മേഘാലയ വിട്ട് തിരികെ നാട്ടിലേക്കുള്ള യാത്രയുടെ തുടക്കം തീരുമാനിച്ചാണ് രാവിലെ എഴുന്നേറ്റത്. അതനുസരിച്ച് രാവിലെ അഞ്ചുമണിക്കു തന്നെ എഴുന്നേറ്റ് പല്ലു തേപ്പും കുളിയുമൊക്കെ കഴിഞ്ഞ് ഇൗ ദിവസം പൂർണമായും വിശ്രമത്തിനായി മാറ്റിവെക്കാൻ തീരുമാനിച്ചു. ഇത്രയും ദിവസത്തെ യാത്രയ്ക്കിടയിൽ വിശ്രമത്തിനു മാത്രമായി ഒരു ദിവസം ഇതുവരെ മാറ്റിവെച്ചിരുന്നില്ല. പുറം വേദനയും ശരീര വേദനയും കലശലായിരുന്നു. ക്ഷീണം ശീലമായ യാത്രയിൽ തോൾവേദനയും മറ്റും പതിവാണ്. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ ശരിക്കുമൊന്ന് വിശ്രമിച്ചില്ലെങ്കിൽ പിന്നീട് കൂടുതൽ വിശ്രമിക്കേണ്ടിവരുമോ എന്നൊരു ആശങ്ക.
കഴിഞ്ഞ ദിവസം ബാഗും ക്യാമറാ ബാഗും ഹെൽമെറ്റും ജാക്കറ്റും താങ്ങിപ്പിടിച്ച് ആറു മണിക്കൂറോളം കുന്നും മലയും കയറിയതിെൻറ പരിഭവത്തിലാണ് ശരീരത്തിലെ പല പേശികളും. കഴിഞ്ഞയാഴ്ച ഭൂട്ടാനിലെ തക്സാങ് ക്ഷേത്രത്തിലേക്കുള്ള കയറ്റം ഇത്ര ബാധിച്ചിരുന്നില്ല. എന്തായാലും ഇൗ ദിവസം വിശ്രമിച്ചുകളയാം. ആറു മണിയോടെ വീണ്ടും കിടന്ന ഞാൻ പിന്നീട് എഴുന്നേറ്റത് 10.30നാണ്. അടുത്തുള്ള ഹോട്ടലിൽ പോയി പ്രഭാതഭക്ഷണവും കഴിച്ച് മടങ്ങിവരുന്ന വഴി പാക്കറ്റിലാക്കി വിൽക്കാൻ വെച്ചിരിക്കുന്ന കാരറ്റുകൾ കുറച്ചു വാങ്ങിച്ചു. ഞാൻ നിൽക്കുന്നതിനടുത്ത് ബാരബസാറിൽ കച്ചവടത്തിെൻറ ബഹളം തന്നെ. പുരുഷന്മാരെക്കാളും തെരുവു കച്ചവടത്തിെൻറ ആധിപത്യം സ്ത്രീകൾക്കാണ്.
വഴിയരികിൽ സോഫി പഴം കണ്ടപ്പോൾ വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല. ഇനിയിത് അടുത്തെങ്ങും കഴിക്കാനാവില്ലല്ലോ. ഉള്ളിച്ചാക്കും അരിച്ചാക്കും കൂടാതെ കട്ടിലും അലമാരയും വരെ ചുമലിലേറ്റി തൊഴിലാളികൾ കൊണ്ടുപോകുന്നുണ്ട്. അരിച്ചാക്കുകൾ ഒന്നും രണ്ടുമല്ല, നാലെണ്ണമൊക്കെയാണ് ചുമലിൽ. ചിലർ ചുമടിനൊപ്പം ബീഡിയും വലിക്കുന്നുണ്ട്. ഒരു ലോഡ് ഇറക്കിവെച്ചാലുടൻ അടുത്ത ലോഡിന് ഒാടുന്നവരെയും കാണാം.വല്ലാത്തൊരു കഠിനാധ്വാനികൾ തന്നെ. റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് നിർത്തിയിരിക്കുകയാണ്. സത്യത്തിൽ അവ ഒാടിക്കൊണ്ടിരുന്നവയാണ്. തിരക്കുകാരണം ഒരടിപോലും നീങ്ങാനാവാതെ സ്തംഭിച്ചു നിൽക്കുകയാണ്. അതുകൊണ്ടാണ് പാർക്ക് ചെയ്ത് നിർത്തിയിരിക്കുകയാണെന്ന് പറഞ്ഞത്.
അടച്ചിട്ട മുറിയിൽ ഉറങ്ങാതെ കട്ടിലിൽ കിടന്നുള്ള വിശ്രമത്തിനു ശേഷം വൈകിട്ട് പുറത്തിറങ്ങി. പോലീസ് ബസാറിലേക്കായിരുന്നു നടത്തം.റോഡിലെ ചെറി തെറിച്ച് വസ്ത്രത്തിൽ പതിയാതിരിക്കാൻ ഹവായ് ചെരിപ്പിട്ട കാലുകൾ സൂക്ഷിച്ചാണ് ചുവടുവെച്ചത്. ഞാൻ താമസിക്കുന്ന സ്ഥലത്തു മാത്രമേ ചെളിയുള്ളു. പിന്നീടങ്ങോട്ട് പോലീസ് ബസാർ വരെ നല്ല വഴിയാണ്. രണ്ടു മൂന്നു ദിവസം ഇതുവഴി നടന്നിട്ട് ഷോർട്ട് കട്ടുകൾ വരെ ഇപ്പോൾ കാണാപ്പാഠമായി. പോലീസ് ബസാറിലെ തിരക്കിനൊപ്പം നിന്നുകൊടുത്ത് ഞാൻ സെൻട്രൽ പോയൻറിലെത്തി.
തെരുവിൽ ഒരു കോണിൽ ഗിറ്റാറും മൈക്കും വെച്ച് ഒരു സംഘം ഗാനമേള നടത്തുന്നുണ്ട്. അടുത്ത് ചെന്നപ്പോഴാണ് ക്രിസ്ത്യൻ സുവിശേഷ സംഘമാണെന്ന് മനസ്സിലായത്. തലേന്ന് ചിറാപുഞ്ചിയിൽ വെച്ച് പരിചയപ്പെട്ട മലയാളികളായ സജിനെയും അരുണിനെയും പോലീസ് ബസാറിലെ തിരക്കിനിടയിൽവെച്ച് വീണ്ടും കണ്ടുമുട്ടി. അൽപനേരത്തെ കുശലാന്വേഷണത്തിനു ശേഷം ഗുഡ്ബൈ പറഞ്ഞു പിരിഞ്ഞു. വ്യത്യസ്തതയുള്ള, വില കുറഞ്ഞ എന്തെങ്കിലും കഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ബസാറിലേക്ക് വന്നത്. പുഴുങ്ങിയ ഉരുളക്കിഴങ്ങ് കടലയും ഒരുതരം മസാലയിൽ ചേർത്തൊരു വിഭവം പരീക്ഷിച്ചു.
വിശപ്പ് ശമിപ്പിക്കാനുള്ള ശേഷി ആ വിഭവത്തിനില്ലാതിരുന്നതിനാൽ ഒാംലറ്റിൽ ചപ്പാത്തി ചുരുട്ടിയുള്ള എഗ് റോളും കൂടി കഴിച്ചു. മേഘാലയയിലെ ഗ്രാമീണ വാസികൾ ഉണ്ടാക്കുന്ന നെല്ലിക്ക ജ്യൂസ് കൂടി വാങ്ങി കഴിച്ചാണ് ഞാൻ തിരികെ റൂമിലേക്ക് നടന്നത്.
രാത്രിയിൽ പോലും തിരക്കുകൾ അവസാനിക്കാത്ത പോലീസ് ബസാറിൽനിന്നും റൂമിലലേക്ക് തിരിക്കുമ്പോൾ സത്യത്തിൽ പിന്നിടുന്ന വഴിത്താരകളോട് യാത്ര പറയുകയായിരുന്നു. ഇനിയെന്നാണ് ഇൗ വഴി വരിക..? ചിലപ്പോൾ ഇനി വന്നില്ലെങ്കിലോ...?
എന്തായാലും വെളുപ്പിന് മടക്കയാത്രയാണല്ലോ എന്ന വിചാരമായിരുന്നു മനസ്സിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.