ഗുരുദോഗമര്‍ തടാകത്തിലേക്ക്

ലാച്ചനില്‍ നിന്ന് ഞങ്ങള്‍ അഞ്ചു മണിയോട് കൂടി പുറപ്പെട്ടു.  ലക്ഷ്യം ഗുരുദോഗമര്‍ തടാകം. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ തടാകം. ലോകത്തിലെ 15ാമത്തെയും.
സമുദ്ര നിരപ്പില്‍നിന്ന് 17100 അടി ഉയരം.  ടിബെറ്റ് അതിര്‍ത്തിയിലേക്ക് 11 കിലോമീറ്റര്‍ ദൂരം മാത്രം. അതുകൊണ്ടു തന്നെ നോര്‍ത്ത്  സിക്കിമില്‍ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് യാത്ര ചെയ്യാന്‍ ഗ്യാങ്ടോക്കില്‍നിന്ന് പെര്‍മിഷന്‍ എടുക്കേണം. കൂടാതെ സഞ്ചരിക്കുന്ന വാഹനത്തിന്‍െറ വിവരങ്ങളും നല്‍കണം. യാത്ര തുടങ്ങി അര മണിക്കൂറായപ്പോഴേക്കും മഞ്ഞണിഞ്ഞ മലനിരകള്‍ കണ്ടു തുടങ്ങി.  മലമുകളിലെ പൈന്‍ മരങ്ങളില്‍ മഞ്ഞു നിറഞ്ഞു ഒരു ബ്ളാക് ആന്‍ഡ് വൈറ്റ് എഫെക്ട് രൂപപ്പെട്ടിരിക്കുന്നു. അധിക സമയം യാത്ര ചെയ്യേണ്ടി വന്നില്ല കാഴ്ച പൂര്‍ണമായും കറുപ്പിലും വെളുപ്പിലുമായി മാറി. മണ്‍പാതയോഴിച്ചു എല്ലായിടവും മഞ്ഞു മാത്രം. വിവിധ വലുപ്പത്തിലുള്ള പൈന്‍മരങ്ങള്‍ മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്നത് നയനാനന്ദകരമായ കാഴ്ചയാണ്.  കൂടാതെ മഞ്ഞ് നിറഞ്ഞ പാലങ്ങളും കൊച്ചു കൊച്ചു ഗ്രാമങ്ങളും പട്ടാള ക്യാമ്പുകളും എല്ലാം അതീവ സുന്ദരം. ആദ്യമായി ഇത്രയധികം മഞ്ഞ് കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്. എന്നാല്‍,  ഇതെല്ലാം ഞങ്ങളെത്ര കണ്ടതാണെന്ന ഭാവത്തിലിരിക്കുകയാണ് ഡെല്‍ഹി സ്വദേശി ജീവേശ് മിശ്രയും, ഗുവാഹത്തിയില്‍ നിന്നുള്ള രാഹുല്‍ ദാസും. ഉത്തരാഖന്ധില്‍ നിരവധി ട്രക്കിങ്ങുകളില്‍ പങ്കെടുത്തിട്ടുള്ള ഇവര്‍ക്ക് ഇതൊരു പുതിയ കാഴ്ചയല്ല. എന്നാല്‍, ഞാനും പ്രദീപും ആന്ഡി് ചക്രബര്‍ത്തിയും വളരെ ഉത്സാഹത്തിലായിരുന്നു. രണ്ടുപേരും കൊല്‍ക്കത്ത സ്വദേശികളാണ്. രണ്ടുവര്‍ഷം മുമ്പുള്ള ലഡാക് യാത്രയിലും ഇവരായിരുന്നു കൂട്ട്. ഫേസ്ബുക് സമ്മാനിച്ച യാത്രാ പ്രേമികളായ സുഹൃത്തുക്കള്‍.

