കോടമഞ്ഞ്​ തഴുകും ചൊക്രാമുടി മുനമ്പിൽ

മൂന്നാറിലെ തേയിലത്തോട്ടങ്ങളും മീശപ്പുലി മലയിൽ മഞ്ഞുപെയ്യുന്നതും കണ്ട്​ മടുത്തിരിക്കു​േമ്പാഴാണ്​ ഇടുക്കി ജില്ലയിലെ ചൊക്രാമുടിയെക്കുറിച്ച്​ കേൾക്കുന്നത്​. സ്​ഥലം സംബന്ധിച്ച്​ ഫേസ്​ബുക്ക്​ ചങ്ങാതികളുമായി പങ്കുവെച്ചപ്പോൾ അവർക്കും സമ്മതം. ദിവസവും സമയവും നിശ്ചയിച്ച്​ യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ബൈക്ക്​ റൈഡും ട്രക്കിങ്ങുമെല്ലാം നിറഞ്ഞൊരു യാത്ര. ഒപ്പം ജോലിയുടെയും പഠനങ്ങളുടെയും ടെൻഷനുകളെല്ലാം പിന്നിൽ ഉപേക്ഷിച്ച്​ പച്ചപ്പിലേക്കൊരു കുതറിയോട്ടം. അതായിരുന്ന ലക്ഷ്യം. അങ്ങനെ ജനുവരിയിൽ തണുപ്പുള്ള ഒരു ഞായറാഴ്​ച രാവിലെ ഏഴിന്​ എല്ലാവരും ബൈക്കുമായി പെരുമ്പാവൂർ ഒത്തുകൂടി.  30 പേരുണ്ടായിരുന്നു യാത്രസംഘത്തിൽ. പരസ്​പരം പരിചയപ്പെട്ടശേഷം ബൈക്കുകൾ സ്​റ്റാർട്ടാക്കി യാത്ര തുടങ്ങി.
 
യാത്രക്കിടെ പാതയോരത്ത്​ അൽപ്പനേരം വിശ്രമം
 

കോതമംഗലം പിന്നിട്ട്​ 8.30ഓടെ വാളറ വെള്ളച്ചാട്ടത്തിനടുത്തെത്തി. വേനലെത്തും മു​െമ്പ വെള്ളമെല്ലാം വറ്റിയിട്ടുണ്ട്​. അവിടെനിന്ന് പ്രഭാത ഭക്ഷണം.  വീണ്ടും യാത്ര. കാഴ്​ചകൾക്ക്​ കൂടുതൽ നിറംവെച്ച്​ തുടങ്ങി. ഉടുത്തൊരുങ്ങിനിൽക്കുന്ന പ്രകൃതിയും ബൈക്കുകളുടെ പട പട ശബ്​ദവും കൂടുതൽ ആവേശം നൽകുന്നു. പത്ത്​ മണിയോടെ​ മൂന്നാർ ടൗണിലെത്തി. അവിടെനിന്ന്​ ഹൈറേഞ്ചി​ലെ ചന്തം ചാർത്തുന്ന ​പാതയിലൂടെ ദേവികുളം ലക്ഷ്യമാക്കി വണ്ടി തിരിച്ചു. ബൈക്കുകളുടെ വേഗത്തിൽ കാഴ്​ചകൾ പിന്നിലേക്ക്​ ഒാടിമറയുന്നു. ഒടുവിൽ 11.30 ആയപ്പോഴേക്കും ചെക്രാമുടിയുടെ താഴ്വാരത്തെത്തി.
 
