സോനാമാർഗിലെ വെളുപ്പാംകാലം െകാടുംതണുപ്പു കൊണ്ട് പൊറുതിമുട്ടി എഴുന്നേറ്റുപോകും. പിന്നെയും ചുരുണ്ട് പുതച്ചുമൂടി കിടന്നാലും മൈനസ് ഒമ്പത് ഡിഗ്രി സെൽഷ്യസ് അസ്ഥി തുളയ്ക്കും. രക്ഷയില്ലാതെ എഴുന്നേറ്റുപോകും.
പ്രഭാതഭക്ഷണവും കഴിഞ്ഞ് ചെയിൻ ക്ലീനിങ്ങും അഡ്ജസ്റ്റ്മെൻറും ആയിരുന്നു മുഖ്യ പരിപാടി. സോനാമാർഗിൽനിന്നും കാർഗിലിലേക്കുള്ള റോഡിലേക്ക് വൈകിയേ ആളുകളെ കടത്തിവിടുകയുള്ളു എന്നതിനാൽ രാവിെല ധാരാളം സമയമുണ്ടായിരുന്നു. ചെയിൻ ലൂബും ക്ലീനറും തീർന്നു കഴിഞ്ഞിരുന്നു എന്നത് അപ്പോഴാണ് ഒാർത്തത്. പത്താൻകോട്ടിലെ മിക്ക കടകളിലും അന്വേഷിച്ചിട്ടും കിട്ടിയിരുന്നില്ല. ശ്രീനഗർ കടന്നുേപാകുകയും ചെയ്തു. അവസാനം താമസിക്കുന്ന ഹോട്ടലിെൻറ അടുക്കളയിൽനിന്നും അൽപം മണ്ണെണ്ണ സംഘടിപ്പിച്ച് ചെയിൻ വൃത്തിയാക്കി. ശുദ്ധജലത്തിന് നന്നേ ബുദ്ധിമുട്ടായതിനാൽ സോനാമാർഗിലെ കടകളിലേക്ക് കുടിവെള്ളവുമായി രാവിലെ തന്നെ ലോറികൾ എത്തിത്തുടങ്ങിയിരുന്നു.
12 മണിക്കു േശഷം കെട്ടും ഭാണ്ഡവുമെല്ലാമെടുത്ത് ഞാൻ റൂം വിട്ടിറങ്ങി. താഴെ റോഡിെൻറ വശങ്ങളിലെല്ലാം നിറയെ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നു. ഇപ്പോൾ ശ്രീനഗർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാത്രമാണ് സോനാമാർഗ് ചെക്ക്പോസ്റ്റിലൂടെ കടത്തിവിടുന്നുള്ളു. അത്യാവശ്യം അടുത്ത പ്രദേശത്തേക്കുള്ള വാഹനങ്ങളും സൈനിക വാഹനങ്ങളും കാർഗിൽ ഭാഗത്തേക്ക് കടത്തിവിടുന്നുണ്ട്.
ഉച്ചയ്ക്ക് മൂന്നു മണിയാകും മറ്റ് വാഹനങ്ങൾ കാർഗിലിലേക്ക് കടത്തിവിടാനെന്ന് പ്രദേശവാസിയായ ഒരാൾ എന്നോട് പറഞ്ഞു. ഞാൻ താമസിച്ചിരുന്ന േഹാട്ടലിനടുത്തുതന്നെയായിരുന്നു ചെക്ക്പോസ്റ്റ്. കാര്യമായൊന്നും ചെയ്യാനില്ലാതെ ഹെൽമെറ്റും കൈയിൽ പിടിച്ച് ഞാൻ ഒരു പീടികത്തിണ്ണയിൽ ഇരുന്നു. അങ്ങകലെ മഞ്ഞുമൂടിയ പർവതനിരകൾ കാണാം. കുറേ നേരം അതിലേക്ക് നോക്കിയിരുന്നും അതുവഴി പോകുന്ന മനുഷ്യരുടെ ചെയ്തികൾ നോക്കിയും സമയം തള്ളിവിട്ടു. എന്നിട്ടും ഞങ്ങൾക്ക് പോകാനുള്ള വിസിൽ മാത്രം മുഴങ്ങിയില്ല. അപ്പോഴാണ് ഒരു മിലിട്ടറി ട്രക്കിൽനിന്നും രണ്ടു വട്ടം തുടർച്ചയായി ഹോൺ കേട്ടത്. നോക്കിയപ്പോൾ ഇന്നലെ പരിചയപ്പെട്ട മലയാളിയായ സൈനികൻ പ്രേമാദ് ഡ്രൈവിങ് സീറ്റിലിരുന്ന് കൈ വീശി കാണിക്കുന്നു. ഞാൻ അടുത്തേക്ക് ചെന്നു സംസാരിച്ചു. ‘എവിടേക്കാണ് ഇന്നത്തെ യാത്ര...? വണ്ടിയിൽ ആവശ്യത്തിന് പെട്രോൾ ഒക്കെയില്ലേ...?’ എന്നായി പ്രേമാദിെൻറ കുശലാന്വേഷണം. വേഗം കൈ കൊടുത്തു പിരിഞ്ഞു. കാരിരുമ്പിെൻറ കരുത്തുണ്ടായിരുന്നു അതിർത്തി കാക്കുന്ന ആ കൈകൾക്ക്.
