'ബനാറസിന് ചരിത്രത്തേക്കാൾ പഴക്കമുണ്ട്, പാരമ്പര്യത്തേക്കാൾ പഴക്കമുണ്ട്, ഒരുപക്ഷേ, ഐതിഹ്യങ്ങളേക്കാൾ പഴക്കമുണ്ടാവും' -വിഖ്യാത സാഹിത്യകാരൻ മാർക് ട്വയിെൻറ കാശിയെ കുറിച്ചുള്ള ഉദ്ധരണി എല്ലാകാലത്തും പ്രസക്തമാണ്. 3000 വർഷം പഴക്കമുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തിയ ഗംഗ നദീതീരത്തെ ഇൗ നഗരം ഹിന്ദു വിശ്വാസമനുസരിച്ച് 12 ജ്യോതിർലിംഗ സ്ഥലങ്ങളിലെ ശക്തിപീഠങ്ങളിലൊന്നാണ്. ഒരാൾ വാരാണസിയിൽ മരിച്ചാൽ അയാളുടെ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ഇങ്ങനെ വിശ്വാസങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഇന്ത്യയിലെ മറ്റൊരു നഗരത്തിലും കാണാത്ത കാഴ്ചകളും അനുഭവങ്ങളുമാണ് വാരാണസി കാത്തുവെച്ചിരിക്കുന്നത്.
പേരിനപ്പുറം വാരാണസി എന്ന നഗരത്തിലേക്കുകൂടി വായനക്കാരനെ വലിച്ചടുപ്പിച്ച എം.ടിയുടെ നോവലിലൂടെയാണ് കാശിയെന്നും ബനാറസെന്നുമെല്ലാം അറിയപ്പെടുന്ന നഗരം അടങ്ങാത്ത ഒരു ആവേശമായി മനസ്സിലേക്ക് കയറിയത്. വാരാണസി യാത്ര കുറേ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നുവെങ്കിലും രാജ്യം നിർണായകമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുേമ്പാഴാണ് പുണ്യനഗരത്തിലേക്ക് യാത്ര തുടങ്ങിയത്.
കോയമ്പത്തൂരിൽനിന്ന് ചെന്നൈ വഴി വാരാണസി. ഇതായിരുന്ന യാത്രാവഴി. അർധരാത്രിയോടെയാണ് ചെന്നൈയിലെത്തിയത്. പിറ്റേന്ന് അതിരാവിലെയായിരുന്നു വാരാണസിയിലേക്കുള്ള വിമാനമെന്നുള്ളതിനാൽ ഒരു രാത്രി ചെന്നൈ എയർപോർട്ടിൽതന്നെ കഴിയാൻ തീരുമാനിച്ചു. വാരാണസിയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരിൽ ഭൂരിപക്ഷവും തീർഥാടകരായിരുന്നു. വിമാനത്തിൽ പോയി കാശിയിലെ ക്ഷേത്രങ്ങൾ ദർശിച്ച് മടങ്ങാനുള്ള പാക്കേജ് പല ട്രാവൽ ഏജൻസികളും നൽകുന്നുണ്ട്. അത് ഉപയോഗപ്പെടുത്തി പോകുന്നവരാണ് ഇവരിൽ പലരുമെന്ന് തോന്നി.
വാരാണസി നഗരത്തിൽനിന്ന് 26 കിലോമീറ്റർ അകലെയാണ് ലാൽബഹാദുർ ശാസ്ത്രി വിമാനത്താവളം. നഗരത്തിെൻറ പേരിനൊത്ത പകിെട്ടാന്നുമില്ലാത്ത വിമാനത്താവളം. വികസന പ്രവർത്തനങ്ങൾ വിമാനത്താവളത്തിൽ നടന്നുവരുന്നതെയുള്ളൂ. ഇവിടെനിന്ന് നഗരത്തിലേക്ക് എത്താൻ ബസ് സൗകര്യം കുറവാണ്. ടാക്സിയാണ് പ്രധാന യാത്രാമാർഗം. ലഗേജുമെടുത്ത് പുറത്തേക്ക് എത്തുേമ്പാഴേക്കും ടാക്സി ഡ്രൈവർമാർ നമ്മെ വളയും. പരമാവധി അവരിൽനിന്ന് അകലം പാലിച്ച് പ്രീപെയ്ഡ് ടാക്സിയോ ഉൗബർ, ഒല പോലുള്ളവയോ തിരഞ്ഞെടുക്കുകയാവും പോക്കറ്റിന് നല്ലത്. ഒല ടാക്സി ബുക്ക് ചെയ്തിരുന്നതുകൊണ്ട് ഡ്രൈവർ എന്നെ കാത്ത് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.
വിമാനത്താവളത്തിൽനിന്നുള്ള യാത്ര തുടങ്ങി പെെട്ടന്നുതന്നെ കാർ നാലുവരി പാതയിലേക്ക് കയറി. അടിസ്ഥാനസൗകര്യ വികസന മേഖലയിൽ മറ്റ് ഉത്തരേന്ത്യൻ ചെറുനഗരങ്ങളുമായി താരത്മ്യം ചെയ്യുേമ്പാൾ വാരാണസി ചെറുതല്ലാത്ത പുരോഗതി കൈവരിച്ചിട്ടുണ്ട്. ഹൈവേയിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നു. പക്ഷേ, റോഡിനിരുവശവും താമസിക്കുന്ന ജനങ്ങളുടെ ജീവിതത്തിന് കാര്യമായ പുരോഗതിയൊന്നുമില്ലെന്ന് ഒറ്റനോട്ടത്തിൽനിന്നുതന്നെ വ്യക്തം.
കുറച്ചുദൂരംകൂടി പിന്നിട്ടതോടെ കാലത്തിനൊട്ടും യോജിക്കാത്ത, ഒരു വൃത്തിയുമില്ലാത്ത തുരുെമ്പടുക്കാറായ ബസുകൾ കാഴ്ചയിലേക്ക് എത്തുകയായി. വാരാണസിയുടെ പൊതുഗതാഗത സംവിധാനമാണത്. നൂറുകണക്കിന് ആളുകൾ നഗരത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത് ദ്രവിച്ച് തീരാറായ ഇൗ ശകടങ്ങളിലാണ്. ഇതു കാണുേമ്പാഴാണ് നമ്മുടെ കെ.എസ്.ആർ.ടി.സിയൊക്കെ എത്രയോ ഭേദമെന്ന് തോന്നുക. നഗരത്തോട് അടുക്കുേമ്പാൾ ഗതാഗതക്കുരുക്കാവും നമ്മെ ഏറ്റവും വീർപ്പുമുട്ടിക്കുക. കുരുക്കിന് പേരുകേട്ട കൊച്ചിയൊക്കെ വാരാണസിക്ക് മുന്നിൽ നാണിച്ചുപോകും. ഒടുക്കം കുരുക്കിന് മുന്നിൽ സുല്ലിട്ട്, ബുക്ക് ചെയ്ത ഹോട്ടൽ അടുത്താണെന്നും കാർ അങ്ങോട്ട് പോകില്ലെന്നും പറഞ്ഞ് ഡ്രൈവർ നഗരത്തിരക്കിലേക്ക് എന്നെ ഇറക്കിവിട്ടു.
ഇനിയുള്ള യാത്രക്ക് പങ്കാളി ഗൂഗ്ളെന്നുറച്ച് മാപ്പ് നോക്കി നടത്തമാരംഭിച്ചു. നിർത്താതെയുള്ള ഹോണടിയാണ് റോഡിൽ. ഒരു നിമിഷം പോലും കാത്തുനിൽക്കാൻ മെനക്കെടാതെ അക്ഷമരായ ആളുകൾ തെരുവുകളിലൂടെ പായുന്നു. ബൈക്കുകൾ ഫുട്പാത്തുകളിലേക്കും കയറി വരുന്നു. അവ ഇടിക്കാതെ രക്ഷപ്പെടണമെങ്കിൽ അൽപം സാഹസംതന്നെ വേണ്ടിവരും. ഇതിനിടയിൽ പശുക്കളും തെരുവുകൾ കൈയടക്കിയിട്ടുണ്ട്. നടത്തത്തിനിെട ഗൂഗ്ൾ മാപ്പിെൻറ വഴികളിൽനിന്ന് മാറിനടന്നതോടെ ദൈർഘ്യംകൂടി. ഒടുവിൽ എതാണ്ട് ഒരു കിലോമീറ്റർ നടന്നശേഷം ഗല്ലികളൊന്നിൽ ബുക്ക് ചെയ്ത ഹോട്ടൽ കണ്ടെത്തി.
ഗല്ലികൾക്കിടയിലെ ജീവിതങ്ങൾ
കാശിയിലെ ജീവിതം പുലരുന്നത് ഗല്ലികൾക്കിടയിലാണ്. ഇടുങ്ങിയ വഴികൾക്കിടയിൽ നൂറുക്കണക്കിനാളുകൾ താമസിക്കുന്നു. ഇതിനിടയിൽ കരകൗശല വസ്തുക്കളിൽ തുടങ്ങി വരണാസി സിഗരറ്റ് വരെ വിൽക്കുന്ന കടകൾ. ഗല്ലികൾക്കിടയിൽ പലപ്പോഴും വഴിമുടക്കിയായി പശുക്കളുണ്ടാവും. അവക്കിടയിലൂടെ സാഹസികമായി വേണം നടന്നുപോകാൻ.
ഹോട്ടലിൽനിന്നിറങ്ങി ഗല്ലികളിലൂടെ അൽപ്പം നടന്നപ്പോൾതന്നെ ഗംഗയുടെ തീരത്ത് എത്തി. പരമശിവൻ ജഡക്കുള്ളിലൊളുപ്പിച്ച ഇന്ത്യയിലെ പുണ്യനദി. ഉച്ചവെയിലിൽ ഗംഗാതീരത്ത് ആളുകൾ നന്നേ കുറവാണ്. എങ്കിലും അങ്ങിങ്ങായി ചിലരെ കാണാം. വൈകുന്നേരങ്ങളിലും അതിരാവിലെയുമാണ് ഗംഗ സജീവമാവുക. രണ്ടുസമയത്തും ആരതിയുണ്ടാവും. രാവിലെ പിതൃക്കൾക്ക് ബലിയിടാനെത്തിയ ആളുകളുടെ തിരക്കാവും തീരത്ത്. ബലികർമങ്ങൾക്ക് കാർമികത്വം വഹിക്കാനെത്തുന്ന പാണ്ഡങ്ങളുടെ വിലപേശലുകളാലും മേന്ത്രാച്ചാരണങ്ങളാലും മുഖരിതമാവും ആ സമയങ്ങളിൽ ഗംഗ.
