ചെറുതോണി: രണ്ട് പഞ്ചായത്തിന് വെളിച്ചമേകാൻ ലക്ഷക്കണക്കിന് രൂപ മുടക്കി പ്രാരംഭ നടപടികൾ പൂർത്തിയാക്കിയ കരിമ്പൻ ഇഞ്ചവരക്കുത്ത് പദ്ധതി അനുമതി ലഭിക്കാത്തതിനാൽ ഫയലിലുറങ്ങുന്നു .
ചേലച്ചുവടിന് സമീപം പെരിയാറ്റിലെ ഇഞ്ചവരക്കുത്തിൽ കീരിത്തോട് ഇലക്ട്രിസിറ്റി സ്മോൾ സ്ക്കീം എന്ന പേരിൽ കെ.എസ്.ഇ.ബി. ഇൻവെസ്റ്റിഗേഷൻ മൂന്നാർ സർവേ ടീമായിരുന്നു സാധ്യതാ പഠനം നടത്തിയത്. വൈദ്യുതി ബോർഡിലെ അസി.എക്സി. എൻജിനീയറായിരുന്ന കെ.കെ.ശിവരാജന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചെങ്കിലും പദ്ധതിക്ക് ഇതുവരെ തുടക്കം കുറിച്ചിട്ടില്ല.
പദ്ധതി പൂർത്തിയാക്കാൻ 50 കോടിയുടെ ചിലവാണ് കണക്കാക്കുന്നത്. സർക്കാരിന്റെ അംഗീകാരം കിട്ടാൻ കാത്തിരിക്കുകയാണ് വൈദ്യുതി ബോർഡ്. 10 വർഷം മുൻപ് അന്നത്തെ വൈദ്യുതി മന്ത്രി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് പഠനം നടത്താൻ തീരുമാനിച്ചത്. ഒരു വർഷത്തോളം നീണ്ട പഠനത്തിനും നിരീക്ഷണത്തിനും ശേഷമാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്.
ഇഞ്ചവരക്കുത്തിന്റെ ഇരുകരയിലുമായി കിടക്കുന്ന കഞ്ഞിക്കുഴി വാത്തിക്കുടി പഞ്ചായത്തുകളിൽ മാത്രം വൈദ്യുതി ഇനിയും ലഭിച്ചിട്ടില്ലാത്ത നിരവധി കുടുംബങ്ങളുണ്ട്. മിനിമം ഗാരണ്ടി പ്രകാരം വൈദ്യുതി എത്തിക്കാൻ വീടുകളുടെ അകലം തടസമായി നിൽക്കുന്നത് മൂലമായിരുന്നു ഇവിടെ വൈദ്യുതി എത്താതിരുന്നത്. അതേ സമയം ഇഞ്ച വരക്കുത്ത് പദ്ധതി യഥാർത്ഥ്യമായാൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഇവിടെത്തന്നെ വിതരണം ചെയ്യാൻ കഴിയുമെന്ന കണക്കുകൂട്ടലും ബോർഡിനുണ്ട്.
ഉൽപ്പാദനമേഖലയിൽത്തന്നെ വിതരണം ചെയ്താൽ ബോർഡിന്റെ ലാഭം വർധിക്കും. ദൂരെ സ്ഥലങ്ങളിൽ എത്തിച്ച് വിതരണം ചെയ്യുന്നത് ചെലവേറുമെന്നിരിക്കെ തദ്ദേശ വാസികൾക്ക് തന്നെ വിതരണം ചെയ്യണമെന്നാണ് ബോർഡിന്റെ താൽപ്പര്യം. ഇപ്പോഴത്തെ കണക്കനുസരിച്ച് അഞ്ച് മെഗാവാട്ട് വൈദ്യുതി വീതം ലഭിച്ചാൽ രണ്ടര വർഷം കൊണ്ട് പദ്ധതിക്ക് ചിലവായതുക തിരിച്ചു കിട്ടും. ജനറേറ്റർ സ്ഥാപിക്കുന്ന ചിലവും വിതരണ ലൈനുകൾ നിർമ്മിക്കുന്ന ചെലവുമാണ് അധികമായി ഉണ്ടാകുക. വിനോദ സഞ്ചാര കേന്ദ്രമായി വളരാൻ സാധ്യതയുള്ള ഈ പ്രദേശത്തുകൂടിയാണ് ആലപ്പുഴ മധുര സ്റ്റേറ്റ് ഹൈവേ കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.