നിബിഡവനങ്ങളും മൊട്ടക്കുന്നുകളും നിറഞ്ഞ കുടജാദ്രി

സൗപർണികയിൽ മുങ്ങിക്കുളിച്ച്​, അംബാ വനം താണ്ടി കുടജാദ്രിയിൽ

കേട്ടപ്പോള്‍ തന്നെ മനസ്സിൽ പതിഞ്ഞുപോയ ചില യാത്രകളുണ്ട്, യാത്രാവഴികളുണ്ട്. ഏതൊരാൾക്കും മനസ്സിൽ യാത്രയുടെ വിത്തുകള്‍ പാകുന്നവ. അങ്ങനെ കേട്ടപ്പോൾ തന്നെ മനസ്സിൽ ഒരാഗ്രഹം മുള പൊട്ടുകയും പല കാരണങ്ങളാൽ രണ്ട്​ വർഷത്തോളം കാത്തിരിക്കുകയും ചെയ്​ത ഒരു സ്വപ്‌ന യാത്രയാണിത്‌. വായിച്ചും കേട്ടുമറിഞ്ഞ മൂകാംബികയും കുടജാദ്രിയും.

കർണാടകത്തിലെ കൊല്ലൂരിലാണ് മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നതെങ്കിലും അവിടെയെത്തുന്ന വിശ്വാസികൾ ഭൂരിഭാഗവും മലയാളികളാണ്. സൗപർണിക നദിയിൽ മുങ്ങിക്കുളിച്ച്​ ദേവി ദർശനം നടത്താനും കുഞ്ഞുങ്ങളെ എഴുത്തിനിരുത്താനുമുള്ള ഇവിടത്തെ തിരക്ക് പറഞ്ഞറിയിക്കാനാകില്ല. കൊല്ലൂരിൽ നിന്ന് 21 കി.മി അകലെയാണ് ആദിശങ്കരൻ തപസ്സനുഷ്ഠിച്ച കുടജാദ്രിമല. മൂകാംബിക ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് കുടജാദ്രിയുടെ ഐതിഹ്യങ്ങളും.

മരങ്ങളുടെ കൂട്ടമുള്ളത് കൊണ്ട് സൂര്യപ്രകാശം വഴിയിലേക്കെത്താൻ മടിപിടിക്കുന്നു

മലമുകളിലേക്ക് പോകാൻ നിരവധി വഴികൾ ഉണ്ടെങ്കിലും എനിക്ക് ആദ്യം ഓർമ വന്നത് ചെറുപ്പത്തിൽ വായിച്ച ആഷാ മോനോ​െൻറ കുടജാദ്രി യാത്ര വിവരണമാണ്. ഇത്രയേറെ വികസനം വരാത്ത ആ നാളുകളിൽ മൂകാംബികയില്‍നിന്ന്​ നടത്തിയ ജീപ്പ് യാത്രയുടെ അനുഭവം ആരെയും കൊതിപ്പിക്കുന്നതായിരുന്നു. പിന്നീട് എത്രയോപേർ ജീപ്പുകളിലും മലയാളി കുടുംബങ്ങൾ താമസിക്കുന്ന ചെറുവഴികളിലൂടെയും കാട്ടുവഴികളിലൂടെയും കുടജാദ്രി കയറിയിരിക്കുന്നു.

മലയെ കീറി മുറിച്ചുകൊണ്ട് ജീപ്പുകൾ പോയ വഴികളോട് താൽപ്പര്യം തോന്നാത്തത്​ കൊണ്ടും പുതുമ ഇല്ലാത്തത് കൊണ്ടും പല സ്വകാര്യ തിരക്കുകളാലും കുടജാദ്രി ഒരു സ്വപ്​നമായി തന്നെ നിന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ജയേഷ് ഭായ് കുടജാദ്രിയിലേക്ക് ഉൾക്കാട്ടിലൂടെ ഒരു വഴിയുണ്ടെന്നും വനംവകുപ്പി​െൻറ അനുമതി എടുത്ത് കയറി തിരികെവരുമ്പോൾ ഹിഡുൽമനെ വെള്ളച്ചാട്ടം വഴി തിരിച്ചിറങ്ങാമെന്നും പറയുന്നത്. യഥാര്‍ത്ഥത്തില്‍ പുള്ളിക്കാരൻ കാണിച്ച ഫോട്ടോകളിൽ വീണുപോയി എന്നതാണ് സത്യം.