ഏപ്രിലിലായിരുന്നു എെൻറ യാത്ര. ഉച്ചവെയിലുംകൊണ്ട് കൂടുതൽ നേരം നിൽക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന തിരിച്ചറിവിൽ പതിയെ കാശിവിശ്വനാഥ ക്ഷേത്രത്തിനടുത്തേക്ക് നടന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ക്ഷേത്രങ്ങളിലൊന്ന്. ഈ ക്ഷേത്രത്തിെൻറ ഐതിഹ്യവും രസകരമായ ഒന്നാണ്. ആരാണ് കേമനെന്നതിൽ ബ്രഹ്മാവും മഹാവിഷ്ണുവും തമ്മില്‍ തര്‍ക്കമാവുകയും, തര്‍ക്കം മൂത്ത് യുദ്ധത്തില്‍ കലാശിക്കുകയും ചെയ്തു. യുദ്ധം കനത്തതോടെ മൂന്ന് ലോകങ്ങളും ഇരുട്ടിലായി. ഉടൻ പരമശിവന്‍ വിളക്കായി അവതരിച്ച് ലോകത്തിന് വെളിച്ചം നല്‍കിയത് ഗംഗാനദിക്കരയിലെ കാശിയില്‍ വെച്ചാണെന്നാണ് ഐതിഹ്യം. അതുകൊണ്ടുതന്നെ ജ്യോതിര്‍ലിംഗമാണ് കാശിവിശ്വനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
ക്ഷേത്രത്തിനകത്ത് മൊബൈൽ ഫോണും പഴ്സും വാച്ചുമൊന്നും അനുവദിക്കില്ല. സമീപത്തെ കടകളിൽ ലോക്കറുകൾ വാടകക്ക് ലഭിക്കും. വിലപ്പെട്ട വസ്തുക്കൾ അവിടെ സൂക്ഷിക്കാം. ഇന്ത്യയിലെതന്നെ പ്രമുഖ ക്ഷേത്രമായിട്ടും ക്ഷേത്രകെട്ടിനകത്ത് കാര്യമായ വൃത്തിയൊന്നുമില്ല. നല്ല തിരക്കുള്ളതിനാൽ ക്ഷേത്രത്തിനകത്ത് കുറേസമയം ചെലവഴിക്കേണ്ടി വന്നു. പുറത്തിറങ്ങുേമ്പാഴേക്കും നാലുമണി കഴിഞ്ഞിരുന്നു.
വൈകീട്ട് ഗംഗ പതിയെ സജീവമായിത്തുടങ്ങി. ഉച്ചസമയത്ത് വിജനമായ ഘാട്ടുകളിലെല്ലാം ആളെത്തിത്തുടങ്ങി. പുണ്യനഗരമെന്നാണ് വാരാണസിക്ക് പൊതുവേയുള്ള ഖ്യാതി. പിതൃമോക്ഷത്തിനായും ജീവിത സായന്തനങ്ങളിൽ ആത്മീയതക്കുമായും മാത്രം ആളുകളെത്തുന്ന നഗരമെന്നാണ് കാശിയെ കുറിച്ച് പറയുക. പക്ഷേ, വൈകീട്ട് വരണാസിയിലെ പടവുകളിലെ കാഴ്ച നഗരത്തെ കുറിച്ചുള്ള ധാരണകളെ തെറ്റിക്കുന്നതായിരുന്നു.
കമിതാക്കളെയും യുവാക്കളേയും ഗംഗാതീരത്തെ പടവുകളിൽ കാണാം. ഒരു ബീച്ചിലെ വിനോദങ്ങൾപോലെ ഗംഗാതീരം മാറിയിരിക്കുന്നു. പക്ഷേ, ഇവക്കെല്ലാം മുകളിൽ ആത്മീയതയുടെ ആവരണം ഗംഗയും കാശിയും അണിഞ്ഞിരിക്കുന്നതായി തോന്നി. ഇതിന് ഒരിക്കലും കോട്ടം വരാത്ത രീതിയിലാണ് തീരത്തെ ആഘോഷങ്ങളെല്ലാം.
