????? ????????? ????? ?????????? ??????? ??????? ??? ??????? ??????? ?????????? ?????? ??????????? ??????????? ???????????? ???????????????? ?????????????? ? ??????? ???????????? ??????

സ്നേഹത്തിന്‍െറ കരിമ്പു പാടങ്ങള്‍

മൂന്നാം ദിവസത്തെ യാത്ര മൂന്നാമത്തെ സംസ്ഥാനത്തേക്ക് പ്രവേശിച്ചിരിക്കുന്നു. ഹൂബ്ളിയില്‍നിന്നും 320 കിലോ മീറ്റര്‍ പിന്നിട്ട് മഹാരാഷ്ട്രയിലെ സത്താറ എന്ന നഗരത്തിലാണ് ഞാന്‍ ഇന്നത്തെ യാത്ര അവസാനിപ്പിച്ചത്.

യാത്രകളിലെ ഓരോ അബദ്ധങ്ങളും വലിയ പാഠങ്ങളാണ്. അതുകൊണ്ട് കഴിഞ്ഞ ദിവസത്തെ അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ വെളുപ്പിന് അഞ്ച് മണിക്കുതന്നെ എഴുന്നേറ്റ് ആറു മണിയോടെ യാത്ര പുറപ്പെട്ടു. ചൂടു കൂടുതലുള്ള ദിവസങ്ങളാണ്. പകല്‍ യാത്ര തളര്‍ത്താതിരിക്കാന്‍ വെയിലിനു ചൂടു കൂടുന്നതിനു മുമ്പ് പരമാവധി ദൂരം കടക്കണം.

ബാഗുകള്‍ ബൈക്കില്‍ വെച്ചുകെട്ടുമ്പോള്‍ പകല്‍ വെളിച്ചം തലനീട്ടി തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. ബാഗ് കെട്ടിവെക്കാന്‍ ഞാന്‍ പാടുപെടുന്നതു കണ്ടതുകൊണ്ടാവണം അറുപത് വയസ്സിനു മുകളില്‍ പ്രായം തോന്നുന്ന ഗോപാലും അയാളുടെ സുഹൃത്തും കൂടി ബാഗുകള്‍ കെട്ടിവെക്കാന്‍ എന്നെ സഹായിച്ചു. നമ്മള്‍ ഒറ്റയ്ക്കൊരു യാത്ര പോകുമ്പോള്‍ ചിലരുണ്ടാകും ഇങ്ങനെ, സൗഹൃദത്തിന്‍െറ ചെറുകൈകള്‍ നീട്ടി നമ്മുടെ യാത്രയെ സന്തോഷമാക്കുന്നവര്‍.

ഹൂബ്ളിയില്‍നിന്ന് ദേശീയപാതയില്‍ ഇടവലം തിരിയാതെ നേരേ വിട്ടാല്‍ മഹാരാഷ്ട്രയിലെ സത്താറയിലത്തൊം. പ്രഭാതഭക്ഷണത്തിനു ശേഷമാണ് പതിവുപോലെ ജാക്കറ്റ് ധരിച്ചുള്ളു. രാവിലെ കഴിക്കാന്‍ കിട്ടിയ ഉപ്പുമാവിന് നല്ല രുചിയുണ്ടായിരുന്നെങ്കിലും വിശപ്പടങ്ങിയില്ല. റോഡിന് ഇരുവശവും കരിമ്പുതോട്ടങ്ങളുടെ കണ്ണെത്താത്ത നിര. കരിമ്പുകള്‍ കുത്തിനിറച്ച മിനി ലോറികളാണ് റോഡിലെങ്ങും. ആ കരിമ്പുകളില്‍ മധുരിക്കുന്നത് കര്‍ഷകരുടെ വിയര്‍പ്പാണ്. അവരുടെ അധ്വാനത്തിനുള്ള പ്രതിഫലം കിട്ടുന്നുണ്ടാവുമോ ആവോ...?

രാവിലെ കഴിക്കാന്‍ കിട്ടിയ ഉപ്പുമാവ് വിശപ്പടക്കാന്‍ തികഞ്ഞില്ല
 

കരിമ്പുപാടങ്ങള്‍ക്കപ്പുറം തരിശുനിലങ്ങള്‍. ഹൈവേ യാത്രയുടെ മുഷിപ്പൊഴിവാക്കാന്‍ ബൈക്ക് ഗ്രാമങ്ങളിലൂടെ തിരിച്ചുവിട്ടു. പെട്രോള്‍ അടിച്ച പമ്പില്‍നിന്ന് ആവശ്യത്തിന് വെള്ളം കരുതിയിരുന്നു. ആട് മേച്ചുകൊണ്ട് കടന്നുപോകുന്ന കര്‍ഷകരുടെ കാഴ്ചയാണ് വരവേറ്റത്. അതില്‍ ഒരാളുടെ വേഷവും മട്ടും ഏറെ കൗതുകം തോന്നിച്ചു. വെള്ള ഷര്‍ട്ടും വെള്ള തൊപ്പിയും ധരിച്ച് കൈയില്‍ ഒരു ചെയിന്‍ വാച്ചും കഴുത്തില്‍ നീളന്‍ തോര്‍ത്തും ചെവിയിലെയും കഴുത്തിലെയും ആഭരണങ്ങളുമെല്ലാം അയാളാണ് ആട്ടിടയ സംഘത്തലവനെന്ന് വ്യക്തമാക്കുന്നു. അയാളുടെ സമ്മതത്തോടെ ഒരു ഫോട്ടോ പകര്‍ത്തി. തിരികെ ദേശീയപാതയില്‍ കയറുന്നതിനു മുമ്പായി വഴിയരികില്‍ വില്‍ക്കാന്‍ വെച്ചിരുന്ന തണ്ണിമത്തന്‍ വാങ്ങി ക്ഷീണമകറ്റി.

തീ പോലെ പൊള്ളുന്ന ആ വെയിലിലും ക്ഷീണമറിയാതെ മണ്ണില്‍ പൊരുതുന്ന കര്‍ഷകരുടെ കാഴ്ചയായിരുന്നു യാത്രയില്‍ പിന്നെ വഴിനീളെ. ഊരും പേരുമറിയാത്ത ആ മനുഷ്യന്‍ മണ്ണില്‍ സ്വയം ചിന്തി നമ്മുടെ വിശപ്പടക്കുകയാണല്ളോ എന്നോര്‍ത്തപ്പോള്‍ അവരോട് ബഹുമാനം ഏറിവന്നു. അവര്‍ക്കൊരു ബിഗ് സല്യൂട്ട്.

അധികം ഗിയര്‍ മാറ്റങ്ങളൊന്നുമില്ലാതെ ബൈക്ക് കുതിക്കുകയാണ്. വിശന്നു തുടങ്ങിയപ്പോള്‍ ചെറിയൊരു വീടുപോലെ തോന്നിക്കുന്ന ഹോട്ടലിന് മുന്നില്‍ ബൈക്ക് നിര്‍ത്തി. കൈ കഴുകി ഇരുന്നപ്പോഴാണറിയുന്നത് ചിക്കന്‍ ബിരിയാണിയല്ലാതെ മറ്റൊന്നുമില്ളെന്ന്. അങ്ങനെ നോണ്‍വെജില്ലാതെ പാലിച്ചുപോന്ന യാത്രയിലെ ഭക്ഷണക്രമം തല്‍ക്കാലം മറക്കേണ്ടിവന്നു.

സത്താറയില്‍ റൂം കിട്ടാനുള്ള സാധ്യത ഹോട്ടല്‍ മുതലാളിയോട് തിരക്കിയതിന് ഫലമുണ്ടായി. അയാള്‍ ഒരു ചായ തന്നു സല്‍ക്കരിച്ചു. ബിരയാണിപോലെ രുചിയുള്ള ചായ. പായസത്തില്‍ തേയില ഇട്ടാല്‍ ഉണ്ടാകുന്ന തരം രുചി. ചായക്ക് അയാള്‍ പണമൊന്നും വാങ്ങിയില്ല. പ്രതഫലമായി ഒരു പുഞ്ചിരി നല്‍കി ഞാന്‍ യാത്ര തുടര്‍ന്നു.