മലകള്‍ കയറി മണ്‍പാതയിലൂടെ

 യാത്ര ദുര്‍ഘടം പിടിച്ച പാതയിലൂടെയാണ്. മലകള്‍ കയറി വളഞ്ഞു പുളഞ്ഞു പോകുന്ന മണ്‍പാത. കൂടാതെ വളരെ ഉയരത്തിലേക്ക് പോകുന്നതുകൊണ്ട് തന്നെ എ.എം.എസ് (accute mountains syndrome) ഉണ്ടാകാനും സാധ്യതയുണ്ട്. ഇടക്കിടെ എന്തെങ്കിലും കൊറിക്കുന്നതും കുറേശെ വെള്ളം കുടിക്കുന്നതും ഇതില്‍നിന്ന് രക്ഷനേടാന്‍ നല്ലതാണെന്നുള്ള വിവരം ലഭിച്ചത് കൊണ്ട് അക്കാര്യത്തില്‍ ശ്രദ്ധിച്ചു. നാട്ടില്‍നിന്ന് കൊണ്ടുവന്ന എള്ളുണ്ടയും കപ്പലണ്ടി മിഠായിയും ഈ ദിവസത്തിനായി കുറച്ചു മാറ്റി വെച്ചിരുന്നത് സഹായകമായി. യാത്രയില്‍ ഓരോ ഇടവും കാമറക്കുള്ളിലാക്കാന്‍ കൊതി  തോന്നും. എന്നാല്‍, എല്ലായിടത്തും ഇറങ്ങി ഫോട്ടോയെടുക്കാന്‍ നിര്‍വാഹമില്ല.  ഇത്രമോശം വഴിയിലൂടെ പോകുന്ന വാഹനത്തിലിരുന്ന് ചിത്രമെടുക്കല്‍ ശ്രമകരമാണ്. ഒന്നും കിട്ടിയില്ളെന്നും വരാം. കൂറേയേറെ കാഴ്ചകളും മനസ്സില്‍ നിറക്കുക മാത്രമേ നിര്‍വാഹമുള്ളൂ. കാരണം ഗുരുദോഗമര്‍ തടാകത്തിലേക്ക് വൈകിയാല്‍ പ്രവേശനമില്ല. ഉച്ചക്ക് ശേഷം കാലാവസ്ഥ പ്രവചനാതീതമായതുകൊണ്ട് എല്ലാവരും 12 മണിക്ക് മുമ്പ് മടക്കയാത്ര തുടങ്ങിയിരിക്കണം. ഡ്രൈവര്‍ സോനം എത്രയും പെട്ടെന്ന് അവിടെയത്തെിച്ചേരാനുള്ള തിരക്കിലാണ്. അദ്ദേഹത്തിന്‍െറ പുതിയ സൈലോയിലാണ് യാത്ര. വാഹനത്തിന്‍െറ ആദ്യയാത്ര. പുതിയ വാഹനത്തില്‍ യാത്ര ചെയ്യുന്നത് എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും ഈ റൂട്ടില്‍ ഒരു പഴയ വാഹനം മതിയായിരുന്നുവെന്ന് പലപ്പോഴും ആഗ്രഹിച്ചു പോയി. മറ്റുള്ള വാഹനങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ കടന്നു പോകുന്ന സ്ഥലങ്ങളില്‍ പോലും പലപ്പോഴും അപകടകരമായ രീതിയില്‍ വാഹനം തെന്നുകയും പല തവണ കല്ലുകളില്‍ വാഹനത്തിന്‍െറ അടിഭാഗം ഇടിക്കുകയും ചെയ്തത് ചെറുതല്ലാത്ത ടെന്‍ഷന്‍ ഉണ്ടാക്കാതിരുന്നില്ല.
 ഈ റൂട്ടില്‍ ജനവാസം ഇല്ല എന്നുതന്നെ പറയാം. വല്ലപ്പോഴും ചില ചെറിയ ഗ്രാമങ്ങള്‍ മാത്രം. കുറച്ചെങ്കിലും ആളുകളെ കണ്ടത് ‘തങ്കു’ എന്ന ഗ്രാമത്തിലാണ്. ഈ യാത്രയിലെ ഇടത്താവളം എന്നു പറയാം. പ്രഭാത ഭക്ഷണം ഇവിടെയാണ്. നൂഡില്‍സും ബ്രെഡും മുട്ടയും മാത്രമാണ് മെനു. കൂടാതെ ഇവിടെ കുറച്ചു സമയം ചിലവഴിക്കുന്നത് കൂടുതല്‍ ഉയരത്തിലേക്കുള്ള യാത്രയിലെ ബുദ്ധിമുട്ടുകള്‍ കുറക്കാനും സഹായിക്കും. തണുപ്പില്‍ ധരിക്കുന്ന വസ്ത്രങ്ങളും മഞ്ഞില്‍ ഇറങ്ങാനുള്ള ഗംബൂട്ടും ഇവിടെനിന്ന് വാടകക്ക് ലഭിക്കും. പിന്നെ ബിസ്കറ്റ്, ചിപ്സ് മുതലായവയും. വേണ്ടവര്‍ക്ക്  മദ്യവും. ഒരു സ്ത്രീ വന്നു ഇഷ്ട ബ്രാന്‍ഡ് ചോദിച്ചു വാങ്ങുന്ന കൗതുക കാഴ്ചയും കാണാനിടയായി. വേലി കെട്ടി തിരിച്ച കൃഷിയിടങ്ങള്‍ മഞ്ഞണിഞ്ഞു കിടക്കുന്നതാണ് തങ്കുവിലെ മറ്റൊരു മനോഹരമായ കാഴ്ച.