കോടമഞ്ഞിൽ കുളിച്ച്​ ചൊക്രാമുടി മല
 


സമുദ്ര നിരപ്പിൽനിന്ന് 7200 അടിയോളം ഉയരത്തിൽ സ്​ഥിതി ചെയ്യുന്ന കൊടുമുടിയാണ് ചൊക്രാമുടി. മൂന്നാറിൽനിന്ന്​ ഏക​േദശം 20 കിലോമീറ്ററിനടുത്ത്​ ദൂരം കാണും. കുത്തനെയുള്ള പാറക്കെട്ടുകളും ചോലവനങ്ങളും കോടമഞ്ഞും നിറഞ്ഞ ചൊക്രാമുടി പ്രകൃതിയെ ​പ്രണയിക്കുന്നവരുടെയും ട്രക്കിങ്ങ്​ ഇഷ്​ടപ്പെടുന്ന സാഹസികരുടെയും പറുദീസയാണ്. ആദിവാസികളുടെ വാസ കേന്ദ്രം കൂടിയാണ്​ ഇവിടം. പുലർച്ചെ നാല്​ മുതൽ ഇവിടേക്ക്​ പ്രവേശനം ആരംഭിക്കും. അതിരാവിലെ ട്രക്കിങ്​ ആരംഭിക്കുകയാണെങ്കിൽ മനോഹരമായ ഉദയം ഇൗ കൊടുമുടി നമുക്ക്​ സമ്മാനിക്കും. ഏകദേശം നാല് കി​േലാമീറ്റർ ദൂരം നടന്നുവേണം മുകളിലെത്താൻ. 
അധികം ടൂറിസ്​റ്റുകൾ വരാറില്ലാത്തത് കൊണ്ടാണോ എന്നറിയില്ല താഴ്​വാരത്ത്​ കടകളോ പാർക്കിങ് സൗകര്യമോ ഒന്നും കാണാൻ കഴിഞ്ഞില്ല. സമയം കളയാതെ ഞങ്ങൾ കുന്നിൻ ചെരുവിലൂടെ മുകളിലേക്ക് കയറാൻ ആരംഭിച്ചു.
 

14ാമത്തെ കുന്നിൽ സ്​ഥാപിച്ച കുരിശ്​
 


തുടക്കത്തിൽ ചെറിയ വഴിചാലുണ്ടെങ്കിലും മുകളിലേക്ക് കയറുമ്പോൾ പാറക്കെട്ടുകളാണ്. ചെറുതും വലുതുമായ കല്ലുകളും പൊടിമണ്ണും നമ്മളേക്കാൾ ഉയരത്തിൽ വളർന്നുനിൽക്കുന്ന പുൽചെടികളും നിറഞ്ഞ കുത്തനെയുള്ള ദുർഘട വഴി. പുല്ലിൽ പിടിച്ചും പൊടിമണ്ണിൽ കാലുതെന്നാതെയും മുന്നോട്ട് കയറ്റം ആരംഭിച്ചു.
ഓരോ പാറക്കെട്ടുകളും താണ്ടുമ്പോൾ എത്രാമാ​ത്തേതാണ്​ എന്ന്​ സൂചിപ്പിച്ച്​ അക്കങ്ങൾ എഴുതിവെച്ചിട്ടുണ്ട്​. മുകളിലേക്ക് കയറുന്തോറും പാറക്കെട്ടുകളുടെ ചെരിവ് കൂടികൂടി വരുന്നു. ചുറ്റും അഗാതമായ താഴ്ചയും. കൂടെയുള്ളവരിൽ ചിലർ ഭയം കാരണം കുന്നിൻെറ പകുതി താണ്ടി സാഹസികത അവസാനിപ്പിച്ചു. ബാക്കിയുള്ളവർ രണ്ടും കൽപ്പിച്ച് വീണ്ടും മുകളിലേക്ക് തന്നെ. അടുത്തടുത്ത് സഞ്ചരിച്ചിരുന്നവർ പതിയെ പതിയെ അകലാൻ തുടങ്ങി. മുമ്പിൽ നടന്നവർ പിന്നിലേക്ക് തള്ളപ്പെട്ടു. പതിയെ ഇരുന്നും നിന്നും മുന്നോട്ടുതന്നെ. നന്നെ വിയർക്കുന്നുണ്ടെങ്കിലും മലമുകളിലെ തണുത്ത കാറ്റും കോടമഞ്ഞും ഞങ്ങളെ കുളിരണിയിച്ചുകൊണ്ടിരുന്നു.
 