മണികർണികയിലേക്ക്
ഗംഗയിലെ ഘാട്ടുകളിൽ ഏറ്റവും സജീവം ദശാശ്വേമേധഘാട്ടാണ്. വൈകുന്നേരങ്ങളിൽ ഗംഗ ആരതി നടക്കുന്നത് ഇവിടെയാണ്. ഏതാണ്ട് ആറരയോട് അടുക്കുേമ്പാഴാണ് ഗംഗ ആരതിയുണ്ടാവുക. ആരതിക്ക് ഇനിയും സമയം ബാക്കിയാണ്. അത്രയും നേരം ദശാശ്വേമേധഘാട്ടിൽതന്നെ നിൽക്കുന്നതിൽ കാര്യമില്ല. മറ്റ് പല കാഴ്ചകളും വാരാണസിയിൽ കാത്തിരിക്കുന്നുണ്ട്. ഒടുവിൽ മണികർണികയിലേക്ക് പോകാൻ തീരുമാനിച്ചു. ഇടതടവില്ലാത ശവദാഹം നടക്കുന്ന ഗംഗാതീരത്തെ ഘാട്ടാണ് മണികർണിക. ബുദ്ധന് ബോധി മരച്ചുവട്ടിലാണ് ബോധോദയം ലഭിച്ചതെങ്കിൽ ഓരോ മനുഷ്യനും തിരിച്ചറിവ് നൽകുന്നയിടമാണിത്. ജീവിതമേ നീ ഇത്രയേയുള്ളോയെന്ന് എല്ലാവരേയും ഓർമിപ്പിക്കും മണികർണിക.
ഗൂഗ്ൾ മാപ്പിെൻറ സഹായത്തോടെയാണ് മണികർണികയിലേക്ക് നടത്തമാരംഭിച്ചത്. ഒരുപോലിരിക്കുന്ന വാരാണസിയിലെ ഇടുങ്ങിയ ഗല്ലികളിൽ വഴിതെറ്റിയാൽ ബുദ്ധിമുട്ടാകും. മാപ്പിലും കരിങ്കല്ല് പാകിയ നടപ്പാതയിലും മാത്രം ശ്രദ്ധയൂന്നിയാണ് നടത്തം. കുറേദൂരം കഴിഞ്ഞപ്പോൾ പതിവില്ലാത്ത പൊലീസ് സുരക്ഷ. അതിനടുത്തുതന്നെ പൊളിച്ചുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളും. വരണാസിയുടെ വികസനത്തിനായുള്ള കാശി ഇടനാഴിയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാന പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധമാണ് കാശിയിൽ ഉയരുന്നത്. അതാണ് പൊലീസ് സുരക്ഷയുടെ പൊരുൾ. പക്ഷെ, എന്തുകൊണ്ടോ പ്രതിഷേധങ്ങളൊന്നും വാർത്തകളിൽ ഇടംപിടിക്കാറില്ല.
മണികർണികയോട് അടുക്കുേമ്പാൾ പിന്നിൽ ഒരു ബഹളം. തിരിഞ്ഞുനോക്കിയപ്പോൾ മൃതദേഹവുമായി വരുന്നവരാണ്. അവർക്ക് വഴിമാറിക്കൊടുത്തു. നടപ്പ് തുടരുേമ്പാഴേക്കും അടുത്തയാളുകൾ എത്തുകയായി. മുന്നോട്ട് നീങ്ങുേമ്പാൾ ശവദാഹം കഴിഞ്ഞ് മടങ്ങുന്നവരെ കാണാം. ഒടുവിൽ മണികർണികയിലെത്തുേമ്പാൾ ആ പ്രദേശത്തിന് മുഴുവൻ മൃതദേഹങ്ങൾ കരിയുന്ന ഗന്ധമാണെന്ന് തോന്നിപ്പോയി.
പടവുകളിൽ എരിഞ്ഞടങ്ങുന്ന മൃതദേഹങ്ങൾ. ഒരു മൃതദേഹം ചിതയിലേക്ക് എടുക്കാൻ ഒരുക്കുകയാണ്. മരിച്ചയാളുടെ ബന്ധുക്കൾ അന്ത്യകർമങ്ങൾ ചെയ്യുന്നു. വാരാണസിയിൽ മൃതദേഹങ്ങൾ അടക്കുന്നതോടെ ജന്മങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് അയാൾ മോചിതനായിരിക്കുന്നു. അതിനാലാവാം മണികർണികയുടെ പടവുകളിൽ ഉറ്റവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ദൂരെദിക്കുകളിൽനിന്നുപോലും ആളുകളെത്തുന്നത്.