തണുത്ത മരുഭൂമിയിലൂടെ

ഭക്ഷണം കഴിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു. വഴിയില്‍ പലയിടത്തും മണ്ണിടിഞ്ഞതിന്‍െറ അവശേഷിപ്പുകള്‍. മണ്ണിടിച്ചില്‍ മൂലം ഈയിടെ രൂപമെടുത്ത ഒരു തടാകവും വഴിയില്‍ കണ്ടിരുന്നു. തങ്കു കഴിഞ്ഞതോടെ ഭൂപ്രകൃതി ആകെ മാറിതുടങ്ങി. വലിയൊരു കൂട്ടം യാക്കുകള്‍ ഞങ്ങളുടെ വാഹനത്തിന് മാര്‍ഗതടസ്സം സൃഷ്ടിച്ചു കടന്നുപോയി. ഇനി ഒരു ആര്‍മി ചെക്ക് പോസ്റ്റിലെ   പരിശോധന കൂടി കഴിഞ്ഞുവേണം മുന്നോട്ട് പോകാന്‍. ഇത്രയധികം ബുദ്ധിമുട്ടേറിയ ഇടങ്ങളില്‍ ജോലി ചെയ്യുന്നത് കാണുമ്പോള്‍ ഇന്ത്യന്‍ ആര്‍മിയോടുള്ള ബഹുമാനം തീര്‍ച്ചയായും വര്‍ധിക്കും. തീര്‍ത്തും  വിത്യസ്തമായ ഭൂപ്രകൃതിയിലൂടെയാണ് പിന്നീടുള്ള യാത്ര. ഉയരം കൂടുമ്പോള്‍ പ്രകൃതിക്ക് ഉണ്ടാകുന്ന മാറ്റം കണ്ടറിയാന്‍  സാധിക്കും. മരങ്ങള്‍ അപ്രത്യക്ഷമായി. മഞ്ഞിന്‍െറ അളവും കുറഞ്ഞു. തീര്‍ത്തും  വിജനമായ പ്രദേശം. നടുവിലൂടെ റോഡ്. ചിലയിടത്ത് മാത്രമാണ് ടാറിങ്ങുള്ളത്. കിലോമീറ്റര്‍ കണക്കിന് നിരന്നുകിടക്കുന്ന സ്ഥലങ്ങളും കാണാന്‍ സാധിക്കും. ചുറ്റിനും മലനിരകള്‍. കൂടുതല്‍ സ്ഥലങ്ങളിലും ഒരു പുല്‍നാമ്പ് പോലുമില്ല. തണുത്ത മരുഭൂമി എന്നുതന്നെ വിശേഷിപ്പിക്കാം. ഇവിടെ ആകാശത്തിന്‍െറ തെളിമ നിങ്ങളെ ആകര്‍ഷിക്കാതിരിക്കില്ല. വ്യക്തമായ ആകാശനീലിമ ഇവിടെ ആസ്വദിക്കാം. പിന്നെ പഞ്ഞികെട്ടുകള്‍ പോലെ മേഘങ്ങള്‍. അവ വളരെ അടുത്ത് നില്‍ക്കുന്നതായി തോന്നും. എല്ലാംകൂടി വാക്കുകള്‍ക്കതീതമായ മനോഹാരിത.
ഇടക്കിടെ കളി തമാശകള്‍ കൂടുമ്പോള്‍ പോകുന്ന സ്ഥലത്തിന്‍െറ പവിത്രതയെ പറ്റി ബുദ്ധ മത വിശ്വാസിയായ സോനം ഓര്‍മപെടുത്തിക്കൊണ്ടിരുന്നു. തടാകമത്തൊന്‍ ഇനി എത്ര ദൂരം, എത്ര സമയം എന്നീ ചോദ്യങ്ങള്‍ പല തവണ അവര്‍ത്തിക്കപ്പെട്ടു. അക്ഷമയോടെ ഞങ്ങള്‍ കാത്തിരുന്നു. 20 മിനിറ്റ് എന്ന അവസാന മറുപടി നല്‍കി സോനം വണ്ടി വലത്തേക്ക് തിരിച്ചു അടുത്തുള്ള ചെറിയ കുന്നിന് മുകളില്‍ നിര്‍ത്തി.

