????????? ???? ???????? ???

ഇനിയും ജൈസാൽമീറി​​​​​​െൻറ തടവുകാരനായി തുടരാൻ കഴ​ിയുമായിരുന്നില്ല. അതുകൊണ്ട്​ രാവിലെ 6.30ന്​ തന്നെ ജൈസാൽമീർ നഗരത്തോട്​ യാത്ര പറഞ്ഞു. 280 കിലോ മീറ്റർ അകലെയുള്ള ജോധ്​പൂരാണ്​ ലക്ഷ്യം. രാജസ്​ഥാനിലെ രണ്ടാമത്തെ വലിയ നഗരം.

യാതൊരു തിരക്കുമില്ലാത്ത റോഡിലൂടെ തണുത്ത വെളുപ്പാൻ കാലത്തുള്ള യാത്ര വേറിട്ട അനുഭവമാണ്​. തണുതണുത്ത കാറ്റ്​ മുഖത്തടിക്കു​േമ്പാൾ ഒരിക്കലും നമ്മൾ കരുതില്ല ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ ആ കാറ്റ്​ തീ പോലെ പൊള്ളിക്കുമെന്ന്​.  തണുപ്പകറ്റാൻ വഴിനീളെ തീ കായുന്ന ട്രാക്​ടറുകളുടെയും ലോറികളുടെയും ഡ്രൈവർമാരെയും കാണാം. കിലോ മീറ്ററുകളോളം റോഡിനിരുവശവും മരുപ്രദേശങ്ങളുടെ ഒരേ കാഴ്​ച. കുറ്റിച്ചെടികളും കല്ലുകളും പാറക്കഷണങ്ങളുമായി വരണ്ടുണങ്ങിയ ആ ഭൂതലം അങ്ങനെ നോക്കെത്താ ദൂരത്തോള​ം ഇരുവശങ്ങളിലുമായി പരന്നുകിടക്കുന്നു. വീടുകളും കൃഷിയിടങ്ങളും അത്യപുർവം. കിലോ മീറ്ററുകളോളം മനുഷ്യരെ തന്നെ കാണാനില്ല. ഇടയ്​ക്കെപ്പോഴെങ്കിലും ചെറിയൊരു ഗോതമ്പ്​ പാടം കണ്ടെങ്കിലായി. ജോധ്​പൂർ വരെയും നാഷനൽ ഹൈവേയിലൂടെയായിരുന്നു യാത്ര. രാവിലെ ഒമ്പതു മണിയോടടുത്ത നേരം ഒരു പമ്പിൽനിന്ന്​ പെട്രോൾ അടിച്ചു. അവിടെനിന്ന്​ തന്നെ ടയറിലെ കാറ്റി​​​​​​െൻറ നിലയും പരിശോധിച്ച്​ പുറപ്പെടു​േമ്പാഴും തണുപ്പ്​ വല്ലാതെ കുറഞ്ഞിരുന്നില്ല.

ഇന്ത്യ ആദ്യമായി അണുബോംബ്​ പരീക്ഷണം നടത്തിയ പൊഖ്​റാനിലൂടെയാണ്​ ജോധ്​പൂരിലേക്കുള്ള യാത്ര. പൊഖ്​റാനിൽനിന്ന്​ കുറച്ചുദൂരം പിന്നിട്ടപ്പോൾ റോഡി​​​​​​െൻറ അടുത്തായി ഉയരത്തിലുള്ള മണൽക്കുനകളും അതിൽചെടികള​ും കാണാമായിരുന്നു. അവിടെനിന്നും കുറച്ചുകൂടി കഴിഞ്ഞപ്പോൾ റോഡിനരികിൽ എന്തോ ചലിക്കുന്നതുപോലെ തോന്നി. കുറ്റിക്കാടിനിടയിൽ ഏതോ ഒരു മൃഗം. പെ​െട്ടന്ന്​ ബൈക്ക്​ തിരിച്ചു വന്നു നോക്കു​േമ്പാൾ മാനിനോട്​ സാമ്യമുള്ള ഒരു മൃഗം. മാനുകളുടെ വംശത്തിൽ പെട്ട ‘നീൽഗായ്​’ ആണതെന്ന്​ മനസ്സിലായി. എന്നെ കണ്ടതും അത്​ പിന്നിലേക്ക്​ ഒാടാൻ തുടങ്ങി. ഒരു ചെടിയുടെ മറവിൽനിന്ന്​ അതെന്നെ ഒളികണ്ണിട്ടു നോക്കുന്നു. വേറെയും ചിലത്​ അൽപം അക​െലയായുണ്ട്​. എന്തായാലും ആവുന്നത്ര അടുപ്പിച്ച്​ ഞാനൊരു ഫോ​േട്ടാ ഒപ്പിച്ചെടുത്ത്​ യാത്ര തുടർന്നു.

പോകുന്ന വഴിക്ക്​ ഗ്രാനൈറ്റ്​ കട്ട്​ ചെയ്​തെടുക്കുന്ന ഒരു സ്​ഥാപനം കണ്ടു. അവിടെ നടക്കുന്നത്​ കുറച്ചുനേരം നോക്കിനിന്നു. ഒരു ഭീമൻ കട്ടറിൽ ‘റെഡ്​ സ്​റ്റോൺ’ ഇനത്തിൽ പെട്ട വലി​െയാരു മാർബിൾ ഫലകം മുറിച്ചെടുക്കുകയാണവർ.

ജോധ്​പൂരിലേക്കുള്ള വഴിയിലെ പാത്രക്കച്ചവടം
 

ജോധ്​പൂരിനോട്​ അടുക്കുന്തോറും കൃഷിയിടങ്ങളും മനുഷ്യവാസവും ഏറി വന്നു. കൃഷിയിടങ്ങളിലേക്ക്​ അതിക്രമിച്ച്​ കടക്കാതിരിക്കാൻ കമ്പിവേലി കെട്ടി തിരിച്ചിട്ടുണ്ട്. ജോധ്​പൂരിന്​ തൊട്ടുമുമ്പ്​ ഒരു സ്​ഥലത്ത്​ വലിയ ചെമ്പ്​ പാത്രങ്ങളുടെയും കയറി​​​​​​െൻറയും തെരുവ്​ കച്ചവടം നടക്കുന്നു. അവിടെനിന്നും ബാഗ്​ കെട്ടാൻ പാകത്തിൽ കുറച്ച്​ കയർ വാങ്ങി. ഉച്ചയ്​ക്ക്​ ഒന്നരയോടെ ജോധ്​പൂരിലെത്തി.

നഗരത്തിൽ പെ​െട്ടന്ന്​ ശ്രദ്ധയിൽപെട്ടത്​ പച്ചപ്പുല്ല്​ വിൽക്കുന്ന പെണ്ണുങ്ങളെയാണ്​. റോഡിലൂടെ പോകുന്നവർ വാഹനം ഒതുക്കി ഇൗ സ്​ത്രീകളുടെ കൈയിൽനിന്നും പുല്ല്​ വാങ്ങിക്കും. എന്നിട്ട്​ ആ പുല്ല്​ സ്​ത്രീകളുടെ പിന്നിലായി കമ്പിക്കൂട്ടിനുള്ളിൽ കിടക്കുന്ന പശുക്കൾക്ക്​ കൊടുക്കും.

ഉച്ചഭക്ഷണത്തിന്​ രുചിയുള്ള എന്തെങ്കിലുമാക​െട്ട എന്ന്​ കരുതി നല്ല ഹോട്ടൽ തിരയാൻ തുടങ്ങി. രാവിലെ ഗതികേടുകൊണ്ട്​ തൈരും കൂട്ടി കഴിച്ച ചപ്പാത്തിയുടെ ഉൗർജം അതിനകം ആവിയായിക്കഴിഞ്ഞിരുന്നു. വെജിറ്റബിൾ ബിരിയാണിയും കൂടെ ‘റൈത്ത’ പറയുന്ന തൈരും ​േചർത്തുണ്ടാക്കിയ തണുത്ത ഒരു വിഭവത്തിൽ ഉച്ചഭക്ഷണ മോഹം അവസാനിപ്പിക്കേണ്ടിവന്നു.