നിബിഡമായ വനത്തിലൂടെയാണ് നടത്തം

കെ.എസ്​.ആർ.ടി.സിയിൽ മൂകാംബികയിലേക്ക്​

യാത്ര പോകാൻ തീരുമാനിച്ചത് പൂജാ അവധിക്കായതിനാൽ മൂകാംബികയിലേക്കുള്ള ട്രെയിനുകളിൽ ഒന്നിലും സീറ്റുണ്ടായിരുന്നില്ല. അവസാനം കെ.എസ്​.ആർ.ടി.സിയിൽ ടിക്കറ്റ് ബുക്ക് ചെയ്തു. വൈകുന്നേരം 5.40ന് പുറപ്പെട്ട വണ്ടി കൊല്ലൂരിൽ എത്തിയത് രാവിലെ 7.45ന്. സൗപർണികയിൽ ഒന്ന് മുങ്ങിക്കുളിച്ചപ്പോൾ സകലക്ഷീണവും പമ്പ കടന്നു. ചെറിയൊരു കടയിൽനിന്ന് ചായയും പുട്ടും കടലയും കഴിച്ച് മൂകാംബിക ക്ഷേത്രത്തിലേക്ക്​ നടന്നു. ക്ഷേത്രപരിസരം വിശ്വാസികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. എവിടെയും മലയാളികൾ തന്നെ.

മൂകാംബിക ക്ഷേത്ര പരിസരത്തുനിന്ന് കാനന വഴിയുള്ള ട്രെക്കിങ്ങിനെ കുറിച്ച് ഒരന്വേഷണം നടത്തി. കർണാടക വനംവകുപ്പി​െൻറ മൂംകാബിക നാഷനൽ പാർക്കിലാണ് കുടജാദ്രി സ്ഥിതി ചെയ്യുന്നത്. ജൈവ വൈവിധ്യമേഖലയായി പ്രഖ്യാപിച്ചതിനാൽ ഉൾക്കാട്ടിലൂടെ യാത്ര അനുവദനീയമല്ല. ഇനിയുള്ളത് ഷിമോഗക്ക്​ പോകുന്ന ബസിൽ കാരക്ക​ട്ടെ ഇറങ്ങി ട്രെക്ക്​ ചെയ്​ത്​ പോവുക എന്നതാണ്. ബസിൽ കയറി 20 രൂപ ടിക്കറ്റെടുത്ത് ലക്ഷ്യസ്​ഥാനത്ത്​ ഇറങ്ങി.

വേരുകളിൽ പ്രകൃതി തീർത്ത പടികൾ കടന്നുവേണം മുന്നോട്ടുപോകാൻ

ഇവിടെനിന്ന് കാട്ടുവഴികളിലൂടെ തന്നെയാണ് ട്രെക്കിങ്​. പക്ഷെ, ഇടക്കിടെ ജനവാസ കേന്ദ്രങ്ങളുണ്ടാകും. കാരക്കട്ടെനിന്ന് കുടജാദ്രിക്കുള്ള മൺപാതയിലൂടെ നടത്തം തുടങ്ങി. ഇരുവശവും പേരറിയുന്നതും അറിയാത്തതുമായ കൂറ്റൻ മരങ്ങൾ. കോടമൂടിയതിനാൽ അവക്കിടയിലൂടെയുള്ള കാഴ്​ച വ്യക്തമല്ല. മരങ്ങളുടെ കൂട്ടമുള്ളത് കൊണ്ട് സൂര്യപ്രകാശം വഴിയിലേക്കെത്താൻ മടിപിടിക്കുന്നു.