കുറേ നേരമായി റോഡിൽ പോസ്റ്റ് മാതിരി നിൽക്കാൻ തുടങ്ങിയിട്ട്. നിറുത്തിയിട്ട വാഹനങ്ങളിലെ ഡ്രൈവർമാർ സീറ്റിലിരുന്ന് കോട്ടുവാ ഇടുന്നുണ്ട്. ഏതായാലും സമയം ഒരു മണി കഴിഞ്ഞു. ഉച്ചഭക്ഷണം കഴിച്ചുകളയാം എന്ന് കരുതി അടുത്തുള്ള ഹോട്ടലിൽ കയറി. ഭക്ഷണം ഏതാണ്ട് കഴിച്ചു തീരാറായപ്പോൾ ആർപ്പുവിളിച്ചുകൊണ്ട് ആളുകൾ നിറുത്തിയിട്ട വാഹനങ്ങളിലേക്ക് ഒാടിക്കയറുന്നു. വാഹനങ്ങൾക്ക് കടന്നുപോകാൻ അനുമതി കിട്ടിയതാണെന്ന് മനസ്സിലായി. ഞാൻ തിരക്കിട്ട് ഭക്ഷണം അകത്താക്കുന്നതു കണ്ടിട്ടാവണം ക്യാഷ് കൗണ്ടറിലിരുന്ന ഹോട്ടൽ മുതലാളി പറഞ്ഞു ‘തിരക്കാക്കണ്ട, സാവധാനം കഴിച്ചാൽ മതി. അവരൊക്കെ പോയ്ക്കോെട്ട...’ എന്ന്.
ഒന്നര മണി കഴിഞ്ഞപ്പോൾ ഞാനും ബൈക്കെടുത്ത് യാത്ര തുടങ്ങി. എെൻറ ലക്ഷ്യസ്ഥാനം ‘ലേഹ്’ ആയിരുന്നെങ്കിലും ഇന്നെനിക്ക് പരമാവധി കാർഗിൽ വരെ എത്താനേ കഴിയൂ എന്നുറപ്പായിരുന്നു. സോനാമാർഗിൽനിന്ന് കാർഗിലിലേക്ക് 125 കിലോ മീറ്ററാണ് ദൂരം. റോഡിെൻറ ആദ്യ ഭാഗങ്ങൾ മഹാ ദുരിതവും. റോഡിെൻറ മോശം അവസ്ഥയിലും എെൻറ ശ്രദ്ധ അതിശയിപ്പിക്കുന്ന കാഴ്ചകളിലായിരുന്നു. ഏതോ സ്വപ്നത്തിലൂടെ കടന്നുപോകുന്നതുേപാലെ തോന്നിപ്പിക്കുന്ന വിധം മഞ്ഞ് വാരിപ്പിടിച്ച് കിടക്കുന്ന മലനിരകളും പാറക്കൂട്ടങ്ങളും ചെറിയ ഇടുങ്ങിയ റോഡുകളും മുന്നിൽ നിവർന്നു കിടക്കുന്നു. ഒരു ഭാഗത്ത് വലിയ മലനിരകളും മറുഭാഗത്ത് ഗർത്തവുമായ ഇടുങ്ങിയ റോഡിലൂടെ മുകളിലേക്ക് വളഞ്ഞും തിരിഞ്ഞും നീങ്ങിക്കൊണ്ടിരിക്കുകയാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞ് കല്ലും മണ്ണും ചെളിയും മാത്രമായിരിക്കുന്നു. കല്ലുകളാണെങ്കിൽ പല വലിപ്പത്തിലാണ്. കയറ്റവും കല്ലുകളും കുഴിയും കൂടിയായപ്പോൾ യാത്ര സാഹസികമായി. റോഡിൽ അമർന്ന പാറക്കഷണങ്ങളിൽ മഞ്ഞ് ഉറച്ച ഭാഗങ്ങളുണ്ട്. വളരെയധികം ശ്രദ്ധിച്ച് ആ ഭാഗങ്ങൾ ഒഴിവാക്കി വേണം ബൈക്കിൽ നീങ്ങാൻ. അതിലൂടെ ബൈക്ക് എടുത്താൽ വഴുതിവീഴുമെന്നുറപ്പ്.
തണുപ്പ് കാരണം അടച്ചിട്ട ഹെൽമെറ്റ് ഗ്ലാസിലെ മങ്ങിയിരുന്നു. കാഴ്ചകൾ അവ്യക്തമായപ്പോൾ അറിയാതെ നിലത്തെ മഞ്ഞ് പാളിയിലൂടെ ബൈക്ക് നീങ്ങിയതും സകല ബാലൻസും നഷ്ടമായി വഴുതി വീണതും ഒരുമിച്ചായിരുന്നു. വേഗം കുറവായതിനാലും ഭാഗ്യവും തുണച്ചപ്പോൾ എനിക്കും ബൈക്കിനും കാര്യമായി ഒന്നും പറ്റിയില്ല. വരാനിരിക്കുന്ന പാതകളെക്കുറിച്ച മുന്നറിയിപ്പായിരുന്നു ആ വീഴ്ച. പിന്നിലെ മിനി ട്രക്കിൽ വന്ന ഡ്രൈവറുടെ സഹായത്തോടെ ബൈക്ക് നിലത്തുനിന്നുയർത്തി. ആദ്യം സ്റ്റാർട്ടാകാൻ വിസമ്മതിച്ചെങ്കിലും പിന്നീട് ബൈക്ക് ഉഷാറായി. ‘കുഴപ്പമൊന്നുമില്ലല്ലോ, എല്ലാം ഒ.കെയല്ലേ...?’ എന്നു പറഞ്ഞ് പിന്നിലെ ട്രക്കുകാർ പോയി.
മഞ്ഞിെൻറ വലിയ ഭിത്തികൾക്കിടയിലൂടെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കുേമ്പാഴാണ് തണുപ്പിെൻറ കാഠിന്യം ബോധ്യപ്പെടുക. റൈഡിങ് ഗ്ലൗസ് ആണ് ധരിച്ചിരുന്നത്. അതിനാൽ കൈ വിറച്ചുതുടങ്ങി. ഇനിയും സഹിക്കാനാവില്ലെന്നുറപ്പായപ്പോൾ ബൈക്കിെൻറ പിന്നിൽ എളുപ്പത്തിൽ എടുക്കാൻ പാകത്തിൽ കെട്ടിവെച്ചിരുന്ന കുഞ്ഞു ബാഗിൽനിന്നും വിൻറർ ഗ്ലൗസ് പുറത്തെടുത്തു ധരിച്ചു. റൈഡിങ് ഗ്ലൗ ഉൗരിയപ്പോൾ കൈ ആകെ ചുവന്നു തുടുത്തിരിക്കുന്നു.
