലേക്ക് മാത്രം കോടിക്കണക്കിനാളുകളാണ് എത്തിയത്. ലോകകപ്പ് ഫുട്ബാളിന് ഖത്തറിലെത്തിയ യാത്രക്കാരിൽ നല്ലൊരു ശതമാനം ദുബൈയും സന്ദർശിച്ചിരുന്നു. ഫുട്ബാൾ ആരാധകരെ ആകർഷിക്കാൻ മികച്ച ആനുകൂല്യങ്ങളാണ് ദുബൈ പ്രഖ്യാപിച്ചത്. വിസ ഉൾപെടെയുള്ള നടപടികൾ ഉദാരമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.