വഴി ഒരിരുളിമയിൽ നിൽക്കുന്നു. മനുഷ്യസ്​പർശം മണ്ണിൽ പതിഞ്ഞപ്പോഴേക്കും തലപൊക്കിയ ഒരു കൂട്ടരുണ്ട്, അട്ടകൾ. അവ ഒറ്റക്കും കൂട്ടമായുമുള്ള ആക്രമണം തുടങ്ങി. പക്ഷെ ഇവയൊന്നും ചുറ്റുമുള്ള കാഴ്​ചകൾ കാണുന്നതിന് തടസ്സമായിരുന്നില്ല.

വനത്തിലൂടെ പലതവണ ട്രെക്കിങ്​ നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും മനോഹരവും ഹൃദയകരവുമായ ഒരനുഭവം മുമ്പുണ്ടായിട്ടില്ല

നിബിഡ വനത്തിലെ​ ട്രെക്കിങ്​

കാരക്കട്ടെ നിന്ന് 11 കിലോമീറ്ററുണ്ട്​ കുടജാദ്രിയുടെ മുകളിലേക്ക്. കർണാടകയിലെ ഷിമോഗ ജില്ലയിലാണ് കുടജാദ്രി സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 1343 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ സുപ്രധാന കേന്ദ്രം. നിബിഡവനങ്ങളും മൊട്ടക്കുന്നുകളും നിറഞ്ഞ കുടജാദ്രി. അഞ്ച്​ കി.മി പിന്നിട്ടപ്പോൾ മനുഷ്യവാസമുള്ള ഇടമെത്തി. ഇവിടെയൊരു ഫോറസ്​റ്റ്​ ചെക്ക് പോയൻറുണ്ട്.

കോട മൂടിയതിനാൽ മുന്നിലെ കാഴ്​ചകൾ അവ്യക്​തമായിരുന്നു

അവിടെ ആളൊന്നിന് 15 രൂപയും വിവരങ്ങളും നൽകി. അടുത്തുള്ള സന്തോഷ് ഹോട്ടലിൽ കയറി ചായ കുടിച്ച്​ അൽപ്പനേരം ഒന്ന് വിശ്രമിച്ചപ്പോൾ ചെറിയ ഒരാശ്വാസമായി. പിന്നിടങ്ങോട്ടുള്ള യാത്ര കുറച്ചുകൂടി നിബിഡമായ വനത്തിലൂടെയാണ്​. വനമാണെങ്കിലും മലകയറ്റം തന്നെ. ചെറിയ വഴികൾക്കിരുവശവും അതിരിടുന്ന മരങ്ങൾ, അവയുടെ വേരുകളിൽ പ്രകൃതി തീർത്ത പടികൾ. അതീവ ശാന്തതയും ഭംഗിയുമാണിവക്ക്​ എന്ന് പറയാതെ വയ്യ. വനത്തിലൂടെ പലതവണ ട്രെക്കിങ്​ നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും മനോഹരവും ഹൃദയകരവുമായ ഒരനുഭവം മുമ്പുണ്ടായിട്ടില്ല. കയറ്റമാണെങ്കിലും നനുത്ത കോടയിൽ ക്ഷീണം അറിയുന്നതേയില്ല.

ഇലകൾ പൊഴിഞ്ഞ വഴിത്താരകൾ പിന്നിട്ട് പുൽമേടുകൾ നിറഞ്ഞ കുന്നിലെത്തിയപ്പോൾ

അംബാ വനത്തി​ലൂടെ വെള്ളം കുടിച്ചും ചെറുവിശ്രമങ്ങൾ എടുത്തും യാത്ര തുടർന്നു. കാടും സമതലവും ചെറുവെള്ളച്ചാട്ടങ്ങളുമെല്ലാം പിന്നിലേക്ക്​ മറയുന്നു. ഇലകൾ പൊഴിഞ്ഞ വഴിത്താരകൾ പിന്നിട്ട് പുൽമേടുകൾ നിറഞ്ഞ കുന്നിലേക്കെത്തി. കയറ്റമാണ് മുന്നിൽ. കുത്തനെയുള്ളതല്ല, പകരം ഒരു മലയെ ചുറ്റിപ്പോകുന്ന ചെറുവഴിയാണ്. മല പൂർണമായും കോടമൂടിയിരിക്കുന്നു.

മുമ്പിൽ പോകുന്ന ജയേഷ് ഭായിയെ പിൻപറ്റി ബാക്കിയെല്ലാവരും നടന്ന് തുടങ്ങി. നൂൽമഴ പോലെ കോട പെയ്യുന്നു. മലയുടെ താഴ്‌വാരം കാണാനെ പറ്റുന്നില്ല. പക്ഷെ, താഴെ വെള്ളച്ചാട്ടത്തി​െൻറ ശക്തമായ ഇരമ്പം കേൾക്കാം. ഒരാൾ പൊക്കത്തിൽ വളർന്ന് നിൽക്കുന്ന പുല്ലിലും ചിലന്തി വലകളിലും വരെ വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നു. അകലങ്ങളിൽ കോടയിൽ മൂടിനിൽക്കുന്ന മലകളുടെ കാഴ്​ച ഹൃദയഹാരിയാണ്.

കുടജാദ്രിയിൽ താമസത്തിന് സൗകര്യങ്ങൾ വളരെ കുറവാണ്

നനുത്ത കാറ്റിനൊപ്പം മലമുകളിൽ

മൊട്ടക്കുന്നുകളും കാടുകളും കടന്ന് അവസാനം കുടജാദ്രിയിലെത്തി. മുകളിലാണ് കുടജാദ്രി മൂലസ്ഥാനം. ഹിന്ദു മിത്തോളജി പ്രകാരം ദേവി മൂകാസുരനെ വധിച്ചുവെന്ന് കരുതുന്നതയിടം.

കുടജാദ്രിയിൽ താമസത്തിന് സൗകര്യങ്ങൾ വളരെ കുറവാണ്. കർണാടക സർക്കാറി​െൻറ ഒരു ​െഗസ്​റ്റ്​ ഹൗസുണ്ട്​. പിന്നെയുള്ളത് അമ്പലത്തിലെ പൂജാരിയായ അഡിഗയുടെ വീടാണ്. ഞങ്ങൾ മുൻകൂട്ടി വിളിച്ച് ഗെസ്​റ്റ്​​ ഹൗസിൽ താമസം പറഞ്ഞിരുന്നു.

ആദി ശങ്കരൻ കുടജാദ്രിയിൽവെച്ച്​ സർവജ്ഞപീഠം കയറിയെന്ന് വിശ്വസിക്കുന്നു

റൂമിലെത്തി ബാഗെ​ല്ലൊം ഇറക്കിവെച്ചു. വിശപ്പി​െൻറ വിളി കഠിനമായിരുന്നു. കൈയിലുണ്ടായിരുന്ന ബിസ്​ക്കറ്റും വെള്ളവുമെല്ലാം തീർന്നിട്ടുണ്ട്​. മുക്കാൽ മണിക്കൂറിനുള്ളിൽ ഭക്ഷണം തരാമെന്ന് പറഞ്ഞു. ഒരൊറ്റ മുറിയാണ് തന്നത്. രണ്ട് ബെഡ്ഡുണ്ട്. ഞങ്ങൾ ഏഴുപേരാണുള്ളത്​​.

എല്ലാവരും ഒരുമിച്ച്​ എങ്ങനെ കിടക്കും എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. അധിക ബെഡ്ഡ്​ ചോദിച്ചപ്പോൾ തരാമെന്ന് പറഞ്ഞു. അതോടെ താൽക്കാലിക ആശ്വാസമായി. രാത്രി ഭക്ഷണത്തിന് മുട്ട വേണമോ എന്ന് അവർ ചോദിച്ചു. മുട്ട തന്നെയാണോ എന്ന് ഒന്നുകൂടി ഉറപ്പിച്ചു. കാരണം നവരാത്രിക്ക് നോമ്പെടുത്ത്​ കുടജാദ്രി കയറിയ രണ്ടുപേർ കൂട്ടത്തിലുണ്ടായിരുന്നു. കുളിയും ഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ വീണ്ടും മലമുകളിലേക്ക് കയറാൻ തുടങ്ങി.

ശങ്കരാചാര്യരുടെ പ്രതിഷ്​ഠയുണ്ട് ഇവിടെ

നല്ല കയറ്റമാണ്. വഴിയിൽ നിറയെ ഉരുളൻ കല്ലുകൾ. ചെറുതായി കാറ്റും നല്ല കോടമഞ്ഞും. സർവജ്ഞപീഠത്തിലേക്കാണ് കയറിപ്പോകുന്നത്. ആദി ശങ്കരന്‍ നടന്ന വഴികളിലൂടെ. മല മൊത്തമായും കോട മൂടിയിട്ടുണ്ട്. സമയം നാല് മണി കഴിഞ്ഞത് കൊണ്ട് തന്നെ താഴെനിന്ന്​ ജീപ്പിൽ വന്ന യാത്രക്കാർ തിടുക്കത്തിൽ മലയിറങ്ങുന്നു. കാഴ്​ചകൾ മിക്കതും കോടമറച്ചിരിക്കുന്നു. കൂടെ നനുത്ത കാറ്റും.

ശങ്കരാചാര്യർ തപസ്സനുഷ്​ഠിച്ച ചിത്രമൂലയിൽ​

കുത്തനെയുള്ള കയറ്റം കഴിഞ്ഞാൽ പിന്നെ ചെറിയ ചെറിയ പാറകൾ. അതിനുമപ്പുറം സർവജ്ഞപീഠമെന്നും ശങ്കരപീഠമെന്നും അറിയപ്പെടുന്ന ഇടം. ആദി ശങ്കരൻ ഇവിടെവെച്ച് സർവജ്ഞപീഠം കയറിയെന്ന് വിശ്വസിക്കുന്നു. അവിടെ അമ്പലം പോലൊരു മന്ദിരം. ശങ്കരാചാര്യരുടെ പ്രതിഷ്​ഠയുണ്ട് ഇവിടെ. പൂജ ചെയ്യാൻ ഒരു പൂജാരിയും. ശങ്കരപീഠം കഴിഞ്ഞ് താഴേക്ക് കാട്ടിലൂടെ വഴി കാണാം. വഴിയെന്നൊക്കെ പറയാം.

ചി​ത്രമൂലയിലേക്ക്​ കയറാന്‍ കയര്‍ കെട്ടിയിട്ടുണ്ട്

ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ആളുകൾ നടന്ന ഒരു ചാൽ. ഒരാൾക്ക് കഷ്​ടിച്ച് ഇറങ്ങി നടക്കാം. ചിലയിടങ്ങളിൽ കുത്തനെയാണ് ഇറക്കം. ചിത്രമൂലയിലേക്കുള്ള വഴിയാണത്. ഇവിടെയാണ് ശങ്കരാചാര്യർ തപസ്സനുഷ്​ഠിച്ചിരുന്നത്. ഇവിടെ വെച്ചാണത്രെ ദേവി ശങ്കരാചാര്യർക്ക് മുന്നിൽ പ്രത്യക്ഷയായത്.

ചിത്രമൂല രണ്ട് പാറകൾക്കിടയിലെ ഒരു ചെറിയഗുഹ പോലെയുള്ള ഇടമാണ്. മുകളിലെ പാറയിൽനിന്ന് വെള്ളം വീണുകൊണ്ടേയിരിക്കുന്നു. അസ്​ഥി തുളച്ചുകയറുന്ന തണുപ്പാണ്​ വെള്ളത്തിന്​. വേനൽക്കാലത്തും ഈ വെള്ളം നിൽക്കാറില്ല എന്നാണ് അറിഞ്ഞത്. പതുക്കെ മഴ തുടങ്ങി.

ചിത്രമൂല രണ്ട് പാറകൾക്കിടയിലെ ഒരു ചെറിയഗുഹ പോലെയുള്ള ഇടമാണ്

ഗുഹയിലേക്ക് കയറാന്‍ കയര്‍ കെട്ടിയിട്ടുണ്ട്. ഞങ്ങൾ കയറിൽ തൂങ്ങി അകത്ത്​ കയറിയിരുന്നു. ഒരു ശിവലിംഗവും നന്ദിയുടെ ഒരു ചെറിയ പ്രതിമയും പ്രതിഷ്ഠിച്ചിട്ടുണ്ട്. പാറയിൽനിന്ന്​ ഒഴുകുന്ന വെള്ളം കുടിക്കുകയും കുളിക്കുകയും ചെയ്​തു. ഐസിനെ തോൽപ്പിക്കുന്ന തണുപ്പ്. സൗപർണിക ഉത്ഭവിക്കുന്നത് ചിത്രമൂലയിൽ നിന്നാണെന്ന് കേട്ടിട്ടുണ്ട്. ചിത്രമൂലക്ക്​ താഴെയുള്ള ഇടതൂര്‍ന്ന കാടാണ് അംബാവനം. അതിനുമപ്പുറത്താണ് മൂകാംബിക. ഇവിടെനിന്ന്​ ഒഴുകി താഴെയെത്തുന്നു സൗപര്‍ണിക.

തിരികെയുള്ള കയറ്റം കഠിനമായിരുന്നു. ശങ്കരപീഠത്തിൽ അന്നത്തെ അവസാനത്തെ യാത്രികരും താഴേക്കിറങ്ങാനുള്ള തയാറെടുപ്പിലാണ്. തിരിച്ച് ഗെസ്​റ്റ്​ ഹൗസിൽ എത്തിയപ്പോൾ എങ്ങും ബഹളം. മംഗലാപുരത്തുനിന്ന്​ എത്തിയ കോളജ് അധ്യാപകരും വിദ്യാർത്ഥികളുമാണ്​ ബഹളത്തിന്​ പിന്നിൽ.

സൗപർണിക നദി​  ഉത്ഭവിക്കുന്നത് ചിത്രമൂലയിൽ നിന്നാണ്​

അധിക ബെഡ്ഡ്​ പോയിട്ട് ഉള്ള കിടപ്പാടം തന്നെ നഷ്​ടപ്പെടുമോ എന്ന അവസ്ഥ. ഭക്ഷണം കഴിച്ച് എവിടെയെങ്കിലും ഉറങ്ങാമെന്ന് കരുതി ചോദിച്ചപ്പോൾ അൽപ്പം താമസിക്കുമെന്നായിരുന്നു മറുപടി. അവർ കോളജ് കുട്ടികൾക്ക് ചിക്കൻ കറി ഉണ്ടാക്കുന്ന തിരക്കിലാണ്. അവിടെ മത്സ്യ മാംസാദികൾക്കും മദ്യത്തിനും യാതൊരു വിലക്കുമില്ലെന്ന്​ മനസ്സിലായി.

ഭക്ഷണം കഴിച്ച് കിടക്കുമ്പോൾ തന്നെ എല്ലാവരും നാളെ രാവിലെ ആറിന്​ മലയിറങ്ങാൻ വേണ്ടി തയാറാകാൻ നിർദേശിച്ചു. പുലർകാല മഞ്ഞിനോട്​ പടവെട്ടിയാണ്​ പിറ്റേന്ന്​ എഴുന്നേറ്റത്​. ചൂടുള്ള ചായയും കുടിച്ച് നടപ്പ് തുടങ്ങി. അതിനിടയില്‍ മനോഹമാരമായ സുര്യോദയം മലമുകളിൽനിന്ന്​ ദൃശ്യമായി.

തിരിച്ചിറങ്ങുന്നത് ഹിഡുൽമനെ വെള്ളച്ചാട്ടം വഴിയാണ്

തിരിച്ചിറങ്ങുന്നത് ഹിഡുൽമനെ വെള്ളച്ചാട്ടം വഴിയാണ്. കുത്തനെയുള്ള ഇറക്കങ്ങൾ, പുൽമേടുകൾ, കയറ്റങ്ങൾ... എല്ലാം മാറിമാറി വരുന്നു. അതിനിടയിൽ ദൂരത്തായി ഒന്ന് രണ്ടു വീടുകള്‍. നടന്ന് നടന്ന് അവസാനം വെള്ളച്ചാട്ടത്തിനടുത്തെത്താറായി. ദൂരെനിന്ന് തന്നെ വെള്ളത്തി​െൻറ ഇരമ്പം കേൾക്കാം.

മരങ്ങൾക്കിടയിലൂടെ വെള്ളച്ചാട്ടത്തി​െൻറ മനോഹര ദൃശ്യം കണ്ട് തുടങ്ങി. അതി​െൻറ അടിയിലെത്തി കുറച്ച് സമയം ഫോട്ടോയും വിഡിയോയും എടുത്തു. അത് കഴിഞ്ഞ് മതിയാവോളം കുളിച്ചു. നല്ല തണുപ്പുണ്ട് വെള്ളത്തിന്. കുടിക്കാൻ പറ്റാവുന്നത്ര തെളിഞ്ഞ വെള്ളം. നല്ല ഉയരത്തിൽനിന്ന്​ ശക്​തിയോടെ താഴേക്ക്​ പതിക്കുന്നു. മഴക്കാലത്ത് കൂടുതൽ ശക്തിയുണ്ടാകുമെന്ന് ജയേഷ് ഭായ് പറഞ്ഞു.

കുടിക്കാൻ പറ്റാവുന്നത്ര തെളിഞ്ഞ വെള്ളമാണ്​ ഹിഡുൽമനെയിലേത്​

കുളികഴിഞ്ഞ് വസ്​ത്രം മാറി വെള്ളച്ചാട്ടത്തി​െൻറ അരിക് പറ്റി താഴേക്ക് നടക്കാൻ തുടങ്ങി. മുകളിലേക്ക് ട്രെക്ക് ചെയ്​ത്​ വരുന്ന ടീമുകളെ കണ്ട് തുടങ്ങി. ഏകദേശം രണ്ട്​ കി.മി യാത്രക്ക്​ ശേഷം പഴയ വള്ളുവനാടൻ ഗ്രാമങ്ങളെ ഓർമിപ്പിക്കുന്ന ഇടമെത്തി. ഒരു വലിയ മലയുടെ അടിവാരം.

കണ്ണെത്താ ദൂരത്തോളം പച്ചപുതച്ച വയലുകൾ. ഇടക്ക്​ കമുകും വാഴയും നിറഞ്ഞ തോട്ടങ്ങൾ. വയൽ വരമ്പിലൂടെ ചെന്ന് കയറിയത് ഒരു വീട്ടിലേക്കാണ്. സമീപത്തെ ​തൊഴുത്തിൽ പശുക്കളുണ്ട്​. വിറക് പുര, പശുക്കൾക്ക് നൽകാനുള്ള വൈക്കോൽ കൂനകൾ എന്നിവയെല്ലാം കാണാം.

യാത്രാസംഘം വെള്ളച്ചാട്ടത്തിന്​ മുമ്പിൽ

മുന്നോട്ടുനടന്നപ്പോൾ ഒരു കട കണ്ടു. ആദ്യം ചായയും ബിസ്​ക്കറ്റും കഴിച്ചു. അൽപ്പനേരം വിശ്രമിച്ചശേഷം ഇറങ്ങു​േമ്പാൾ ഓരോ ഗ്ലാസ് മോരു​ വെള്ളവും അകത്താക്കി. ഇനി മൺപാതയാണ്. പതുക്കെ നടത്തം തുടർന്നു. ഏകദേശം 12.30 ആയപ്പോൾ നിട്ടൂർ എത്തി. ഭക്ഷണം കഴിച്ച് ബസില്‍ കൊല്ലൂരിലേക്ക്. അവിടെനിന്നും തിരികെ, മഴ നനഞ്ഞ്​ അംബാവനം കയറിയ ഓര്‍മകളുമായി നാട്ടിലേക്കും.

വള്ളുവനാടിനെ ഓർമിപ്പിക്കുന്ന ഗ്രാമീണ ദൃശ്യങ്ങൾ



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.