കശ്മീരിലെ സ്ഥിതിഗതികൾ എപ്പോഴാണ് മാറിമറിയുക എന്ന് ഉൗഹിക്കാൻ പോലും കഴിയില്ല. അപ്രഖ്യാപിതമായ ഹർത്താലുകളോ, അപ്രതീക്ഷിതമായ കർഫ്യൂകളോ, കലാപങ്ങളോ മനുഷ്യരെ അവരവരുടെ താമസ സ്ഥലങ്ങളിൽ ബന്ദികളാക്കി കളയും. കശ്മീരികൾക്ക് ഇത് ഒട്ടും അപരിചിതമല്ല. അവരുടെ നിത്യജീവിതത്തിെൻറ ഒരു ഭാഗമായി കഴിഞ്ഞു.
രാവിലെ അടുത്ത റൂമിലെ മലയാളി സുഹൃത്തുക്കൾ വന്ന് കതകിൽ മുട്ടിയപ്പോഴാണ് ഞാൻ എഴുന്നേറ്റത്. ‘റോഡ് തുറന്നിരിക്കുന്നു, വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. വേഗം പോകണം. ഉടൻ ഗേറ്റ് അടയ്ക്കും.’ അവർ പറഞ്ഞു. ഇതുകേട്ടയുടൻ സാധനങ്ങളെല്ലാം വാരി ബാഗിലാക്കി. ഇൗ അവസ്ഥയിൽ എങ്ങോട്ടും പോകാനാകാതെ പെട്ടിയിൽ വീണ എലിയെ പോലെ മൈനസ് ഡിഗ്രി തണുപ്പിൽ ദ്രാസിൽ എത്ര ദിവസം കഴിയാനാണ്. അതും, പെട്രോളും പ്രവർത്തനക്ഷമമായ എ.ടി.എമ്മും പോലുമില്ലാത്ത ഒരിടത്ത്. വരും ദിവസങ്ങളിൽ എന്തു സംഭവിക്കുമെന്ന് പറയാൻ പോലും കഴിയാത്ത അവസ്ഥ. അതിനാൽ എത്രയും വേഗം തടി കഴിച്ചിലാക്കുന്നതാണ് ബുദ്ധി.
അവർ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരുന്നു. അവരോട് പൊയ്ക്കൊള്ളാനും ഞാൻ പിന്നാലെ വന്നുകൊള്ളാമെന്നും പറഞ്ഞു. മറ്റ് താമസക്കാരും ഹോട്ടൽ ജോലിക്കാരും ‘വേഗം പൊയ്ക്കോളൂ, റോഡ് അടയ്ക്കും..’ എന്നു പറഞ്ഞ് എന്നെ ധൃതികൂട്ടി. എല്ലാ സാധനങ്ങളും എടുത്തു എന്നുറപ്പിച്ച് എട്ടര മണിയോടെ ഞാൻ ദ്രാസ് വിട്ടു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാര്യം ബോധ്യമായി, ബൈക്കിനു പിന്നിലെ കെട്ട് അധിക ദൂരം സുരക്ഷിതമായിരിക്കില്ല. 25 കിലോ മീറ്റർ കഴിഞ്ഞപ്പോൾ ഒരു ചെക്ക് പോസ്റ്റിനടുത്തുവെച്ച് കെട്ട് ഒന്നുകൂടി മുറുക്കി.
സോജിലാ പാസിലേക്കുള്ള ചെക്ക് പോസ്റ്റ് കഴിഞ്ഞതോടെ പകുതി ആശ്വാസമായി. പാതയ്ക്ക് കാര്യമായ മാറ്റമൊന്നുമില്ല. മുമ്പ് ഞാൻ വീണുപോയ സ്ഥലമെത്തിയപ്പോൾ പതിവിലും വേഗത കുറച്ച് ഉള്ളിലൊരു ചെറു ചിരിയോടെ ഞാൻ കടന്നുപോയി. സോജിലാ പാസിലെ മഞ്ഞു ഭിത്തികൾക്ക് പതിവിലും കൂടുതൽ കനം വന്നതായി തോന്നി. ദ്രാസ് വിട്ട് 65 കിലോ മീറ്റർ കഴിഞ്ഞപ്പോൾ സോനാ മാർഗിൽ എത്തി. അവിടെ പ്രഭാത ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വിപിനും വിഷ്ണുവും ഉണ്ടായിരുന്നു. ശ്രീനഗർ ഭാഗത്തേക്കുള്ള റൂട്ടിൽ കല്ലേറ് നടക്കുന്നതിനാൽ പലരും മുന്നോട്ട് പോകാതെ സോനാമാർഗിൽ തമ്പടിച്ചിരിക്കുകയാണ്. ഞങ്ങൾ മൂന്നുപേരും എന്തായാലും മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു.