ജോധ്​പൂരിലെ മെഹ്​റാൻ കോട്ട
 

രാജസ്​ഥാനിൽ കോട്ടകൾക്ക്​ പഞ്ഞമില്ല. ജോധ്​പൂരിലെ ‘മെഹ്​റാൻഘട്ട്​’ കോട്ടയിലേക്കാണ്​ പിന്നെ പോയത്​. കോട്ടയുടെ മുകളിൽനിന്ന്​ നോക്കിയാൽ ‘നീല നഗരം’ എന്ന്​ ജോധ്​പൂരിനെ എന്തുകൊണ്ടാണ്​ വിശേഷിപ്പിക്കുന്നതെന്ന്​ മനസ്സിലാകും. നൂറു രൂപ ടിക്കറ്റെടുത്താണ്​ കോട്ടയ്​ക്കകത്ത്​ പ്രവേശിച്ചത്​. കോട്ടയെ വേണ്ടവിധത്തിൽ പരിപാലിക്കുന്നുണ്ടെന്ന്​ ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. നല്ല വൃത്തിയും ചിട്ടയും. മറ്റു കോട്ടകൾ പോലെതന്നെ കരവിരുതിലും വാസ്​തു വിദ്യയിലും മെഹ്​റാൻ കോട്ടയും മികച്ചുനിന്നു.

മെഹ്​റാൻ കോട്ടയ്​ക്കകത്തെ മനോഹരമായ കാഴ്​ച
 

അഞ്ഞൂറു വർഷം മുമ്പ്​ റാവു ജോധ പണികഴിപ്പിച്ചതാണ്​ മെഹ്​റാൻ കോട്ട. കോട്ടയ്​ക്കകത്തെ രാജകീയത വിളംബരം ചെയ്യുന്ന മുറികളിൽ രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, അക്കാലത്തെ നാണയങ്ങൾ, വസ്​ത്രങ്ങൾ ത​ുടങ്ങിയവ പ്രദർശിപ്പിച്ചിട്ടുണ്ട്​. കോട്ടയ്​ക്കകത്തുതന്നെ പുരാതന വസ്​തുക്കളുടെയും വസ്​ത്രങ്ങളുടെയും കരകൗശല വസ്​തുക്കളുടെയും വിൽപനയും നടക്കുന്നുണ്ട്​. വ്യത്യസ്​ത തരം തലപ്പാവുകളുടെ പ്രദർശനമാണ്​ ശ്രദ്ധിക്കപ്പെട്ട ഒന്ന്​. കരകൗശല വസ്​തുകൾ പ്രദർശിപ്പിച്ചിരിക്കുന്നിടത്ത്​ സേവാറാം പ്രതാപ്​ എന്ന നെയ്​ത്തുകാരൻ തൽസമയം പരവതാനി കൈകളാൽ നെയ്യുന്നത്​ കാണാം.  അയാള​ുടെ മുന്നിലിരിക്കുന്ന ഒാരോ പരവതാനിയും അയാളുടെ കരവിരുത്​ വിളിച്ചുപറയുന്നുണ്ട്​.

സേവാറാം പ്രതാപി​​​​​െൻറ തൽസമയ നെയ്​ത്ത്​വിദ്യ
 

കോട്ടയ്​ക്ക്​ മുകളിൽ ഉദ്യാനത്തിനുമപ്പുറത്ത്​ ഒരു ഭാഗത്ത്​ പുറത്തേക്ക്​ തള്ളി നിൽക്കുന്ന കുറേ പീരങ്കികൾ കാണാം. ഏത്​ ആക്രമണത്തെയും ദൂരെ വെച്ചുതന്നെ നേരിടാൻ സജ്ജമാക്കിയിരുന്ന ആ പീരങ്കികളിൽനിന്ന്​ ശത്രു നിരയ്​ക്കുമേൽ ചീറിത്തെറിച്ച ഉണ്ടകളെക്കുറിച്ച്​ അപ്പോൾ ആലോചിച്ചുപോയി.

കോട്ടയുടെ ഭംഗിയൊക്കെ കണ്ടറിഞ്ഞ്​ അഞ്ചു മണിയോടെ ഞാൻ റൂമി​ലെത്തി. എത്ര കണ്ടാലും മതിയാവാത്ത കാഴ്​ചകളാണ്​ രാജസ്​ഥാനിൽ. ഏതാനും ദിവസങ്ങൾ കൂടി ​രാജസ്​ഥാനിൽ കറങ്ങേണ്ടിവരുമെന്ന തോന്നലോടെ പതിനാലാം ദിവസത്തെ യാത്ര ഞാൻ ജോധ്​പൂരിൽ അവസാനിപ്പിച്ചു...

(യാത്ര തുടരുന്നു...)

Tags:    
News Summary - aneesh's indian diary solo bike travel thirteenth day at jodhpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.