രാജസ്ഥാനിൽ പ്രവേശിച്ചിട്ട് ഒരാഴ്ചയാകുന്നു. കാഴ്ചയുടെ ഭാണ്ഡങ്ങളുമായി രാജസ്ഥാൻ പിന്നെയും മോഹിപ്പിക്കുകയാണ്. എത്രകണ്ടാലും തീരാത്തത്ര ബാക്കിയാവുന്നു. ജോധ്പൂരിലെ താമസ സ്ഥലത്തുനിന്നും പ്രാഭാതഭക്ഷണവും കഴിഞ്ഞ് പുറത്തിറങ്ങുേമ്പാൾ സമയം 9.30 കഴിഞ്ഞിരുന്നു. ജോധ്പൂർ നഗരത്തിന് അഴകു ചാലിച്ചുനിൽക്കുന്ന നീലനിറത്തിെൻറ ഗുട്ടൻസ് കണ്ടെത്തുകയായിരുന്നു രാവിലത്തെ ആദ്യത്തെ പ ണി. പലരോടും ചോദിച്ചിട്ടും പിടികിട്ടിയില്ല.
ഒടുവിൽ തേടിയവള്ളി ഒരു ചങ്ങാതിയുടെ രൂപത്തിൽ കാലിൽ ചുറ്റി. ആളുകേളാട് വഴി ചോദിക്കുേമ്പാൾ ആയിരുന്നു അയാൾ പിന്നിൽനിന്ന് എന്നെ ‘ഹായ്..’ എന്ന ആമുഖത്തോടെ പരിചയപ്പെട്ടത്. വളരെ വാചാലനായി സംസാരിക്കുന്ന ഒരാൾ അത്തരമൊരു സന്ദർഭത്തിൽ നല്ലൊരു തുണയാണ്. അങ്ങനെയൊരാളായിരുന്നു റിതേഷ്. എത്രയോ കാലമായി ആരോടെങ്കിലും സംസാരിച്ചിെട്ടന്ന് തോന്നുന്ന വിധത്തിൽ റിതേഷ് വിശേഷങ്ങളുമായി നിന്നു പെയ്തു. തൊട്ടടുത്തുതന്നെയായിരുന്നു അദ്ദേഹത്തിെൻറ കട. വിരിച്ചിട്ട പരവതാനിയിൽ എന്നെ ആനയിച്ചിരുത്തി ചറ പറ ഇംഗ്ലീഷിൽ റിതേഷ് ജോധ്പൂരിെൻറ നീലിച്ച കഥ പറഞ്ഞു.
മേയ്, ജൂൺ മാസങ്ങളിൽ ജോധ്പൂരിൽ ചൂട് 42 ഡിഗ്രി വരെയെത്തും. നീല നിറത്തിന് ചൂടിനെ ആഗിരണം ചെയ്യാനുള്ള കഴിവുള്ളതിനാലാണ് വീടുകൾക്കും തെരുവുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കുമെല്ലാം നീല നിറം പൂശിയിരിക്കുന്നത്. വീടുകൾക്ക് നീല പൂശുന്നതിനു പിന്നിലെ മറ്റൊരു കഥകൂടി റിതേഷ് പറഞ്ഞു. ബ്രാഹ്മണരായ വിശ്വാസികൾ ശിവനോടുള്ള ഭക്തി സൂചകമായി ഉപയോഗിക്കുന്നതാണത്രെ നീല. കൂട്ടത്തിൽ താൻ പുഷ്കർണി വിഭാഗത്തിൽ പെട്ട ബ്രാഹ്മണനാണെന്ന് പറയാനും റിതേഷ് മറന്നില്ല. സംസാരത്തിനിടയിൽ തൊട്ടപ്പുറത്തെ കടയിലേക്ക് വിളിച്ചു പറഞ്ഞ് റിതേഷ് കുടിക്കാൻ ജ്യൂസും വരുത്തി. ജോധ്പൂരിൽ ജനിച്ചതിലും ജീവിക്കുന്നതിലും ഏറെ അഭിമാനിക്കുന്ന അദ്ദേഹത്തോട് ജോധ്പൂരിലെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവിഭവം നിർദേശിക്കാനാവശ്യപ്പെട്ടപ്പോൾ ‘മിർച്ചിവട’ എന്നായിരുന്നു മറുപടി. നീല ചുമരുകളുള്ള വീടുകൾക്ക് മുന്നിലേക്കുള്ള വഴിയും കാണിച്ചുതന്ന് റിതേഷ് എന്നെ യാത്രയാക്കി.