വാരാണസിയുടെ മറ്റൊരു മുഖമാണ് മണികർണികയിൽ തെളിയുന്നത്. കത്തിയെരിയുന്ന ശവങ്ങൾക്ക് സമീപമിരുന്ന് കഞ്ചാവ് വലിക്കുന്നവർ, ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ സൈക്കിളിൽ ചായയുമായി നടക്കുന്നവർ, പുതുതായി എത്താനിരിക്കുന്ന മൃതദേഹങ്ങൾക്കായി ചിതയൊരുക്കുന്നവർ... ഇവരെല്ലാവരുംകൂടി ചേരുന്നതാണ് മണികർണിക. സന്ധ്യയായി തുടങ്ങിയതോടെ അവിടെയുള്ളവരുടെ നോട്ടങ്ങൾ മുഴുവൻ എന്നിലേക്കാണെന്ന് മനസ്സിലായി. ഇനിയും മണികർണികയിൽ തുടരുന്നതിൽ അർഥമില്ല. പതിയെ തിരിച്ച് നടക്കാൻ തുടങ്ങി. ഇനി ലക്ഷ്യം ഗംഗ ആരതിയും ദശാശ്വേമേധഘാട്ടുമാണ്.
ഗംഗയിലെ തോണിയാത്ര
ഗംഗ ആരതിക്കായി തീരം തയാറെടുക്കുന്നു. ഗംഗയുടെ മറുകരയിലേക്ക് പോകാനുള്ള തോണിയിലേക്ക് വിളിക്കുന്നവരാണ് ഘാട്ടിൽ തിരിച്ചെത്തുേമ്പാൾ സ്വാഗതം ചെയ്തത്. ആരതിക്ക് ഇനിയും സമയമുണ്ട്. തോണിയാത്രയാകാമെന്ന് ഉറച്ച് ഒന്നിൽ കയറി. 30 രൂപയുണ്ടെങ്കിൽ തോണിയിൽ ഗംഗയുടെ മറുകര പോയി തിരിച്ചെത്താം. നീണ്ടുകിടക്കുന്ന മണൽപരപ്പാണ് പുഴയുടെ മറുകരയിൽ. ഘാട്ടുകളിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് അവിടെയില്ല. ഗംഗാസ്നാനം ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഇടവുമിതാണ്.
തോണിയിൽ കൂെടയുണ്ടായിരുന്നത് പശ്ചിമ ബംഗാളിൽനിന്നുള്ളവരായിരുന്നു. സ്നാനം ചെയ്യാൻ നദിയിലേക്ക് ഇറങ്ങിയ അവരൊടൊപ്പം ആദ്യമായി വെള്ളത്തിലേക്ക് ഇറങ്ങി. പുണ്യനദിയിൽ ആദ്യമായി കാൽതൊടുേമ്പാൾ ഓർമ വന്നത് എം.ടിയുടെ വരികളായിരുന്നു, 'ഗംഗ ആരുടെയും പാപങ്ങൾ ഇല്ലാതാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നില്ല, പകരം അത് ഏറ്റുവാങ്ങി നിർത്താതെയുള്ള ഒഴുക്ക് തുടരുക മാത്രമാണ്.'
തിരക്കിലമർന്ന് മന്ത്രോച്ചാരണങ്ങളാൽ മുഖരിതമാണ് ഒരു കരയിലെ ഘാട്ടുകളെങ്കിൽ നിശ്ശബ്ദമാണ് മറുകര. അവിടത്തെ ഏകാന്തതയും മണൽപ്പരപ്പും നമ്മെ കൊതിപ്പിക്കും. ആ മണലിൽ ഗംഗയെ നോക്കി എത്ര വേണമെങ്കിലും ഇരിക്കാം. പക്ഷേ അധികനേരം ഇവിടെ തുടരാൻ സമയമില്ല.
ആരതിക്ക് സമയമായതോടെ മറുകരയിലേക്ക് തോണിയിൽ മടക്കമാരംഭിച്ചു. അപ്പോൾ ദശാശ്വേമേധഘാട്ടിൽ ആരതിക്കായി പൂജാരിമാർ എത്തിക്കഴിഞ്ഞിരുന്നു. വിളക്കുകളുടെ പ്രകാശത്തിൽ ഗംഗാതീരത്തിന് ഇതുവരെ കാണാത്തൊരു ഭംഗി കൈവന്നിരിക്കുന്നു. ആരതി കാണാൻ പറ്റിയ ഒരിടത്തുതന്നെ സ്ഥലംപിടിച്ചു. ലോകത്തെ വേറെ ഏതെങ്കിലും നദിയെ ഇതുപോലെ ആരാധിക്കുമോയെന്ന് അറിയില്ല. പക്ഷേ, ഗംഗ ആരതി ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ഒന്നാണ്.
ദീപങ്ങളുമായി കസവുവരയുള്ള വെള്ള ധോത്തിയും ചുവന്ന കുർത്തയുമായി പൂജാരിമാർ. ചന്ദനത്തിരികളുടേയും കർപ്പൂരത്തിേൻറയും ഗന്ധം. സ്പീക്കറുകളിലൂടെ ഉയരുന്ന സംഗീതം. അതിനനുസരിച്ച് നർത്തകർ വ്യത്യസ്ത ദിശകളിലേക്ക് വിളക്കുകൾ ഉയർത്തിയും താഴ്ത്തിയും ആരതി ആരംഭിക്കുന്നു. ഈസമയം ഗംഗയിൽ മൺചെരാതുകൾ പ്രകാശത്തിെൻറ മറ്റൊരു ലോകം തീർത്തിരിക്കും. ഏതാണ്ട് അരമണിക്കൂറിലധികം നീളുന്ന ആരതി ആളുകളെ ആത്മീയതയുടെ മറ്റൊരു തലത്തിലേക്കാണ് ഉയർത്തുക. ഉന്മാദത്തിെൻറ സംഗീതംകൂടി ഗംഗ ആരതിയിൽ അലിഞ്ഞുചേർന്നിട്ടുണ്ടെന്ന് തോന്നി. ആരതിക്കുശേഷവും മണിക്കൂറുകൾ ഗംഗാതീരത്ത് തുടർന്നശേഷമാണ് ഹോട്ടലിലേക്ക് മടങ്ങിയത്.
വൃത്തിയും വെടിപ്പുമുള്ള ആസൂത്രിതമായൊരു നഗരം അന്വേഷിച്ചെത്തുന്നവരെ വാരാണസി ഒരിക്കലും മോഹിപ്പിക്കില്ല. ഓരോ ഗല്ലികളിലും ഗംഗാതീരത്തും ക്ഷേത്രത്തിൽ പോലും നമ്മെ വീർപ്പുമുട്ടിക്കുന്ന തിരക്കും പശുക്കളും മാലിന്യങ്ങളുമെല്ലാം ഉണ്ടാവും. മോദിയുടെ ഗംഗാ ശുചീകരണം ഇവിടെ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്ന് ഒറ്റനോട്ടത്തിൽതന്നെ മനസ്സിലാവും.
പക്ഷേ, നമ്മെ ഭ്രാന്തമായി വശീകരിക്കുന്ന ഒരു നഗരമാണ് വാരാണസി. അവിടെയെത്തിയാൽ അഘോരികൾ വലിക്കുന്ന കഞ്ചാവിെൻറ പുകച്ചുരുളുകൾ നമ്മളിൽ ലഹരി നൽകും. ഭക്തിയുടേയും ആത്മീയതയുടേയും പുതിയൊരു തലമാണ് വാരാണസി നമുക്ക് മുന്നിൽ തുറന്നിടുന്നത്. തിരിച്ച് വിമാനം കയറുേമ്പാൾ ഒന്നുറപ്പിച്ചിരുന്നു, മോക്ഷം തേടി ഒരിക്കൽകൂടി ഈ നഗരത്തിൽ വരുമെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.