കുറച്ചുദൂരം ചെന്നപ്പോൾ ഒരു മിലിട്ടറി ക്യാമ്പിനോട് ചേർന്ന ചെക്ക്പോസ്റ്റിെലത്തി. വണ്ടി നിർത്തി സൈഡാക്കി അവിടുത്തെ രജിസ്റ്ററിൽ വണ്ടി നമ്പറും പേരുമൊക്കെ രേഖപ്പെടുത്തണമായിരുന്നു. അതിനിടെ അകത്തുള്ള കെട്ടിടത്തിൽനിന്ന് അൽപം കാപ്പി എടുക്കെട്ട എന്ന് ഒരു സൈനികൻ വിളിച്ചു ചോദിച്ചു. വേണ്ട, ചൂടുള്ള വെള്ളം കുടിക്കാൻ കിട്ടിയാൽ നന്നായിരുന്നു എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം ഒരു വാട്ടർ ബോട്ടിലിൽ നിന്ന് ചൂടുള്ള വെള്ളം എനിക്ക് നൽകി. അത് കുടിച്ചേപ്പാൾ ഉള്ളൊന്ന് ചൂടായി.
പിന്നെയും ഹിമപാതയിലൂടെ യാത്ര തന്നെ. റോഡിെൻറ വശങ്ങളിൽ മഞ്ഞ് വലിയ മൈതാനങ്ങൾ തന്നെ തീർത്തിട്ടുണ്ട്. അതുവഴി വേറേ ബൈക്ക് സഞ്ചാരികൾ ആരെയും കണ്ടില്ല. ദ്രാസിൽ എത്താറായപ്പോഴേക്കും നല്ല റോഡുകൾ കാണനായി. ദ്രാസാണ്ലോകത്തിലെ തന്നെ ഏറ്റവും തണുപ്പേറിയ രണ്ടാമത്തെ വാസസ്ഥലം. ദ്രാസ് അടുത്തപ്പോഴാണ് മനുഷ്യവാസത്തിെൻറ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. റോഡിൽ മഞ്ഞുകൊണ്ട് സ്റ്റംപ് ഉണ്ടാക്കി കുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന വിചിത്രമായ കാഴ്ചകൾ. അവിടെ വെച്ച് സൈദ എന്നു േപരുള്ള കശ്മീരി പെൺകുട്ടിയെ പരിചയപ്പെട്ടു. ആറ് വയസ്സ് പ്രായം തോന്നിക്കുന്ന അവൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ റോഡിലേക്ക് ഒാടിവന്നതാണെന്ന് കൈയും മുഖവും കണ്ടപ്പോൾ തോന്നി. ഫോേട്ടാ എടുക്കുേമ്പാൾ ക്യാമറയിലേക്കുള്ള അവളുടെ തുറിച്ചുനോട്ടത്തിന് അപാരമായ നിഷ്കളങ്കതയുണ്ടായിരുന്നു. ഒത്തിരി കാലം കൂടെ പോരുന്ന നോട്ടം.
കാർഗിൽ എത്തുന്തോറും പരിസരത്തെ മഞ്ഞിെൻറ സാന്നിധ്യം കുറഞ്ഞുവന്നു. റോഡിെൻറ ഒരുവശത്തു കൂടി ഒഴുകുന്ന അരുവിയും മറുവശത്ത് വലിയ കല്ലുകൾ വീഴാനൊരുങ്ങി നിൽക്കുന്നപോലെ തോന്നിക്കുന്ന മലകളുമായിരുന്നു. അതിനിടയിലൂടെ കയറ്റത്തിലേക്കുള്ള ഇടുങ്ങിയ റോഡാണ് കാർഗിലിലേക്ക് നയിക്കുന്നത്. കാർഗിലിെൻറ പല ഭാഗങ്ങളിലും യുദ്ധസ്മാരകങ്ങൾ കാണാം.
ഒരു യുദ്ധഭൂമിയിലുടെയാണ് എെൻറ യാത്രയെന്ന് ഇടയ്ക്കിടെ ഞാൻ ഒാർത്തു. അനേകം ധീര ജവാന്മാരുടെ രക്തം ഇൗ മണ്ണിൽ പുരണ്ടിരിക്കുന്നു. വൈകിട്ട് 6.30ഒാടെ തപ്പിപ്പിടിച്ച് ഒരു താമസ സ്ഥലം തരപ്പെടുത്തി. ലഡാക്ക് ബൈക്ക് സഞ്ചാരികളുടെ പറുദീസയാണ്. സ്വർഗത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണെന്ന് പറയുന്നത് എത്രയോ ശരിയാണ് എന്ന് ഇന്നത്തെ യാത്ര എന്നെ േബാധ്യപ്പെടുത്തുന്നു.
(സ്വർഗ യാത്ര തുടരുകയാണ്...)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.