റോഡിൽ പല ഭാഗത്തും കന്നുകാലികളായിരുന്നു. ഒരു വഴിയിലുടെ പോയി കുറച്ചുകഴിഞ്ഞ് തിരികെ വരുേമ്പാഴും നേരത്തെ കണ്ട കന്നുകാലികൾ നടുറോഡിൽ അതേ നിൽപ് നിൽക്കുന്നു. േറാഡാണെന്നോ തിരക്കാണെേന്നാ ചുറ്റിനും ജനം ആർത്തിരമ്പുന്നുണ്ടെന്നോ ഉള്ള യാതൊരു ഭാവവുമില്ലാതെ നടുറോഡിൽ അതങ്ങനെ അയവിറക്കി നിൽക്കുന്നു. റോഡ് തങ്ങൾക്കുകൂടി അവകാശപ്പെട്ടതാണെന്ന പ്രഖ്യാപനം പോലെ യാതൊരു കൂസലുമില്ലാതെയാണ് മൂന്ന് പശുക്കളുടെയും നിൽപ്പ്. ആളുകൾ കന്നുകാലികളോട് സഹകരിച്ച് വാഹനമോടിക്കുന്നു.
ഉച്ചയ്ക്ക് ഒരുപാട് അന്വേഷണത്തിനു ശേഷം ഉദ്ധംപൂരിലെ മാർക്കറ്റിൽനിന്നും മൊബൈൽ ഹോൾഡർ കിട്ടി. ഏതൊരു ചന്തയും കണക്കെ തിരക്കും ബഹളവും കൂടിചേർന്നതായിരുന്നു ഉദ്ധംപൂരിലേതും. ഞാൻ ബൈക്ക് നിർത്തിയ ഭാഗത്ത് ഒരു കടയിൽ മീൻ മസാല തേച്ച് കണ്ണാടിക്കൂട്ടിൽ വെച്ചിരുന്നത് ശ്രദ്ധയിൽ പെട്ടു. വീട്ടിൽനിന്നും പുറപ്പെട്ട ശേഷം ഇതുവരെ മീൻ കഴിച്ചിട്ടില്ല. ഇടയ്ക്ക് മീൻകറി കൂട്ടി ചോറുണ്ണാൻ കൊതി തോന്നാറുണ്ട്. ഞാൻ പതിയെ ആ കടയിലേക്ക് കയറി. അത്യാവശ്യം വൃത്തിയും മെനയുമൊക്കെയുണ്ട്. രണ്ടുതരം മീനുകളാണ് അവിടെ കിട്ടുന്നത്. ഗുജറാത്തിലെ കടലിൽനിന്ന് പിടിച്ച് ട്രെയിനിൽ കയറ്റി ഉദ്ധംപൂരിൽ എത്തിക്കുന്ന ഒരിനവും ഉദ്ധംപൂരിലെ കായലിൽ നിന്ന് പിടിച്ച നാടൻ ഇനവും. നാടൻ എടുത്ത് പൊരിച്ചുതരാൻ ഞാൻ പറഞ്ഞു. വറുത്ത ശേഷം അതിനു മുകളിൽ പിന്നെയും എന്തൊക്കെയോ മസാലക്കൂട്ടുകൾ വിതറിയാണ് മീൻ തന്നത്. സംഗതി എന്തായാലും നല്ല രുചിയാണ്.
മാർക്കറ്റിലെ ചുറ്റിത്തിരിയലൊക്കെ കഴിഞ്ഞ് റൂമിലെത്തി. ഇന്നലത്തെ യാത്രയോടെ ആകെ പൊടിപിടിച്ചു നാശമായ ഷൂസും ഹെൽമെറ്റുമൊക്കെ വൃത്തിയാക്കി. ബാഗുകൾ പോളിത്തീൻ കവറിനുള്ളിൽ ആയിരുന്നതിനാൽ കുഴപ്പമില്ലാതെയിരിപ്പുണ്ട്. ആക്ഷൻ ക്യാമറ തുടച്ചു വൃത്തിയാക്കുേമ്പാഴാണ് ഇന്നലത്തെ സംഭവം ഓർമ വന്നത്.
ഉദ്ദംപൂരിലേക്കുള്ള വഴിയിൽ രണ്ടര കിലോമീറ്റർ നീളമുള്ള ജവഹർ തുരങ്കം പാതയിൽ കയറിയിറങ്ങുമ്പോൾ ആരെയോ കാത്തു നിൽക്കുന്ന പോലെ രണ്ടു സൈനികർ കൈ കാണിച്ചു ബൈക്ക് നിർത്താൻ പറഞ്ഞു. ബൈക്ക് നിർത്താതെ പോവുകയാണെങ്കിൽ നേരിടാനായി ഒരാൾ തോക്ക് ചൂണ്ടിപ്പിടിച്ചിരുന്നു. ബൈക്ക് സൈഡാക്കിയതും സൈനികരിലൊരാൾ അടുത്തുവന്ന് അഴിച്ചുവെച്ച ഹെൽമെറ്റിനു മുകളിലെ ആക്ഷൻ ക്യാമറ ചൂണ്ടി ഇതെന്താണെന്നും എന്തിനാണെന്നും ചോദിച്ചു. ക്യാമറ ഒാഫാണെന്നും ഒന്നും റെക്കോർഡ് ചെയ്തിട്ടില്ലെന്നും ഞാൻ പറഞ്ഞെങ്കിലും അവർക്ക് വിശ്വാസം വന്നില്ല.
ഞാൻ ശരിയായ രൂപത്തിൽ ക്യാമറ അവരെ കാണിച്ച് ഒാഫാണെന്ന് ബോധ്യപ്പെടുത്തി. തുരങ്കത്തിനകത്തെ സുരക്ഷ സംവിധാനങ്ങളെക്കുറിച്ച് ഞാൻ ബോധവാനാണെന്നും അങ്ങനെയുള്ളതൊന്നും റെക്കോർഡ് ചെയ്യുന്നില്ലെന്നും ഞാനവരോട് പറഞ്ഞു. ഇനിയും തുരങ്കങ്ങളുണ്ടെന്നും അവിടെയും ഇതുപോലെ ചെക്കിങ് സാധ്യതയുള്ളതിനാൽ ക്യാമറ അഴിച്ചുവെക്കുന്നതാണ് നല്ലതെന്നും അവർ പറഞ്ഞു. ഞാൻ ക്യാമറ അഴിച്ച് പോക്കറ്റിൽ വെച്ചു. തുരങ്കത്തിലേക്ക് എെൻറ ബൈക്ക് പ്രവേശിക്കുന്നതു കണ്ട് മറുവശത്തുനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതാണെന്നും അവർ ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.