തണുത്തുറഞ്ഞ തടാകം

കണ്‍മുന്നില്‍ തണുത്തുറഞ്ഞ തടാകം. ഒരു മിനിറ്റ് പോലും വേണ്ടി വന്നില്ല തടാക തീരത്ത് എത്താന്‍. സോനം വക സര്‍പ്രൈസ്.
ഗുരുദോഗമര്‍ തടാകത്തിന് പേര് ലഭിച്ചത് ബുദ്ധ സന്യാസിയായ പത്മസംഭവയുടെ നാമത്തില്‍ നിന്നാണ്. അദ്ദേഹം ഗുരുദോഗമര്‍ എന്നും അറിയപ്പെട്ടിരിന്നു. ‘ദോഗമര്‍’ എന്നാല്‍ ചുവന്ന മുഖം എന്നാണ് അര്‍ഥം. ഗുരു ദേഷ്യത്തോടെ ഒരു പിശാചിനെ ഓടിച്ച സംഭവത്തില്‍ നിന്നാണത്രേ ഈ നാമം അദ്ദേഹത്തിന് ലഭിച്ചത്. വര്‍ഷത്തിലെ മിക്ക മാസങ്ങളിലും തണുത്തുറഞ്ഞ അവസ്ഥയിലാണ് തടാകം. കുറച്ചു ഭാഗമൊഴിച്ചു. ജലലഭ്യത കുറവാണെന്ന് ജനങ്ങള്‍ ഒരിക്കല്‍ പരാതി പറഞ്ഞപ്പോള്‍ ഗുരു തടാകത്തിന്‍െറ ഒരു ഭാഗത്ത് സ്പര്‍ശിച്ചുവെന്നും ആ ഭാഗം എത്ര കൊടും തണുപ്പിലും തണുത്തുറയില്ല എന്നുമാണ് വിശ്വസം. ബുദ്ധമത വിശ്വാസികള്‍ വളരെ പവിത്രമായി കരുതുന്ന തടാകമാണിത്. ഗുരുനാനാക് ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട് എന്ന വിശ്വാസത്തില്‍ സിഖ് മതസ്ഥരും ഇതൊരു പുണ്യസ്ഥലമായി കരുതുന്നു. ഒൗഷധ ഗുണമുണ്ടെന്ന് വിശ്വാസമുള്ളതുകൊണ്ട് തന്നെ പല യാത്രികരും തടാക ജലം കുടിക്കുകയും കുപ്പികളിലാക്കി കൊണ്ടുപോവുകയും ചെയ്യാറുണ്ട്.   
തണുത്തുറഞ്ഞ അവസ്ഥയിലും മനോഹരമാണ് തടാകം. പുറകിലായി മഞ്ഞുമലകള്‍. ജലമുള്ള ഭാഗത്ത് കൂടി മഞ്ഞുമലയുടെ പ്രതിബിംബം തെളിഞ്ഞ് കാണാം. പരിസരത്തായി പ്രയര്‍ ഫ്ളാഗുകള്‍. ബുദ്ധമത വിശ്വാസികളുള്ള ഇടങ്ങളിലെല്ലാം ഇത്തരം ഫ്ളാഗുകള്‍ ധാരാളം കാണാം. ഗുരുദോഗമര്‍ തടാകം ടീസ്റ്റ നദിയുടെ പ്രധാന സ്രോതസ്സുകളിലൊന്നാണ്. മറ്റൊരു സ്രോതസ്സായ ചോലാമു ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തടാകമാണ്. ഇവിടെനിന്ന് ഒമ്പത് കിലോമീറ്റര്‍ ദൂരമാണ് ചോലാമുവിലേക്ക്. എന്നാല്‍ അതിര്‍ത്തിയില്‍നിന്ന് നാലുകിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ഇവിടേക്ക് ഇപ്പോള്‍ പെര്‍മിഷന്‍ ലഭ്യമല്ല.
അവിടെയത്തെി അധികം വൈകാതെതന്നെ ഒരാള്‍ക്ക് തലവേദനയും തലകറക്കവും അനുഭവപ്പെട്ടുതുടങ്ങി. ഇത്ര ഉയരത്തില്‍ ഓക്സിജന്‍ ലഭ്യത കുറവായതുകൊണ്ടുതന്നെ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇവിടെ അധിക സമയം ചിലവഴിക്കല്‍ ബുദ്ധിമുട്ടാണ്. എല്ലാവരും തടാക സൗന്ദര്യം വിവിധ ആംഗിളുകളില്‍ന കാമറക്കുള്ളിലാക്കി. പ്ളാനിങ് തുടങ്ങിയത് മുതല്‍ വിവിധ ആശങ്കകളായിരുന്നു. കാലാവസ്ഥ, മഞ്ഞുവീഴ്ച, പെര്‍മിഷന്‍ എന്നിവയുടെ കാര്യത്തിലായിരുന്നു പ്രധാന ആശങ്ക. ഗാങ്ടോകില്‍ വന്നതിന് ശേഷവും അതിന് കുറവുണ്ടായില്ല. എല്ലാ ദിവസവും ഉണ്ടായിക്കൊണ്ടിരുന്ന മഴയും അതിനൊരു കാരണമായി. എന്നാല്‍ എല്ലാം അതിജീവിച്ചു ഇവിടെ എത്തിയതിന്‍െറ സന്തോഷത്തിലായിരുന്നു എല്ലാവരും. അരമണിക്കൂറിനകം സോനം പോകാന്‍ തിരക്ക് കൂട്ടി തുടങ്ങി. ആന്ഡികയുടെ ശാരീരിക ബുദ്ധിമുട്ടുകൂടി പരിഗണിച്ചു മനസില്ലാ മനസ്സോടെ ആ സുന്ദര തീരത്ത് നിന്നും ഞങ്ങള്‍ മടങ്ങി. 11 മണിയോട് കൂടി മടക്കയാത്ര തുടങ്ങി. ഇത്ര മനോഹരമായൊരു സ്ഥലം  സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിന്‍െ സംതൃപ്തിയോടെ.
ചില യാത്രകളില്‍ ലക്ഷ്യസ്ഥാനം അതിമനോഹരമാണെങ്കിലും യാത്ര ഒരു പ്രത്യേകതയും ഇല്ലാത്ത സ്ഥലങ്ങളിലൂടെ ആയിരിക്കും. ചിലപ്പോള്‍ തിരിച്ചും സംഭവിക്കാം. എന്നാല്‍, ഈ യാത്രയില്‍ ലക്ഷ്യവും വഴികളും ഒരു പോലെ മനോഹരമാണ്. യാത്ര ജീവിതത്തില്‍ മറക്കാത്ത ഒരു ദിനമായിരിക്കുമിത്. തീര്‍ച്ച.


ശ്രദ്ധിക്കാന്‍: ഗുരുദോഗമര്‍ യാത്ര ലചെന്‍, ലച്ചുങ്, യുംത്താങ് വാലീ, സീറോ പോയിന്‍റ്് എന്നിവ ഉള്‍പ്പെടുന്ന മൂന്നുദിവസത്തെ നോര്‍ത്ത്  സിക്കിം യാത്ര പാക്കേജിന്‍െറ ഭാഗമാണ്. ഇവിടേക്ക് പാക്കേജ് വഴി മാത്രമേ സഞ്ചരിക്കാന്‍ അനുവാദമുള്ളൂ. ഇതിനായി അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരെ സമീപിക്കണം. അവരുടെ സമയ, വാഹന ലഭ്യതയും ജീവനക്കാരുടെയും സൗകര്യാര്‍ഥം ചിലയിടങ്ങളിലേക്ക് പെര്‍മിഷന്‍ ലഭ്യമല്ലന്നോ, ഒരു ദിവസം കഴിഞ്ഞാലേ ലഭിക്കൂ എന്നിങ്ങനെ തെറ്റായ വിവരങ്ങള്‍ ചിലര്‍ നല്‍കാറുണ്ട്. അതിനാല്‍ ഒന്നിലധികം ട്രാവല്‍ ഏജന്‍റുമാരോട് സംസാരിച്ച് വേണം പാക്കേജ് തെരഞ്ഞെടുക്കാന്‍.
ഗുരുദോഗമര്‍ സന്ദര്‍ശിക്കാന്‍ മികച്ച സമയം മാര്‍ച്ച്  അവസാനം മുതല്‍ ജൂണ്‍ വരെയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT