ഇന്ന് ഉദയ്പൂർ വിട്ട് എങ്ങോട്ടും പോകാൻ പ്ലാൻ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ അൽപം വൈകിയാണ് ഉണർന്നത്. രാവിലെ 9.30നായിരുന്നു ഉദയ്പൂരിലെ 'സിറ്റി പാലസ്' ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്.'തടാകങ്ങളുടെ നഗരം' എന്ന് ഉദയ്പൂരിനെ വിളിക്കുന്നത് വെറുതെയല്ല എന്ന് ഇൗ നഗരത്തിലൂടെ യാത്ര ചെയ്താൽ മനസ്സിലാകും. പല വഴികളിലും റോഡിന് ഒരു വശത്ത് തടാകം കാണാം. ചിലപ്പോൾ തടാകത്തിന് കുറുകെയുള്ള ചെറുപാലങ്ങൾ കടന്നുവേണം അപ്പുറം കടക്കാൻ.
ഇൗ യാത്രയിൽ ഞാൻ ആദ്യം ഉൾെപ്പടുത്തിയ നഗരങ്ങളിലൊന്നായിരുന്നു ഉദയ്പൂർ. അഹമ്മദാബാദിൽ തങ്ങിയ രാത്രിയിലെ ചാറ്റിങ്ങിനിടയിൽ സുഹൃത്ത് സുലൈമാൻ നിർദേശിച്ചതാണ് ഉദയ്പൂർ. അങ്ങനെയാണ് അഹമ്മദാബാദിൽനിന്ന് രാജസ്ഥാനിലെ ജയ്സൽമീറിലേക്ക് പോകുന്ന വഴി ഉദയ്പൂർ വഴിയാക്കിയത്.
ഉദയ്പൂരിലെ സിറ്റി പാലസ് രജപുത്ര വംശത്തിെൻറ രാജകീയ പ്രൗഡി ഒന്നാകെ സന്ദർശകർക്കുമുന്നിൽ തുറന്നിട്ടിരിക്കുന്നു. കൊട്ടാരത്തിലെ അടുക്കളയിൽ ഉയോഗിച്ചിരുന്ന പാത്രങ്ങൾ മുതൽ യുദ്ധത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ വരെ സിറ്റി പാലസിെൻറ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 300 രൂപയാണ് ടിക്കറ്റ് ചാർജ്. ശരിക്കും കൊട്ടാരം കണ്ടറിയാൻ തീരുമാനിച്ചാൽ വൈകുന്നേരമായാലും നിങ്ങൾക്കതിനകത്തുനിന്ന് ഇറങ്ങാൻ കഴിയില്ല. 16ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സിറ്റി പാലസിെൻറ മുകളിൽനിന്ന് നോക്കിയാൽ ഉദയ്പൂർ നഗരത്തിെൻറ മനോഹരമായ ദൃശ്യം കാണാം. കൊട്ടാരത്തിെൻറ ചില ജനൽ വാതിലുകൾ തുറക്കുന്നത് പിച്ചോള തടാകത്തിെൻറ മനംമയക്കുന്ന കാഴ്ചകളിലേക്കാണ്. കൊത്തുപണികൾ, ശിൽപങ്ങൾ, ചിത്രങ്ങൾ, മനോഹരമായ പൂന്തോട്ടങ്ങൾ... രാജകാലത്തിെൻറ ഗരിമ മങ്ങാതെ ഇപ്പോഴും അവിടെ കാത്തുവെച്ചിരിക്കുന്നു. കൊട്ടാരത്തിനകത്ത് പലയിടങ്ങളിലും ഇടുങ്ങിയ ഇടനാഴികൾ കാണാം. തലകുനിച്ചുവേണം അതിനകത്ത് കയറാൻ. ചുവപ്പും പച്ചയും നീലയും നിറത്തിലുള്ള കണ്ണാടികൾ അകത്തേക്ക് കടക്കുന്ന പകൽവെളിച്ചത്തിൽ മഴവിൽ വർണങ്ങൾ ചാർത്തുന്നു. കൊട്ടാരത്തിനകത്തെ ചിത്രരചനയിലും രൂപകൽപനയിലും ഉപയോഗിച്ചിരിക്കുന്ന നിറക്കൂട്ടുകൾക്ക് എന്തോ പ്രത്യേകതകൾ ഉള്ളതായി തോന്നി.
1875ൽ മഹാറാണ സഞളജയ സിങ് നിർമിച്ച ലൈബ്രറിയുണ്ട്. അതിനുള്ളിൽ കാണുന്ന പഴയതരം ഫാൻ ഇറ്റലിയിൽനിന്നും പുറത്ത് നിലത്ത് വിരിച്ചിരിക്കുന്ന ടൈൽസ് ചൈനയിൽനിന്നും കൊണ്ടുവന്നതാണത്രെ. രജപുത്ര രാജാവായിരുന്ന മഹാറാണ പ്രതാപിെൻറ ആയുധങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന മുറിയിൽ ആയുധങ്ങളുടെ മൊത്തം ഭാരം 35 കിലോ ഗ്രാം എന്നെഴുതി വെച്ചിട്ടുണ്ട്. ഉദയ്പൂർ ജയിലുകളിൽ അന്നുണ്ടായിരുന്ന തടവുപുള്ളികൾ നെയ്ത പരവതാനിയും വിരിച്ച മുറിയിലേക്ക് കയറിയപ്പോഴാണ് തടവുപുള്ളികളിലെ കലാകാരന്മാരെ നമ്മൾ തിരിച്ചറിയുക.
രജപുത്ര രാജകീയതയുമായി ബന്ധപ്പെട്ട രണ്ട് മൃഗങ്ങളാണ് ആനയും കുതിരയും. കൊട്ടാരത്തിനകത്ത് കാണുന്ന ചിത്രങ്ങളും ശിൽപങ്ങളും കൊത്തുപണിയുമെല്ലാം അത് നമുക്ക് ബോധ്യമാക്കി തരുന്നു. ആനയെ അണിയിക്കുന്ന നെറ്റിപ്പട്ടം േപാലുള്ള ആഭരണങ്ങളും തലയിലും കാലിലും അണിയാനുള്ള തിളങ്ങുന്ന വസ്ത്രങ്ങളും കൊട്ടാരത്തിനകത്ത് പ്രദർശനത്തിന് വെച്ചിട്ടുണ്ട്.
മൂന്നര മണിക്കൂറാണ് കൊട്ടാരത്തിനകത്ത് ചെലവഴിച്ചത്.പൊരി വെയിലത്ത് പാർക്ക് ചെയ്ത ബൈക്കുമെടുത്ത് 'പിച്ചോള' തടാകത്തിലെ ബോട്ടിങ് ലക്ഷ്യമാക്കി നീങ്ങി. സന്ദർശകർ കുറവായതിനാൽ ബോട്ട് നിറഞ്ഞാൽ മാത്രമേ പുറപ്പെടുമായിരുന്നുള്ളു. സഹയാത്രികരെ കാത്ത് അരമണിക്കൂറോളം ബോട്ടിലിരിക്കേണ്ടിവന്നു. ബോറടിച്ചു തുടങ്ങിയപ്പോൾ തടാകത്തിൽ നീന്തിത്തുടിക്കുന്ന താറാവിനെയും കുറുകെ പറക്കുന്ന പ്രാവിനെയും ക്യാമറയിലാക്കി സമയം തള്ളിനീക്കി. അര മണിക്കൂർ കാത്തിട്ടും ആളുകൾ വരാതായപ്പോൾ ആ പണി ഉപേക്ഷിച്ച് ഞാൻ അടുത്ത ലക്ഷ്യത്തിലേക്ക് വിട്ടു. ഉദയ്പൂരിൽ ഇപ്പോൾ സീസൺ അല്ല. സിറ്റി പാലസിൽ മാത്രമാണ് തിരക്കുള്ളത്.
ഉച്ചയ്ക്കു ശേഷം ഞാൻ പോയത് ശിൽപഗ്രാമത്തിലേക്കാണ്.ഗ്രാമീണ കലകളെയും കരകൗശല വിദ്യകളെയും പരിചയപ്പെടുത്തുന്ന ഒരു കേന്ദ്രമായിരുന്നു 'ശിൽപഗ്രാമം'. ഞാൻ ചെല്ലുേമ്പാൾ പരമ്പരാഗത കലാകാരന്മാരുടെ സംഗീതവിരുന്ന് നടക്കുകയായിരുന്നു. രാജസ്ഥാനി സംഗീതവും നാടോടി നൃത്തവും തകർത്തു. പരിപാടിക്കു ശേഷം കലാകാരന്മാരെ പരിചയപ്പെടാനും മറന്നില്ല. അവർക്കൊപ്പമിരുന്ന് ഫോേട്ടായെടുത്തു. അവരുടെ ഹർമോണിയത്തിൽ വിരലുകളോടിച്ചു. ശിൽപഗ്രാമത്തിൽ കച്ചവടം ചെയ്യുന്ന പുരാതന വസ്തുക്കളുടെയും പെയിൻറിങ്ങുകളുടെയുമൊക്കെ വില ചോദിച്ചറിഞ്ഞു. വിലപേശലിൽ തോറ്റുതരാതെ യോദ്ധാക്കളെപ്പോലെ അവർ പൊരുതി നിന്നതിനാൽ ഒന്നും വാങ്ങാതെ ഇടം കാലിയാക്കി.
ഉച്ചഭക്ഷണം പഴങ്ങളിൽ ഒതുക്കി. പിന്നീട് എത്തിയത് 'ജഗദീഷ് നാഥ ക്ഷേത്രത്തിലാണ്. 350 വർഷം പഴക്കമുള്ള ക്ഷേത്രസമുച്ചയത്തിനു ചുറ്റും കൊത്തുപണികളുടെ ധാരാളിത്തം. മാർബിളിൽ തീർത്ത പടികടന്നുവേണം ക്ഷേത്രത്തിനകത്തെ സന്നിധിയിൽ എത്താൻ.
ഇന്നത്തെ കാഴ്ചകൾ മതിയാക്കി ഏഴ് മണിയോടെ റൂമിൽ തിരികെയെത്തി. നാളത്തെ യാത്രയ്ക്കു വേണ്ട റൂട്ടും മറ്റു കാര്യങ്ങളും ഒരിക്കൽ കൂടി ഉറപ്പുവരുത്തി. രാജസ്ഥാെൻറ കണ്ടുതീരാത്ത കാഴ്ചകൾ നിധിപോലെ ഒളിഞ്ഞുകിടക്കുന്നുവെന്ന വിശ്വാസത്തോടെ നേരത്തെ കിടന്നുറങ്ങെട്ട...
(യാത്ര തുടരും....)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.