കുത്തനെയുള്ള പാറക്കെട്ടിലൂടെയുള്ള ട്രക്കിങ്ങ്​
 


മുകളിൽനിന്ന് താഴേക്ക് നോക്കിയാൽ ഗൂഗിൾ മാപ്പിനെ അനുസ്​മരിപ്പിക്കും വിധം ചെറിയ വരപോലെ റോഡുകളും വിശാലമായി പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളും കാണാം. അകലെ സഞ്ചാരികളുടെ ഇഷ്​ടകേന്ദ്രങ്ങളായ കൊളുക്കുമലയും മീശപ്പുലിമലയും നെഞ്ചുവിരിച്ചുനിൽക്കുന്നു. നടന്നുനടന്ന്​ പതിനാലാമത്തെ പാറക്കെട്ടിന് മുകളിലെത്തി. അവിടെയൊരു കുരിശ് സ്​ഥാപിച്ചിട്ടുണ്ട്. കുരിശുമല എന്നാണ്​ ഇവിടം അറിയപ്പെടുന്നത്. ഇങ്ങോട്ട്​​ പ്രാർഥനക്കായി എല്ലാ ആഴ്​ചയും വിശ്വാസികൾ വരാറുണ്ടത്രെ. ഇതിന്​ സമീപം നിരപ്പായ സ്​ഥലവും വിശമ്രിക്കാൻ സൗകര്യത്തിന് ചെറിയ പാറക്കുന്നുമുണ്ട്. അവിടെനിന്ന് നോക്കു​േമ്പാൾ ചെക്രാമുടി കോടമഞ്ഞിൽ ഒളിച്ചുകളിക്കുന്നത്​ കാണാം. വിശ്രമിക്കാൻ സ്​ഥലം കണ്ട​േതാടെ കുറച്ചുപേർ അവിടെ യാത്ര അവസാനിപ്പിച്ചു.
 

താഴെ തേയിലത്തോട്ടങ്ങൾ
 


കുറച്ച് വിശ്രമിച്ച ശേഷം ബാക്കിയുള്ളവരുമായി ഞങ്ങൾ യാത്ര തുടർന്നു. കുറച്ചങ്ങ് ചെന്നപ്പോൾ കാഴ്ചക്കൊരുമാറ്റം. മുന്നിൽ മരങ്ങളും ചെടികളും ഇടതൂർന്ന് വളർന്ന ചെറിയ ചോലവനം പ്രത്യക്ഷമായി. ചെറിയ കുറ്റിച്ചെടികളും മരങ്ങളും കടന്ന് മുന്നോട്ടുപോയപ്പോൾ തീ കൂട്ടിയതി​​െൻറ അവശിഷ്​ടങ്ങൾ കണ്ടു. മുമ്പ്​ വന്നവർ തീ കൂട്ടിയതാവണം. ഞങ്ങളും അവിടെ കുറച്ചുനേരം തീ കാഞ്ഞശേഷം യാത്ര തുടർന്നു. മ​ുന്നോട്ട്​ നീങ്ങുന്തോറും നടത്തത്തി​ന്​ കാഠിന്യം കൂടുന്നു. ഇതുവരെ കയറിയതിലുമധികം കുത്തനെയുള്ള പാറക്കെട്ടുകളും പുൽചെടികളും മുന്നിൽ നിറഞ്ഞുനിൽക്കുന്നു. ചെരിഞ്ഞും പാറയിൽ അള്ളിപ്പിടിച്ചും അവസാനം ചൊക്രാമുടിയുടെ നെറുകയിലെത്തി. തലക്കുമീതെ സൂര്യൻ കത്തിജ്ജ്വലിക്കുന്നുണ്ടെങ്കിലും അവിടം വീശിയടിക്കുന്ന കുളിർ കാറ്റ് ചൂടിനെയെല്ലാം മായ്​ച്ചുകളയുന്നു. കൊടുമുടിയുടെ നെറുകയിൽ കാലുകുത്തു​േമ്പാൾ സ്വർഗത്തിലെന്നപ്പോലെ ചുറ്റും കോടമഞ്ഞ് കൂട്ടിനുവരുന്നു. അവ നമ്മളെ തലോടി അകലേക്ക് മറയുന്നു. വല്ലാത്തൊരു മായിക ലോകത്ത്​ വന്ന്​ അകപ്പെട്ടതുപോലെ. 
 

