വെട്ടത്തൂർ: മേഖലയുടെ വിനോദസഞ്ചാര വികസനസ്വപ്നങ്ങൾക്ക് ചിറകുമുളക്കുമെന്ന പ്രതീക്ഷയിൽ ഒരുനാട് കാത്തിരിക്കുന്നു. അവധിദിനങ്ങളിൽ കുടുംബസമേതം നിരവധി സഞ്ചാരികളെത്തുന്ന വെട്ടത്തൂരിലെ പൂങ്കാവനം അണക്കെട്ട് പ്രദേശം വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഞായറാഴ്ച ദിവസങ്ങളിൽ മാത്രം ഏകദേശം ആയിരത്തിലേറെ പേരാണ് ഇവിടം സന്ദർശിക്കാനെത്തുന്നത്.
‘പൂങ്കാവനം ജനകീയ കമ്മിറ്റി’യുടെ നേതൃത്വത്തിൽ ഇവിടെ തണൽമരങ്ങളും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചെടികളും വെച്ചുപിടിപ്പിക്കുന്നുണ്ട്. സംസ്ഥാന സർക്കാറിന്റെ അനുമതി കിട്ടിയാൽ വിനോദ പാർക്കും ഓപൺ ജിംനേഷ്യവും നിർമിക്കാനും ഒരുക്കം നടക്കുന്നുണ്ട്. ഇതിന് വെട്ടത്തൂർ പഞ്ചായത്ത് ഭരണസമിതി സർക്കാറിന്റെ അനുമതി തേടിയിട്ടുണ്ട്. സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികളുണ്ടായാൽ ജില്ലയിലെ ഏക അണക്കെട്ടായ പൂങ്കാവനം വിനോദസഞ്ചാരമേഖലയിലേക്ക് പുതിയ വാതായനങ്ങൾ തുറന്നിടും. ഡാമിലേക്കുള്ള പഴയ ചവിട്ടുപടികൾ നവീകരിക്കാനും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനും ഗ്രാമപഞ്ചായത്ത് 4.16 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് സി.എം. മുസ്തഫ പറഞ്ഞു.
മൈനർ ഇറിഗേഷൻ വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടൻ പ്രവൃത്തി ആരംഭിക്കുമെന്നും വാർഡ് മെംബർ ജലീൽ കണക്കപ്പിള്ള പറഞ്ഞു. നിലവിൽ ചെറുകിട ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലാണ് 24 ഏക്കർ വിസ്തൃതിയുള്ള ഈ പ്രദേശം. ഇത് ഉപയോഗപ്പെടുത്തി വിനോദസഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മ രംഗത്തുണ്ട്. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പാറക്കെട്ടുകളിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ രണ്ടിന് നവകേരളം മാലിന്യമുക്തം പദ്ധതിയുടെ ഭാഗമായാണ് ഡാം പരിസരത്ത് പ്രവർത്തനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.