സോനാമാർഗിൽ വിഷ്ണുവും വിപിനും പരിചയപ്പെട്ട പാലക്കാട്ടുകാരനായ ഷമീർ എന്ന പട്ടാളക്കാരനുമുണ്ടായിരുന്നു. മൊബൈലിൽ വിളിച്ച് അയാൾ താമസിക്കുന്ന ക്യാമ്പിലെത്തി. അദ്ദേഹം ഞങ്ങളെ സ്വന്തം ഉത്തരവാദിത്തത്തിൽ അകത്തേക്ക് ക്ഷണിച്ചു. കശ്മീർ സ്വതന്ത്രമായി തങ്ങൾക്ക് കിട്ടണമെന്നാഗ്രഹിക്കുന്ന ചില വിഭാഗങ്ങളാണ് ഇൗ പ്രശ്നത്തിനു പിന്നിലെന്ന് ഷമീർ പറഞ്ഞു. ഞങ്ങളെ അകത്തേക്ക് കൊണ്ടുപോയി ചായയും ഫ്രൂട്ട്സും തന്നു. ഞങ്ങളെ സൽക്കരിക്കുേമ്പാൾ ഷമീർ അതിയായ ആനന്ദം കണ്ടെത്തുന്നതായി തോന്നി. ആറ് മാസത്തെ കാലാവധിയോടെ പട്ടാളക്കാർക്ക് കഴിക്കാൻ കൊണ്ടുവരുന്ന പ്രിസർവേറ്റീവ് ഫ്രൂട്ട്സുകളെ കുറിച്ച് അമീർ ഞങ്ങൾക്ക് പറഞ്ഞുതന്നു. അവർ താമസിക്കുന്ന ക്യാമ്പിനകത്തെ കട്ടിലുകൾക്ക് നടുവിൽ ചൂട് പകരാനുള്ള ഉപകരണമുണ്ടായിരുന്നു. സമുദ്ര നിരപ്പിൽനിന്ന് ഉയരം കൂടിയ സ്ഥലങ്ങളിൽ േജാലി ചെയ്യുന്ന സൈനികർക്ക് ലഭിക്കുന്ന ‘ആൾട്ടിറ്റ്യൂഡ് അലവൻസി’നെക്കുറിച്ച് ഷമീർ പറഞ്ഞു. കുറച്ചുനേരം അവിടെ നിന്നു. ഒന്നിച്ചൊരു ഫോേട്ടായും എടുത്ത് ഞങ്ങൾ മുന്നോട്ട് നീങ്ങി. എന്തെങ്കിലും പ്രശ്നമണ്ടെങ്കിൽ തിരികെ വരണമെന്ന് പറഞ്ഞാണ് ഷമീർ ഞങ്ങളെ യാത്രയാക്കിയത്. ഒത്തിരി നാളുകൾക്കു ശേഷം നാട്ടിൽനിന്ന് വർത്തമാനങ്ങൾ പറയാൻ പറ്റിയ കുറച്ചുപേരെ കിട്ടിയ സന്തോഷമുണ്ടായിരുന്നു ആ മനുഷ്യെൻറ മുഖത്ത്.
ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും ചിലർ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നതിനാൽ മിക്ക കടകളും അടഞ്ഞുകിടക്കുകയായിരുന്നു. വാഹനങ്ങളും നന്നേ കുറവ്. സോനാമാർഗിനടുത്ത് പമ്പിൽനിന്നും ഫുൾ ടാങ്ക് പെട്രോൾ അടിച്ച് ഞങ്ങൾ മൂന്നുപേരും നീങ്ങി. ഒാരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന പെട്രോൾ വില മീറ്ററിൽ അറിയാൻ കഴിയുന്നുണ്ട്. യാത്ര പുറപ്പെട്ടപ്പോഴുള്ള വിലയല്ല ഇപ്പോൾ.
പൂത്തു നിൽക്കുന്ന കടുകു പാടങ്ങൾക്കും ആപ്പിൾ േതാട്ടങ്ങൾക്കും നടുവിലൂടെ കടന്നുപോകുന്ന റോഡ് നിറയെ കല്ലുകളായിരുന്നു. സാമാന്യം വലിപ്പമുള്ള കല്ലുകൾ. മലമുകളിൽ ഏത് ഭാഗത്തുനിന്നാണ് പ്രതിഷേധക്കാർ പോലീസുകാർക്കും സൈനികർക്കുമെതിരെ കല്ലെറിയുക എന്ന് പറയാനാവില്ല.അങ്ങനെ റോഡിൽ പതിച്ച കല്ലുകളാണത്. കുറച്ചു ദൂരം ചെന്നപ്പോൾ വലിയ കല്ലുകൾ നിരത്തി കുറേ ആളുകൾ റോഡ് തടയുന്നതു കണ്ടു. അവർ ഞങ്ങളോടും തിരികെ പോകാൻ ആവശ്യപ്പെട്ടു. ഞങ്ങൾ ദൂരെ കേരളത്തിൽ നിന്ന് വരികയാണെന്നും മറ്റും പറഞ്ഞപ്പോൾ അവർ കടന്നുപോകാൻ അനുവദിച്ചു. വഴിയിൽ രണ്ടിടത്ത് പട്ടാളക്കാർ ഞങ്ങളെ തടഞ്ഞു. മുന്നോട്ടു പോകുന്നത് പ്രശ്നമാണെന്നും കല്ലേറ് നടക്കുന്നുണ്ടെന്നും തിരിച്ചു പോകാനും അവർ പറഞ്ഞു. ഇനി തിരിച്ചുപോകുന്നതിനെ കുറിച്ച് ആേലാചിക്കാൻ പോലും കഴിയുമായിരുന്നില്ല. ഞങ്ങൾ അവരോട് യാചിച്ചു. ‘നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോളൂ, വരുന്നതു പോലെ അനുഭവിച്ചോളൂ...’ എന്ന് പറഞ്ഞ് മനസ്സില്ലാ മനസ്സോടെ അവർ ഞങ്ങളെ കടത്തിവിട്ടു. ശ്രീനഗർ നഗരത്തിലേക്ക് അധികം കയറാതെ ജമ്മു റോഡ് ലക്ഷ്യമാക്കിയായിരുന്നു ഞങ്ങളുടെ യാത്ര.
വഴിയിൽ അമ്പരപ്പിക്കുന്ന ഒരു കാഴ്ച കണ്ടു ഞങ്ങൾ സ്തംഭിച്ചുപോയി. നാലു വരി ഹൈവേയുടെ ഒരു ഭാഗത്തുനിന്ന് ഒരു കൗമാരക്കാരൻ പയ്യൻ റോഡിലേക്ക് ഒാടിവന്ന് പോലീസ് വാഹനത്തിനു നേരേ കല്ലെറിഞ്ഞു. തോക്കിെന പോലും അവഗണിച്ച് ആ കൃത്യം നിർവഹിക്കാൻ അവനെ പ്രേരിപ്പിക്കുന്ന രോഷത്തിെൻറ കനലുകൾ നമുക്ക് ഉൗഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. തലമുറകളിലേക്ക് പകർന്നു കൊണ്ടിരിക്കുന്ന കശ്മീരിയുടെ പ്രതിഷേധം. കശ്മീരിൽ എത്തുന്ന അതിഥികളെ അവർ ഉപദ്രവിക്കില്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതെെൻറ മാത്രം ഉറപ്പല്ലായിരുന്നു. അതാണ് സത്യം. അതവരുടെ ഉപജീവന മാർഗം ടൂറിസം ആയതുകൊണ്ട് മാത്രമല്ല, അതവരുടെ മര്യാദയാണ്. ഇത്രയും ദിവസത്തെ കശ്മീർ ജീവിതം കൊണ്ട് ഞാനത് തിരിച്ചറിഞ്ഞതാണ്.
അധികം വിശ്രമമില്ലാത്ത 13 മണിക്കൂർ യാത്രയ്ക്കൊടുവിൽ ജമ്മു കശ്മീർ സംസ്ഥാനത്തു തന്നെയുള്ള ഉദ്ധംപൂരിൽ എത്തി. വിഷ്ണുവും വിപിനും അവിടെ നിന്നും ഛണ്ഡീഗഡ് ലക്ഷ്യമാക്കി യാത്ര പറഞ്ഞുപോയി. രാത്രി പത്തു മണിയോടെയാണ് താമസിക്കാൻ മുറി തരപ്പെട്ടത്. ദ്രാസിൽനിന്ന് 340 കിലോ മീറ്റർ പിന്നിട്ട് രാത്രി യാത്ര കൂടി ആസ്വദിച്ചാണ് സ്ഥിതിഗതികൾ ശാന്തമായ ഉദ്ധംപൂരിൽ എത്തിയത്.
എന്തൊക്കെ സംഭവിച്ചാലും കശ്മീരിെൻറ ഉൾക്കാമ്പിന് ഒരു കോട്ടവും പറ്റുകയില്ല. ഒരുനാൾ എല്ലാം ശാന്തമാവുമെന്ന് പ്രത്യാശിക്കുന്നു. ചിനാർ മരങ്ങളും ആപ്പിൾ തോട്ടങ്ങളും ദാൽതടാകവും വൈവിധ്യമാർന്ന കുന്നുകളും പൂവണിഞ്ഞ കടുകു പാടങ്ങളും നല്ല മനുഷ്യരും നിലനിൽക്കുന്നിടത്തോളം കാലം കശ്മീർ എന്നും നമ്മുടെ സൗന്ദര്യമായി നിലകൊള്ളും. സൈന്യത്തിനും കലാപകാരികൾക്കും ഇടയിൽ പെട്ടുപോയ, രാഷ്ട്രീയ നാടകങ്ങളുടെ ഇരയായ പാവം കശ്മീരിയെ കുറിച്ച് ഒാർക്കുേമ്പാൾ വേദന തോന്നുന്നു.
(യാത്ര തുടരുന്നു...)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.