ജോധ്പൂരിെൻറ ഇടുങ്ങിയ വഴികളിലൂടെ കറങ്ങി നടന്ന് നല്ല കാഴ്ചകൾ ക്യാമറയിൽ പകർത്തി. നീലിമയാർന്ന ചുമരുകളുടെ പശ്ചാത്തലത്തിൽ ഒരു മൈതാനത്ത് കുറേ കുട്ടികൾ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നു. മതിലിനും അടുത്തുള്ള വീടിനും ക്ഷേത്രത്തിനുെമല്ലാം നീലനിറം. ചൂടിനെ അകറ്റാൻ മാത്രമല്ല, ആരെയും ആകർഷിക്കാനും ആ നീലിമയ്ക്കു കഴിയുന്നുണ്ടായിരുന്നു. ആ ഇടവഴികളിൽ ഞാൻ തിരഞ്ഞത് റിതേഷ് പറഞ്ഞ ‘മിർച്ചിവട’യായിരുന്നു. തെരുവിെൻറ ഒരു മൂലയിൽ അവസാനം ഞാനത് കണ്ടെത്തി. പത്തു രൂപ കൊടുത്ത് ഒരെണ്ണം വാങ്ങി. നമ്മുടെ നാട്ടിലെ മുളകു ബജിയുടെ മറ്റൊരു പതിപ്പായിരുന്നു ‘മിർചിവട’. മുളകു ബജിയുടെ കൂടെ എരിവും പുളിയുമൊക്കെയുള്ള മസാല കൂട്ടുകൂടിയുണ്ട്. നല്ല എരിവാണ്. അകമ്പടിയായി വെള്ളം കുടിച്ചേ പറ്റൂ. ജോധ്പൂരുകാരുടെ നാവിന് ആ എരിവൊക്കെ ശീലമായിരിക്കും.
ജോധ്പൂരിെൻറ തെരുവിലൂടെ ബൈക്ക് ഒാടിക്കുന്നത് ഇത്തിരി സാഹസം നിറഞ്ഞ പണിയാണ്. വാഹനങ്ങളും പശുക്കളും മനുഷ്യരും ഏത് നിമിഷവും എവിടെനിന്നു വേണമെങ്കിലും മുന്നിലേക്ക് പാഞ്ഞുകയറാം. ബ്രേക്കിൽ എപ്പോഴും ജാഗ്രതയോടെ കാലും കൈയും അമർത്തിയിരിക്കണം.
12 മണിയോടെ ഞാൻ ജോധ്പൂർ നഗരത്തിനു പുറത്തെത്തി. ഒരുവശത്ത് പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന റോഡിലൂടെയാണ് ജോധ്പൂരിൽനിന്നും അജ്മീർ എത്തുന്നതിന് 80 കിലോ മീറ്റർ മുമ്പുവരെ യാത്ര ചയ്തത്. അജ്മീരിലേക്കുള്ള യാത്രയുടെ തുടക്കത്തിൽ റോഡരികിലുള്ള സ്ഥലങ്ങൾ ചുടലപ്പറമ്പുകൾ േപാലെയയായിരുന്നു. വെള്ളം കണ്ടിട്ട് പതിറ്റാണ്ടുകളായ മട്ടിൽ വരണ്ടുണങ്ങി കിടക്കുന്ന ആൾപ്പാർപ്പില്ലാത്ത പ്രദേശങ്ങൾ. കുറേ കഴിഞ്ഞപ്പോൾ ഇടയ്ക്കിടക്ക് ചെറുപട്ടണങ്ങൾ പ്രത്യക്ഷപ്പെട്ടു. അതിനിടയ്ക്ക് ഒരു സർക്കാർ സ്കൂളിെൻറ മതിൽക്കെട്ടിനകത്തുനിന്നും പുറത്തേക്ക് തണൽ നീട്ടിത്തന്ന ആര്യവേപ്പ് മരത്തിെൻറ ചുവട്ടിലെ സിമൻറ് മതിലിൽ ചാരി അൽപനേരം ഇരുന്നു.
വീണ്ടും യാത്ര തുടർന്നപ്പോഴാണ് മറ്റൊരുകാര്യം ശ്രദ്ധയിൽ പെട്ടത്. രാജസ്ഥാനിലെ മിക്ക പോലീസ് സ്റ്റേഷെൻറയും ബോർഡുകൾ ഏതെങ്കിലും കോർപറേറ്റ് കമ്പനികൾ സ്പോൺസർ ചെയ്തതാണ്. ബോർഡിെൻറ ഇരു വശങ്ങളിലുമുള്ള എയർടെല്ലിെൻറയോ വോഡഫോണിെൻറയോ പേരിന് നടുവിലാണ് ‘പോലീസ് സ്റ്റേഷൻ’ എന്ന് എഴുതിയിരിക്കുന്നത്. സ്വന്തം ചെലവിൽ ഒരു ബോർഡു പോലും വെക്കാൻ കഴിവില്ലാത്തതാണോ രാജസ്ഥാൻ സർക്കാർ എന്ന് ആലോചിക്കാതിരുന്നില്ല.
വൈകിട്ട് നാലരയോടെ ഞാൻ അജ്മീറിലെത്തി. ജോധ്പൂരിൽനിന്ന് പുറപ്പെടുേമ്പാൾ തുടക്കത്തിലെ കുറച്ചു ഭാഗമൊഴിച്ചാൽ അജ്മീർ വരെ നല്ല റോഡായിരുന്നു. വഴികളിൽ പച്ച കൊടിയും പിടിച്ച് ഖ്വാജ മുഇനുദ്ദീൻ ചിശ്തിയുടെ ദർഗയിലേക്ക് കാൽനടയായി പോകുന്ന നിരവധിപേരെ കാണാമായിരുന്നു. അജ്മീറിൽ എത്തിയപ്പോൾ സാധാരണ റോഡിൽ കാണുന്ന വാഹനങ്ങൾ കൂടാതെ സൈക്കിൾ റിക്ഷ, കുതിരവണ്ടി തുടങ്ങി പരിസ്ഥിതി മലിനീകരണമുണ്ടാക്കാത്ത വാഹനങ്ങളും കൂടുതലായി കാണാൻ കഴിഞ്ഞു.
അജ്മീറിലെത്തി മുറിയെടുത്തു. ദർഗക്ക് തൊട്ടടുത്തുതന്നെ റൂം തരപ്പെട്ടത്. ലഗേജൊക്കെ മുറിയിൽ വെച്ച് ക്യാമറയുമായി ദർഗയിലേക്കുള്ള വഴിയിൽ ഇറങ്ങി. വഴിനീളെ കച്ചവടക്കാരും സഞ്ചാരികളും തീർത്ഥാടകരും ഭിക്ഷാടകരും നിറഞ്ഞിരുന്നു. ദർഗയിലേക്കുള്ള പ്രവേശന കവാടത്തിൽ എത്തിയപ്പോൾ ക്യാമറ ബാഗ് കണ്ട പോലീസുകാർ എന്നെ തടഞ്ഞു. ക്യാമറ ബാഗിനുള്ളിലാണെന്നും പുറത്തെടുക്കില്ലെന്നുമൊക്കെ ആവുന്നത് പറഞ്ഞുനോക്കി. ങേ...േഹ..! അയാൾ കുലുങ്ങുന്നില്ല. അവസാനം ദർഗ സന്ദർശിക്കാനുള്ള തീരുമാനം അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു. ഇനി റൂമിൽപോയി ക്യാമറ വെച്ചിട്ട് വരാനുള്ള സമയമില്ല. അപ്പോഴാണ് പിന്നിൽ നിന്നൊരു വിളി വന്നത്...
‘ഹലോ..ഭയ്യാ... ഞങ്ങളുടെ ഒരു പടമെടുക്കുമോ...? ഞങ്ങൾ ഏറ്റവും നല്ല സുഹൃത്തുക്കളാണ്..’രണ്ടുപേർ. വെളുത്ത ഷർട്ടും കഴുത്തിൽ കാവി ഷാളും പുതച്ചൊരാൾ. മറ്റേയാൾ കറുത്ത ഷർട്ടും തലയിൽ തൊപ്പിയും വെച്ചിരിക്കുന്നു. രണ്ടുപേർക്കും താടിയുണ്ട്...
ഹിന്ദുവിെൻറയും മുസ്ലിമിെൻറയും പേരിൽ രാജ്യത്തിെൻറ പല കോണുകൾ നിന്നു കലഹിക്കുേമ്പാൾ അജ്മീരിൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച. ഒറ്റ ഫ്രെയിമിൽ അവരുടെ സൗഹൃദത്തെ ഞാൻ ഒപ്പിയെടുത്തു. അതവരെ കാണിച്ചപ്പോൾ നിറയെ സന്തോഷം. ആൾക്കൂട്ടത്തിനിടയിൽ അവർ തോളിൽ തോേളാട് തോളുരുമ്മി മറഞ്ഞു. തെരുവ് കച്ചവടങ്ങൾക്കിടയിൽ അലഞ്ഞുനടന്ന് രാത്രിയോടെ ഞാൻ റൂമിൽ തിരികെയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.