ചൊക്രാമുടിയുടെ മുകളി​ൽ സഞ്ചാരികൾ
 


സമീപത്തായി ഒരു കുന്ന് കൂടി കാണുന്നുണ്ട്. അങ്ങോട്ടുള്ള യാത്ര ഇതിനേക്കാൾ ദുർഘടവും അപകടകരവുമായതിനാൽ അതിന് മുതിർന്നില്ല. ഒരു മണിക്കൂറിലവധികം കോടമഞ്ഞിനോടും കുളിർക്കാറ്റിനോടും കിന്നാരം പറഞ്ഞ് അവിടെ ചെലവഴിച്ചു. പിന്നെ പതിയെ മലയിറക്കം ആരംഭിച്ചു. കയറുന്നതിനേക്കാൾ ആയാസരഹിതമാണെങ്കിലും പിടുത്തം വിട്ടാൽ താഴെ നോക്കിയാൽ മതി എന്ന അവസ്​ഥ. പുല്ലിൽ പിടിച്ചും പാറക്കെട്ടുകളിലും ചെറിയ കല്ലുകളിൽ ചവിട്ടിയും താഴേക്ക്. അതിനിടക്ക് പൊടിമണ്ണിൽ കാല് തെന്നി ഞാൻ നടുതല്ലി വീണു. ദൈവത്തിന്​ നന്ദി, ഒന്നും പറ്റിയില്ല. വൈകീട്ട്​ അഞ്ചോടെ ചെക്രാമുടിയുടെ താഴെയെത്തി. 
 

ബൈക്കിൽ രാത്രി നിരനിരയായി മടങ്ങുന്ന യാത്രാസംഘം
 പകുതിക്കുവെച്ച്​ നടത്തം അവസാനിപ്പിച്ചവരെല്ലാം അവിടെ കാത്തിരുപ്പുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചുചേർന്നതോടെ വീണ്ടും ബൈക്കുകൾക്ക്​ ജീവൻവെച്ചു. ട്രക്കിങ്ങിനിടെ കാര്യമായൊന്നും ഭക്ഷണം കരുതാത്തതിനാൽ നല്ല ക്ഷീണമുണ്ട്​. അതുകൊണ്ടുതന്നെ മൂന്നാർ ലക്ഷ്യമാക്കി ആക്​സിലേറ്ററുകൾ ആഞ്ഞുപിടിക്കാൻ തുടങ്ങി.
അവിടെനിന്ന് വയറുനിറയെ ഭക്ഷണവും കഴിച്ച് നാട്​ ലക്ഷ്യമാക്കി പുറപ്പെട്ടു. സായംസന്ധ്യയിലെ കോടമഞ്ഞും ബൈക്കി​​​െൻറ വേഗതയിൽ വീശിയടിക്കുന്ന കാറ്റും ഞങ്ങളുടെ കൂടെക്കൂടി. അർധരാത്രിയോടെ തിരിച്ച്​ പെരുമ്പാവൂരിലെത്തി. മനസ്സിൽ എന്നും സൂക്ഷിക്കാവുന്ന ഒരുപാട്​ സുഖമുള്ള ഒാർമകളാണ്​ ആ പകലിരവുകൾ സമ്മാനിച്ചത്​. ആ ഒാർമകളിൽ ആദ്യമെത്തുന്ന കൂട്ടുകാരോട്​ പരസ്​പരം യാത്ര പറഞ്ഞ്​, വീണ്ടും കാണാമെന്ന്​ വാക്കുനൽകി ബൈക്കുകൾ ഇരുട്ടി​​​െൻറ ആഴങ്ങളിലേക്ക്​ ഒാടിയകന്നു...

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT