അതിരാവിലെ തന്നെ കൊൽക്കത്ത നഗരം വിടുക എന്നതായിരുന്നു പ്ലാൻ. ബാ​ഗേജൊക്കെ ബൈക്കിൽ കെട്ടിവെക്കുന്ന നേരത്താണ്​ ഞാൻ ബൈക്ക്​ നിർത്തിയത്​ ത​​െൻറ സ്​ഥലത്താണെന്നും അതിന്​ പാർക്കിങ്​ ഫീസ്​ നൽകണമെന്നും പറഞ്ഞ്​ ഒരുത്ത​​െൻറ വരവ്​. എന്നോട്​ അവിടെ പാർക്ക്​ ചെയ്യാൻ പറഞ്ഞത്​ ഹോട്ടലിൻറ മാനേജർ ആണെന്നും എല്ലാറ്റിനും കൂടിയുള്ള പണം​ ഞാൻ മാ​േനജർക്ക്​ കൊടുത്തിട്ടുണ്ടെന്നും ഞാൻ പറഞ്ഞു. ഇട്ടിരുന്ന കട്ടിൽ കഴിഞ്ഞാൽ ബാത്ത്​റൂമിലേക്കു​ പോകാനുള്ള വഴിയല്ലാതെ അൽപം പോലും സ്​ഥലസൗകര്യമില്ലാത്ത ഒരു ഇടുങ്ങിയ മുറിയായിരുന്നു താമസിച്ച ഹോട്ടലി​​െൻറത്​. ഒരു അഡ്​ജസ്​റ്റ്​മ​െൻറിനും തയാറാകാതെ പതിവിലും കൂടിയ ചാർജാണ്​ മാനേജർ ഇൗടാക്കിയത്​. രാത്രി മുഴുവൻ ഉറക്കമിളച്ച്​ യാത്ര ചെയ്​തതി​​െൻറ ക്ഷീണമുണ്ടായിരുന്നതിനാൽ മറ്റൊരു റൂം തപ്പി പിടിക്കാ​െനാന്നും മെനക്കെടാതെ പറഞ്ഞ തുകയും നൽകി അതിലങ്ങ്​ തങ്ങുകയായിരുന്നു.  അതിനു പുറമെ ഇപ്പോൾ പാർക്കിങ്​ ഫീസു കൂടി നൽകണമെന്നു വേറൊരുത്തൻ വന്നപ്പോൾ സത്യത്തിൽ ദേഷ്യം വന്നു. എനിക്ക്​ നിങ്ങ​െള അറിയില്ല, എന്തെങ്കിലും പറയാനു​ണ്ടെങ്കിൽ മാനേജറോട്​ പോയി പറയാൻ അയാളോട്​ ഞാൻ പറഞ്ഞു. അയാൾ മാനേജറെയും കൂട്ടിയാണ്​ വന്നത്​. പാർക്കിങ്​ ഫീസ്​ നൽകണമെന്നായി മാനേജറും. നിങ്ങൾ എന്നോട്​ പറഞ്ഞിട്ടാണ്​ ഞാൻ താഴെ പാർക്ക്​ ചെയ്​തതെന്നും ചാർജി​​െൻറ കാര്യം പറഞ്ഞിട്ടില്ലെന്നും ഒരു ബൈക്ക്​ പോലും പാർക്ക്​ ചെയ്യാൻ കഴിയാതെ എങ്ങനെയാണ്​ ഇവിടെ ആളുകൾ വന്ന്​ റൂം എടുക്കുക എന്നും അയാളോട്​ ഞാൻ ക്രുദ്ധനായി. എന്തോ കൂടുതൽ സംസാരിക്കാൻ താൽപര്യമില്ലാതെ മാനേജർ പാർക്കിങ്​ ഫീസ്​ വാങ്ങാൻ വന്ന ആളെയും കൂട്ടി അക​േത്തക്ക്​ പോയി.

​െകാൽക്കത്തയിൽ നിന്നും യാത്ര തുടങ്ങി ഒഡിഷയുടെ തലസ്​ഥാനമായ ഭുവനേശ്വറിൽ എത്തിച്ചേരുക എന്നതായിരുന്നു ഇൗ ദിവസത്തെ ലക്ഷ്യം. ബംഗാളിലെ റോഡരികിൽ പലയിടത്തും പല പല രാഷ്​ട്രീയ പാർട്ടികളുടെ പതാകകൾ പാറിക്കളിക്കുന്നു. സി.പി.എം, തൃണമൂൽ കോൺഗ്രസ്​, ബി.ജെ.പി, കോൺഗ്രസ്​ തുടങ്ങിയ പാർട്ടികളുടെ പതാകകൾ പല കവലകളിലും നിറച്ചിട്ടുണ്ട്​. കൊൽക്കത്തയിൽനിന്നും സുഗമമായ റോഡായിരുന്നു ഭുവനേശ്വറിലേക്ക്​. 440 കിലോ മീറ്റർ പിന്നിട്ട്​ ഭുവനേശ്വറിൽ എത്തിയത്​ അറിഞ്ഞതുപോലുമില്ല.

ബംഗാളിലെ വഴിയോരങ്ങളിൽ നെൽപ്പാടങ്ങൾ നിരന്നു കിടക്കുകയാണ്​. അതിനിടയിൽ കരിമ്പനകൾ കൂടി കണ്ടപ്പോഴാണ്​ ഒഡിഷയിലേക്ക്​ കടന്നുവെന്നു മനസ്സിലായത്​. വഴിയരികിൽ സിദ്ധാർഥ്​ എന്ന കച്ചവടക്കാരനിൽനിന്നും നൊങ്കും ഇളനീരും വാങ്ങിക്കഴിച്ചു. സിദ്ധാർഥി​​െൻറ  കച്ചവടം പത്ത്​ മണിക്കു ​മുമ്പേ കഴിഞ്ഞു. കച്ചവട സ്​ഥലത്ത്​ ഇളനീരി​​െൻറ തൊണ്ടുകൾ മാത്രം അവശേഷിപ്പിച്ച്​  അവൻ അവശേഷിച്ച മൂന്ന്​ ഇളനീരുകൾ ചാക്കിലാക്കി ബൈക്കിൽ ​െവച്ചുകെട്ടി. അവൻ ചാക്ക്​ ബൈക്കിൽ കെട്ടാൻ ഉപയോഗിച്ച വലിച്ചാൽ നീളുന്ന കയറിൽ എ​​െൻറ കണ്ണുകൾ ഉടക്കിനിന്നു. എ​​െൻറ കൈയിൽ അത്തരം അനേകം കയറുകൾ ഉണ്ടെങ്കിലും ഇത്​ ഇത്തിരിക്കൂടി ഉറപ്പുള്ളതായിര​ുന്നു. അത്​ വിൽക്കുന്ന കടയിലേക്ക്​ എന്നെയ​ും കൂട്ടി സിദ്ധാർത്ഥ്​ വന്നെങ്കിലും സ്​റ്റോക്ക്​ തീർന്നുപോയിരുന്നു. സാരമില്ല, ഞാൻ വേറേ എവിടെനിന്നെങ്കിലും സംഘടിപ്പിച്ചുകൊള്ളാം എന്ന്​ പറഞ്ഞ്​ എനിക്കൊപ്പം വന്ന അവനെ യാത്രയാക്കി.

ഭുവനേശ്വറിൽ എത്തുന്നതിനു​ മുമ്പ്​ ഭദ്രക്​ എന്ന സ്​ഥലത്ത്​ എത്തിയാൽ വിളിക്കണമെന്ന്​ ഒാൺലൈൻ വഴി പരിചയപ്പെട്ട വടകര സ്വദേശി റഫ്​നാസ്​ പറഞ്ഞിരുന്നു. ഭദ്രകിലെ ഒരു സ്വകാര്യകമ്പനിയിൽ​ േജോലി ചെയ്യുന്ന റഫ്​നാസിനെ വിളിക്കേണ്ട താമസം, നാട്ടിൽനിന്നും കൊണ്ടുവന്ന ബുള്ളറ്റിൽ അവൻ ഹാജർ. വഴിയരികിൽ നിന്നുള്ള അൽപ സമയത്തെ കു​​ശലം പറച്ചിലിനു ശേഷം റഫനാസും ഭാര്യയും താമസിക്കുന്ന അപ്പാർട്ട്​മ​െൻറിലേക്ക്​ ചെന്നു. ഉച്ചയ്​ക്ക്​ സാമ്പാറും കൂട്ടി ചോറും കഴിച്ച ​ശേഷമാണ്​ അവിടെ നിന്നും പോന്നത്​. നാളുകൾക്കു ശേഷം സാമ്പാറും കൂട്ടി ചോറുണ്ണാൻ കഴിഞ്ഞതി​​െൻറ സന്തോഷത്തിലായിരുന്നു ഞാൻ. റഫ്​നാസിനോട​ും ഭാര്യയോടും യാത്ര പറഞ്ഞ്​ ഭദ്രകിൽനിന്നും യാത്ര പറഞ്ഞ്​ ഭുവനേശ്വറിൽ എത്തുമ്പോൾ സമയം അഞ്ച്​ മണിയായിരുന്നു.

മുറിയെടുത്ത്​ കുളിയെല്ലാം കഴിഞ്ഞ്​ രാത്രി ഭക്ഷണത്തിനായി പുറത്തിറങ്ങി. അടുത്ത​ുള്ള പലഹാര കടയിൽ പ്രദർശന വസ്​തുപോലെ അകത്ത്​ പ്രധാന സ്​ഥലത്ത്​ കേക്ക്​ പോലൊരു വിഭവം വെച്ചിട്ടുണ്ടായിരുന്നു. അത്​ കണ്ട മാത്രയിൽ തന്നെ നാവിൽ വെള്ളമൂറി. ‘ചണപോള’ എന്നു പറയുന്ന ആ വിഭവത്തിൽ നിന്നും ഒരു കഷണം വാങ്ങിക്കഴിച്ചു. കൊള്ളാം..! നല്ല രുചി...

ഭുവനേശ്വറിനടുത്തുള്ള പുരി ജഗന്നാഥ ക്ഷേത്രവും സന്ദർശിച്ച്​ വൈക​ുന്നേരത്തോടെ വിശാഖപട്ടണം പിടിക്കണമെന്ന തീരുമാനത്തിൽ വേഗം കിടന്നു.

 

Tags:    
News Summary - A Young Malayali's All India Solo bike ride 66th and 67th Days to Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT