ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ പ്ലാറ്റ്‌ഫോമായ ‘ട്രിപ്പ് അഡ്വൈസർ’ 2024ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ മൂന്നാം വർഷവും മികച്ച ആഗോള ലക്ഷ്യസ്ഥാനമായി ദുബൈയെ തെരഞ്ഞെടുക്കുകയുണ്ടായി. റാസൽഖൈമയിൽ വിനോദസഞ്ചാര രംഗത്ത് ഏറ്റവും മികവ് രേഖപ്പെടുത്തിയ വർഷമായാണ് 2023 അടയാളപ്പെടുത്തപ്പെട്ടത്. 12.2ലക്ഷം സന്ദർശകരാണ് ഇവിടെ കഴിഞ്ഞ വർഷം എത്തിച്ചേർന്നത്. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 24 ശതമാനത്തിന്റെ ഗണ്യമായ വാർഷിക വർധനക്കൊപ്പം 2022-ൽ നിന്ന് 8 ശതമാനം വർധനവും രേഖപ്പെടുത്തുകയുണ്ടായി. ഈ രണ്ട് നേട്ടങ്ങളും രാജ്യത്തെ എല്ലാ എമിറേറ്റുകളും ശക്തമായ രീതിയിൽ ടൂറിസം രംഗത്ത് വളരുന്നതിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
പുതുവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് രാജ്യം ടൂറിസം രംഗത്തെ നോക്കിക്കാണുന്നത്. വിനോദ സഞ്ചാരികളെ ശൈത്യകാലം അനുഭവിക്കാനും ആസ്വദിക്കാനും സ്വാഗതംചെയ്ത് 4ാമത് ശൈത്യകാല കാമ്പയിന് യു.എ.ഇയിൽ തുടക്കമായിട്ടുണ്ട്. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് കഴിഞ്ഞ ദിവസം കാമ്പയിൻ പ്രഖ്യാപിച്ചത്. 2020 മുതൽ ആരംഭിച്ച കാമ്പയിൻ ‘ലോകത്തെ ഏറ്റവും മികച്ച ശൈത്യകാലം’ എന്ന തലക്കെട്ടിലാണ് നടത്തപ്പെടുന്നത്. ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും വിദേശ സഞ്ചാരികളെ രാജ്യത്തെ മനോഹരമായ തണുപ്പുകാലം ആസ്വദിക്കാൻ സ്വാഗതം ചെയ്യുകയുമാണ് ലക്ഷ്യം. അതോടൊപ്പം 2031ഓടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 450ശതകോടി ദിർഹം സംഭാവന ചെയ്യാൻ വിനോദ സഞ്ചാര മേഖലക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വർഷം അജ്മാനിൽ ആരംഭിച്ച കാമ്പയിനിലൂടെ രാജ്യത്തെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ എട്ട് ശതമാനം വർധിച്ചിരുന്നു.
കഴിഞ്ഞ മൂന്നു സീസണുകളിലായി സഞ്ചാരികളുടെ എണ്ണം 14ലക്ഷമായി ഉയരുകയും ചെയ്തു. ആഗോളതലത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ട യു.എ.ഇ സാംസ്കാരികവും കലാപരവും ചരിത്രപരവുമായ നിരവധി ആകർഷണീയതകൾ നിറഞ്ഞതാണെന്ന് പ്രചരിപ്പിക്കുന്ന നിരവധി സംരംഭങ്ങൾ കാമ്പയിൻ കാലയളവിൽ ഒരുക്കാറുണ്ട്. ശൈത്യകാല കാമ്പയിനോടെ തുടക്കം കുറിക്കുന്ന ഈ വർഷത്തെ ടൂറിസം പ്രവർത്തനങ്ങൾ വലിയ പ്രതീക്ഷയാണ് പകരുന്നത്.
വിമാനക്കമ്പനികൾ പുതിയ സർവീസുകൾ ആരംഭിച്ചും ഹോട്ടൽ രംഗത്തെ സ്ഥാപനങ്ങൾ വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചും ടൂറിസം രംഗത്തെ വളർച്ചയെ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്.
മാത്രമല്ല, രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളെല്ലാം കൂടുതൽ യാത്രക്കാരെ സ്വീകരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നുമുണ്ട്. അബൂദബി വിമാനത്താവളത്തിന്‍റെ ടെർമിനൽ വികസനം പൂർത്തിയായിട്ടുണ്ട്. ഷാർജ വൻ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഫുജൈറ വിമാനത്താവളം സജീവമായിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇതെല്ലാം ടൂറിസം രംഗത്തിന്‍റെ മുന്നേറ്റത്തിന്‍റെ മുന്നൊരുക്കമായാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.