വരുന്ന വഴിയില്‍ പലയിടത്തും കല്ല്യാണ വിരുന്നുകളുടെ ആഘോഷങ്ങള്‍ കാണാമായിരുന്നു. കല്ല്യാണ പാര്‍ട്ടിയിലെ ചില ആളുകള്‍ പ്രത്യേകതരം ചുവപ്പും ഓറഞ്ചും നിറത്തിലെ തലപ്പാവ് ധരിച്ചിരുന്നു. എല്ലായിടത്തും ബാന്‍ഡ് മേളത്തിന്‍െറ അകമ്പടി. ഹിന്ദി ഹിറ്റ് പാട്ടുകളുടെ ട്യൂണ്‍ തിമിര്‍ത്ത് അവര്‍ ആഘോഷിച്ചു.

വരനെ കുതിരപ്പുറത്തു കയറ്റിയാണ് ആനയിക്കുന്നത് ....
 

ഒരിടത്ത് വരനെ കുതിരപ്പുറത്ത് കയറ്റി തൊപ്പിയും വെച്ച് ആനയിക്കുന്നത് കണ്ടു. അവര്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ആ ക്ഷണം നിരസിക്കാന്‍ തോന്നിയില്ല.

തൊട്ടടുത്തുതന്നെ ഒരു ചെറുപ്പക്കാരന്‍ ലോറിയില്‍ കരിമ്പു കയറ്റുന്നുണ്ടായിരുന്നു. അയാള്‍ പരിചയപ്പെടാന്‍ വന്നു. ആവുന്ന പോലൊക്കെ കാര്യങ്ങള്‍ പറഞ്ഞു. പോരാന്‍ നേരം അയാള്‍ ഒരു വലിയ കരിമ്പ് മുറിച്ചെടുത്ത് കഷണങ്ങളാക്കി തന്നു. ഒരു ചെറുപുഞ്ചിരി പകരം നല്‍കി ഞാന്‍ യാത്രയിലേക്ക് തിരിച്ചു.

അയാള്‍ തന്ന കരിമ്പ്‌ തുണ്ടില്‍ സ്നേഹത്തിന്റെ മധുരം ആയിരുന്നു കിനിഞ്ഞത് ....
 

ഒന്നു ചുറ്റാന്‍ പോകുന്നു എന്നു പറയുമ്പോള്‍ ആളുകള്‍ പറയും, ‘സൂക്ഷിക്കണം, നമ്മുടെ നാട് വിട്ടാല്‍ ആളുകള്‍ ശരിയല്ല. അപകടമാണ് ’ എന്നൊക്കെ. എന്തൊരു വൃത്തികെട്ട മുന്‍വിധിയാണിത്. നല്ലവരും മോശക്കാരും എല്ലായിടത്തുമുണ്ട്. നല്ലവരാണ് കൂടുതല്‍. എന്നിട്ടും നല്ല മനുഷ്യരെ കാണാതെ പോകുന്ന നമ്മുടെ മനോഭാവം തന്നെയാണ് കുറ്റവാളി.

ദേശീയ പാതയില്‍ നേരെ ഇടം വലം നോക്കാതെ ഇട്ടാല്‍ സത്താറയില്‍ എത്താം
 

നിമിഷ നേരത്തെ പരിചയം കൊണ്ട് എന്നെ ബാഗ് കെട്ടാന്‍ സഹായിച ഗോപാല്‍. ചായ തന്ന് സല്‍ക്കരിച്ച ‘സദ്ദാം’ എന്ന ഹോട്ടലുടമ. ഒരു കഷണം കരിമ്പിലൂടെ സ്നേഹം പകര്‍ന്നുതന്ന ലോറി ഡ്രൈവര്‍. മനുഷ്യരുടെ വംശം കുറ്റിയറ്റുപോയിട്ടില്ല എന്നതിന്‍െറ ചില പൊട്ടുകള്‍.

റൂമില്‍ എത്തി ബാല്‍ക്കണിയില്‍ നിന്ന് ആ കരിമ്പിന്‍ കഷണങ്ങള്‍ തിന്നുമ്പോള്‍ അത്രയേറെ മധുരള്ള കരിമ്പ് അതിനു മുമ്പ് ഞാന്‍ തിന്നിട്ടില്ളെന്ന് എനിക്ക് ബോധ്യമായി...

(തുടരും)

 

Tags:    
News Summary - travel travelogue adventure discover-india-aneesh 2018, mar, 03

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.