ഇത് മലമുകളിലേക്കുള്ള യാത്രയാണ്. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ചതുരംഗപ്പാറ കാറ്റാടിപ്പാടത്തേക്ക്. സമുദ്രനിരപ്പില്‍ നിന്ന് മൂവായിരത്തോളം അടി കയറ്റം. തേക്കടി മൂന്നാര്‍ ദേശീയപാതയിലെ പ്രധാന പട്ടണമായ നെടുങ്കണ്ടത്തുനിന്ന് 12 കിലോമീറ്റര്‍ യാത്ര ചെയ്താല്‍
ഉടുമ്പന്‍ചോലയിലെത്താം. തമിഴ് ഭൂരിപക്ഷ ഗ്രാമമാണ് ഉടുമ്പന്‍ചോല. അവിടെനിന്ന് അഞ്ചാറ് കിലോമീറ്റര്‍കുത്തനെയുള്ള കയറ്റമാണ്. പശ്തചിമഘട്ട മലനിരകളുടെ കിഴക്കന്‍ അതിര്‍ത്തിയിലേക്കാണ് ഈ വഴി. തമിഴകത്തെയും കേരളത്തെയും മതില്‍ കെട്ടി വേര്‍തിരിച്ചതുപോലെയാണ് സഹ്യപര്‍വ്വത നിരകളുടെ കിടപ്പ്. ഗിരി ശിഖരത്തിലേക്കുള്ള യാത്രയില്‍ വഴിതെറ്റി. ചെന്നുകയറിയത് ഒരു കൂറ്റന്‍ കരിങ്കല്‍ ക്വാറിയില്‍. പശ്ചിമഘട്ട മലനിരയില്‍ അതീവപരിസ്ഥിതിലോല പ്രദേശത്താണ് രാപ്പകല്‍ മലതുരക്കുന്ന ഈ ക്വാറി. വഴി തിരിച്ച് കുറേ ദൂരം പിന്നോട്ട് വന്ന് മറ്റൊരു വഴിയിലൂടെ വീണ്ടും യാത്ര തുടര്‍ന്നു. അങ്ങുദൂരെ കാറ്റാടികള്‍ ഇപ്പോള്‍ അടുത്തുകാണാം. പടുകൂറ്റന്‍ കാറ്റാടിമരങ്ങള്‍.
ഒരു നിരപ്പില്‍ വണ്ടിനിര്‍ത്തി. മുന്നോട്ട് നടന്നു. മലയുടെ മുനമ്പിലേക്കാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. ഇനി കിഴുംക്കാംതൂക്കായ ഇറക്കമാണ്. തമിഴ് താഴ്‌വരയിലേക്ക് ചെത്തിയെടുത്തതുപോലെ ഈ മലങ്കോട്ട മുറിഞ്ഞുനില്‍ക്കുന്നു. അകലെ തമിഴ് തടം. വെയിലും മേഘസഞ്ചാരവും ചേര്‍ന്ന്
ഭൂമിയുടെ ക്യാന്‍വാസില്‍ കാഴ്ചകള്‍ പലമാതിരി മാറ്റിവരച്ചുകൊണ്ടിരിക്കുന്നു. പച്ചയുടെ ചെറുചെറു ചതുരങ്ങള്‍, വിളവെടുത്ത പാടത്തിന്റെ തവിട്ടു കലര്‍ന്ന ചുവപ്പ്. മണ്ണിന്റെ ചതുരക്കള്ളികളില്‍ വെയില്‍ ചിറം മാറ്റിമാറ്റിക്കളിക്കുന്നത് കണ്ടുനില്‍ക്കുമ്പോള്‍ വാന്‍ഗോഗിന്റെ ദ ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് എന്നചിത്രത്തിലൂടെ യാത്രചെയ്യുന്നതായി അനുഭവപ്പെടും. വെയിലും കാറ്റും മേഘസഞ്ചാരവും ചേര്‍ന്നൊരുക്കുന്ന കാഴ്ചയുടെ സിംഫണി.
ഈ മലമുകളില്‍ നിന്ന് നോക്കിയാല്‍ അങ്ങകലെ പച്ചയാല്‍ ചുറ്റപ്പെട്ട ചെറു തുരുത്തുകള്‍ കാണാം. ചെറുതും വലുതുമായ തമിഴ് പട്ടണങ്ങളും ഗ്രാമങ്ങളുമാണത്. ബോഡിനായ്ക്കന്നൂര്‍, തേവാരം, കോമ്പ, ചിന്നമന്നൂര്‍, പാളയം
തുടങ്ങി അവിടവിടെ ജനവാസകേന്ദ്രങ്ങള്‍. ചിതറിയും കൂട്ടം തെറ്റിയും മേയുന്ന ചെമ്മരിയാട്ടിന്‍ പറ്റങ്ങള്‍പോലെ പട്ടണദൃശ്യങ്ങള്‍, ഗ്രാമങ്ങള്‍. ചുറ്റും വിരിച്ചിട്ട പച്ചപ്പിനാല്‍ ചുറ്റപ്പെട്ട ചെറുചെറുദ്വീപുകള്‍.
ഇനിയും മുകളിലേക്ക് കയറാം. ചെമ്മണ്‍ പാതയിലൂടെ കുറച്ചുദൂരേക്കുകൂടി സാഹസികമായി വണ്ടിയോടിക്കാം. പിന്നെ, നടക്കണം. പൊടിമണ്ണിലൂടെയുള്ള നടത്തം. പച്ചക്കുന്നിനെ നെടുകെമുറിച്ച് മലയുടെ നെറുകയിലേക്ക് ഇഴഞ്ഞേറുന്ന ചെമ്മണ്‍ പാത. ഇപ്പോള്‍ കാറ്റാടിമരങ്ങള്‍ കൈ തൊടാവുന്ന ദൂരത്താണ്. പടുകൂറ്റന്‍ ഇരുമ്പ് ദണ്ഡുകളില്‍ ഉറപ്പിച്ച അസാധാരണമാംവിധം വിശാലമായ ദളങ്ങള്‍ കാറ്റിന്റെ ദിശയറിഞ്ഞ് സ്വയം തിരിഞ്ഞ് കറങ്ങിക്കൊണ്ടിരിക്കുന്നു.
മണിക്കൂറില്‍ 30 മുതല്‍ നാല്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ ഇവിടെ കാറ്റ് ലഭിക്കും. ജൂണ്‍, ജൂലായ് മാസങ്ങളില്‍ അത് നൂറിലെത്തും. ചാഞ്ഞുപെയുന്നു നൂല്‍മഴയും വീശിയടിക്കുന്ന കാറ്റും അക്കാലത്തെ യാത്രക്ക് തടസമാണ്. എങ്കിലും മുഖത്തേക്ക് പാറിവീഴുന്ന മഴച്ചാറ്റല്‍ കൊള്ളാന്‍ സാഹസികരും റൊമാന്റിക്കുകളുമായ സഞ്ചാരികള്‍ ഇവിടെ വന്നുചേരാറുണ്ട്. വേനല്‍ക്കാല യാത്രകള്‍
മറ്റൊരനുഭവമാണ്. കാറ്റ് വെയിലിനെ ഊതിത്തണുപ്പിച്ചുകൊണ്ടേയിരിക്കും. വെയില്‍ നിലാവുപോലാകും.
വെയിലിന്‍ ജലച്ചായം മണ്ണില്‍ വരഞ്ഞ അന്തമായ കാഴ്ചയാണ് തമിഴ് തടമെങ്കില്‍ കാറ്റാടികള്‍ അലസം കറങ്ങുന്ന കാറ്റിനാല്‍ തഴുകിനില്‍ക്കുന്ന വെയില്‍ നിലാവില്‍ കുളിച്ചുനില്‍ക്കുന്ന കാര്‍ണിവെല്‍ സ്ഥലമാണ് ചതുരംഗപ്പാറ. അങ്ങ് താഴെ അടിവാരത്ത് കരിങ്കല്‍ തുരന്നെടുക്കുന്ന കൂറ്റന്‍ ക്രഷറുകളുടെ ശബ്ദം ഒരു വിലാപമായി, ഭൂമിയുടെ വിലാപമായി കാറ്റില്‍ ചിലനേരം കാതില്‍ വന്നലക്കും. ഏതു കാല്‍പനികമായ, സാഹസികമായ യാത്രകളും ചിലപ്പോള്‍ ചില സങ്കടങ്ങള്‍ കരുതിവെക്കും.
യാത്ര: എറണാകുളത്തു നിന്ന് തോതമംഗലം അടിമാലി വഴി 134ക.മി,
കോട്ടയത്തുനിന്ന് കട്ടപ്പന നെടുങ്കണ്ടം വഴി 151 കി.മി, മൂന്നാറില്‍ നിന്ന് തേക്കടി ദേശീയ പാതയിലൂടെ 45.8 കി. മി, തേക്കടിയില്‍ നിന്ന് തേക്കടി മൂന്നാര്‍ ദേശീയപാതയില്‍ 58 കി.മി; യാത്ര ചെയ്താല്‍ ചിതുരംഗപ്പാറയില്‍ എത്തിച്ചേരാം.
താമസം: 17 കിലോമീറ്റര്‍ അകലെ നെടുങ്കണ്ടത്ത് ഹോട്ടലുകളും ലോഡ്ജുകളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.